Friday 09 February 2018 09:55 AM IST : By അമ്മു ജൊവാസ്, വി.എൻ. രാഖി

വനിത ഒരുക്കിയ താരപ്പൂരത്തിന്റെ ആരവങ്ങൾ.. ഏപ്രിൽ രണ്ടിന് മഴവിൽ മനോരമയിൽ

film5
ഫോട്ടോ: ഹരികൃഷ്ണൻ, സരിൻ ടി.ആർ.

ആദ്യ കൊട്ടു വീഴാൻ കാത്തുനിൽക്കുന്ന പൂരപ്പറമ്പിന്റെ മനസ്സായിരുന്നു ആൾക്കൂട്ടത്തിന്. താരരാജാക്കന്മാരുടെ എഴുന്നള്ളത്തുകളും ന‍‍ൃത്തത്തിന്റെ കുടമാറ്റങ്ങളും ചിരിയുടെ വെടിക്കെട്ടും കാണാൻ അക്ഷമരായി അവർ നോക്കി നിന്നു. പതിനായിരക്കണക്കിനു മനസ്സുകൾ ഒരേ താളത്തിൽ തുടിച്ചിരുന്നത് വേദി ഒന്നുണരാനായിരുന്നു. ഒടുവിൽ കൊച്ചി വില്ലിങ്ഡൻ െഎലൻഡിലേക്ക് സന്ധ്യ ഇറങ്ങി വന്നു. പതിനാലാമത് സെറ വനിത ഫിലിം അവാർഡ് വേദിയില്‍ നക്ഷത്രങ്ങൾ തെളിഞ്ഞു തുടങ്ങി. അതോടെ താളവും ചുവടും കൊട്ടിക്കയറി. ഉത്സവപ്പറമ്പിലെ ആൽമരത്തിലെ ഇലകൾക്ക് കാറ്റുപിടിച്ചതു പോലെ ആരാധകർ ഇളകി മറിഞ്ഞു. സിനിമയുടെ പൂരപ്പറമ്പായി മാറാൻ നിമിഷാർധങ്ങൾ പോലും വേണ്ടി വന്നില്ല. പിന്നീട്, കണ്ണിലും കാതിലും മനസ്സിലുമെല്ലാം സിനിമ എന്ന മൂന്നക്ഷരം മാത്രം.

film6

സെറ വനിത ഫിലിം അവാർഡ്സ് 2017 പവേർഡ് ബൈ ജോസ്കോ ജ്വല്ലേഴ്സ് അരങ്ങേറിയ ദിനം കൊച്ചിയുടെ കലണ്ടറിൽ താരപ്പൂരം എന്നു തന്നെ എഴുതി വച്ചിരുന്നു. ഒഴുകിയെത്തിയ ആരാധകക്കടൽ അതിനു തെളിവായിരുന്നു. മലയാളത്തിലെയും തമിഴിലെയും ബോളിവുഡിലെയും താരങ്ങൾ ചുവന്ന പരവതാനിയിലൂടെ സദസ്സിന്റെ മുൻനിരയിലേക്കെത്തുമ്പോൾ ഇളകി മറിയുന്ന ജനക്കൂട്ടം, ആരവങ്ങൾ, ആർപ്പുവിളികൾ, ഫാൻസിന്റെ ജയ് വിളികൾ...

കോളിവുഡിലെയും ബോളിവുഡിലെയും സ്വപ്നസുന്ദരികൾ തമന്നയും എമി ജാക്സനും രാധിക ആപ്തേയും നൃത്തച്ചുവടുകളുമായി വേദിയിലെത്തിയപ്പോൾ യുവതലമുറയുടെ മെയ്യും മനസ്സും ഒപ്പമാടി. പുലിമുരുകന്റെ മൈന, കമാലിനി മുഖർജി വേദിയിലെത്തിയത് സദസ്സിന് നവ്യാനുഭവമായിരുന്നു. മലയാള സിനിമയിലെ പുതുതലമുറ നായികമാർ അമല പോളും ഇഷ തൽവാറും ദീപ്തി സതിയും നിക്കി ഗൽറാണിയും നൃത്തവിസ്മയവുമായി എത്തിയപ്പോൾ ഗാലറി ഇരമ്പി മറിഞ്ഞു. പ്രിയാമണി, ശ്വേതാ മേനോൻ എന്നിവരുടെ നൃത്തങ്ങളും സുരാജ് വെഞ്ഞാറമൂടിന്റെ സ്കിറ്റും പുരസ്കാര നിശയുടെ തിളക്കം കൂട്ടി. കൊച്ചിയിലെ കായലോളങ്ങൾ പോലും ഇളകിയാടുന്നുണ്ടായിരുന്നു അർമാൻ മാലിക്കിന്റെ ഈണത്തിനൊപ്പം.

