Saturday 05 December 2020 12:45 PM IST

ഫോൺ ചാർജിലിട്ടിട്ട് ഉറങ്ങല്ലേ... ഈ ഏഴ് ശീലങ്ങൾ ഫോണിന്റെ ആയുസ് കുറയ്ക്കും

Shyama

Sub Editor

mobile-fon

ഇന്നത്തെ കാലത്ത് ആത്യാവശ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഫോണിന് നമ്മൾ വേണ്ടത്ര പരിചരണം നൽകുന്നുണ്ടോ? വിരൽതുമ്പിൽ എല്ലാമെത്തിക്കുന്ന ഫോണിനെ സംരക്ഷിക്കാനുള്ള വഴികളറിയാം... 

വെള്ളം കിട്ടിയില്ലെങ്കിലും വളരുന്ന ദിവ്യ പ്രേമം എന്നൊന്നില്ല, ദിവസവും വേണ്ട പരിചരണം കൊടുത്തില്ലെങ്കിൽ പ്രണയം പ്രണയത്തിന്റെ വഴിക്ക് പോകും. ഇതുപോലക്കെ തന്നെയാണ് ആ കൈയിലിരിക്കുന്ന ജീവിന്റെ വിലയുള്ള ഫോണിന്റേയും കാര്യം. ബാങ്ക് മുതൽ തുണിക്കട വരെ ഫോണിലായിട്ടും ഇപ്പോഴും വെള്ളമൊഴിക്കാത്തവർക്ക് പോലും തണൽ കൊടുത്ത് വശം കെട്ടിരിക്കയാണ് ഫോണുകൾ. ഒരിത്തിരി സ്നേഹം... ഒരിത്തിരി കരുതൽ ആ ഫോണുകളും ആഗ്രഹിക്കുന്നില്ലേ...? ഇടയ്ക്കുള്ള ചാർജിങ്ങ്, സോഫ്റ്റ്‌വെയർ അപ്ഡേഷൻ തൊടുകയേ ഇല്ല, ചൂടായാലും മൈന്റ് ചെയ്യാതെ വീണ്ടും വീണ്ടും തോണ്ടലും ചിക്കലും... ഇതൊക്കെ സഹിച്ച് സഹിച്ചൊടുക്കം അകാലത്തിൽ നിങ്ങളെ വിട്ടു പിരിഞ്ഞു പോയ ഫോണുകൾ എത്ര! ഇതിനൊരു പരിഹാരം വേണ്ടേ...ഹേയ്?? വേണം. ഫോണുകൾക്കും ഈ നാട്ടിൽ പറയാൻ ചിലതുണ്ട്. അവ നമ്മളോട് ഉറക്കെ പറയുന്നു ‘ഞങ്ങൾക്കും വേണം പരിചരണം’. 

ദിവസേന പല വിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നമ്മുടെ ഫോണുകൾക്ക് ആയുസ്സ് നീട്ടി കിട്ടാൻ അൽപ്പം ശ്രദ്ധ ചെലുത്താം. അതിനുള്ള ചില വഴികളറിയാം...

∙ ചാർജിങ്ങ് കൃത്യമാക്കാം

-ഫോൺ 100 ശതമാനം ചാർജ് ചെയ്തു ഉപയോഗിച്ചു കഴിഞ്ഞ് ചാർജ് 10 –15 ശതമാനത്തിനടുത്താകുമ്പോൾ മാത്രം വീണ്ടും ചാർജ് ചെയ്യുന്നതാണ് ബാറ്ററി ലൈഫിന് ഏറ്റവും നല്ലത്. 80 ആകുമ്പോൾ ചാർജ് ചെയ്യുക 60 ആകുമ്പോൾ പിന്നെയും ചാർജ് ചെയ്യുക എന്നതൊക്കെ ബാറ്ററി ലൈഫ് കുറയ്ക്കും. 

രാത്രി കിടക്കാൻ നേരം ചാർജ് ചെയ്യാനിട്ട് വച്ചിട്ട് രാവിലെ എടുക്കുന്ന രീതിയും ഫോണിന്റെ ബാറ്ററി എളുപ്പത്തിൽ തകരാറിലാക്കും. തുടർച്ചയായി ഫോൺ ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതും അപകടകരമാണ്. ചില സമയത്ത് ഫോൺ പൊട്ടിത്തെറിക്കാൻ വരെ ഇടയാക്കും.

∙ ബാറ്ററി സേഫ് ആണോ? 

ഫോൺ ഉപയോഗിക്കുമ്പോൾ ബാറ്ററി പല കാര്യങ്ങൾ കൊണ്ട് എളുപ്പത്തിൽ ഡൗൺ ആകാം. അതിലൊന്ന് അമിത ഉപയാഗമാണ്. സ്ഥിരമായി  ബ്രൈറ്റ്നെസ് കൂട്ടിയിടുക, പല തവണ ചാർജ് ചെയ്യുക എന്നതൊക്കെ ഒഴിവാക്കാം. 

