Tuesday 25 January 2022 04:18 PM IST

അകത്തളങ്ങളിൽ വിസ്മയം ഒളിപ്പിച്ച വീട്, 4000 ചതുരശ്രയടിയിൽ നിഷാദ് ഹനീഫയുടെ ‘റൗസ’

Sona Thampi

Senior Editorial Coordinator

rausa 1

ചാലക്കുടി ടൗണിൽ നിഷാദ് ഹനീഫയുടെ 4000 ചതുരശ്ര അടിയിലുള്ള 'റൗസ' എന്ന പുതിയ വീട് സ്വപ്നങ്ങളുടെ ഒരു പൂന്തോട്ടം തന്നെയാണ്. അറബിയിൽ റൗസ എന്ന വാക്കിന്റെ അർത്ഥവും അതുതന്നെയാണ് - പൂന്തോട്ടം.

rausa 5

16 സെന്റ് സ്ഥലത്ത് പരമാവധി പുറകിലേക്ക് ഇറക്കിയാണ് നിർമാണം. ബാംഗ്ലൂർ സ്റ്റോണും കൃത്രിമപ്പുല്ലും വിരിച്ച മുറ്റത്തിന് അധികം പരിപാലനം വേണ്ടയെന്നതാണ് ഗുണം. വീട്ടുകാർ ഗൾഫിലായതിനാൽ പരിപാലനം കുറവിനുള്ള മാർഗങ്ങൾ സ്വീകരിക്കുകയായിരുന്നു. വീടിന്റെ ഇരുവശത്ത് ചട്ടികൾക്കും പിറകുവശത്ത് മാവ്, പ്ലാവ് തുടങ്ങിയവയ്ക്കും സ്ഥലം കണ്ടെത്തി.

rausa 6

എലിവേഷനിൽ കന്റെംപ്രറി രീതിയും സ്ളോപ് റൂഫും കാണാം. പടിഞ്ഞാറ് ദർശനമുള്ള വീടാണ്. പോർച്ചിൽ നിന്നും സിറ്റ്ഔട്ടിലേക്ക് ചെറിയൊരു പാസേജ് കൊടുത്തു. ചെടികളും പെബിൾ കോർട്ടുമാണ് അതിന്റെ വശങ്ങളിൽ. മുറ്റത്തു നിന്നും കയറാം.

rausa 2

ഫാമിലി ലിവിങ്ങിന്റെ അടുത്ത് സ്റ്റയർകെയ്സിനു താഴെയായി കാണുന്ന പെബിൾ കോർട്ടിലാണ് ഇൻറീരിയറിൽ കണ്ണ് ആദ്യം ഉടക്കുന്നത്. L ആകൃതിയിലുള്ള സ്റ്റൈലൻ ഗോവണിയും ഹാങ്ങിങ് ലൈറ്റുകളും ഇൻറീയറിനെ കൂടുതൽ മനോഹരമാക്കുന്നു. അതു തന്നെയാണ് വീടിന്റെ ഹൃദയഭാഗം.

rausa 7

മുകളിലെ ബാൽക്കണിയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ടെറസാണ് വീട്ടുകാരുടെ പ്രിയ ഇടം. കൃത്രിമപ്പുല്ല് വിരിച്ച ടെറസിൽ കുട്ടികൾക്ക് കളിക്കാനും വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞിരിക്കാനും മസാജ് ചെയ്യുന്ന സുഖത്തോടെ ചെരിപ്പില്ലാതെ നടക്കാനും പറ്റിയ ഇടമാണെന്ന് നൗഷാദ് പറയുന്നു.

rausa 4

നിസ്കാര മുറി ഒരുക്കിയതിലും പ്രത്യേകതയുണ്ടെന്ന് വീട്ടുകാരൻ. ഡൈനിങ്ങിനോട് ചേർന്ന് ചെറിയ ഒരു പാർട്ടീഷനപ്പുറത്താണ് പ്രാർത്ഥനായിടം. പാർട്ടീഷൻ കബോർഡിൽ പ്രാർത്ഥനാ പുസ്തകങ്ങളും മാറ്റുമൊക്കെ വയ്ക്കാം, എന്നാൽ ഡൈനിങ്ങിൽ നിന്ന് അവ കണ്ണിൽപ്പെടുകയുമില്ല. ഇവിടത്തെ സ്ലൈഡിങ് ഡോർ തുറന്നാൽ ശരീരശുദ്ധി വരുത്താനുള്ള ഇടമാണ്. ജാളിയും ഗ്രില്ലും വച്ചാണ് ഈ ഭിത്തി ചെയ്തിരിക്കുന്നത്. രാത്രി കാലങ്ങളിലും പ്രാർത്ഥനയ്ക്ക് ഇവിടം സുരക്ഷിതമായി ഉപയോഗിക്കാം.

rausa 3

വലിയ UPVC ജനലുകളാണ് വീട്ടിലെങ്ങും. മറൈൻ പ്ലൈയും മൈക്ക ലാമിനേഷനുമാണ് കബോർഡുകളുടെ ആകർഷണം. അഞ്ച് കിടപ്പുമുറികളിൽ ഓരോ ചുമർ വീതം വോൾപേപ്പറോ ടെക്സ്ചർ പെയിൻ്റിങ്ങോ വച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

ഓപൻ ഷോ കിച്ചനു പുറമേ വർക്ഏരിയയും അടുപ്പിനുള്ള സ്ഥലവും സ്റ്റോറുമുണ്ട്. നാനോ വൈറ്റ് ആണ് കിച്ചനിലെ കൗണ്ടർടോപ്പിൽ. മാർബിൾ ടെക് ഫിനിഷുള്ള കജാരിയയുടെ 4x4 അടി ടൈൽ ആണ് ലിവിങ് ഏരിയയിലെ പ്രത്യേകത. ജിപ്സം സീലിങ്ങും അതിന് കോവ് ലൈറ്റിങും ഇൻറീരിയറിന് ഭംഗിയും പ്രകാശവും നൽകുന്നു.

ദുബായിൽ പ്രശസ്തമായ ഇൻറീരിയർ കമ്പനിയിൽ പ്രോജക്ട് മാനേജർ ആയി ജോലി ചെയ്യുന്ന സിവിൽ എൻജിനീയറായ നിഷാദിന്റെ ഈ രംഗത്തെ അനുഭവസമ്പത്ത് ഗുണമേന്മയുള്ള മെറ്റീരിയലും ഡിസൈനിലെ നൂതന സാങ്കേതിക വിദ്യകളും സ്വന്തം വീടിനെ മോടി കൂട്ടുന്നതിൽ നല്ല പങ്കു വഹിക്കുന്നു. എൻജിനീയറായ സക്കീനയാണ് ഭാര്യ. മൂന്ന് കുട്ടികൾ. വീടിന് എലിവേഷനും ത്രീഡി യും ഒരുക്കിയത് ഡി പ്ലാൻസിലെ ആർക്കിടെക്ട് രഞ്ജിത് ആണ് . ആദിത്യ കൺസ്ട്രക്ഷൻസ് ആണ് സ്ട്രക്ചറൽ വർക്കുകൾ ചെയ്തിരിക്കുന്നത്.

Tags:
  • Architecture