Wednesday 24 January 2018 02:54 PM IST : By സ്വന്തം ലേഖകൻ

ചെറിയ വീടിനും കിടിലന്‍ മെയ്ക് ഓവര്‍; 500 സ്ക്വയർഫീറ്റിലെ അത്ഭുതം കാണാം

veedu_remake Project Facts :-- Area: 500 sqft Designer: മഹേഷ് ചിത്താരി,മഷൂദ് maheshchithari@gmail.com , Owner: മഹേഷ് പൊയ്യക്കര, കാഞ്ഞങ്ങാട് ചിത്രങ്ങള്‍: ഹരികൃഷ്ണന്‍

സാധാരണക്കാരുടെ വീടുകൾക്കുള്ള പ്ലാനും ചിത്രങ്ങളും തേടി വനിത വീടിന്റെ ഒാഫിസിലേക്ക് വരുന്ന വിളികൾക്ക് ഒരിക്കലും ശമനമുണ്ടായിട്ടില്ല. സ്ഥല, നിർമാണച്ചെലവുകൾ കുതിച്ചുയരുന്ന കാലത്ത് പോക്കറ്റ് കാലിയാക്കാത്ത ഡിസൈനുകൾക്കാണ് ഇടത്തരം ആൾക്കാർ മുൻഗണന കൊടുക്കുന്നത്. അത്തരക്കാർക്ക് കേരളത്തിന്റെ അങ്ങേയറ്റത്തു നിന്നൊരു സന്തോഷവാർത്ത. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുള്ള ഈ വീട് ചില വസ്ത്രശാലകളുടെ പരസ്യത്തിനെ ഒാർമിപ്പിക്കും. പുറത്തു നിന്നു നോക്കിയാൽ സാധാരണം. അകത്തേക്കു കയറുമ്പോൾ കണ്ണു തള്ളും.

സ്വന്തം വീട് പണിയുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം മറ്റൊരു വീട് ചെയ്യുമ്പോഴും കിട്ടില്ലല്ലോ. അതുകൊണ്ട് കിട്ടിയ അവസരം ഡിസൈനർ മഹേഷ് ശരിക്കും മുതലാക്കി. എടുത്തുപറയാൻ തക്ക പ്രത്യേകതകളൊന്നുമില്ലാതിരുന്ന വീടിനെയാണ് പുതുക്കിപണിയലിലൂടെ മാറ്റിമറിച്ചത്. എന്താണിത്ര വല്യ പ്രത്യേകത എന്നല്ലേ? എണ്ണിയെണ്ണി പറയാം.

∙ ഒരു ബെഡ്റൂം, ഹാൾ, സ്റ്റോർറൂം എന്നിവ മാത്രമായിരുന്നു വീടിന്റെ ആകെ കൈമുതൽ. കഷ്ടിച്ച് 400 സ്ക്വയർഫീറ്റ് വരും. മുറ്റത്ത് കൂടുതൽ സ്ഥലം കിട്ടാൻ വേണ്ടി കോംപൗണ്ട് വോൾ പൊളിച്ചു കളഞ്ഞു. പിന്നെ ഫൗണ്ടേഷൻ മുന്നിലേക്ക് നീട്ടിയെടുത്തു. അതിനനുസരിച്ച് മുൻവശത്തെ ഭിത്തികളും പൊളിച്ചു പണിതു. ചെങ്കല്ല് ഒന്നിന് 26 രൂപ ചെലവായി. മേൽക്കൂരയിലെ ദ്രവിച്ച കഴുക്കോലെല്ലാം മാറ്റി ജി.െഎപൈപ്പ് ഇട്ടു. ഒാടെല്ലാം താഴെയിറക്കി പെയിന്റടിച്ചു കയറ്റി.

remake2 പഴയ ഹാളിനൊപ്പമുണ്ടായിരുന്ന സ്റ്റോർമുറി ഒഴിവാക്കിയതോടെ ലിവിങിന് കൂടുതൽ സ്ഥലം കൈവന്നു. ഇടതുവശത്ത് കാണുന്നതാണ് അടുക്കളയിലേക്കുള്ള വാതിൽ.
remake1

