Saturday 21 April 2018 10:01 AM IST : By സ്വന്തം ലേഖകൻ

ഫോൺ ഉപയോഗിക്കാം; പരീക്ഷയിൽ തോൽക്കില്ല

mobile

ഫോൺ ഉപയോഗിക്കുന്നതിനാൽ ഇനി വിദ്യാർത്ഥികൾ പരീക്ഷകളിൽ തോൽക്കേണ്ടതില്ല എന്നാണ് സാംസങ്ങിന്റെ തീരുമാനം. വിദ്യാർത്ഥികളെ പരിഗണിച്ച് സാംസങ് പുതിയ ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നു. ഫ്ളാഗ് ഷിപ് ഫോണായ ഗാലക്സിയുടെ ബേസിക് വേർഷനായ ഗാലക്സി ​​ജെ 2 ​ ​പ്രോയിലാണ് കമ്പനിയുടെ  പുതിയ പരീക്ഷണം. 3ജി , 4ജി ഡാറ്റാ നെറ്റ് വർക്കുകൾ ഈ മോഡലിലിൽ ലഭ്യമല്ല. ​വൈ ​ഫൈ ഉപയോഗിച്ച് മാത്രമേ  ഇന്റർനെറ്റ് ഉപയോഗിക്കുവാനാകൂ. നിരന്തരമായി ഇന്റർനെറ്റ് ഉപയോഗിച്ച് പഠനത്തിലും പരീക്ഷയിലും ശ്രദ്ധ കുറയുന്ന വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് ഈ ഫോൺ നിർമ്മിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. 

നിരന്തരം ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത മുതിര്‍ന്നവരേയും കമ്പനി ഈ മോഡലിലൂടെ ലക്ഷ്യമിടുന്നു. 8 എംപി പിന്‍ക്യാമറയും 5 എംപി മുന്‍ ക്യാമറയും അഞ്ച് ഇഞ്ച് വലുപ്പമുളള എച്ച്ഡി സ്ക്രീനും ഫോണിന്റെ പ്രത്യേകതയാണ്. മുഖം തിരിച്ചറിഞ്ഞ് സെല്‍ഫി എടുക്കാന്‍ കഴിയുന്ന സെല്‍ഫി അസിസ്റ്റും എല്‍ഇഡി നോട്ടിഫിക്കേഷന്‍ റിംഗില്‍ ഇഷ്ടമുളള നിറം നല്‍കുന്ന പരിഷ്കരിച്ച നോട്ടിഫിക്കേഷന്‍ സംവിധാനവും മറ്റു സവിശേഷതകളാണ്. 

കോണ്ടാക്ടുകളും ആപ്ലിക്കേഷനുകളും വ്യത്യസ്ത നിറത്തിലാക്കിയാല്‍ നിറം കണ്ട് സന്ദേശങ്ങള്‍ പ്രാധാന്യം അനുസരിച്ച് തിരിച്ചറിയാന്‍ സാധിക്കും. എല്ലാ പ്രവര്‍ത്തനങ്ങളും താമസം ഇല്ലാതെ ലഭിക്കാനായി ജെ2 പ്രോയില്‍ ടര്‍ബോ സ്പീഡ് ടോക്നോളജി യും അവതരിപ്പിച്ചിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ 185 ഡോളറിനാണ് ഫോണ്‍ അവതരിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കായി എക്സ്ചേഞ്ച് ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്.