Monday 21 October 2019 06:23 PM IST : By Ratheesh R. Menon

‘വാങ്ങിയത് മൊബൈല്‍ കിട്ടിയത് ഇഷ്ടിക’; ഓൺലൈൻ ഷോപ്പിങ്ങില്‍ അബദ്ധം പറ്റാതിരിക്കാന്‍ ശ്രദ്ധിക്കാം!

techie-vanitha

കാത്തുകാത്തിരുന്നാണ് സുജിത് പുത്തൻ മോഡൽ മൊബൈൽ ഫോൺ ഓൺലൈൻ വഴി ഒാര്‍ഡര്‍ െചയ്തത്. പിന്നെ, ആ കാത്തിരിപ്പ്, എന്റെ സാറേ... അവസാനം കയ്യിൽ കിട്ടിയ പായ്ക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോഴോ, മൊബൈൽ ഫോണിന്റെ ഷേപ്പിൽ ചെത്തിയെടുത്ത ഇഷ്ടികക്കഷണം!!!

ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഓൺ‌ലൈൻ പര്‍ച്ചേസ് നടത്തുന്നത് ഇന്നു സർവസാധാരണമാണ്. ഷോപ്പിങ് ആപ്പുകള്‍ ഫോണിൽ ഇല്ലാത്ത മലയാളികളില്ല. ഇടയ്ക്കിടെ മിന്ത്രയിലും ജബോങ്ങിലും കയറി പുതിയ ഡ്രസ്സൊക്കെ നോക്കിയില്ലേൽ എന്തോ ‘മിസിങ്’ പോലെയാണ് പല സ്ത്രീകൾക്കും.

സമ്പൂര്‍ണ സാക്ഷരരെന്ന് അവകാശപ്പെടുമ്പോഴും ശ്രദ്ധക്കുറവും ക്ഷമയില്ലായ്മയും കൊണ്ട് ചതിക്കുഴികളില്‍ ചെന്നു വീഴാനുള്ള നടപ്പാതയാകാറുണ്ട് പലപ്പോഴും ഓൺലൈൻ ഷോപ്പിങ്. ലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്നത്  ഇ– കോമേഴ്സ് സൈറ്റുകളിലൂടെയാണ്. അതുകൊണ്ടു തന്നെയാണ്  ഈ താൽപര്യം മുതലെടുത്ത് നിങ്ങളെ പറ്റിക്കാന്‍ വിരുതന്മാര്‍ കാത്തിരിക്കുന്നതും.

ആമസോണും ഫ്ലിപ്കാര്‍ട്ടും സ്നാപ്ഡീലുമൊക്കെ ‘ലുലുമാള്‍’ പോലെ വിർച്വൽ ലോകത്തുള്ള വലിയ ‘ഷോപ്പിങ് മാള്‍’ ആണ്. ധാരാളം കച്ചവടക്കാര്‍ അവരുടെ ഉൽപന്നങ്ങള്‍ കമ്മിഷന്‍ നല്‍കി ഇത്തരം ഓൺലൈൻ െെസറ്റുകളിലൂെട വില്‍പ്പന നടത്തുന്നു. ഇവരിലെ തട്ടിപ്പുകാരെ തിരിച്ചറിയുന്നതിലാണ് നമ്മുടെ വിജയം. അതിനുള്ള വഴികൾ ഷോപ്പിങ് സൈറ്റുകളിൽ തന്നെയുണ്ട്, നമ്മൾ ശ്രദ്ധിക്കാറില്ലെങ്കിലും.

