Friday 16 September 2022 11:39 AM IST : By സ്വന്തം ലേഖകൻ

ബട്ടൻ പോലെയുള്ള വസ്തു വിഴുങ്ങിയ കുട്ടി മരിച്ചു; ചികിത്സാപിഴവെന്ന് പരാതി

sarovar

ഭക്ഷണത്തോടൊപ്പം ബട്ടൻ പോലെയുള്ള വസ്തു വിഴുങ്ങിയ ഒരു വയസ്സുകാരൻ മരിച്ചു. ഓച്ചിറ പൊലീസ് സ്റ്റേഷനു സമീപത്തു വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥൻ കൊല്ലം ഉളിയക്കോവിൽ ശ്രീഭദ്ര നഗർ 203-ാം നമ്പറിൽ തുഷാരയിൽ ഷിന്റ സുദർശനന്റെയും കെഎസ്എഫ്ഇ കായംകുളം ബ്രാഞ്ചിലെ ഉദ്യോഗസ്ഥ ജയലക്ഷ്മിയുടെയും ഏക മകൻ സരോവർ ഷിന്റോയാണ് ഇന്നലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള ചികിത്സാപിഴവാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ ഓച്ചിറ പൊലീസ് കേസെടുത്തു .വയറു വേദനയെ തുടർന്ന് ബുധനാഴ്ച രാത്രി 8.30 ഓടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ പരിശോധിച്ച ശേഷം രണ്ടു പ്രാവശ്യം കുട്ടി ഛർ‍ദിച്ചു. തുടർന്ന് 12.30ന് എക്സ്റേ എടുത്തപ്പോഴാണു കുട്ടി ബട്ടൺ പോലെയുള്ള വസ്തു വിഴുങ്ങിയതായി കണ്ടെത്തിയത്.

വയറ്റിലുള്ള വസ്തു അടുത്ത ദിവസം വിസർജ്യത്തിലൂടെ പോകുമെന്ന് പറഞ്ഞു ഉറങ്ങുന്നതിനുള്ള മരുന്നു നൽകി ഡോക്ടർ തിരികെ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ ഉറങ്ങിയ കുട്ടിയെ രാവിലെ കൂടുതൽ അവശ നിലയിൽ കണ്ടതോടെ ബന്ധുക്കൾ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. സംസ്കാരം ഇന്ന്.

ആമാശയത്തിൽ എന്തോ വസ്തു കുരുങ്ങിയതായി എക്സ് റേയിൽ കണ്ടെത്തിയ ശേഷവും വിദഗ്ധ ചികിത്സ നൽകാതെ കുട്ടിയെ വീട്ടിലേക്ക് അയച്ചെന്നാണ് ബന്ധുക്കളുടെ പരാതിയിൽ പറയുന്നത്. അതേസമയം, കുട്ടിക്ക് മതിയായ ചികിത്സ നൽകിയെന്നും വിഴുങ്ങിയ വസ്തു പുറത്തുപോകാൻ സാധ്യതയുള്ള സ്ഥലത്തായതിനാലാണ് മരുന്നു നൽകി വീട്ടിലേക്കു അയച്ചതെന്നും സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു.