Friday 09 February 2018 09:59 AM IST : By സ്വന്തം ലേഖകൻ

പ്രേക്ഷകർ കാത്തിരുന്ന വനിത ആഘോഷരാവ്, നാളെ വൈകീട്ട് (ഏപ്രിൽ 2) ഏഴിന് മഴവിൽ മനോരമയിൽ

v5

വനിത ഫിലിം അവാർഡ്‌സ് 2017 ന്റെ അവിസ്മരണീയ ആഘോഷരാവ് നാളെ മഴവിൽ മനോരമയിലൂടെ സംപ്രേക്ഷണം ചെയ്യും. നാളെ (ഏപ്രിൽ രണ്ട്) ഞായറാഴ്ച വൈകുന്നേരം ഏഴിനാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.

വനിത താരരാവിനെക്കുറിച്ച് പറയുകയാണെങ്കിൽ അതിസുന്ദരം എന്ന് ഒറ്റവാക്കിൽ പറയാം. കാരണം വനിതയുടെ പതിനാലാമത് ഫിലിം അവാർഡുദാന ചടങ്ങ് അത്രയ്‌ക്ക് മനോഹരമായിരുന്നു. തമന്ന, ആമി ജാക്സൺ, രാധിക ആപ്‌തെ, കമാലിനി മുഖർജി, ഇഷ തൽവാർ, അമല പോൾ, പ്രിയാ മണി തുടങ്ങിയ തെന്നിന്ത്യൻ താരസുന്ദരികളുടെ ചടുലമായ നൃത്തച്ചുവടുകൾ കാണികളെ ഒന്നടങ്കം വിസ്മയിപ്പിച്ചു. ഇതുവരെ കാണാത്ത രീതിയിലുള്ള ഉഗ്രൻ ഡാൻസ് പെർഫോമൻസായിരുന്നു താരങ്ങൾ കാഴ്ചവച്ചത്. താളവും നൃത്തവും ഒരുപോലെ സമന്വയിച്ച വേദിയിൽ താരങ്ങൾ നിറഞ്ഞാടി. ഇമ ചിമ്മാതെ പ്രേക്ഷകരെ പിടിച്ചിരുത്തിയ മാന്ത്രികതയായിരുന്നു നൃത്തരംഗങ്ങൾക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലേറെ മലയാളികൾ പങ്കെടുത്ത വോട്ടെടുപ്പിലൂടെ നിർണയിച്ച ജനപ്രിയ പുരസ്കാരങ്ങൾ സമ്മാനിച്ച ചടങ്ങ് കൊച്ചിക്കു മറക്കാനാവാത്ത അനുഭവമായി.

വർണവിസ്മയങ്ങൾ തീർത്ത കൂറ്റൻ വേദിയാണു താരോത്സവത്തിനായി ഒരുക്കിയിരുന്നത്. അനുരാഗ കരിക്കിൻവെള്ളത്തിലൂടെ മികച്ച പുതുമുഖ സംവിധായകനായ ഖാലിദ് റഹ്മാനുള്ള പുരസ്കാരം സമ്മാനിച്ചുകൊണ്ടാണു താരോത്സവ വേദിയുണർന്നത്. തുടർന്ന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം പി. ബാലചന്ദ്രൻ ഏറ്റുവാങ്ങി. കാലത്തെ അതിജീവിച്ച സ്വരമാധുരി കൊണ്ടു വേദിയെ തൊട്ടുണർത്തിയതു വാണി ജയറാം. മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട വാണി ജയറാം, അവാർഡിന് അർഹമായ പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ... എന്ന മെലഡിയിൽ സദസിനെ ലയിപ്പിച്ചപ്പോൾ പിന്നാലെ മികച്ച ഗായകനുള്ള അവാർഡ് ഏറ്റുവാങ്ങിയ എം.ജി. ശ്രീകുമാർ ഒപ്പത്തിലെ ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മ എന്ന അവാർഡ് ഗാനവുമായി ആരാധകരെ ഇളക്കിമറിച്ചു.

v4

നൃത്തവിരുന്നിനു തുടക്കം കുറിച്ചതു നീനയായി മലയാളികളുടെ മനം കവർന്ന ദീപ്തി സതി. മൂന്നാം വയസ്സു മുതൽ കഥക്കും ഭരതനാട്യവും അഭ്യസിച്ചു തുടങ്ങിയ ദീപ്തി ചടുല നൃത്തച്ചുവടുകളുമായാണു സദസിനെ കയ്യിലെടുത്തത്. പുലിമുരുകന്റെ മൈനയായി മലയാളികളുടെ മനസ്സും കീഴക്കിയ കമാലിനി മുഖർജി വനിതയുടെ നൃത്തവേദിയും അതേ ചാരുതയോടെ കീഴടക്കി. തട്ടത്തിൻ മറയത്തെ സുന്ദരിയായി വന്ന ഇഷ തൽവാറും ഊർജം നിറച്ച ചുവടുകളുമായി ആരാധകർക്കു വിരുന്നേകി.

