Monday 16 May 2022 03:49 PM IST : By സ്വന്തം ലേഖകൻ

ഒന്നു വന്നിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ച പുതിയ രണ്ടു ഫീച്ചറുകൾ... മാറ്റങ്ങളുമായി വാട്സാപ്പ്

whatsapp-changes

വാട്സാപ് ഉപയോഗിക്കുന്നതിനിടെ നമ്മൾ മിസ് ചെയ്തിരുന്ന ചില കാര്യങ്ങളുമുണ്ട്. വാട്സാ പ്പില്‍ വന്നിരുന്നെങ്കിലെന്ന് നമ്മളെല്ലാം കൊതിച്ച പുതിയ സൗകര്യങ്ങൾ എത്തിയതിനെക്കുറിച്ചാണ് ഇത്തവണ പറയാന്‍ പോകുന്നത്.

ഓഡിയോയും ടൈപ്പിങ്ങും

വാട്സാപ്പിലെ ഫ്രണ്ട്സ് ഗ്രൂപ്പുകളില്‍ മാല പോലെ വന്നിരിക്കുന്ന ധാരാളം വോയ്സ് നോട്ടുകള്‍ ഒന്നൊന്നായ് പ്ലേ ചെയ്ത് കേള്‍ക്കുന്നതിനൊപ്പം തന്നെ വേണ്ടപ്പെട്ടവരുടെ മറ്റു മെസ്സേജുകള്‍ തുറന്നു നോക്കാനും അതിനു മറുപടി ടൈപ്പ് ചെയ്യാനും കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചിട്ടില്ലേ. എന്നാല്‍ ഇതാ ആ സൗകര്യം എത്തിപ്പോയി.

ഇനി മുതല്‍ വാട്സാപ്പില്‍ ഒരു വ്യക്തിയോ ഒരു ഗ്രൂപ്പിലോ അയച്ച വോയ്സ് നോട്സ് നമ്മള്‍ പ്ലേ ചെയ്താല്‍ അതിനു ശേഷം നമ്മള്‍ മറ്റൊരു ചാറ്റ് വിൻഡോ എടുത്ത് ചാറ്റ് ചെയ്ത് കൊണ്ടിരുന്നാലും നേരത്തേ പ്ലേ ചെയ്ത വോയ്സ് നോട്ട് കേൾക്കുന്നത് തുടർന്നു കൊണ്ടിരിക്കും. അതിനു ശേഷം ആ ഗ്രൂപ്പില്‍ വന്നിരിക്കുന്ന മറ്റു വോയ്സ് നോട്സ് ഓരോന്നായി തുടർച്ചയായി പ്ലേ ചെയ്തു കേള്‍ക്കാനും സാധിക്കും.

ചിത്രത്തിൽ കാണുന്നതു പോലെ വാട്സാപ്പിന്റെ മുകളിലായ് ഓഡിയോ പ്ലേ ആകുന്നത് കാണാമെന്നതിനാൽ വേണ്ട സമയത്ത് പോസ് (Pause) ചെയ്യാനും ക്ലോസ് ചെയ്യാനും സൗകര്യമുണ്ട്. നിങ്ങള്‍ക്ക് ഈ ഫീച്ചര്‍ ഇതുവരെ ലഭിച്ചിട്ടില്ല എങ്കില്‍ വാട്സാപ് അപ്ഡേറ്റ് ചെയ്താല്‍ മതി.

ഇഷ്ടവാചകങ്ങൾ സ്റ്റിക്കറാക്കാം

നമ്മള്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുമ്പോൾ കാണുന്ന ഏതെങ്കിലും ഒരു വാര്‍ത്തയുടെ തലക്കെട്ട് അല്ലെങ്കില്‍ നല്ലൊരു വാചകം വാട്സാപ്പില്‍ സുഹൃത്തുക്കള്‍ക്ക് ഇമേജ് ആക്കി അയയ്ക്കാന്‍ ഇമേജ് എഡിറ്ററുകള്‍ ഉപയോഗിക്കുകയാണല്ലോ പതിവ്. എന്നാല്‍ ഗൂഗിള്‍ ക്രോമിലെ പുതിയ ഫീച്ചർ ഉപയോഗിച്ച് ഇമേജ് എഡിറ്റര്‍ ഉപയോഗിക്കാതെ തന്നെ ഇഷ്ടമുള്ള വാചകങ്ങളെ മനോഹരങ്ങളായ ഇമേജുകളാക്കാൻ ഇപ്പോൾ സാധിക്കും.

ഇഷ്ടമുള്ള വാചകങ്ങള്‍ സെലക്ട് ചെയ്യുമ്പോൾ അതിനു മുകളിലായി കോപ്പി, ഷെയർ,‍ സെലക്ട് ഓൾ എന്നൊക്കെ വരുമ്പോൾ‍ അതിലെ ഷെയർ (share) സെലക്റ്റ് ചെയ്താല്‍ താഴെയായി ഒരു ഓപ്ഷന്‍ ബോക്സ് വരും. അതിലെ‍ ക്രിയേറ്റ് കാര്‍ഡ് (create card) എന്നത് സെലക്ട് ചെയ്യുക. അപ്പോള്‍ ആ വാക്കുകള്‍ ബാക്‌‌‌ഗ്രൗണ്ട് കളറുകളോടെ കാണാം. ഇതിൽ ഇടത്തേക്ക് സ്വൈപ് (swipe) ചെയ്താല്‍ മറ്റ് അനവധി ഡിസൈനുകളും കാണാം. ഇഷ്ടമുള്ള ഡിസൈന്‍ സെലക്ട് ചെയ്ത് നെക്സ്റ്റ് അമർത്തിയ ശേഷം വരുന്ന ഓപ്ഷനുകളിൽ‍ നിന്നു കോപ്പി ഇമേജ് (copy image) എന്നത് സെലക്ട് ചെയ്യുക.

ഇനി വാട്സാപ് എടുത്ത് പേസ്റ്റ് ചെയ്തു നോക്കൂ, ആ ഇമേജ് അവിടെ paste ആകുന്നത് കാണാം. അത് ആർക്കു വേണമെങ്കിലും അയയ്ക്കാം. ഈ ഫീച്ചര്‍ കിട്ടുന്നില്ല എങ്കില്‍ ക്രോമിന്റെ അഡ്രസ്സ് ബാറില്‍ chrome://flags എന്നു ടൈപ് ചെയ്ത് ഗോ (go) അമര്‍ത്തിയാല്‍ സെറ്റിങ്സ് വരും. അതില്‍ സെര്‍ച്ച് ബാറില്‍ വെബ്നോട്സ് (web notes) എന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന ഓപ്ഷന്‍ എനേബിൾ ചെയ്തിട്ട് ക്രോം ക്ലോസ് ചെയ്ത് ഓപ്പൺ ചെയ്താൽ ഈ സൗകര്യം ലഭ്യമാകും.

വിവരങ്ങൾക്ക് കടപ്പാട്:

രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