Wednesday 03 October 2018 02:34 PM IST : By സ്വന്തം ലേഖകൻ

ഇടനിലക്കാർ വേണ്ട, ക്യൂവിലും നിൽക്കേണ്ട; ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം ഇനി ഓൺലൈനായി

license

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഇനി ഇടനിലക്കാരെ തേടി അലയുകയോ ആർടിഒ ഓഫീസിൽ ക്യൂ നിന്ന് മടുക്കുകയോ വേണ്ട. ഒരു വിരൽ ക്ലിക്കിനപ്പുറം ലൈസൻസ് പുതുക്കാനുള്ള ജാലകം തുറന്നിടുകയാണ് മോട്ടോർ വാഹന വകുപ്പ്.

ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള ഒരുപിടി സേവനങ്ങൾ ഓൺലൈനായി സമർപ്പിക്കാനായി മറ്റെങ്ങും പോകേണ്ട, മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ ഇതിനുള്ള സൗകര്യമുണ്ട്. അവിടേയും തീർന്നില്ല, ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കുന്ന ദിവസം തന്നെ തീർപ്പാക്കി രേഖകൾ അപേക്ഷകന് നേരിട്ട് നൽകുകയും ചെയ്യുന്നു. ചുവടെ നൽകിയിരിക്കുന്ന ലളിതമായ പ്രക്രിയയിലൂടെ ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ എളുപ്പത്തിൽ ഉറപ്പുവരുത്താവുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാൻ എന്തു ചെയ്യണം?

നിരവധിയാളുകൾ ഈ ചോദ്യവുമായി എന്നെ സമീപിക്കാറുണ്ട്. ഇന്ത്യയിൽ തന്നെ കമ്പ്യൂട്ടർവത്കരണത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വകുപ്പാണ് കേരള മോട്ടോർ വാഹന വകുപ്പ്. ഏറ്റവും സുതാര്യമായി പ്രവർത്തിക്കുന്ന നമ്മുടെ മോട്ടോർ വാഹന വകുപ്പ് നിരവധി സേവനങ്ങൾ ഓൺലൈനായി നൽകുകയും ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കുന്ന ദിവസം തന്നെ തീർപ്പാക്കി രേഖകൾ അപേക്ഷകന് നേരിട്ട് നൽകുകയും ചെയ്യുന്നു.
എന്നാലും ജനങ്ങൾ ഇപ്പോഴും ഏജന്റുമാരെ സമീപിക്കുകയും ചിലപ്പോൾ വഞ്ചിതരാവുകയും ചെയ്യുന്നു. മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഓൺലൈൻ സേവനങ്ങൾ ഒന്നൊന്നായി എന്റെ FB സുഹൃത്തുകൾക്കു വേണ്ടി പരിചയപ്പെടുത്തുന്നു.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാൻ:

1. നിങ്ങളുടെ ലൈസൻസ് കാർഡ് ഫോമിൽ ആണെങ്കിൽ മാത്രം ഓൺലൈനായി പുതുക്കുവാൻ സാധിക്കുകയുള്ളൂ

2. www.keralamvd.gov.in എന്ന വെബ് സൈറ്റ് ഓപ്പൺ ചെയ്യുക.

3 വെബ്പേജിന്റെ വലതു വശത്ത് മധ്യഭാഗത്തായി 'Apply online ' എന്ന തലക്കെട്ടിനു താഴെ License എന്നയിടത്ത് ക്ലിക്ക് ചെയ്യുക.

4. License Renewal നു നേരെ Apply online എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

5. ഇപ്പോൾ പുതിയ വിൻഡോ ഓപ്പൺ ആയതായി കാണാം. ഇടതു വശത്തെ പകുതിയിലുള്ള നിർദ്ദേശങ്ങൾ മനസിരുത്തി വായിക്കുക.

6. വലതു വശത്തെ -- SELECT RTO -- എന്നയിടത്ത് ക്ലിക്ക് ചെയ്ത് താങ്കളുടെ RTO ഓഫീസ് തിരഞ്ഞെടുക്കുക . താങ്കൾക്ക് സ്ഥിരം മേൽവിലാസം ഉള്ളയിടത്തോ താൽക്കാലിക വിലാസം ഉള്ളയിടത്തോ ലൈസൻസ് പുതുക്കാവുന്നതാണ്, മേൽവിലാസം തെളിയിക്കുന്നതിനുള്ള സാധുവായ ഒരു രേഖ അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നു മാത്രം.

7. ലൈസൻസ് നമ്പർ മൂന്ന് ഭാഗങ്ങളായി എന്റർ ചെയ്യുക. (ഒറിജിനൽ ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം)

8. ശേഷം താങ്കളുടെ ജനന തിയതി ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം എൻറർ ചെയ്യുക. 'GO' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

9. പോപ് അപ് വിൻഡോയിൽ 'OK' ക്ലിക്ക് ചെയ്യുക.

