Tuesday 22 February 2022 03:24 PM IST : By സ്വന്തം ലേഖകൻ

‘പൊതുനിരത്തിലെ അഭ്യാസപ്രകടനം, മത്സരയോട്ടം, അതിതീവ്ര ശബ്ദം’: അതത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർടിഒമാരെ അറിയിക്കാം

mvd-eee445555

വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങളും, റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടവും റോഡ് സുരക്ഷക്ക് എന്നും ഭീഷണിയാണ്. സാധാരണ നിയമലംഘനങ്ങൾ അത്തരം പ്രവൃത്തി ചെയ്യുന്നവരെയും ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ആണ് ബാധിക്കുന്നത്. എന്നാൽ അനധികൃത മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലൻസറുകൾ ഉൾപ്പെടെ മാറ്റി ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകൾ സഹറോഡുപയോക്താക്കൾ എന്ന നിലയിൽ നിന്നും മാറി വീടിനുള്ളിൽ കഴിയുന്ന കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയായിട്ടുണ്ട്. ഇത്തരം നിയമ ലംഘകർ റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഉണ്ടാക്കുന്ന തീവ്ര ശബ്ദങ്ങൾ ശിശുക്കൾ മുതൽ വയോധികർ വരെയുള്ള ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി കൂടിയാണ് ഉയർത്തുന്നത്.

ഈ സാഹചര്യത്തിലാണ് ഇത്തരം നിയമ ലംഘനങ്ങൾ തടയാൻ ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ ഒരു പ്രത്യേക പരിശോധന ആരംഭിച്ചത്. തുടർന്ന് പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതമാകുന്ന ആയിരക്കണക്കിന് വാഹനങ്ങൾക്കതിരെ നടപടി സ്വീകരിച്ചു വരികയാണ്. എന്നാൽ പരിമിതമായ അംഗ സംഖ്യയുള്ള മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൊണ്ടു മാത്രം ഇത്തരം നിയമ ലംഘനങ്ങൾ തടയാനാവില്ല. അതിന് വകുപ്പ് പൊതുജനങ്ങളുടെ സഹായം കൂടി അഭ്യർഥിക്കുകയാണ്.

വാഹനങ്ങൾ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങൾ വരുത്തുക, സൈലൻസറുകൾ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതുനിരത്തുകളിൽ അഭ്യാസം പ്രകടനം/ മൽസരയോട്ടം  നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വിഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെന്റ്  ആർടിഒമാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നൽകുന്നു.

വിവരങ്ങൾ അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.

1. തിരുവനന്തപുരം - 9188961001

2. കൊല്ലം - 9188961002

3. പത്തനംതിട്ട - 9188961003

4. ആലപ്പുഴ - 9188961004

5. കോട്ടയം - 9188961005

6.ഇടുക്കി - 9188961006

7. എറണാകുളം - 9188961007

8. തൃശൂർ - 9188961008

9. പാലക്കാട് - 9188961009

10. മലപ്പുറം - 9188961010

11. കോഴിക്കോട് - 9188961011

12. വയനാട് - 9188961012

13. കണ്ണൂർ - 9188961013

14. കാസർകോട് - 9188961014

മേൽപ്പറഞ്ഞ നിയമ ലംഘനങ്ങളുടെ ഫോട്ടോ /വിഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകൾ കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു.