Saturday 07 May 2022 10:24 AM IST : By സ്വന്തം ലേഖകൻ

സർക്കാരിൽ നിന്ന് ധനസഹായം, ആനുകൂല്യങ്ങൾ വേറെയും: ഈസിയായി പണമുണ്ടാക്കാം, വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും

Gardening-tips

ഇഷ്ടത്തോടെ മുറ്റത്ത് നട്ടു വളർത്തിയ ചെടികൾ പൂത്തുനിൽക്കുന്ന ഭംഗി കണ്ട് വഴിപോക്കർ േപാലും ‘ആ ചെടിയുടെ ഒരു കമ്പ് തരാമോ?’ എന്ന് ചോദിച്ചെത്താൻ തുടങ്ങി. അങ്ങനെയാണ് ചെടികൾ വിൽക്കാമെന്ന് തീരുമാനിച്ചത്. കൈ നിറയെ പണം കിട്ടാൻ തുടങ്ങിയപ്പോൾ കൂടുതൽ െചടികൾ വാങ്ങാമല്ലോ എന്നു കൂടി ഓർത്തായിരുന്നു സ ന്തോഷം. എന്തെങ്കിലും ആവശ്യം വന്നാൽ ആരുടെയും മുന്നിൽ കൈ നീട്ടേണ്ടതുമില്ല.’’

വീടിനോട് ചേർന്നു നഴ്സറി തുടങ്ങിയ ഭൂരിഭാഗം സ്ത്രീകളുടെയും കഥ ഒരേ ചെടിയിൽ പൂവിട്ട പൂക്കൾ േപാലെയാണ്. ഇഷ്ടമുള്ള കാര്യം കൈ നിറയെ വരുമാനം നൽകുന്നതിന്റെ സന്തോഷം ഇതൾ വിരിയുന്നുണ്ട് ആ വാക്കുകളിൽ.

ചെടികളോട് മനസ്സ് നിറയെ ഇഷ്ടമുള്ള ആർക്കും വീട്ടിലെ ഉ ദ്യാനം നഴ്സറിയാക്കാവുന്നതേയുള്ളൂ. കോവിഡ് കാരണം പല സംരംഭങ്ങളും പ്രതിസന്ധിയിലായ സമയത്ത് വീട്ടിലെ നഴ്സറി സംരം ഭത്തിലൂടെ അറുപതിനായിരം രൂപയ്ക്ക് മുകളിൽ മാസവരുമാനം നേടുന്ന സ്ത്രീകളുണ്ട്.

ഹോബി വരുമാനമാക്കാം

നഴ്സറിയുടെ ഭാഗമായി തണൽഗൃഹമൊരുക്കുന്നതിന് സർക്കാരിൽ നിന്ന് ധനസഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും കൃഷിവകുപ്പിന്റെ പിന്തുണയും ലഭിക്കും.

നഴ്സറിയുടെ ഭാഗമായുള്ള തണൽ ഗൃഹമൊരുക്കുന്നതിന് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വഴി സാമ്പത്തികസഹായം ലഭിക്കും. ജില്ലാതല ഹോർട്ടികൾച്ചർ മിഷൻ വഴി അപേക്ഷിക്കാം. ഒരു സ്ക്വയർ മീറ്ററിന് 355 രൂപ സബ്സിഡിയാണ് ലഭിക്കുക. നൂറ് സ്ക്വയർ മീറ്ററിന് 35,500 രൂപ സബ്സിഡി കിട്ടും.

ചെടികൾക്കും വിത്തുകൾക്കും മറ്റ് ഉൽപന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി ജിഎസ്ടി ഇല്ല എന്നതുകൊണ്ട് വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ ഉദ്യാന നഴ്സറി നടത്താൻ പറ്റും.

ആകെ ആവശ്യമായത് നഴ്സറി സ്ഥിതി ചെയ്യുന്ന ഇടത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ റജിസ്റ്റർ ചെയ്യണം എന്നതു മാത്രമാണ്. വീട്ടിൽത്തന്നെ നടത്തുന്നത് കൊണ്ട് വാടക നൽകേണ്ടതില്ലല്ലോ. സഹായത്തിന് ആളെ നിർത്താതെ എല്ലാ േജാലിയും തനിയെ ചെയ്യുന്നവർക്ക് കൂടുതൽ ലാഭം സ്വന്തമാക്കാൻ കഴിയും.

