Friday 14 January 2022 04:22 PM IST : By Jayaraj G Nath

ഫോണിൽ നെറ്റ്‌വർക്ക് സിഗ്‌നൽ കൃത്യമായി കിട്ടുന്നില്ലേ? റേഞ്ച് കിട്ടാൻ 10 വഴികൾ ഇതാ...

phone-signal

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണ് നെറ്റ്‌വർക്ക് സിഗ്‌നൽ കൃത്യമായി കിട്ടുന്നില്ല എന്നത്. ലോക്ഡൗൺ കാലത്ത് ആളുകളുടെ ഇന്റർനെറ്റ് ഉപയോഗം കൂടിയതോടെ പലയിടത്തും പ്രശ്നം രൂക്ഷമായി. ഫോണിനു റേഞ്ച് തീരെ ലഭിക്കുന്നില്ല എങ്കിൽ വീട്ടിൽ ഇരുന്നുതന്നെ ചെയ്യാൻ സാധിക്കുന്ന ഈ പത്തു വഴികൾ പരീക്ഷിക്കാം.

∙ ആദ്യം ചെയ്യേണ്ടത് ഫോണിന്റെ കവറും ഹാർഡ് കെയ്സും ഒഴിവാക്കുക എന്നതാണ്. നെറ്റ്‌വർക്ക് സ്വീകരിക്കുന്ന ആന്റിന ഹാർഡ് കെയ്സുകൾ മറയ്ക്കാൻ സാധ്യതയുണ്ട്.

∙ ഫോണിനും മൊബൈൽ ടവറിൽ നിന്ന് സിഗ്‌നൽ വരുന്ന ദിശയ്ക്കും ഇടയിൽ കാര്യമായ തടസ്സങ്ങൾ ഉണ്ടാകാതെ നോക്കാം. തുറസായ സ്ഥലങ്ങളിൽ നിന്ന് ഫോൺ ഉപയോഗിച്ചാൽ വ്യത്യാസം വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. റൂമിനുള്ളിൽ ജനാലകൾക്ക് അരികിൽ ഇരുന്ന് ഫോൺ ഉപയോഗിക്കുക. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടുത്ത് ഇരുന്നാലും സിഗ്‌നൽ കുറയാൻ സാധ്യതയുണ്ട്.

∙ ഫോണിൽ ചാർജ് കുറയുമ്പോൾ ബാറ്ററി ഉപയോഗം അധികം വേണ്ടി വരുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. സിഗ്‌നൽ കണ്ടെത്തുക എന്നത് ബാറ്ററി കൂടുതലായി ഉപയോഗിക്കപ്പെടുന്ന പ്രവർത്തനം ആയതിനാൽ ബാറ്ററി ചാർജ് കുറവുള്ള സമയങ്ങളിൽ നെറ്റ്‌വർക്ക് ലഭ്യതയും കുറയാം. 50 ശതമാനത്തിൽ അധികം ബാറ്ററി ചാർജുള്ളപ്പോൾ നെറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്.

∙ സിം കാർഡിന്റെ ചിപ് വരുന്ന ചെമ്പ് ഭാഗങ്ങളിൽ അഴുക്ക് പടരാൻ സാധ്യതയുണ്ട്. ഇത് നെറ്റ്‌വർക്ക് തടസപ്പെടുത്തും. സിം കാർഡ് മാറ്റി വൃത്തിയുള്ള തുണി കൊണ്ട് തുടച്ച് വൃത്തിയാക്കി വീണ്ടുമിട്ടാൽ റേഞ്ചിൽ വ്യത്യാസം വരും. 

∙ നിങ്ങൾ ഫോൺ ഉപയോഗിക്കുന്നത് 4G നെറ്റ്‌വർക്ക് ലഭിക്കാത്ത സ്ഥലമാണെങ്കിൽ ഫോണിന്റെ സെറ്റിങ്സിൽ 3G ഒൺലി എന്നതിലേക്ക് മാറേണ്ടതാണ്. ഇങ്ങനെ ചെയ്താൽ 3G എങ്കിലും നന്നായി ലഭിക്കാൻ സാധ്യതയുണ്ട്.

∙ ഫോണിൽ നെറ്റ്‌വർക്ക് തീരെ കിട്ടാതിരിക്കുന്ന സമയത്ത് ഫോണിന്റെ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഫോണിലേക്ക് വരുന്നതും  പോകുന്നതുമായ എല്ലാ സിഗ്‌നലുകളും വിച്ഛേദിക്കപ്പെടും. 30 സെക്കൻഡിന് ശേ ഷം ഫ്ലൈറ്റ് മോഡ് ഓഫ് ചെയ്യുക. ഇങ്ങനെ ചെയ്താൽ നെറ്റ് വർക്ക് റിഫ്രഷ് ആയി അൽപം കൂടി വേഗത്തിൽ ലഭിക്കാൻ ഇടയുണ്ട്.

∙ ഫോൺ ഇടയ്ക്ക് റീസ്റ്റാർട്ട് ചെയ്യുന്നത് നെറ്റ്‌വർക്ക് റിഫ്രഷ് ആയി നന്നായി സിഗ്‌നൽ പിടിച്ചെടുക്കുന്നതിന് സഹായകരമാകും.

∙ മൊബൈൽ സിഗ്‌നൽ തീരെ കുറവാണെങ്കിൽ പുതുതായി അവതരിപ്പിച്ച വൈ ഫൈ കോളിങ് എന്ന ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. ഇതിനായി വൈ ഫൈ കണക്‌ഷൻ ആവശ്യമുണ്ട്. എന്നിരുന്നാലും പ്രത്യേകിച്ച് യാതൊരു ചെലവും ഇല്ലാതെ വീട്ടിലെ വൈ ഫൈ ഉപയോഗിച്ച് നെറ്റ്‌വർക്കിലേത് പോലെ ഫോൺ വിളിക്കാനാകും. 

∙ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തിട്ടും നിങ്ങളുടെ ഫോണിൽ നെറ്റ്‌വർക്ക് കിട്ടുന്നില്ല എങ്കിൽ ഏതെങ്കിലും നെറ്റ് വർക്ക് ബൂസ്റ്റർ  വാങ്ങാവുന്നതാണ്. ഇത്തരം ഡിവൈസുക ൾ 3000 രൂപയ്ക്കു മുതൽ വിപണിയിൽ ലഭ്യമാണ്. വളരെ വീക്കായ സിഗ്‌നലുകളെ പോലും ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്യാനാകും.

∙ മേൽ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ പ്രാവർത്തികമാകുന്നില്ലങ്കിൽ നിങ്ങളുടെ നെറ്റ്‌വർക്ക് പ്രൊവൈഡറിന്റെ ക സ്റ്റമർ കെയറിൽ പരാതി നൽകുക. അവർ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം നൽകും.