Saturday 19 June 2021 12:50 PM IST : By സ്വന്തം ലേഖകൻ

‘എളുപ്പം നോക്കി പുലിവാൽ പിടിക്കരുത്’; മാതാപിതാക്കളുടെയും ഗൂഗിൾ മീറ്റ് വഴി ക്ലാസെടുക്കുന്ന ടീച്ചർമാരുടെയും ശ്രദ്ധയ്ക്ക്!

ratheesh55rtvyguy77789

"ഗൂഗിൾ അക്കൗണ്ടിൽ ഡേറ്റ് ഓഫ് ബർത്ത് മാറ്റി നൽകിയാൽ 14 ദിവസത്തിനകം പുതിയ ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന പ്രൂഫ് നൽകിയില്ലെങ്കിൽ ഗൂഗിൾ അക്കൗണ്ട് ഡിലീറ്റാക്കും. ഇക്കാര്യം മെയിൽ വഴി ഗൂഗിൾ അറിയിക്കുന്നുണ്ടെങ്കിലും, മെയിൽ മിക്കവരും ശ്രദ്ധിക്കില്ല. ഇക്കാരണത്താൽ അക്കൗണ്ട് ഡിലീറ്റായ ശേഷമേ അറിയുക പോലുമുള്ളൂ."- രതീഷ് ആർ മേനോൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.  

രതീഷ് ആർ മേനോൻ പങ്കുവച്ച കുറിപ്പ് വായിക്കാം; 

മാതാപിതാക്കന്മാരുടേയും ഗൂഗിൾ മീറ്റ് വഴി ക്ലാസ് എടുക്കുന്ന ടീച്ചർമാരുടേയും ശ്രദ്ധയ്ക്ക്

മാതാപിതാക്കൾ നൽകുന്ന മൊബൈലും അതിൽ ലിങ്ക് ചെയ്തിരിക്കുന്ന ജീമെയിൽ ഐഡിയും ഉപയോഗിച്ചാണല്ലോ കുട്ടികൾ ഗൂഗിൾ മീറ്റിൽ ക്ലാസ് അറ്റന്റ് ചെയ്യുന്നത്. അതിനാൽ മാതാപിതാക്കളുടെ പേരാണ് കുട്ടികൾ ഗൂഗിൾ മീറ്റിൽ ക്ലാസ് അറ്റന്റ് ചെയ്യുമ്പോൾ   കാണിക്കുക. അതുമൂലം അധ്യാപകർ അറ്റന്റൻസ് എടുക്കാൻ ബുദ്ധിമുട്ടു നേരിടുന്നു എന്നും പറഞ്ഞു കുട്ടികളോട് പേരു മാറ്റാൻ ആവശ്യപ്പെടുകയും കുട്ടികൾ ഗൂഗിൾ അക്കൗണ്ടിൽ കയറി പേരും ജനന തീയതിയുമൊക്കെ മാറ്റുന്നുമുണ്ട്.

അങ്ങനെ ഡേറ്റ് ഓഫ് ബർത്ത് മാറ്റി കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്ത് ആക്കിയാൽ മാതാപിതാക്കളുടെ ഗൂഗിൾ അക്കൗണ്ട് 14 ദിവസത്തിനകം ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന പ്രൂഫ് നൽകിയില്ലെങ്കിൽ ഗൂഗിൾ ഡിലീറ്റാക്കുകയും ചെയ്യും. അവരത് ഈ മെയിൽ അയക്കുന്നുണ്ട് എങ്കിലും മെയിൽ ഒന്നും ഇക്കാലത്ത് മിക്കവരും ശ്രദ്ധിക്കില്ല എന്നതിനാൽ അക്കൗണ്ട് ഡിലീറ്റായ ശേഷമേ അറിയുക പോലുമുള്ളൂ. 

അതിനാൽ മാതാപിതാക്കന്മാരോട് കുട്ടിക്കായി മറ്റൊരു അക്കൗണ്ട് നിർമ്മിച്ച് നൽകാൻ പറയുന്നതാകും നല്ലത്. ഈമെയിൽ അക്കൗണ്ട് ഡിലീറ്റായാൽ പിന്നെ തിരികെ കിട്ടാൻ സാധ്യത ഒട്ടുമില്ല. അതിനാൽ ശ്രദ്ധിക്കുക. വർഷങ്ങളായി പല കാര്യങ്ങൾക്കും കോണ്ടാക്റ്റ് അഡ്ഡ്രസ്സായ് നൽകിയിരിക്കുന്നത് ആ ഈമെയിൽ അഡ്രസ് ആയിരിക്കും. എളുപ്പം നോക്കി പുലിവാൽ പിടിക്കരുത്.