Thursday 18 January 2018 12:51 PM IST : By സ്വന്തം ലേഖകൻ

വാട്‌സ്ആപ്പില്‍ നിന്നു പുറത്തു പോകാതെ യൂട്യൂബ് വീഡിയോ കാണാം; പുതിയ ഫീച്ചര്‍ ഇങ്ങനെ

watsapp

ആശയവിനിമയത്തിനായി ഏറ്റവുമധികം നേരം വാട്‌സ്ആപ്പില്‍ കുത്തിയിരിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ചാറ്റ് ബോക്സില്‍ വരുന്ന യൂ ട്യൂബ് ലിങ്കുകളിലെ വിഡിയോ കാണാന്‍ ചാറ്റ് നിര്‍ത്തി യൂട്യൂബ് ആപ്ലിക്കേഷനില്‍ പോകണം എന്നത് ഉപയോക്താക്കള്‍ എന്നും പരാതി പറഞ്ഞിരുന്ന കാര്യമാണ്. എന്നാല്‍ അത്തരക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി ചാറ്റിങ്ങിന് ശല്യമാകാത്ത രീതിയില്‍  ചാറ്റ് ബോക്സില്‍  യൂട്യൂബ് വീഡിയോ കാണാം, ചാറ്റും ചെയ്യാം. യൂട്യൂബ്  ഇന്റഗ്രേഷന്‍ ഫീച്ചര്‍ ആണ് ഇതിനായി വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. വാട്‌സ്ആപ്പിന്റെ ഐഓഎസ് പതിപ്പിലാകും പുതിയ ഫീച്ചര്‍ ലഭ്യമാകുക.

ഐഓഎസ് വാട്‌സ്ആപ്പിന്റെ v2.18.11 അപ്‌ഡേറ്റിലാണ് പുതിയ ഫീച്ചര്‍ ഫണ്ടാവുക. ആപ്പ്‌സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലാണ് യൂട്യൂബ് വീഡിയോ കാണാനുള്ള സൗകര്യം വാട്‌സ്ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ വാട്‌സ്ആപ്പില്‍ വരുന്ന യൂട്യൂബ് ലിങ്കുകള്‍ യൂട്യൂബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. പക്ഷെ ഈ ഫീച്ചര്‍ ഉപയോഗിച്ച് വാടസ്ആപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ വീഡിയോ കാണാന്‍ സാധിക്കും.

വാട്‌സ്ആപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി ഒരു ചെറിയ ചതുരത്തിനുള്ളിലാണ് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേ ചെയ്യുന്ന സമയത്തു തന്നെ ഒന്നിലധികം ചാറ്റ് വിന്‍ഡോകള്‍ ഉപയോഗിക്കാനും സാധിക്കും. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡില്‍ തെളിയുന്ന വീഡിയോ പ്ലെയര്‍ ഫുള്‍ സ്‌ക്രീന്‍ ആയി പ്ലേ ചെയ്യാനും സാധിക്കും. വാട്‌സ്ആപ്പില്‍ വരുന്ന യൂട്യൂബ് ലിങ്കുകളാണ് ഈ  സൗകര്യം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക. അധികം വൈകാതെ തന്നെ ആന്‍ഡ്രോയിഡിലും പുതിയ ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.