Tuesday 26 March 2019 06:40 PM IST : By സ്വന്തം ലേഖകൻ

വാട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയാൻ രണ്ടു പുതിയ ഫീച്ചറുകൾ!

whatsa0089

വാട്സാപ്പിലൂടെ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളും വിഡിയോകളും സമൂഹത്തിൽ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സംഭവത്തിന്റെ ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ വ്യാജ വാർത്തകളുടേയും മറ്റും പ്രചാരണം തടയുക എന്ന ഉദ്ദേശ്യത്തോടെ വാട്സാപ്പ് രണ്ടു പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചു. 

ഫോർവേഡിങ് ഇൻഫോ, ഫ്രീക്വന്റ്ലി ഫോർവേഡഡ് എന്നിവയാണ് രണ്ട് അപ്ഡേറ്റുകൾ. നിങ്ങൾ മറ്റൊരാൾക്ക് അയച്ച മെസേജ് എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനുള്ള ഫീച്ചറാണ് ഫോർവേഡിങ് ഇൻഫോ. ഇതിനായി സന്ദേശങ്ങളിൽ അൽപനേരം അമർത്തി പിടിക്കുക. മുകളിൽ കാണുന്ന ഇൻഫോ ഐക്കൺ തിരഞ്ഞടുത്താൽ കണക്കുകൾ കൃത്യം അറിയാം. ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങൾ മറ്റൊരാൾക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ഇങ്ങനെ ലഭിക്കൂ. നിങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ എത്ര തവണ ഷെയർ ചെയ്യപ്പെട്ടു എന്നു അറിയാൻ സാധിക്കില്ല. 

ഒരു മെസേജ് വലിയ തോതിൽ പ്രചരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്ലി ഫോർവേഡഡ്. നാലു തവണയിൽ കൂടുതൽ പങ്കുവയ്ക്കുന്ന സന്ദേശങ്ങളുടെ മുകളിൽ ഈ ലേബൽ പ്രത്യക്ഷപ്പെടുമെന്നും വാബീറ്റ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഫീച്ചറുകൾ നിലവിൽ വന്നിട്ടില്ല. വാട്സാപ്പിന്റെ 2.19.80 ആൻ‍ഡ്രോയിഡ് പതിപ്പിലായിരിക്കും ഇവ പരീക്ഷിക്കുക.