Tuesday 25 August 2020 03:13 PM IST : By ശ്യാമ

‘ഇത്രയും ആളുകൾ ഞങ്ങളുടെ വിജയം ആഘോഷമാക്കുമെന്ന് പ്രതീക്ഷിച്ചില്ല’; സൂമിന് പകരം വികൺസോൾ ഒരുക്കിയ മലയാളി ടീം ഇതാ...

sebasgcgvyf

"ഇത്രയും ആളുകൾ ഞങ്ങളുടെ ഈ വിജയം ആഘോഷമാക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല." -വീഡിയോ കോൺഫറൻസിങ്ങ് ആപ് ആയ സൂമിന് ബദലായി ആപ് നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ചലഞ്ചിൽ ഇന്ത്യയിലെ മറ്റ് കമ്പനികളെ പിന്നിലാക്കി വിജയികളായത് ചേർത്തലയിലെ സോഫ്റ്റ്‌വെയർ കമ്പനി ടെക്ജൻഷ്യയുടെ ടീം ആണ്. ഇൻഫോപാർക് പള്ളിപ്പുറത്തെ കമ്പനി ടീം ലീഡ് ജോയ് സെബാസ്റ്റ്യന്റെ ചിരിയിൽ അഭിമാനതിരയിളക്കം. ഒരു കോടി രൂപയും അധികമായി പത്ത് ലക്ഷവും ഒപ്പം സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാനുള്ള മൂന്ന് വർഷത്തെ കരാറും ആണ് കമ്പനിക്ക് സർക്കാർ നൽകിയിരിക്കുന്നത്. യൂണിയൻ മിനിസ്റ്റർ രവി ശങ്കർ പ്രസാദ് ആണ് പ്രെസ്സ് കോൺഫറൻസിലൂടെ 'ഇന്നൊവേഷൻ ചലഞ്ചിന്റെ വിജയികളെ പ്രഖ്യാപിച്ചത്.

"എന്റെ ആദ്യത്തെ ജോലി അവനീർ കൊച്ചി എന്ന കമ്പനിയിൽ ഓഡിയോ കോൺഫറൻസിങ്ങ് സോഫ്റ്റ്‌വെയറുമായി  ബന്ധപ്പെട്ടതായിരുന്നു. ആ കമ്പനി സാമ്പത്തിക പ്രതിസന്ധി കാരണം പൂട്ടിയപ്പോൾ അതിന്റെ തലപ്പത്തിരുന്നവർ തന്നെയാണ് അവർക്ക് വേണ്ടി വീഡിയോ കോൺഫറൻസിങ്ങ്  ചെയ്യാൻ എന്നെ റെക്കമന്റ് ചെയ്യുന്നത്. 2009ൽ ടെക്ജൻഷ്യ  എന്ന കമ്പനി തുടങ്ങുമ്പോൾ അവർക്ക് വേണ്ടിയാണ് ആദ്യം ജോലി ചെയ്തതും. അന്ന് മുതൽ ഞങ്ങൾ വീഡിയോ കോൺഫറൻസിൽ മേഖലയിൽ ഉണ്ട്. ആ എക്സ്പീരിയൻസ് ആണ് വികൺസോൾ എന്ന ആപ്പിലേക്ക് എത്തിക്കാൻ സഹായിച്ചത്. ഞങ്ങൾ ഏകദേശം 20 പേർ ആണ് ടീമിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും കമ്പനിയിലെ ഓരോരുത്തരും ഇതിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. 

സൂമിന്റെ മൂന്ന് നാലു പ്ലാനുകൾ ഉണ്ട്. അതിലൊന്നാണ് എന്റെർപ്രൈസ് പ്ലാൻ. ആ പ്ലാനിൽ ഉള്ള ഫീച്ചറുകൾ ആണ് ഇതിൽ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ആളുകൾ കൂടുമ്പോൾ സൂമിൽ ഉണ്ടാകുന്ന തരത്തിലുള്ള ഇമേജ് ക്വാളിറ്റി പ്രശ്നങ്ങൾ ഒന്നും വികൺസോളിന് ഉണ്ടാകില്ല. നൂറോളം പേർക്ക് ഒരേസമയം വീഡിയോകോളിൽ പങ്കെടുക്കാം  കൂടാതെ 300റോളം പേർക്ക് കോൺഫറൻസ് കാണാനുള്ള അവസരവും ഉണ്ട്.  ബിസ്സിനെസ്സ് ആവശ്യങ്ങൾക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കും പഠനാവശ്യങ്ങൾക്കും അനുയോജ്യമായ തരത്തിലാണ് ഇത് ഡെവലപ്പ് ചെയ്തിരിക്കുന്നത്. സെക്യൂരിറ്റി മുൻനിർത്തി ഓരോരുത്തർക്കും ഓരോ പാസ്സ്‌വേർഡും ഒടിപി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്."- ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ജോയ് സെബാസ്റ്റ്യൻ പറഞ്ഞുതുടങ്ങി.  