ആദ്യം ശ്രദ്ധിക്കേണ്ടത് വാങ്ങാനുദ്ദേശിക്കുന്ന സാധനത്തിന്‍റെ േററ്റിങ് റിവ്യൂ ആണ്. േഷാപ്പിങ്െെസറ്റില്‍ പ്രൊഡക്റ്റിന്‍റെ ടൈറ്റിലിനോട് ചേര്‍ന്ന് ഒന്നു മുതല്‍ അഞ്ചുവരെ സ്റ്റാറുകള്‍ കാണാം. അതില്‍ കൂടുതല്‍ സ്റ്റാറുകള്‍ ഉള്ള പ്രൊഡക്റ്റ്  നോക്കി തിരഞ്ഞെടുക്കുക. സ്റ്റാറുകള്‍ക്കൊപ്പം, എത്ര ആളുകളാണ് ആ പ്രോഡക്ട് റേറ്റ് ചെയ്തിട്ടുള്ളത് എന്നും കാണിക്കും. ഏറ്റവും നല്ല റേറ്റിങ് ഉള്ള ഉൽപന്നം വാങ്ങാൻ ശ്രദ്ധിക്കുക.

റേറ്റിങ്ങ് ചെയ്തവര്‍ പ്രൊഡക്റ്റിനെക്കുറിച്ച് എഴുതിയിരിക്കുന്ന റിവ്യൂ (കമന്റ്) അതേ ലിങ്കിൽ തന്നെ താഴെയായി ഉണ്ടാകും. വാങ്ങിയവർക്ക് അത് നല്ലതായാണോ ചീത്ത ആയാണോ അനുഭവപ്പെട്ടത്, പ്രോഡക്ടിന്റെ ക്വാളിറ്റി തുടങ്ങിയ വിവരങ്ങളൊക്കെ മുൻപ് അതേ ഉൽപന്നം വാങ്ങിയവർ കൃത്യമായി എഴുതിയിട്ടുണ്ടാകും. അവ  വിശകലനം ചെയ്ത ശേഷം മാത്രമേ വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കാവൂ.

onli-ra1

F Assured, A Fulfilled

‘ലുലു മാളില്‍’ മറ്റു ധാരാളം ഷോപ്പുകള്‍ക്കൊപ്പം ‘ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും’ ‘ലുലു ഫാഷനും’ ‘ലുലു കണക്റ്റു’മൊക്കെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ലുലു നേരിട്ടു നടത്തുന്ന ഷോപ്പുകളാണിത്. ഓൺലൈനിലും അതതു സൈറ്റുകൾ നേരിട്ടു നടത്തുന്ന കൗണ്ടറുകളുണ്ട്. അവിടെ നമ്മള്‍ വാങ്ങുന്ന പ്രൊഡക്ട് പായ്ക്ക് ചെയ്ത് അയയ്ക്കുന്നത് ആമസോണിന്റെയും ഫ്ലിപ്കാര്‍ട്ടിന്റെയും സ്റ്റാഫ് തന്നെയാണ്. പായ്ക്ക് ചെയ്യുമ്പോൾ മുതൽ അയയ്ക്കുന്നതിനു മുൻപു വരെ പല ചെക്കിങ്ങും  ഉണ്ടാകും. അവ എളുപ്പം മനസ്സിലാക്കാനായി അവർ തന്നെ ഒരു ‘സിംബൽ’ നൽകും.

ഫ്ലിപ്കാര്‍ട്ടില്‍ പ്രൊഡക്റ്റ് സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന റിസല്‍റ്റുകളില്‍ ‘F Assured’ എന്ന നീല ലോഗോ കാണാം. ആമസോണില്‍ ഇത് ‘A Fulfilled’ എന്നു കറുത്ത നിറത്തിലാണ്. കമ്പനി തന്നെ പാക്ക് ചെയ്ത്, നിരവധി തവണ വെരിഫിക്കേഷന്‍ കഴിഞ്ഞ് അയയ്ക്കുന്നതിനാല്‍ ഉപയോക്താക്കൾ പറ്റിക്കപ്പെടില്ല എന്ന് ഉറപ്പാണ് ഈ രണ്ടു സിംബലുകളും.

ഉപയോക്താക്കളുടെ സംതൃപ്തി അടിസ്ഥാനപ്പെടുത്തി ‘ആമസോൺ ചോയ്സ്’ എന്നൊരു ലേബലും ആമസോണിലുണ്ട്. സാധനങ്ങൾ വാങ്ങിയവര്‍ നൽകുന്ന റിവ്യൂ അടിസ്ഥാനപ്പെടുത്തിയുള്ള റാങ്കിങ്ങാണ് ഇത്.