പല ആപ്പുകൾ ഉപയോഗിച്ചിട്ട് അത് ബാക്ഗ്രൗണ്ടിൽ നിന്ന് മാറ്റാതെ പുതിയത് ഉപയോഗിക്കുക. അങ്ങനെ വരുമ്പോൾ ബാക്ഗ്രൗണ്ടിൽ ഓഫ് ആകാതെ കിടക്കുന്ന ആപ്പുകൾ ചാർജ് ഊറ്റും. ഉപയോഗിക്കാത്ത ആപ്പുകൾ ഫോൺ സ്ക്രീനിൽ നിന്ന് ക്ലിയർ ചെയ്തിടുക. ചെറുപ്പക്കാർ ഇക്കാര്യം മുതിർന്നവരെ പഠിപ്പിക്കുക. ഒട്ടും ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ പറ്റുന്നതാണിത്. 

റെയ്ഞ്ച് കുറവുള്ളിടത്ത് നെറ്റ്‌വർക്ക് കിട്ടാനും ചാർജ് കൂടുതലായി വേണ്ടി വരും. നിങ്ങൾ ഉള്ള സ്ഥലത്ത് നല്ല റെയ്ഞ്ച് തരുന്ന സിം ഉപയോഗിക്കുക. അല്ലാത്ത പക്ഷം ഒരു മണിക്കൂർ കൊണ്ടു തന്നെ സാധാരണയുള്ളതിൽ കൂടുതൽ ചാർജ് നഷ്ടമാകും. 

അതുപോലെ നമ്മൾ പലരും ശ്രദ്ധിക്കാത്ത കാര്യമാണ് സോഫ്റ്റ‌്‌വെയർ അപ്‍േഡറ്റ്. അപ്ഡേറ്റ് വരുന്നതനുസരിച്ച് അത് ചെയ്യുക. പിന്നത്തേക്ക് വയ്ക്കരുത്. നമുക്ക് തലച്ചോർ എന്നതു പോലെയാണ് ഫോണിന് സോഫ്റ്റ്‍വെയർ. ഇത് അപ്ഡേറ്റഡല്ലെങ്കിൽ ഫോൺ ചൂടുപിടിക്കുക, ഹാങ്ങ് ആവുക(അനങ്ങാതെ ആവുക) ഒക്കെ വരും. 

ആവശ്യത്തിനുള്ളതിന് മാത്രം നോട്ടിഫിക്കേഷൻ ഓൺ ആക്കിയാൽ മതി. അല്ലാത്തതൊക്കെ വന്ന് കുമിഞ്ഞ് കൂടുന്നതും ബുദ്ധിമിട്ടുണ്ടാക്കും. 

∙ ഫോൺ നിലത്ത് വീണാൽ

എടുത്ത് സ്ക്രീൻ മാത്രമാണോ അതോ കൂടുതൽ പൊട്ടലുണ്ടോ എന്ന് ആദ്യമേ നോക്കുക. എന്നിട്ട് ഒന്ന് റീസ്റ്റാർട്ട് ചെയ്ത് എല്ലാം ഓൺ ആകുന്നുണ്ടോ വർക്ക് ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കാം. 

ഇപ്പോഴത്തെ മിക്ക ഫോണുകളും ഇൻബിൽറ്റ് ബാറ്ററിയുമായിട്ടാണ് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഫോൺ സ്ക്രീൻ വേറെയാകുക ബാറ്ററി തെറിച്ച് ദൂരേയ്ക്ക് പോകുക എന്നിങ്ങനെയൊന്നും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ നമുക്ക് ഒന്നും ചെയ്യാനില്ല. 

∙ ഫോൺ വെള്ളത്തിൽ വീണാൽ

ഫോൺ വെള്ളത്തിൽ വീണാൽ ചിലത് ഓൺ ആയി തന്നെ ഇരിക്കും. ചിലത് ഓഫ് ആയി പോകും. വെള്ളത്തിൽ നിന്ന് എടുത്താൽ ഉടൻ തന്നെ ഫോൺ ഓഫ് ആക്കി വയ്ക്കുക. പിന്നീട് ഓഫ് ആക്കാൻ നോക്കുകയേ ചെയ്യരുത്. ചിലർ അരിയിൽ വച്ചും വെയിലത്തും വച്ചും ഒക്കെ നോക്കിയിട്ട് ഓൺ ആക്കി നോക്കും. ഇത് ഫോണിനുള്ളിലേക്ക് വെള്ളം പോകാൻ ഇടയാക്കും.മൈക്ക് വഴിയും മറ്റും ബോർഡിലേക്ക് വെള്ളം കയറും. പകരം അതിന്റെ സർവീസ് സെന്ററിൽ തന്നെ പോയി അവരെക്കൊണ്ട് തന്നെ നോക്കി പരിശോധിക്കുക. ഇങ്ങനെ ചെയ്താൽ ഫോണിനുള്ളിലേക്ക് വെള്ളം കയറാതെ അതിനെ തിരികെ ജീവൻ കൊടുക്കാൻ പറ്റും. 