പൂച്ചെടിയായാൽ ഇരട്ടി നേട്ടം

ചെടികൾ പരിപാലിക്കാൻ ഇഷ്ടവും ചെലവഴിക്കാൻ സമയവുമുണ്ടോ? നല്ല സൂര്യപ്രകാശവും വർഷം മുഴുവൻ ചെടികൾ നനയ്ക്കാൻ ആവശ്യമായ ശുദ്ധജലസൗകര്യവും ഉള്ള ഇടമുണ്ടോ? എങ്കിൽ ധൈര്യമായി നഴ്സറി തുടങ്ങാം.

ചെടികളെക്കുറിച്ച് കൃത്യമായി അറിവ് നേടണം. പാതി തണലിൽ വളരേണ്ട ചെടികൾ നല്ല െവയിൽ ഉള്ള ഇടത്ത് പരിപാലിച്ചാൽ ഉണങ്ങാൻ ഇടയുണ്ട്. ബിഗോണിയ, ആന്തൂറിയം തുടങ്ങിയ ചെടികൾ വെയിലുള്ള ഇടത്ത് വച്ചാൽ ഉണങ്ങിപ്പോകും.

നാട്ടിലെ കാലാവസ്ഥയിൽ കരുത്തോടെ വളരുകയും പൂവിടുകയും ചെയ്യുന്ന ഇനങ്ങൾ മാത്രം വിൽപനയ്ക്കായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അലങ്കാരച്ചെടികളുടെ തൈകൾ വാങ്ങി പരിപാലിച്ച് വലുതാക്കി വിൽക്കുകയും അവയിൽ നിന്ന് കൂടുതൽ ചെടികൾ ഉൽപാദിപ്പിച്ച് വിൽക്കുകയും ചെയ്യുന്നതാണ് കൂടുതൽ ലാഭം നൽകുക.

ഉദാഹരണത്തിന് തൃശൂർ, മണ്ണൂത്തിയിലുള്ള നഴ്സറികളിൽ മിനിയേച്ചർ ചെത്തിയുടെ കമ്പു മുറിച്ചു നട്ടുവളർത്തിയ തൈ പത്ത് രൂപയിൽ താഴെ വിലയിൽ കിട്ടും. ഇവ വാങ്ങി വലുപ്പമുള്ള പോളിത്തീൻ കവറിലേക്ക് മാറ്റി നട്ടാ ൽ രണ്ട്– മൂന്ന് മാസം കൊണ്ട് നല്ല കുറ്റിച്ചെടിയായി വളർന്ന് പൂവിടും. ഇത്തരം ചെടിക്ക് വിപണിയിൽ ഏറ്റവും കുറഞ്ഞത് 30 രൂപ എങ്കിലും ലഭിക്കും.

100 - 120 രൂപ വിലയ്ക്ക് കിട്ടുന്ന ഡെൻഡ്രോബിയം ഓർക്കിഡിന്റെ തൈ വാങ്ങി നാല് ഇഞ്ച് വലുപ്പമുള്ള നെറ്റ് പോട്ടിലേക്ക് മാറ്റി നട്ട് ആവശ്യത്തിന് വളം നൽകി പരിപാലിച്ചാൽ ആറ് - ഏഴ് മാസം കൊണ്ട് പൂവിടാൻ തുടങ്ങും. പൂവിട്ട ഡെൻഡ്രോബിയത്തിന് 200 രൂപയ്ക്കു മുകളിൽ വിലയുണ്ട്. പൂണെയിലെ ടിഷ്യൂ കൾച്ചർ ലാബിൽ നിന്ന് നമ്മുടെ നാട്ടിൽ അഗ്ലോനിമ, സിങ്കോണിയം തുടങ്ങിയ ചെടികളുടെ ചെറിയ തൈകൾ പ്രോട്രേയിൽ ലഭിക്കും. ഇവയും പോളിത്തീൻ കവറിലേക്ക് മാറ്റി നട്ട് വളർത്തി വിപണനത്തിനായി സജ്ജമാക്കാം.

ട്രെൻഡ് തിരിച്ചറിയണം

പുൽത്തകിടി തയാറാക്കാൻ വിപണിയിൽ ഇപ്പോൾ നല്ല ഡിമാൻഡ് ഉള്ള ഇനമാണ് പേൾ ഗ്രാസ്. ഈ പുല്ലിന്റെ ചെത്തിയെടുത്ത തകിടി അഥവാ മാറ്റ് വിപണിയിൽ ലഭിക്കും. ഈ മാറ്റിൽ നിന്ന് വേര് ഉൾപ്പെടെയുള്ള പുല്ലിന്റെ ചെറിയ കൂട്ടം വേർപെടുത്തിയെടുത്ത് പ്രോട്രേയിൽ നട്ടുവളർത്തിയെടുക്കാം. ഇങ്ങനെ പേൾ ഗ്രാസ് വളർത്തിയെടുത്ത ഒരു ട്രേയ്ക്ക് 150 രൂപയ്ക്കു മുകളിൽ വിലയുണ്ട്.