v8

ഉറുമിയിലെ സുന്ദരഗാനങ്ങൾക്കു പുത്തൻ നൃത്തഭാഷ്യമൊരുക്കിയാണു പ്രിയാമണി സദസിനെ ഹരം കൊള്ളിച്ചത്. വേദിക്കു മുകളിൽ നിന്നു രംഗപ്രവേശം ചെയ്ത അമല പോൾ ഹിറ്റ് ഹിന്ദി ഗാനങ്ങൾക്കൊപ്പമാണു ചുവടുവച്ചത്. വനിതയുടെ കവർ മോഡലായി ശ്രദ്ധേയയായ പ്രയാഗ മാർട്ടിൻ മികച്ച പുതുമുഖ താരത്തിനുള്ള വനിത പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അത് കൗതുകമുള്ളൊരു യാദൃശ്ചികതയായി. കബാലിയുടെ കുമദമായി സിനിമാലോകമെങ്ങും നിറഞ്ഞ ബോളിവുഡ് താരസുന്ദരി രാധിക ആപ്തേയും ആരാധകരെ ഇളക്കിമറിച്ചാണു വേദിയിലെത്തിയത്. മോഡലിങ് രംഗത്തു നിന്നെത്തി തമിഴ് സിനിമാരംഗം കീഴടക്കിയ ആമി ജാക്സണും വേദിയുടെ തിളക്കമായി.

v3

താരനൃത്തങ്ങൾ ആടിത്തിമർത്ത വേദിയിലേക്കു വീണ്ടും സംഗീതലഹരി നിറച്ചെത്തിയതു സംഗീത സംവിധായകൻ അനു മലിക്കിന്റെ മകനായ ഗായകൻ അർമാൻ മലിക്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന താരസുന്ദരി തമന്ന ആരവക്കടലിലലിഞ്ഞാണു വേദിയിൽ ചുവടുവച്ചത്. പാട്ടിന്റെ ഊർജരൂപമായ റിമി ടോമി ഒരിക്കൽക്കൂടി ആയിരങ്ങളെ സംഗീതലഹരിയിലാറാടിച്ചു. തന്റെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ താരങ്ങൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നതിനു സാക്ഷ്യം വഹിച്ച സംവിധായകൻ നാദിർഷ വേദിയിലെത്തിയത് ആസ്വാദകരുടെ മനസ്സ് അറിഞ്ഞുള്ള പാട്ടുമായി.

v1

പൂമരം എന്ന പുതിയ ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ ആരാധകഹൃദയം കീഴടക്കിയ ഫൈസൽ റാസി ഞാനും ഞാനുമെന്റാളും... എന്ന ഹിറ്റ് ഗാനം ആലപിക്കുമ്പോൾ സദസ്സൊന്നാകെ താളംപിടിച്ചു. ധർമജൻ ബോൾഗാട്ടിക്കു പുരസ്കാരം നൽകാനെത്തിയ സുരാജ് വെഞ്ഞാറമ്മൂട് പൂമരത്തിലെ ആ ഹിറ്റ് ഗാനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പാടുന്നത് അനുകരിച്ചതു മൈതാനത്താകെ ചിരി നിറച്ചു.

v6

മികച്ച നടനും നടിക്കും ജനപ്രിയ താരങ്ങൾക്കുമുള്ള പുരസ്കാരങ്ങളാണ് ഒടുവിലായി സമ്മാനിച്ചത്. നടൻ, നടി, സംവിധായകൻ, സമഗ്ര സംഭാവന, സംവിധായകൻ, ജനപ്രിയ താരങ്ങൾ എന്നീ വിഭാഗങ്ങളിൽ ഒരു ലക്ഷം രൂപയും പ്രശസ്‌ത ഡിസൈനർ ഗ്രൂപ്പായ ടൈറ്റൻ രൂപകൽപന ചെയ്‌ത ഫലകവുമാണു പുരസ്‌കാരം. അരലക്ഷം രൂപയും ഫലകവുമാണു മറ്റു വിഭാഗങ്ങളിലെ അവാർഡ്. സെറ മുഖ്യ പ്രായോജകരായ ഫിലിം അവാർഡിന്റെ വേൾഡ് സ്‌പോൺസർ ജോസ്‌കോ ജ്വല്ലേഴ്‌സ് ആയിരുന്നു. സ്‌പോൺസർമാരും പുരസ്‌കാരങ്ങൾ സമ്മാനിച്ച ചടങ്ങിൽ പങ്കാളികളായി.

വനിത ഫിലിം അവാർഡ്‌സ് 2017 ലെ താരപ്പൂരം നാളെ വൈകുന്നേരം ഏഴിന് മഴവിൽ മനോരമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ.. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും മായാ കാഴ്ചകളുമായി മണ്ണിലെ താരങ്ങൾ പ്രേക്ഷർക്കൊപ്പം.. മറക്കാതെ കാണൂ..  

v9
v2