Friday 14 May 2021 04:06 PM IST : By സ്വന്തം ലേഖകൻ

ഉപയോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ് എടുക്കാം, ബിൽ അടക്കാമെന്ന് കെഎസ്‌ഇബി; സെൽഫ് റീഡിങ്‌ നടത്തുന്നത് ഇങ്ങനെ...

ksebmeter44erff

കൊല്ലം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന ഉപയോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ് രേഖപ്പെടുത്താമെന്നു കെഎസ്ഇബി. ബിൽ തുക കുടിശികയായി പിന്നീട് ഒരുമിച്ചു വലിയ തുക അടയ്ക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് മീറ്റർ സ്വയം റീഡിങ് നടത്തി ബിൽ അടയ്ക്കാം. കെഎസ്‌ഇബിയിൽ മൊബൈൽ നമ്പർ‍ റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഈ സേവനം ലഭ്യമാവുകയില്ല. ( https://ws.kseb.in/OMSWeb/registration ഈ ലിങ്കിൽ ഫോൺ നമ്പർ റജിസ്റ്റർ ചെയ്യാം). സഹായത്തിനും വിവരങ്ങൾക്കുമായി അതതു സെക്‌ഷൻ ഓഫിസിൽ ബന്ധപ്പെടാം.

സെൽഫ് റീഡിങ്‌ ഇങ്ങനെ

1. മീറ്റർ റീഡിങ്‌ എടുക്കാൻ സാധിക്കാത്ത പ്രദേശങ്ങളുടെ വിവരങ്ങൾ റീഡർമാർ സെക്‌ഷൻ ഓഫിസിൽ അറിയിക്കുന്നു. ഈ ഭാഗങ്ങളിലെ ഉപയോക്താക്കളെ സെൽഫ്‌ റീഡിങ്‌ മോഡിലേക്ക്‌ സീനിയർ സൂപ്രണ്ട്‌ ഷെഡ്യൂൾ ചെയ്യുന്നു.

2. ഈ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക്‌ ഓഫിസിൽനിന്ന് എസ്‌എംഎസ്‌ അയയ്ക്കുന്നു. അതിൽ മീറ്റർ റീഡിങ്‌ സ്വയം രേഖപ്പെടുത്തുന്നതിനുള്ള ലിങ്കുണ്ടാകും.

3. ഈ ലിങ്കിൽ പ്രവേശിക്കുമ്പോൾ ഉപയോക്താവിന്റെ വിവരങ്ങളും മുൻ റീഡിങ്ങും കാണാം. ഇപ്പോഴത്തെ റീഡിങ്‌ ഇതിൽ രേഖപ്പെടുത്താം.

4. മീറ്റർ ഫോട്ടോ എന്നതിൽ ക്ലിക്ക്‌ ചെയ്താൽ മീറ്ററിലെ റീഡിങ്‌ നേരിട്ട്‌ ഫോട്ടോ എടുക്കാം.

5. മീറ്റർ റീഡിങ് പൂർത്തിയായെന്നു 'കൺഫേം മീറ്റർ‍ റീഡിങ്' ഓപ്ഷനിൽ‍ ക്ലിക്ക് ചെയ്യുന്നതോടെ സെ‍ൽഫ് മീറ്റർ റീഡിങ് പൂർത്തിയാകും.

6. ഉപയോക്താവ്‌ രേഖപ്പെടുത്തുന്ന മീറ്റർ റീഡിങ്ങും മീറ്ററിന്റെ ഫോട്ടോയും ഒത്തുനോക്കിയാണ്‌ ബിൽ തയാറാക്കി എസ്‌എംഎസ്‌. അയയ്ക്കുക.