ആർക്കിടെക്ട് അർജുന്റെ വീടായ ‘ഹൃദയം’ കണ്ടിട്ടാണ് തൃശൂർ നടത്തറയിലുളള ഹരീഷും സന്ധ്യയും വീടു പണിയാൻ സമീപിക്കുന്നത്. വീട്ടുകാർ തമ്മിലുള്ള അടുപ്പം ഊട്ടിയുറപ്പിക്കുന്ന വിധം ഇടങ്ങളെല്ലാം പരസ്പര ബന്ധിതമായിരിക്കണമെന്നും പഴമയുടെ സൗന്ദര്യസ്പർശം വേണമെന്നതുമായിരുന്നു അവരുടെ ആവശ്യങ്ങൾ. ആൽവിൻ സോളൻ, ജി. അനുരാഗ്, വി. എസ്. ഷാരുൺ എന്നിവരടങ്ങുന്ന എൻജീനിയറിങ് ടീമിന്റെ സംഭാവനകൾ വലുതായിരുന്നുവെന്ന് പറയുന്നതിനൊപ്പം വീട്ടുകാരുടെ മനസ്സിനിണങ്ങിയ വീടുണ്ടാക്കിയ വിശേഷം ആർക്കിടെക്ട് അർജുൻ പങ്കുവയ്ക്കുന്നു.
വീട്ടുകാരുടെ ആവശ്യങ്ങൾ എങ്ങനെയാണ് ഡിസൈനിൽ ഉൾക്കൊള്ളിച്ചത്?
പൊതു ഇടങ്ങളെല്ലാം ഓപ്പൻ ആയും വാർക്കാതെ ഒറ്റ മേൽക്കൂരയ്ക്കു താഴെയായും നൽകിയത് ഇടങ്ങളെ പരസ്പര ബ ന്ധിതമാക്കാൻ സഹായിച്ചു. മാത്രമല്ല, കാറ്റും വെളിച്ചവും കയറിയിറങ്ങാനും ഇത് സഹായകമായി. അതും വീട്ടുകാരുടെ ആവശ്യമായിരുന്നു. മാസ്റ്റർ ബെഡ്റൂമിൽ നൽകിയിട്ടുള്ള കിളിവാതിലിലൂടെ വീടിന്റെ എല്ലാ ഇടങ്ങളിലേക്കും കണ്ണെത്തും. പഴമയ്ക്കായി ട്രെഡീഷണൽ ലുക്കിനെ കൂട്ടുപിടിച്ചു. ചരിച്ചുള്ള വാർക്കയും ഓടും തടിയും ഇൻബിൽറ്റ് ഫർണിച്ചറുമെല്ലാം പഴമയുടെ സ്പർശമേകുന്നു. കോർട്‌യാർഡും തുറന്ന ഇടങ്ങളും വീടിനുള്ളിൽ കാറ്റും വെളിച്ചവും നിറയ്ക്കുന്നു.
ഫ്ലോറിങ് വളരെ പ്രത്യേകതയുള്ളതാണല്ലോ ?
തുറന്ന ഇടങ്ങളായതിനാൽ ഫ്ലോറിങ് വഴിയാണ് ഓരോ ഇടത്തെയും വേർതിരിച്ചിരിക്കുന്നത്. വരാന്തയിൽ വുഡൻ ലാമിനേറ്റ് നൽകി. അടുക്കളയൊഴിച്ച് ബാക്കി മുറികളിലെല്ലാം പച്ച നിറത്തിലുള്ള ഓക്സൈഡ് ഫ്ലോറിങ് ചെയ്തു. അടുക്കളയിൽ വിട്രിഫൈഡ് ടൈൽ ഇട്ടു. മുറ്റത്ത് ബാംഗ്ലൂർ സ്റ്റോൺ വിരിച്ചു. പച്ച നിറത്തിലുള്ള ഫ്ലോറിങ് അധികം കാണാത്തതു കൊണ്ട് ഇന്റീരിയറിന് വ്യത്യസ്തത ലഭിച്ചു.