film8

കരിക്കിൻ വെള്ളത്തിന്റെ അനുരാഗമധുരം മലയാളിക്ക് സമ്മാനിച്ച  ഖാലിദ് റഹ്മാന് പുതുമുഖ സംവിധായകനുള്ള പുരസ്കാരം നടി ഊർമിള ഉണ്ണി സമ്മാനിച്ചതോടെയാണ് അവാർഡ് നിശയാരംഭിച്ചത്. ഇടുക്കിയുടെ പച്ചപ്പും മലനിരകളും ഗ്രാമീണ ജീവിതവും ഇഴ ചേർന്ന ‘മഹേഷിന്റെ പ്രതികാരം’ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയപ്പോൾ, കാടിന്റെ സൗന്ദര്യവും സാഹസിക സംഘട്ടന രംഗങ്ങളിലെ ടെക്ക്നിക്കൽ മികവും കോർത്തെടുത്ത ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകൻ’ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം നേടി. മികച്ച സംവിധായകൻ, മികച്ച തിരകഥാകൃത്ത്, സ്പെഷൽ പെർഫോമൻസ് പുരസ്കാരങ്ങൾ ‘കമ്മട്ടിപ്പാടം’ നേടി. സ്പെഷൽ പെർഫോമൻസ് പുരസ്കാരം സ്വീകരിക്കാൻ വിനായകൻ വേദിയിലെത്തിയപ്പോൾ സദസ്സ് ആർപ്പുവിളികളോടെ സന്തോഷമറിയിച്ചു.

മലയാള സിനിമയുടെ നാഴികക്കല്ലായി മാറിയ ഒരു പിടി സിനിമകൾ സമ്മാനിച്ച സംവിധായകൻ കെ.ജി. ജോർജിനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചപ്പോൾ   കാണികൾ എഴുന്നേറ്റു നിന്നു. സംവിധായകൻ രഞ്ജിത്തായിരുന്നു കെ.ജി ജോർജിന് അവാർഡ് നൽകിയത്. ‘പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ...’  മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി വാണി ജയറാം പാടിയപ്പോൾ പ്രണയവല്ലികൾ പടർന്ന മനസ്സുകളിൽ ഒരിക്കൽക്കൂടി വസന്തം വിരിഞ്ഞു. ഈ ഗാനത്തിന്റെ വരികളെഴുതിയ സന്തോഷ് വർമയ്ക്കായിരുന്നു മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം. മികച്ച ഗായകന്‍ എം.ജി ശ്രീകുമാർ അവാർഡിനർഹമായ ഒപ്പത്തിലെ ഗാനമാലപിച്ചപ്പോൾ രാഗത്തിന്റെ മിന്നാമിനുങ്ങുകൾ വേദിയിലും സദസ്സിലും മിന്നിത്തിളങ്ങി.

film7

എനർജി നിറച്ച മനസ്സുമായി റിമി ടോമി എത്തിയതോടെ കാണികളൊന്നു തീരുമാനിച്ചു, ഇനി ഡാൻസ് ചെയ്തേ പറ്റു. പാട്ടിനൊടുവിൽ കാളിദാസിനെ വേദിയിലേക്കു ക്ഷണിച്ചതോടെ പൂമരത്തിലെ പാട്ടിനു തുടക്കമായി, പൂമരം പാടിയ ഫൈസല്‍ റാസിയും പിന്നാലെ വേദിയിലെത്തി. നാദിർഷയുടെ പാട്ടിനൊപ്പം ആടിയത് ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലെ താരങ്ങൾ ഒന്നടങ്കമായിരുന്നു.

അവാർഡ് നിശയ്ക്ക് സംഗീതമൊരുക്കിയത് നിരവധി സിനിമകൾക്ക് പിന്നണിയൊരുക്കിയ തേജ് മെർവിനും സംഘവുമായിരുന്നു. ന‍‍ൃത്തങ്ങൾക്കു ചുവടൊരുക്കിയത് തമിഴ് ഹിന്ദി സിനിമകളുടെ കൊറിയോഗ്രഫർമാരായ സന്തോഷ് ഷെട്ടിക്കും ജോൺ ബ്രിട്ടോയ്ക്കുമൊപ്പം ശ്രീജിത്ത് ഡാൻസിറ്റിയുമായിരുന്നു. അവതാരകയായും നായികയായും മലയാളിക്ക് പ്രിയങ്കരിയായ ജുവൽ‍ മേരിയും രാജേഷുമായിരുന്നു അവാർഡ് നിശയെ നയിച്ചത്.

film3

പ്രണാമം... ഗുരോ...