∙ ഇന്റീരിയറിലാണ് കാര്യമായ മാറ്റങ്ങളെല്ലാം. സ്റ്റോർമുറി എടുത്തു കളഞ്ഞപ്പോൾ ഹാളിൽ കുറച്ചുകൂടെ സ്ഥലം ലഭിച്ചു. അടുക്കളയുടെ പ്രവേശനവാതിലും മാറ്റിസ്ഥാപിച്ചു. ഒരേയൊരു ബെഡ്റൂമിനെ വെട്ടിമുറിച്ച് രണ്ടാക്കി. പൂജാമുറി പഴയ ഇടത്തുതന്നെ നിലനിർത്തി. അടുക്കളയോട് ചേർന്നൊരു ബാത്റൂമുണ്ടായിരുന്നു. അത് പൊളിച്ച് കളഞ്ഞ് പകരം വർക്ഏരിയ നിർമിച്ചു. വീട്ടിൽനിന്ന് വിട്ടാണ് പുതിയ ബാത്റൂം പണിതത്. മുകളിലെ നിലയിൽ െഗസ്റ്റ്ബെഡ്റൂമിനുള്ള പണികൾ പുരോഗമിക്കുന്നു.

∙ സ്ഥലം ലാഭിക്കുന്ന തരം ഫർണിച്ചറാണ് വീട്ടിലെ മറ്റൊരു ഹൈലൈറ്റ്. ഹാളിൽ സോഫയോടു ചേർന്നാണ് ഡൈനിങ് ടേബിൾ. ഹാളിൽ സോഫയോടു ചേർന്ന് ഭിത്തിയിൽ പിടിപ്പിച്ചിരിക്കുന്നു. ഭക്ഷണസമയത്ത് മാത്രം നിവർത്തി വയ്ക്കാം. ഒരുമിച്ചിട്ടാൽ ടേബിളെന്നു തോന്നുന്ന തരം സ്റ്റൂളുകളാണ് ഇരിപ്പിടത്തിന്. രണ്ട് കിടപ്പുമുറികളുടെയും ഇടയിലുള്ള സ്ഥലത്താണ് ഇസ്തിരിയിടാനുള്ള മേശ. ഇതും ആവശ്യാനുസരണം നിവർത്തുകയോ മടക്കുകയോ ആവാം. ലാപ്ടോപ് ഉപയോഗത്തിനായി മാസ്റ്റർ ബെഡ്റൂമിൽ ഇത്തരത്തിലൊരു ടേബിൾ നല്കിയിട്ടുണ്ട്. ഇവിടുള്ള കട്ടിൽ നാല് അടിയുടേതാണ്. താഴ്ഭാഗം വലിച്ചു നീട്ടിയാൽ ആറ് അടിയാകും.

remake3 1, ലാപ്ടോപ് ഉപയോഗത്തിന് മടക്കി വയ്ക്കാവുന്ന മേശ. 2,അടുക്കള, 3,വാഷ്ഏരിയ

∙ എല്ലാ മുറിയിലും ജിപ്സം ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്. ചതുരശ്രഅടിക്ക് 80 രൂപയായി. നിലത്ത് പാകിയ വിട്രിഫൈഡ് ടൈലുകൾക്ക് ചതുരശ്രഅടിക്ക് 65 രൂപയായി. ഫർണിച്ചർ, കബോർഡുകൾ തുടങ്ങിയവയൊക്കെ നിർമിച്ചത് പ്ലൈവുഡിലാണ്. അടുക്കളയിലെ കാബിനറ്റുകൾ മറൈൻപ്ലൈയിൽ നിർമിച്ച് ലാമിനേറ്റ് ചെയ്തു. ചതുരശ്രഅടിക്ക് 1,500 രൂപയായി. അടുക്കളയിലെ സ്പ്ലാഷ്ബാക്കിൽ ബ്ലാക്&വൈറ്റ് ടൈലുകൾ നല്കി.

designers ‘‘സ്ഥലം ലാഭിക്കാൻ ഉതകുന്ന ഫർണിച്ചറാണ് വാങ്ങിയതെല്ലാം. ഉള്ള സ്ഥലത്ത് പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.’’ മഹേഷ് ചിത്താരി, മഷൂദ് (ലവോറോഫെലിസ്, ഇന്റീരിയേഴ്സ്&ഡിസൈനേഴ്സ്,കാഞ്ഞങ്ങാട്)
plan_renovation