Saturday 24 August 2024 03:13 PM IST : By രതീഷ് ആർ. മേനോൻ

സ്പൈ ആപ്പുകള്‍ ഫോണില്‍ ഉണ്ടോ? സ്കാൻ ചെയ്തു കണ്ടുപിടിക്കാം, അപകടം ഒഴിവാക്കാം

spy-apps-article

പലതരം തട്ടിപ്പുകളുടെ വാർത്തകൾ കേൾക്കുന്നതു കൊണ്ടാകും ഫോൺ ആരെങ്കിലും ഹാക്ക് ചെയ്യുമോ എന്ന പേടി മിക്കവർക്കുമുണ്ട്. ഈ ഭയമുള്ളവരുടെ പ്രധാന ആശങ്കയാണ് സ്പൈ ആപ്പുകൾ. മൂന്നാമതൊരാൾ കണ്ടാലും ഭയക്കേണ്ട കാര്യങ്ങൾ ഒന്നും ഫോണിൽ ഇല്ല. പിന്നെന്തു പേടിക്കാൻ എന്നുപറയുന്നവർ ഒരു കാര്യം മനസ്സിലാക്കുക. ബാങ്കിങ് തട്ടിപ്പുകളിലും മറ്റും പെടാതിരിക്കാൻ ഫോണിനെ സ്പൈ ആപ്പുകളിൽ നിന്നു സംരക്ഷിക്കേണ്ടതുണ്ട്. അക്കൗണ്ട് വിവരങ്ങളും ലോഗിൻ ഡീറ്റെയിൽസും തട്ടിപ്പുകാർ സ്പൈ ആപ്പുകൾ വഴി കൈക്കലാക്കാം.

നമ്മുടെ ഫോണിൽ സ്പൈ ആപ്പുകൾ ഉണ്ടോ എന്നു പരിശോധിക്കാനും അഥവാ ഉണ്ടെങ്കിൽ അവ അൺഇൻസ്റ്റാൾ ചെയ്യാനും എന്താണു വഴി ?

പഠിക്കാം പടിപടിയായി

ഫോൺ സെറ്റിങ്സിലെ ആപ്സ് മാനേജർ (Apps manager) ഓപ്പൺ ആക്കുക. അപ്പോൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള  ആപ്ലിക്കേഷനുകളെല്ലാം ലിസ്റ്റ് ചെയ്തു വരും. അത്ര പരിചയമില്ലാത്തതോ സംശയകരമായമോ ആയ ആപ്പുകള്‍ സെലക്റ്റ് ചെയ്ത് ഇന്‍ഫോ പരിശോധിക്കുക. ഇൻഫോ വിവരങ്ങളുടെ ഏറ്റവും താഴെയായി ആപ്പ് ഡീറ്റെയില്‍സ് എന്നതില്‍ ക്ലിക് ചെയ്താൽ അത് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതു ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നാണോ എന്നു മനസ്സിലാക്കാം. ചിലപ്പോൾ ക്രോം പോലെയുള്ള  മറ്റേതെങ്കിലും രീതി വഴിയാണ് ആപ് ഇൻസ്റ്റാ ൾ ചെയ്തിരിക്കുന്നതെങ്കിൽ ആ വിവരമാകും ഇൻഫോ ക്ലിക്ക് ചെയ്യുമ്പോൾ കാണിക്കുക. 

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയല്ല ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതെങ്കില്‍ ആ ആപ് ആവശ്യമില്ലാത്തിടത്തോളം കാലം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണു നല്ലത്. 

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി സ്പൈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ മറ്റു രീതിയിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പു വഴിയുള്ള അപകടം ഒഴിവാക്കാനാണിത്.

സ്കാൻ ചെയ്തു കണ്ടുപിടിക്കാം

പ്ലേസ്റ്റോർ മെനുവില്‍ പ്ലേ പ്രൊട്ടക്ട് (Play protect) എന്നതു സെലക്ട് ചെയ്ത് എനേബിൾ ആക്കിയ ശേഷം സ്കാന്‍ അമര്‍ത്തിയാല്‍ ഫോണില്‍ ഏതെങ്കിലും തരം സ്പൈ ആപ്പുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ ആകും. അവ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

ഫോൺ സെറ്റിങ്സില്‍ ഡിവൈസ് അഡ്മിന്‍ ആപ്സ് (Device admin apps) സേര്‍ച്ച് ചെയ്ത് അതില്‍ ഫൈൻഡ്  മൈ ഫോണ്‍ (Find my phone) എന്നതല്ലാതെ മറ്റേന്തെങ്കിലും ആപ്പുകള്‍ ഉണ്ടോ  എന്നു പരിശോധിക്കുക. നിങ്ങള്‍ സ്വയം ഇന്‍സ്റ്റാള്‍ ചെയ്തവ അല്ലാത്ത ആപ്പുകൾ ഉണ്ടെങ്കിലും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

ഡൗണ്‍ലോഡ്സ് ഫോള്‍ഡറില്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിടാത്തതായ എന്തെങ്കിലും ആപ്പ് ഉണ്ടെങ്കില്‍ അവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല എന്നും ഉറപ്പു വരുത്തുക. മൊബൈല്‍ ഡേറ്റ, ബാറ്ററി എന്നിവ കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ഏതൊക്കെയെന്നു നിരീക്ഷിക്കുക. അവ നിങ്ങൾ ഉപയോഗിക്കുന്നവ തന്നെയാണെന്നും സുരക്ഷിതമാണെന്നും ഉറപ്പു വരുത്തുക. 

സ്പൈ ആപ്പുകള്‍ മിക്കവയും 24 മണിക്കൂറും ബാക്ക്ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്നവ ആയതുകൊണ്ടു തന്നെ ഡേറ്റയും ബാറ്ററിയും നന്നായി ഉപയോഗിക്കുന്നവയാണ്.      ∙