മരംചുറ്റി പ്രേമത്തിന്റെ കാലത്തും മനോരോഗനിരീക്ഷണം പ്രമേയമാക്കാൻ ധൈര്യം കാട്ടിയ ഫിലിംമേക്കറെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോഴേ പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റു നിന്നു, മനസ്സു നിറയെ ആദരവോടെ. ശാരീരിക അവശതകൾ പോലും മറന്ന് സിനിമയോട് കത്തുന്ന ആവേശവുമായി കെ.ജി. ജോർജ്  ലൈഫ്ടൈം അചീവ്മെന്റ് പുരസ്കാരം വാങ്ങാനെത്തി.‘ഏറെ അഭിമാനമുണ്ട്... ഞാൻ സന്തുഷ്ടനാണ്...’ വിറയാർന്ന വാക്കുകളിൽ അദ്ദേഹം പറഞ്ഞപ്പോഴത് അവാർഡ് നിശയിലെ ഹൃദയസ്പർശിയായ നിമിഷമായി മാറി.
‘സിനിമയുടെ ഈ രാജശിൽപിയെ ആദരിക്കാനായി എഴുന്നേറ്റു നിന്ന ഓരോ മലയാളിയോടും നന്ദിയുണ്ട്. കാരണം ഇതു മലയാളിക്കു മാത്രമേ കഴിയൂ. ഏറെ ഖേദകരം, ഇദ്ദേഹത്തിൽ നിന്നുള്ള വാക്കുകളും ദൃശ്യങ്ങളും അടിവരയിട്ട സത്യങ്ങൾ പറയേണ്ടിയിരുന്ന കാലത്താണ് നാം ജീവിക്കുന്നത്. അപചയത്തിന്റെ ഈ കാലത്ത് നമുക്ക് നഷ്ടമാകുന്നു കെ.ജി. ജോർജ് സിനിമകൾ. പ്രണാമം ഗുരുവേ...’ രഞ്ജിത്തിന്റെ ഗുരുദക്ഷിണ കൂടിയായി അവാർഡ്.

film2

ഒരു ‘ചെമ്പൻ സെൽഫി’

‘‘2016ൽ സഹനടൻ, 2017ൽ വില്ലൻ, 2018ൽ...?’’ മികച്ച വില്ലനായ ചെമ്പൻ വിനോദിന് അവാർഡ് നൽകാനെത്തിയ ഭീമൻ രഘു ഒന്നു നിർത്തി. ‘‘2018ൽ... വിനോദ് മികച്ച നടനുള്ള അവാർഡ്.  അന്നും അവാർഡ് തരാൻ ഈ ഭീമൻ ചേട്ടനുണ്ടാകും, ഓ.കെ...? ’’ ചിരിച്ചുകൊണ്ടാണ് ചെമ്പൻ മറുപടി പറഞ്ഞത്. ‘‘ഹീറോ ആയില്ലെങ്കിലും ഏതെങ്കിലുമൊരു അവാർഡ് കിട്ടാനും രഘുച്ചേട്ടന്റെ കൈയിൽ നിന്നു തന്നെയതു വാങ്ങാനും രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇത്രയും വലിയ ജനക്കൂട്ടത്തിനു മുമ്പിൽ നിൽക്കാൻ പറ്റിയതല്ലേ, ഒരു സെൽഫി എടുക്കാം.’’  ജനസഹസ്രം ബാക്ഗ്രൗണ്ടാക്കി ചെമ്പന്റെ കിടലൻ സെൽഫി!

film4

സ്വപ്നം പോലെ ഈ മധുരവാണി

മാനത്തെ മാരിക്കുറുമ്പേ... വാണിയമ്മയുടെ മധുരവാണി. പുലിമുരുകനിലെ ഗാനം അവാർഡ് വേദിയിൽ ഒരു സ്വപ്നം  പോലെ ഒഴുകി. ആ വാണിയുടെ മാധുര്യം ആ സ്വദിച്ചു മതിയാകാത്ത പ്രേക്ഷകർക്കായി വീണ്ടും നാലുവരി: പൂക്കൾ പനിനീർപൂക്കൾ...
‘ഭരതേട്ടന്റെ മിക്ക സിനിമകളിലും വാണിയുടെ പാട്ടുണ്ടാകും. എനിക്കേറ്റവും ഇഷ്ടം ഓർമയ്ക്കായിയിലെ മൗനം പൊൻമണി തമ്പുരുമീട്ടി... ആണ്. അന്നേ സുഹൃത്തുക്കളാണ് ഞങ്ങൾ.’ കെ.പി.എ.സി. ലളിത വികാരഭരിതയായി. ‘ഇഷ്ട നടിയായ ലളിതയിൽ നിന്ന് അവാർഡ് വാങ്ങാനായത് സന്തോഷം. എന്റെ പാട്ടുകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികൾക്ക് നന്ദി.’ പാട്ടുപോലെ വാണിയമ്മ പറഞ്ഞു.

film1

ജില്ലക്കാരെ പാട്ടിലാക്കി...

