Saturday 09 February 2019 03:56 PM IST : By സ്വന്തം ലേഖകൻ

ഫോണിലെ ആപ്പ് വഴി വിവരങ്ങൾ ചോർത്തി; ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അക്കൗണ്ടിൽ നിന്ന് പോയത് 60,000 രൂപ!

Smartphone-App

സെപ്റ്റംബർ 10 ന്, സ്മാർട് ഫോണിലേക്ക് എസ്എംഎസായി വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു. ഇതോടെ ഫോണിൽ ചില ആപ്പുകൾ ഇൻസ്റ്റാളായി. 52 വയസ്സുകാരനായ ഹരീഷ് ചന്ദ്രൻ എന്ന വ്യക്തിക്ക് അക്കൗണ്ടിൽ നിന്ന് 60,000 രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. രണ്ടുതവണയായാണ് പണം പിൻവലിച്ചിരിക്കുന്നത്. വ്യാജ ആപ്പുകൾ വഴി തട്ടിപ്പുകൾ നടത്തുന്നവരാണ് ഇതിനു പിന്നിൽ.

സാങ്കേതിക ലോകം അതിവേഗം വളരുന്നതിനോടൊപ്പം ഈ മേഖലയിലെ തട്ടിപ്പുകളും വ്യാപകമാകുകയാണ്. വ്യാജ ആപ്പുകളും പേജുകളും എല്ലാം തട്ടിപ്പിനായി ഉപയോഗിക്കുന്നു. ഗുഡ്ഗാവിൽ നിന്നുള്ള ഓൺലൈൻ ഉപയോക്താവിനാണ് 60,000 രൂപ നഷ്ടപ്പെട്ടത്. മൊബൈലിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടത്. ഇൻകം ടാക്സ് വകുപ്പിൽ നിന്നുള്ള ഔദ്യോഗിക സന്ദേശമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മൊബൈലിലേക്ക് സന്ദേശം വന്നത്.

ഇത്തരം ലിങ്കുകൾ മെയിൽ വഴിയും പ്രചരിക്കുന്നുണ്ട്. സാധാരണക്കാരെ പെട്ടെന്ന് വീഴ്ത്താൻ കഴിയുന്നതാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ. എന്നാൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മൂന്നു ദിവസത്തിനു ശേഷമാണ് പണം പിൻവലിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്നു ഹരീഷിനു വന്ന ഒടിപി മെസേജ് മറ്റൊരു ഫോണിലേക്ക് തിരിച്ചു അയക്കുകയായിരുന്നു. പുലർച്ചെ 2.30 നാണ് ഒടിപി മെസേജ് വന്നിരിക്കുന്നത്.

സംഭവം ബാങ്ക് അധികൃതരെ അറിയിച്ചപ്പോഴാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി ഹരീഷ് മനസ്സിലാക്കുന്നത്. ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ് വഴി ഹാക്കർമാർ വിവരങ്ങൾ ചോർത്തുകയായിരന്നു. മെസേജുകള്‍ ഫോർവേഡ് ചെയ്യാനുള്ള സംവിധാനവും വ്യാജ ആപ്പിലുണ്ടായിരുന്നു. പൂനെയിൽ നിന്നുള്ള നമ്പറിലേക്കാണ് മെസേജുകൾ കൈമാറ്റം നടന്നതെന്നും സൈബര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.