വിപണിയിലെ നല്ല ഡിമാൻഡ് ഉള്ള ചെടി ഇനങ്ങൾ വിൽപനയ്ക്കായി ശേഖരിക്കുക. അതല്ലെങ്കിൽ വിറ്റു പോകാതെ നഷ്ടമുണ്ടാകും.

കേരളത്തിലെ മഴക്കാലം, വേനൽക്കാലം ഇവ കണക്കാക്കി ഓേരാ സമയത്തെയും കാലാവസ്ഥയ്ക്ക് യോജിച്ച ചെടി ഇനങ്ങൾ വിപണനത്തിനായി ശേഖരിക്കുക.

മഴക്കാലത്ത് റോസ്, ജെർബെറ, മാരിഗോൾഡ്, പെറ്റൂണിയ തുടങ്ങിയ വാർഷികപൂച്ചെടികൾ പെട്ടെന്ന് നശിക്കാനിടയുള്ളതുകൊണ്ട് ഈ കാലയളവിൽ ശേഖരിക്കരുത്. മഴക്കാലത്ത് ചെത്തി, നന്ദ്യാർവട്ടം, ലെൻറ്റാ നാ, ഇലച്ചെടികൾ, ഫലവൃക്ഷങ്ങൾ തുടങ്ങിയവയാണ് യോജിച്ചത്. മഴക്കാലം കഴിഞ്ഞാൽ വാർഷിക പൂച്ചെടികളുടെ ഗുണമേന്മയുള്ള സങ്കരയിനം വിത്തുകൾ സമൃദ്ധമായി ലഭിക്കും. രണ്ടു മാസത്തിനുള്ളിൽത്തന്നെ വളർന്നു പൂവിടുന്ന ഇവ ലാഭത്തിൽ വിൽക്കാൻ കഴിയും.

ഭംഗിയായി ക്രമീകരിക്കാം

ഭാഗികമായി തണൽ ആവശ്യമായ അലങ്കാര ഇ ലച്ചെടികൾക്കും കമ്പു മുറിച്ചും ഗ്രാഫ്റ്റ് ചെയ്‌തും തയാറാക്കുന്നവയ്ക്കുമെല്ലാം നഴ്സറിയുടെ ഒരു ഭാഗത്ത് തണൽഗൃഹം ഒരുക്കണം. സൂര്യപ്രകാശത്തിന്റെ 50% മാത്രം താഴേക്ക് പതിക്കാൻ അനുവദിക്കുന്ന ഗ്രീൻ നെറ്റ് ഉപയോഗിച്ചാണ് ഇത് നിർമിക്കുക.

നഴ്സറിയുടെ ഏതു ഭാഗത്ത് നിന്നാലും സന്ദർശകർക്ക് എല്ലാ ചെടികളും നന്നായി കാണുന്നവിധത്തിലാകണം ചെടികൾ ക്രമീകരിക്കേണ്ടത്. നഴ്സറിയിൽ ചെടികൾ എല്ലാം ശാസ്ത്രീയമായി ഇനം തിരിച്ച് ക്രമീകരിക്കുക. വാങ്ങാൻ എത്തുന്നവർക്ക് ചെടിക്കൂട്ടങ്ങളുടെ ഇടയിലൂടെ നടക്കാൻ ആവശ്യത്തിന് വഴി നൽകണം.

ചെടികൾ വച്ചിരിക്കുന്നിടത്ത് മണ്ണിൽ നിന്നു കളകൾ പെട്ടെന്ന് വളർന്നു പടരും.

കളകൾ നിയന്ത്രിക്കാൻ നഴ്സറിയുടെ നിലം മുഴുവൻ വിപണിയിൽ ലഭിക്കുന്ന മൾച്ചിങ് ഷീറ്റ് വിരിക്കുന്നത് ഉപകരിക്കും. മൾച്ചിങ് ഷീറ്റിനു മുകളിലാണ് കവറിലോ ചട്ടിയിലോ ഉള്ള ചെടികൾ നിരത്തേണ്ടത്.

ചെടികൾ മാറ്റി നടാനും വിത്ത് നട്ട് വളർത്തിയെടുക്കാനും ഗുണനിലവാരമുള്ള ചുവന്ന മണ്ണും ചകിരിച്ചോറും ആട്ടിൻകാഷ്ഠവും ചാണകപ്പൊടിയുമെല്ലാം നഴ്സറിയിൽ എപ്പോഴും വേണ്ടി വരും. മഴക്കാലത്ത് ഇവയുടെ ലഭ്യത കുറയാനിടയുണ്ട്. ഇവ സുലഭമായി ലഭിക്കുന്ന സമയത്ത് ആ വശ്യമായ അളവിൽ ശേഖരിക്കാൻ ശ്രദ്ധിക്കണം.