‘ഓരോ ജില്ലക്കാരെയായി പാട്ടിലാക്കുന്ന മ്യൂസിക് ഡയറക്ടർ’ എന്ന വിശേഷണം നൽകിയാണ് ജുവലും രാജേഷും മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം വാങ്ങാൻ ബിജിബാലിനെ ക്ഷണിച്ചത്. രാജേഷ് ചോദിച്ചു: ‘ലീലയിൽ കോട്ടയംകാരെയും മഹേഷിന്റെ പ്രതികാരത്തിൽ ഇടുക്കിക്കാരെയും പാട്ടിലാക്കി. ഈ കൊച്ചിക്കാരെ പാട്ടിലാക്കാൻ ഒരു പാട്ടുണ്ടാക്കാമോ?’ ‘‘വാനം നീലയാണു ഭായ്...പാലം തൂണിലാണു ഭായ്...’’ഗായകൻ കൂടിയായ ബിജിബാലിന്റെ ഉത്തരം പാട്ടു രൂപത്തിലായിരുന്നു. ‘കൊച്ചി എന്ന വാക്കില്ലെങ്കിലും ‘ടാ തടിയാ’യിൽ കൊച്ചിക്കാർക്കു വേണ്ടിയാണീ പാട്ടു ഞാൻ ചെയ്തത്.  തൃശൂരിലെ ഗഡികൾക്കു വേണ്ടി പുണ്യാളൻ അഗർബത്തീസിൽ ‘പൂരങ്ങടെ പൂരം...’ പാട്ടു ചെയ്തിട്ടുണ്ട്. ഇടുക്കിയുടെ സൗന്ദര്യം മനസ്സിലേറ്റു വാങ്ങിയ മലയാളികൾക്കു നന്ദി പറഞ്ഞാണ് അദ്ദേഹം വേദി വിട്ടത്.

film9

മച്ചാനേ, തപ്പടിക്കണ് തകിലടിക്കണ്...

‘‘മിന്നാമിന്നിക്കും കാലം വന്താച്ച്...’’ പുതുമുഖ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണന് അവാർഡ് സമ്മാനിച്ച് കട്ടപ്പനയിലെ ഋത്വിക് റോഷനിലെ പാട്ടു പാടിത്തുടങ്ങി നാദിർഷാ. ആവേശമടങ്ങാതെ  വിഷ്ണു ചുവടുവച്ചു. സദസ്സിൽ നിന്ന് ബിപിനും ധർമജനും പ്രയാഗയും അടങ്ങുന്ന ‘കട്ടപ്പന ടീം’ ന‍ൃത്തം ചെയ്തുകൊണ്ട് വേദിയിലേക്ക്. സന്തോഷത്തിന്റെ സൗഹൃദനിമിഷങ്ങൾക്കു കൂടി അവാർഡ് വേദി സാക്ഷിയാവുകയായിരുന്നു.

film10

കാളിയോ... ദാസനോ...?

എ.ആർ.റഹ്മാൻ ഹിറ്റ്സുമായി സദസ്സിനെ കൈയിലെടുത്ത റിമി ടോമി വേദിയിലേക്കു ക്ഷണിച്ചപ്പോൾ കാണിയായെത്തിയ നടൻ കാളിദാസൻ ഒന്നു ഞെട്ടി. വിടാൻ ഭാവമില്ലായിരുന്നു റിമിക്ക്. ‘കാളീ...ന്നു വിളിക്കണോ, ദാസാ...ന്നു വിളിക്കണോ? വരൂ വാവേ...’ സ്റ്റെപ്പുകൾ ഒാടിക്കയറി അടുത്തുവന്ന ആറടിക്കാരൻ കാളിദാസനെ അടിമുടി േനാക്കി സദസ്സിനോടായി റിമിയുടെ ചോദ്യം.  ‘ഞാനിപ്പോൾ തെങ്ങിന്റെ ചുവട്ടിൽ കിടക്കുന്ന തേങ്ങ പോലെയുണ്ടല്ലേ? പതിനെട്ടു വയസ്സിൽ ഇങ്ങനെയെങ്കിൽ ഒരിരുപത്തഞ്ചു വയസ്സായാൽ എന്നാ സൗന്ദര്യമായിരിക്കും!’ പിന്നെ റിമി പാടി തുടങ്ങി. ‘ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും...’  കാളിദാസനെക്കൊണ്ടും  പാടിച്ച്, പൂമരത്തിലെ ഈ ഹിറ്റ് ഗാനം പാടിയ ഫൈസൽ റാസിയെ പാടാൻ ക്ഷണിക്കുകയും ചെയ്ത ശേഷമേ റിമി പോയുള്ളൂ.

വനിതാ ഫിലിം അവാർഡ്‌സ് 2017, ഏപ്രിൽ രണ്ടിന് മഴവിൽ മനോരമയിലൂടെ കാണാം....