Wednesday 18 November 2020 12:14 PM IST : By സ്വന്തം ലേഖകൻ

വാട്സാപ്പിലൂടെ എളുപ്പത്തിൽ പണം അയക്കാം, സ്വീകരിക്കാം; പേയ്‌മെന്റ് ചെയ്യുന്നതിനു മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

whatsapp-money55667

വാട്സാപ്പിലൂടെ പണം അയക്കാനും സ്വീകരിക്കാനുമുള്ള അനുമതി പേമന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നല്‍കി. ഇനിതൊട്ട് വാട്സാപ്പിൽ സന്ദേശം കൈമാറുന്നതുപോലെ എളുപ്പത്തിൽ പണം അയക്കാം. തുടക്കത്തില്‍ രണ്ടു കോടി അക്കൗണ്ടുകൾക്ക്  മാത്രമാണ് ഈ സൗകര്യം ലഭിക്കുക. നാഷണല്‍ പേമന്റ് കോര്‍പ്പറേഷന്റെ നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് തുടക്കത്തില്‍ രണ്ട് കോടി ഉപഭോക്താക്കളില്‍ മാത്രം സേവനം പരിമിതപ്പെടുത്തിയിരിക്കുന്നത്. 

2021 ജനുവരി ഒന്നു മുതല്‍ പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ ഒരോ തേര്‍ഡ് പാര്‍ട്ടി പേയ്‌മെന്റ് ആപ്പ് വഴിയും, മൊത്തം പേയ്‌മെന്റിന്റെ 30 ശതമാനം എന്ന പരിധി നടപ്പാക്കുമെന്ന പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ചട്ടമാണ് ഇതിന് കാരണം. പത്ത് ഇന്ത്യന്‍ ഭാഷകളില്‍ പേയ്‌മെന്റ് സേവനം ഒരുക്കിയിട്ടുണ്ട്. 

വാട്സാപ്പ് ഉപയോഗിച്ച് എങ്ങനെയാണ് പണം സ്വീകരിക്കുന്നതെന്നും മറ്റൊരാള്‍ക്ക് അയക്കുന്നതെന്നും നോക്കാം. ആൻഡ്രോയിഡ്, ഐഒഎസ് വേര്‍ഷന്‍ അപ്‌ഡേറ്റഡ് ആപ്പ് ആണ് ഉപയോഗിക്കേണ്ടത്.

1. ആദ്യ പടിയായി നിങ്ങളുടെ ഫോണിലെ വാട്സാപ്പ് തുറക്കുക. ഫോണ്‍ സ്‌ക്രീനിലെ വലതുഭാഗത്ത് മുകളില്‍ കാണുന്ന മൂന്ന് കുത്തുകളില്‍ ടാപ്പ് ചെയ്യുക.

2. പേയ്‌മെന്റ്‌സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതോടെ ഈ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ബാങ്കുകളുടെ പേരുള്ള പേജ് വരും. സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്‌സിസ്, ജിയോ പേയ്‌മെന്റ് ബാങ്ക്, കൂടാതെ പൊതുമേഖലാ ബാങ്കായ എസ്ബിഐ എന്നിവയുമായിട്ടാണ് യുപിഐയ്ക്കായി ധാരണയായിട്ടുള്ളത്. 

3. ബാങ്ക് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ നമ്പര്‍ വേരിഫൈ ചെയ്യും. ഇത് ഫോണില്‍ ലഭിക്കുന്ന എസ്എംഎസ് സന്ദേശം വഴിയായിരിക്കും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ബാങ്കില്‍ നല്‍കിയിരിക്കുന്ന രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറില്‍ തന്നെയായിരിക്കണം വാട്സാപ്പും.

4. നമ്പര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ മറ്റു പേയ്‌മെന്റ് ആപ്പുകളെ പോലെ തന്നെ ഇവിടെയും പണവിനിമയത്തിനായി ഒരു യുപിഐ പിന്‍ സെറ്റ് ചെയ്യണം. ഇതോടെ പേയ്‌മെന്റ് പേജില്‍ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാണാനാകും.

പണമയയ്ക്കാം, സ്വീകരിക്കാം

1. ആര്‍ക്കാണോ പണമയയ്ക്കുന്നത് അയാളുടെ ചാറ്റ് തുറന്ന് അറ്റാച്ച്‌മെന്റ് ഐക്കണില്‍ പോകുക.

2. പേയ്‌മെന്റില്‍ ടാപ്പ് ചെയ്ത് തുക രേഖപ്പെടുത്തുക. എന്തെങ്കിലും സന്ദേശമുണ്ടെങ്കില്‍ അതും നല്‍കുക.

3. യുപിഐ പിന്‍ നല്‍കി പണവിനിമയ നടപടി പൂര്‍ത്തിയാക്കുക. കൈമാറ്റം നടക്കുന്നതോടെ ഇത് ഉറപ്പാക്കിക്കൊണ്ടുള്ള സന്ദേശവും ലഭിക്കും.