Thursday 25 January 2018 02:18 PM IST : By സ്വന്തം ലേഖകൻ

മലയുടെ താഴ്്‌വരയിലുള്ള എന്റെ വീട്; ഓർമകൾ പങ്കുവച്ച് അനുസിതാര

anu_sithara അനു സിതാര

വയനാട്ടിലെ കല്പറ്റയാണ് എന്റെ സ്വദേശം. ഒരു മലയുടെ താഴ്‌വരയിലാണ് വീട്. വീടിനടുത്തൊരു മുളങ്കാടുണ്ട്. പലതരം പക്ഷികളുടെ സമ്മേളന സ്ഥലമാണിവിടം. പാട്ടിലും കഥകളിലുമൊക്കെ പറയുന്നതുപോലെ കുയിലുകൾ കൂകിയുണർത്തുന്ന പ്രഭാതം കാണണമെങ്കിൽ ഞങ്ങളുടെ നാട്ടിലേക്ക് വരണം. ഇതിനൊപ്പിച്ച് കൂവുകയെന്നതായിരുന്നു എന്റെയും അനിയത്തിയുടെയും പ്രിയപ്പെട്ട ഹോബി.

പക്ഷേ മഴക്കാലമാകുമ്പോൾ ഞങ്ങളുടെ ഹോബി മാറും. വീടിന് മുൻവശത്തുകൂടെ ഒഴുകുന്ന പുഴയിങ്ങ് മുറ്റം വരെയെത്തും. പിന്നെ വെള്ളത്തിൽ കളിക്കുന്ന മക്കളെ രണ്ടിനെയും കരയ്ക്കുകയറ്റുക എന്നതാണ് അച്ഛന്റെയും അമ്മയുടെയും പ്രധാന തലവേദന.

ഭർത്താവ് വിഷ്ണുവിന്റെ വീട്ടിൽനിന്നു നോക്കിയാൽ ചെമ്പ്ര കൊടുമുടി കാണാം. സമീപത്തെല്ലാം തോട്ടവും മരങ്ങളുമൊക്കെയായി പച്ചപ്പിന്റെ വിളയാട്ടം തന്നെ.

anu1

കലാമണ്ഡലത്തിൽ ചേർന്നപ്പോഴാണ് ആദ്യമായി വീട് വിട്ടുനിന്നത്. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച കാലഘട്ടം. അവിടുത്തെ ഭക്ഷണവും ചിട്ടകളുമൊക്കെ നല്ലപോലെ വലച്ചു. വെളുപ്പിന് നാലുമണിക്ക് നൃത്തപരിശീലനം തുടങ്ങിയാൽ 11 മണി വരെ നീളും. ഉച്ചയ്ക്ക് ശേഷമാണ് മറ്റു ക്ലാസുകൾ. നൃത്തത്തിനോടുള്ള ഇഷ്ടം കാരണം എല്ലാത്തിനോടും പൊരുത്തപെടാനായി.

ഞാനും വിഷ്ണുവേട്ടനും പുതിയ വീടിന്റെ പണിപ്പുരയിലാണ്. ഓപ്പൺ പ്ലാൻ ആണ് വീടിന്റേത്. പാർടീഷനുകൾ കഴിവതും ഒഴിവാക്കുകയാണ്. നൃത്തപരിശീലനത്തിനും സ്ഥലം നൽകിയിട്ടുണ്ട്. ഇന്റീരിയർ അലങ്കരിക്കാൻ കുറച്ച് ആന്റിക് വസ്തുക്കൾ വാങ്ങുന്ന തിരക്കിലാണ് ഞങ്ങൾ.