വാങ്ങി വച്ച ചെടി ചെലവാകാതിരുന്നാൽ ലാഭം നോക്കാതെ കിട്ടുന്ന വിലയ്ക്ക് വിൽക്കുന്നതാണ് ബുദ്ധി.

ഓൺലൈൻ വിൽപനയിൽ കൊറിയർ, സ്പീഡ് പോസ്റ്റ് തുടങ്ങിയവ വഴി ചെടി അയയ്ക്കാം. പാക്ക് ചെയ്യുന്നതിനു മുൻപ് ആവശ്യക്കാരെ ചെടിയുടെ ഫോട്ടോ കാണിച്ച് ഉറപ്പു വരുത്തണം. ഒന്നോ രണ്ടോ ദിവസം നനയ്ക്കാതെ ചെടിയുടെ മിശ്രിതത്തിലെ നനവ് പൂർണമായി മാറിയ ശേഷമേ ചെടി പാക്ക് ചെയ്യാവൂ. ഇല്ലെങ്കിൽ ഫംഗസ് ബാധ പോലെയുള്ള പ്രശ്നങ്ങൾ പിടിപെടാൻ ഇടയുണ്ട്.

നല്ല കട്ടിയും ഗുണമേന്മയുള്ളതുമായ കാർഡ്ബോർഡ് ബോക്സിലാണ് ചെടി പാക്ക് ചെയ്യേണ്ടത്. പൂക്കൾ ടിഷ്യൂ പേപ്പർ െകാണ്ട് നന്നായി പൊതിയണം. കേടുപാടുണ്ടാകുന്നത് ഒഴിവാക്കാനാണിത്. ബോക്സിനുള്ളിൽ പേപ്പർ നിറച്ച് ചെടി അനങ്ങാത്ത രീതിയിലാക്കണം. ആവശ്യമെങ്കിൽ വായുസഞ്ചാരമുണ്ടാകാൻ േബാക്സിൽ ദ്വാരമിടാം. കേര ളത്തിന് പുറത്തേക്ക് അയയ്ക്കുമ്പോൾ കൂടുതൽ ദിവസമെടുക്കുമെന്നതിനാൽ നനയുന്നതും മറ്റു ഒഴിവാക്കാൻ ബോക്സ് മുഴുവൻ സെല്ലോടേപ് െകാണ്ട് ഒട്ടിക്കാം. ഇങ്ങനെ അയയ്ക്കുമ്പോൾ അൽപം വാടിയാലും രണ്ടു ദിവസം നനച്ചാൽ െചടി പൂർവസ്ഥിതിയിലാകും.

കൃഷി വകുപ്പ് മികച്ച പുഷ്പ കർഷകയ്ക്ക് / കർഷകന് നൽകുന്ന പുരസ്കാരമാണ് ഉദ്യാനശ്രേഷ്ഠ. ഒരു ലക്ഷം രൂപ, സ്വർണമെഡൽ, ഫലകം, സർട്ടിഫിക്കറ്റ് ഇവയാണ് വിജയിക്ക് ലഭിക്കുക. സ്വന്തം ഭൂമിയിൽ അഞ്ച് സെന്റ് എങ്കിലും വിസ്തൃതിയുള്ളതാകണം ഉദ്യാനം. കുറഞ്ഞത് 25 ഇ നം അലങ്കാരചെടികൾ വേണം. ഇനങ്ങൾ ലേബൽ ചെയ്ത് വൃത്തിയോടെ പരിപാലനം നടത്തിയതാകണം. വീട്ടിൽ ഒരുക്കിയ നഴ്സറികളെയാണ് അവാർഡിന് പരിഗണിക്കുക.

തയാറാക്കിയത് : ചൈത്രാലക്ഷ്മി

ഫോട്ടോ: ബേസിൽ പൗലോ

വിവരങ്ങൾക്കു കടപ്പാട്:

പ്രഫ. ജേക്കബ് വർഗീസ് കുന്തറ,

റിട്ടയേഡ് പ്രഫസർ, ബോട്ടണി വിഭാഗം,

ഭാരതമാതാ കോളജ്, കൊച്ചി

ശ്രീജ രാജീവ്, ഫീൽഡ് കൺസൽറ്റന്റ്,

ജില്ലാ േഹാർട്ടികൾച്ചർ മിഷൻ, എറണാകുളം