10. അടുത്ത സ്ക്രീനിലെ വിവരങ്ങൾ ശരിയാണോ എന്നു പരിശോധിച്ചതിന് ശേഷം വലതു വശത്തു താഴെ കാണുന്ന 'Next ' ബട്ടൺ ക്ലിക്ക് ചെയ്യുക.

11. സ്ക്രീനിൽ കാണുന്ന അക്ഷരങ്ങൾ എതിരെയുള്ള ബോക്സിൽ എന്റർ ചെയ്യുക.താഴെ ഫോൺ നമ്പർ നിശ്ചയമായും, മെയിൽ ഉണ്ടെങ്കിൽ അതും രേഖപ്പെടുത്തിയതിനു ശേഷം 'Proceed ' ബട്ടൺ ക്ലിക്ക് ചെയ്യുക.

12. അടുത്ത സ്ക്രീനിൽ കാണുന്ന ആപ്ലിക്കേഷൻ നമ്പർ എഴുതി സൂക്ഷിക്കുക. പ്രിൻറർ ലഭ്യമാണെങ്കിൽ A4 പേപ്പറിൽ അപേക്ഷ പ്രിൻറ് ചെയ്യാവുന്നതാണ്. ഒരു DTP കേന്ദ്രത്തിലോ അക്ഷയ സെൻററുകളിലോ ചെന്ന് ഈ ആപ്ലിക്കേഷൻ നമ്പർ നൽകിയാൽ പ്രിൻറ് എടുക്കാവുന്നതാണ്. അsയ്ക്കേണ്ടതായ ഫീസ് ഈ ഘട്ടത്തിൽ സ്ക്രീനിൽ കാണാവുന്നതാണ്.

13. താങ്കൾക്ക് നെറ്റ് ബാങ്കിംഗ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് സൗകര്യമുണ്ടെങ്കിൽ Payment Through Net Banking എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. (ഈയവസരത്തിൽ താങ്കളുടെ ഇൻറർനെറ്റ് കണക്ഷൻ തടസമില്ലാതെ ലഭ്യമാണെന്ന് ഉറപ്പു വരുത്തുന്നത് ഉചിതമായിരിക്കും)

14. അടുത്ത സ്ക്രീനിൽ താങ്കളുടെ Email, മൊബൈൽ നമ്പർ എന്നിവ നൽകിയ ശേഷം Proceed button അമർത്തുക.

15. Netbanking/ Card Payment സെലക്ട് ചെയ്തതിനു ശേഷം proceed for payment എന്ന ബട്ടണിൽ അമർത്തി നിർദ്ദേശാനുസരണം Payment Process പൂർത്തിയാക്കിയാൽ രശീത് പ്രിൻറ് ചെയ്യാവുന്നതാണ്. നെറ്റ് ബാങ്കിംഗ് സൗകര്യം ഇല്ല എങ്കിൽ RTO ഓഫീസിലെ കൗണ്ടറിൽ നേരിട്ട് പണം അടയ്ക്കാവുന്നതാണ്.

16. അപേക്ഷാ ഫാറത്തിന്റെ പ്രിൻറ് എടുത്താൽ Form 9, Form 1, Form 1 A, Eye certiicate എന്നിവ ഉണ്ടെന്ന് കാണാം. നിശ്ചിത സ്ഥലങ്ങളിൽ ആറു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോട്ടോ ഒട്ടിച്ചതിനു ശേഷം ഒരു അംഗീകൃത നേത്രരോഗ വിധ ഗ്ധനിൽ നിന്നും പരിശോധന നടത്തി Eye certificate, Medical certificate എന്നിവ സാക്ഷ്യപ്പെടുത്തി വാങ്ങുക.

17 . ശേഷം അപേക്ഷ, പണമടച്ച രശീൽ, അസൽ ലൈസൻസ്, മേൽവിലാസത്തിൽ മാറ്റമുള്ള പക്ഷം അത് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം RTO ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിൽ നൽകിയാൽ അതേ ദിവസം തന്നെ ലൈസൻസ് പുതുക്കി കൈവശം വാങ്ങാവുന്നതാണ് .

18. അപേക്ഷകന് നേരിട്ട് പോകാൻ സാധിക്കില്ലെങ്കിൽ 41 രൂപാ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം അപേക്ഷ കൗണ്ടറിൽ ഹാജരാക്കി രസീത് വാങ്ങിയാൽ ലൈസൻസ് പുതുക്കി തപാലിൽ അയച്ചുതരുന്നതാണ്.