huhgufr65443

കടുത്ത മത്സരം,  മികച്ച വിജയം

രാജ്യത്തിന്റെ പലഭാഗത്തുള്ള 1983 കമ്പനികൾ മത്സരത്തിന് വേണ്ടി പ്രൊപോസൽ വെച്ചിരുന്നു. അതിൽ നിന്ന് 30 കമ്പനികളെ ആദ്യഘട്ടത്തിൽ  ഷോർട്ലിസ്റ്റ് ചെയ്തു. ആ 30 കമ്പനികളിൽ നിന്ന് 12 പേരെ പ്രോട്ടോടൈപ്പ് ഉണ്ടാക്കാൻ തെരഞ്ഞെടുത്തു. അതിൽ കേരളത്തിൽ നിന്നുള്ള ഏക കമ്പനി ടെക്ജനഷ്യ ആയിരുന്നു. പിന്നീട് പ്രോട്ടോടൈപ്പുകൾ പരിശോധിച്ച് പ്രോഡക്റ്റ് നിർമിക്കാൻ അഞ്ച് കമ്പനികൾ തെരഞ്ഞെടുക്കപ്പെട്ടു. അതിലാണ് ഞങ്ങൾ വിജയികളായത്. 

ഞങ്ങൾക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു,  എന്നിരുന്നാലും അവസാന റൗണ്ടിൽ വന്ന എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. അവരൊക്കെ വമ്പൻ കമ്പനികളുമായിരുന്നു. അവസാന റൗണ്ടിൽ രണ്ട് കമ്പനികൾ ഹൈദ്രാബാദിൽ നിന്നും ഒരു കമ്പനി ജയ്പ്പൂർ ഒന്ന് ചെന്നൈയിൽ നിന്നും പിന്നെ ഞങ്ങളും ആയിരുന്നു.  വിജയിച്ചു എന്നറിഞ്ഞപ്പോ ഭയങ്കര സന്തോഷം തോന്നി. ഒരു നാട് മുഴുവൻ ഞങ്ങളുടെ വിജയം ആഘോഷിക്കുന്നത് കാണുമ്പോഴും അതിശയം. ടെക്നിക്കൽ നേട്ടങ്ങളെ പൊതുവെ ആളുകൾ ഇത്രയും ആഘോഷിച്ചു കണ്ടിട്ടില്ല,  ഒരുപാട് സന്തോഷം തോന്നുന്നു.

കുറേയാളുകൾ മെസ്സേജും മറ്റും അയക്കുന്നുണ്ട്, ബാക്കി തിരക്കുകൾ കാരണം അതൊന്നും നേരംവണ്ണം നോക്കാൻ പോലും പറ്റിയിട്ടില്ല. ഞങ്ങൾ പല  പ്രൊജക്റ്റുകൾ ചെയ്യാറുണ്ട് അത്യാവശ്യം നല്ല വരുമാനവും ഉണ്ട്...  പക്ഷേ, ഇൻഫോപാർക്കിൽ ഉള്ളവർക്ക് പോലും ഈ കമ്പനിയെ കുറിച്ച് അങ്ങനെ അറിയില്ല. പൊതുവെ വളരെ ഒതുങ്ങി കൂടി പോകുന്ന പ്രാകൃതമാണ് എനിക്ക്. അത് കൊണ്ട് തന്നെ മാധ്യമങ്ങൾ ഒക്കെ വിളിക്കുമ്പോ പെട്ടന്നൊരു ഹൈപ്പ് വന്നപോലെ... ഏതായാലും ഞങ്ങളെ കൊണ്ട് ആകുന്നപോലൊരു ഓണസമ്മാനം നാടിനു വേണ്ടി കൊടുക്കാൻ പറ്റിയതിൽ പൂർണ തൃപ്തിയുണ്ട്.