കൂടുതലും ഇൻബിൽറ്റ് ഫർണിച്ചർ നൽകാനുള്ള കാരണം?
ബെഡ്, സൈഡ് ടേബിൾ, ബേ വിൻഡോ, സ്റ്റഡി ഏരിയ തുടങ്ങി പരമാവധി ഇൻബിൽറ്റ് ഫർണിച്ചറും സീറ്റിങ്ങുകളുമാണ് നൽകിയിട്ടുള്ളത്. പഴമയുടെ ഛായയേകാനാണ് പ്രധാനമായും ഇതു നൽകിയത്. ചെലവു നിയന്ത്രിക്കാനും ഇൻബിൽറ്റ് ഫർണിച്ചർ സഹായകമാണ്.
പഴയ സാമഗ്രികൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ടോ?
മേൽക്കൂരയിലെ ഓട് പഴയതാണ്. ലിവിങ്ഡൈനിങ് ഏരിയയോടു ചേർന്നുള്ള കോർട്‌യാർഡിന്റെ ജനാലകളും പഴയത് പുതുക്കിയെടുത്തതാണ്. പടിപ്പുരയുടെ വാതിലും പഴയതു തന്നെ.
ഡബിൾ ഹൈറ്റ് നൽകാനുള്ള കാരണം?
ലിവിങ്, ഡൈനിങ് ഏരിയകൾ ഡബിൾ ഹൈറ്റിലാണ് നൽകിയത്. ഇത് വീടിന് വ്യാപ്തി തോന്നാൻ സഹായിക്കുന്നു. തൽഫലമായി വീടിന്റെ ഭംഗി വർധിപ്പിക്കുകയും ചെയ്യുന്നു.
തടിയുടെ ഉപയോഗം നല്ലതുപോലെ ഉണ്ടല്ലോ?
അതെ, പഴമയുടെ പ്രൗഢി തോന്നിക്കാൻ തടിയേക്കാൾ മികച്ച നിർമാണ സാമഗ്രി വേറെയില്ല. ജനൽ, വാതിൽ, പാനലിങ്, ഗോവണി എന്നിവയെല്ലാം തേക്ക്, ഈട്ടി എന്നിവ കൊണ്ടാണ് പണിതത്. ലിവിങ്ങിനെയും ഡൈനിങ്ങിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലവും തടിയിൽ തീർത്തതാണ്.
ഗോവണിയുടെ ഡിസൈനിനെക്കുറിച്ച്?
ഇന്റീരിയറിന്റെ ഭംഗിയിൽ നിർണായക പങ്കുവഹിക്കുന്ന ഘ ടകമായാണ് ഇവിടെ ഗോവണി ഡിസൈൻ ചെയ്തത്. തടി, സ്റ്റീൽ എന്നിവ കൊണ്ടാണ് ഗോവണി നിർമിച്ചത്.
വീടിന്റെ പ്രത്യേകതകൾ എന്തെല്ലാം?
അടുക്കള, കിടപ്പുമുറികൾ എന്നിവയൊഴിച്ച് ബാക്കി മുറികളൊന്നും വാർത്തിട്ടില്ല. ട്രസ്സിട്ട് ഓടു വിരിച്ചു, താഴെ പൂവോട് നൽകി. ചെലവു നിയന്ത്രിക്കുന്നതില്‍ ഇത് പങ്കുവഹിച്ചു. പച്ച ഓക്സൈഡ് ഫ്ലോറിങ്, ഇൻÐബിൽറ്റ് ഫർണിച്ചർ എന്നിവയെല്ലാം ഈ വീടിന്റെ സവിശേഷതകളാണ്.
Area: 2200 sqft Owner: സി. യു. ഹരീഷ് & പി. വി. സന്ധ്യ Location: നടത്തറ, തൃശൂർ
Design: നേക്കഡ് വോള്യം, തൃശൂർ Email: architecture.nakedvolume@gmail.com