Monday 08 February 2021 11:36 AM IST : By സ്വന്തം ലേഖകൻ

വാട്‌സാപ്പിന് സ്വീകാര്യത കുറയുന്നോ? ഒരു മാസം കൊണ്ട് ഒന്നാമതെത്തി ടെലിഗ്രാം! 50 കോടിലധികം പേർ പ്രതിമാസ ഉപയോക്താക്കൾ

telegram55555fff

ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ സ്വീകാര്യത കുറഞ്ഞു വരുന്നതായി റിപ്പോർട്ടുകൾ. 2021 ന്റെ ആദ്യ മാസങ്ങളിൽ തന്നെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ഗെയിമിങ് ഇതര അപ്ലിക്കേഷനായി ടെലിഗ്രാം മാറി. വാട്‌സാപ്പ് വിട്ട് കൂടുതൽ ആളുകൾ ടെലിഗ്രാമിലേക്ക് മാറുന്നതായി  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

നിലവിൽ വാട്‌സാപ്പിന് ആഗോളതലത്തിൽ 200 കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. അതേസമയം പുതിയ സ്വകാര്യ നയമാറ്റം പ്രഖ്യാപിച്ച അന്നുമുതൽ വാട്സാപ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതോടെ ടെലിഗ്രാമിന്റെ ഡൗൺലോഡിങ് കുത്തനെ കൂടുകയും ചെയ്തു. 

ജനുവരിയിൽ മാത്രം 6.3 കോടിലധികം പേരാണ് ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ലോകത്ത് ആകെ 50 കോടിയിലധികം പേരാണ് ഓരോ മാസവും ടെലിഗ്രാം ഉപയോഗിക്കുന്നത്. സെൻസർ ടവർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ടെലിഗ്രാം ഇൻസ്റ്റാളുകൾ ഉള്ള രാജ്യങ്ങളിൽ ഇന്ത്യയിൽ 24 ശതമാനവും ഇന്തൊനേഷ്യ 10 ശതമാനവും ഉയർച്ചയാണ് രേഖപ്പെടുത്തിയത്. 

ടെലിഗ്രാമിന് പുറമെ സിഗ്നൽ ആപ്ലിക്കേഷനും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഗൂഗിൾ പ്ലേയിലെ ഡൗൺലോഡുകളുടെ കാര്യത്തിൽ ഡിസംബറിൽ ടെലിഗ്രാം ഒമ്പതാം സ്ഥാനത്തെത്തി. ആപ്പിൾ ആപ്പ് സ്റ്റോറിലെ മികച്ച അഞ്ച് ഡൗൺലോഡ് ആപ്പുകളുടെ പട്ടികയിൽ ഇടം നേടാനും സാധിച്ചു. സോഷ്യൽ മെസഞ്ചർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഡൗൺ‌ലോഡ് ചെയ്ത 10 ആപ്പുകളുടെ പട്ടികയിലും ടെലിഗ്രാം ഇടംനേടി.