വെള്ളത്തിൽ വീണ ഫോൺ ഓഫ് ആക്കി വച്ചിട്ടും അല്ലാതെയും ചാർജ് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. 

∙ ചൂടാകുന്ന ഫോൺ

ഉപയോഗിക്കുന്ന ഫോൺ അമിതമായി ചൂടായാൽ ആദ്യം ശ്രദ്ധിക്കേണ്ടത്. സോഫ്റ്റ്‍വെയർ അപ്ഡേറ്റഡാണോ എന്നാണ്. ഫോണിന്റെ സെറ്റിങ്ങ്സിൽ കയറി സിസ്റ്റം അപ്ഡേറ്റിൽ നോക്കുമ്പോൾ ചുവപ്പ് അടയാളം കാണിക്കുന്നെങ്കിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാനുണ്ട് എന്നാണ് അർഥം. അത് ഉടനെ ചെയ്യുക.

സിം കൃത്യം സൈസിലുള്ളത് തന്നെയാണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കുക. പഴയ ഫോൺ ഉപയോഗിച്ച് പുതിയതിലേക്ക് മാറുന്നവർ നാനോ സൈസിലുള്ള സിം വേണമെങ്കിൽ ഏതാണോ കണക്ഷണ്‍ അതാത് ഓപറേറ്ററുമായി ബന്ധപ്പെട്ട് ഫോണിന് ഇണങ്ങുന്ന സൈസിലുള്ള സിം ആക്കി, അതു വേണം ഉപയോഗിക്കാൻ. ഇതൊക്കെ എളുപ്പത്തിൽ െചയ്യാവുന്ന കാര്യങ്ങളാണ്. 

∙ സുരക്ഷ ഉറപ്പാക്കുക

ഫോൺ ഉപയോഗിക്കുന്നവരെല്ലാവരും തന്നെ അതിനു വേണ്ട കവറും ഫോണിന്റെ സ്ക്രീൻ പൊട്ടാതിരിക്കാനുള്ള സ്ക്രീൻ ഗാർഡോ ടാംപേർഡ് ഗ്ലാസോ ഒക്കെ ഇടാൻ ശ്രദ്ധിക്കണം. കുട്ടികൾ ഉപയോഗിക്കുന്ന ഫോൺ ആണെങ്കിൽ ഇത് തീർച്ചയായും വേണം. 

ആവശ്യമില്ലെങ്കിലും ഇടയ്ക്കിടെ ചാർജ് ചെയ്യുന്ന രീതി ഉപേക്ഷിക്കണം.

കുട്ടികളുടെ കാര്യമെടുത്താൽ അതിൽ ഒരുപാട് പേര്‍ പഠിക്കാനായും മറ്റും ഫോൺ ധാരാളമായി ഉപയോഗിക്കുന്നൊരു സമയമാണിത്. കണ്ണിന് പ്രൊട്ടക്ഷഃ്‍ കൊടുക്കാനായി സെറ്റിങ്ങ്സിലുള്ള ‘ഐ പ്രോട്ടക്ഷൻ’ ഓൺ ആക്കിയിടുക. സാധാരണ ഫോണിൽ കാണുന്നത് വെള്ള നിറത്തിലുള്ള വെളിച്ചമാണ്. ഐ പ്രൊട്ടക്ഷൻ ഓൺ ആക്കിയാൽ നേരിയൊരു മഞ്ഞ നിറം വരും. ഇപ്പോഴിറങ്ങുന്ന മിക്ക ഫോണിലും ഈ സൗകര്യം ലഭ്യമാണ്. അതുപോലെ ബ്രൈറ്റ്നെസ്സ് കുറച്ചിടുക. 

മെമ്മറി കിറവുള്ള ഫോൺ ആൺ ഉപയോഗിക്കുന്നതെങ്കിൽ മെമ്മറി കാർഡ് കൂടിയിട്ട് ഉപയോഗിക്കുക. മെമ്മറി നിറഞ്ഞ് ഫോൺ പ്രവർത്തനങ്ങൾ പതുക്കെയാകുന്നത് ഒരു പരിധി വരെ തടയാൻ ഇതുവഴി സാധിക്കും. 

∙ ഇ–വെയ്സ്റ്റ് കുറയ്ക്കാം

മിക്ക ഫോൺ കമ്പനികളും (ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും)  വർക്കിങ്ങ് കണ്ടീഷനിലുള്ള പഴയ ഫോണുകൾ അവർ തന്നെ എടുത്തിട്ട് പുതിയത് മാറ്റി വാങ്ങാനുള്ള സൗകര്യം ചെയ്യുന്നുണ്ട്. നിലവിലുള്ള റീസെയിൽ വില പഴയ ഫോണിന് കിട്ടും. അതല്ലാതെ ഇ–വെയ്സ്റ്റ് കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ തൽക്കാലം ഇല്ല. 

കടപ്പാട്: വിഷ്ണു ജി.,

ബിസിനസ് ഡിവലപ്മെന്റ് മാനേജർ, ഓക്സിജൻ– ദി ഡിജിറ്റൽ ഷോപ്പ്