Friday 12 February 2021 04:06 PM IST : By പ്രവീൺ എളായി

വളയ്ക്കാൻ എളുപ്പം, ഗട്ടർ പേടി വേണ്ട; നഗരയാത്രകൾക്ക് യോജിച്ച മിനി എസ്‌യുവി, മാരുതി എസ്പ്രസ്സോ

maruti-s-presso33

ചെറുകാറുകളെപ്പറ്റി ഒരു തമാശയുണ്ട്. ‘ചെറിയ കാറിലേക്കു കയറി എന്നു പറയരുത്, കാറിലേക്ക് ഇറങ്ങി എന്നതാണു ശരി’- യാത്രികർക്ക് ഉയരം കുറഞ്ഞ ഹാച്ച്ബാക്കുകളിലേക്ക് കയറാനുള്ള ബുദ്ധിമുട്ടാണിതു സൂചിപ്പിക്കുന്നത്. ഈ അഭിപ്രായം പലർക്കും ഉണ്ടാകും. നഗരയാത്രയ്ക്കു ചേർന്ന വാഹനം മതി എന്നു കരുതി ചെറിയ കാറുകൾ തിരഞ്ഞെടുക്കുമ്പോൾ  ഉയരക്കുറവ് പ്രശ്നമാകാറുണ്ട്. എന്നാൽ മാരുതി എസ്പ്രസ്സോ ഈ ധാരണയെ തിരുത്തിക്കുറിക്കും. മിനി എസ്‌യുവി എന്ന വിഭാഗത്തിലാണ് എസ്പ്രസ്സോ.

4.5 മീറ്റർ മാത്രമേ ടേണിങ് റേഡിയസ് ഉള്ളൂ. ഇടുങ്ങിയ സ്ഥലങ്ങളിൽ പെട്ടെന്നു വളച്ചെടുത്തു കൊണ്ടുപോകാം, പാർക്ക് ചെയ്യാം. നഗരയാത്രികർക്ക് ഇതു വലിയ അനുഗ്രഹമാണ്. ബേസ് മോഡൽ വില നാലര ലക്ഷത്തിൽ താഴെ. ആറു ലക്ഷത്തിൽ താഴെ പെട്രോൾ ഓട്ടമാറ്റിക് വേരിയന്റും ലഭ്യമാണ്.

ആർക്കാണു യോജിച്ചത്?

ശരാശരിക്കു മുകളിൽ ഉയരമുള്ളവർക്കു യോജിച്ച ചെറുകാർ. ഡ്രൈവിങ് സീറ്റിലേക്ക് ആയാസമില്ലാതെ കയറാം. പിൻസീറ്റും  ഉയരത്തിലാണ്. വീട്ടിലെ പ്രായമായവർക്ക് ഉയരം അനുഗ്രഹമാകും. ഉയരത്തിലുള്ള ബോണറ്റും താഴെ കറുപ്പു പ്ലാസ്റ്റിക് ഫിനിഷും എസ്‌യുവിയുടെ ഗമ നൽകും. ഉയരക്കൂടുതൽകാബിനിൽ പ്രതിഫലിക്കുന്നുണ്ട്. നല്ല ഉയരക്കാർക്കും യോജിച്ച മട്ടിൽ ഹെഡ്റൂം കൂടുതലാണ്.  

S-presso-Rear-copy

ഗട്ടർ പേടി വേണ്ട

ചെറിയ ടയറുകളാണെങ്കിലും ഗ്രൗണ്ട് ക്ലിയറൻസ് (നിരത്തും വാഹനത്തിന്റെ മധ്യഭാഗവും തമ്മിലുള്ള അകലം) കൂടുതലാണ്. നമ്മുടെ റോഡുകളിലെ ഗട്ടറുകളിലൂടെയുള്ള യാത്രയിൽ ഇത് ഗുണം ചെയ്യും.

പുതുമയുള്ള ഡാഷ്ബോർഡ് ഡിസൈൻ ആണ്. രണ്ടു വൃത്തങ്ങളാണ് ശ്രദ്ധയിൽ പെടുക. ഒന്ന് സ്റ്റിയറിങ്. അതിൽശബ്ദനിയന്ത്രണ ബട്ടനുകൾ ഉണ്ട്. പാട്ടു മാറ്റണമെങ്കിലോ ശബ്ദം കൂട്ടണമെങ്കിലോ, ഫോൺ അറ്റൻഡ് ചെയ്യണമെങ്കിലോ കൈ സ്റ്റിയറിങ്ങിൽ നിന്നെടുക്കേണ്ടതില്ല. രണ്ടാമത്തെവട്ടത്തിനുള്ളിലാണ് മീറ്ററും ടച്ച്സ്ക്രീൻ സിസ്റ്റവും. കൂടുതൽ വ്യക്തമായി റോഡ് കാണാൻ പറ്റുന്ന വിധത്തിലുമാണ് ഡാഷ് ബോർഡ് ഡിസൈൻ.    

മുന്നിൽ കപ് ഹോൾഡറുകളും ഫോൺ വയ്ക്കാനുള്ള സ്ഥലവുമുണ്ട്. മുൻഡോറിൽ വൺ ലീറ്റർ കുപ്പികൾ വയ്ക്കാം.

സൗകര്യങ്ങൾ

ഫോൺ ബന്ധിപ്പിക്കാവുന്ന ടച്ച്സ്ക്രീൻ സിസ്റ്റത്തിൽ നാവിഗേഷൻ സൗകര്യമുള്ളതിനാൽ വഴി കണ്ടുപിടിക്കാൻ ഫോണിനെ ആശ്രയിക്കേണ്ടതില്ല. ബ്ലൂടൂത് കണക്ടിവിറ്റിയുണ്ട്. രണ്ടു സ്പീക്കറുകളുണ്ട്. പിന്നിൽ പാർക്കിങ് സെൻസർ എല്ലാ വേരിയന്റിലുമുണ്ട്. റിവേഴ്സ് എടുക്കുമ്പോൾ കാറിനുപിന്നിൽ തടസ്സമുണ്ടെങ്കിൽ സൂചന ലഭിക്കും. മുന്നിൽ രണ്ട് എയർബാഗുകൾ, രണ്ടു സീറ്റിലും സീറ്റ്  ബെൽറ്റ് ഇട്ടില്ലെങ്കിൽ അപായ സൂചന നൽകും  എസ്പ്രസ്സോ. എബിഎസ്-ഇബിഡി എന്നീ സുരക്ഷാവിദ്യകളുമുണ്ട്.

S-presso-Interior-2

Engine & Drive

998 സിസി പെട്രോൾ.  അഞ്ചു ഗിയറുകളാണ് മാന്വൽ മോഡലിൽ. സെമി-ഓട്ടമാറ്റിക് മോഡ് എഎംടി (ഓട്ടമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ) വേരിയന്റുമുണ്ട്.  എ ജിഎസ് എന്നാണ് മാരുതി എഎംടി ഗിയർബോക്സിനു നൽകിയിട്ടുള്ള പേര്. ഓട്ടമാറ്റിക് ആയാലും മാന്വൽ ഗിയർ ആയാലും ലീറ്ററിന് 21.7 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

S-presso-front