Saturday 17 July 2021 04:56 PM IST : By സ്വന്തം ലേഖകൻ

വീടിന് ആഴകും വീട്ടുകാര്‍ക്ക് പോസിറ്റീവ് എനർജിയും ലഭിക്കുന്ന ബാൽക്കണി ഒരുക്കേണ്ടത് ഇങ്ങനെ

balcony beuty 3

ബുദ്ധിപരമായി ബാൽക്കണി നിർമിച്ചാൽ വീടിന്റെ അഴകും വീട്ടുകാരുടെ ശാരീരിക– മാനസികാരോഗ്യസ്രോതസ്സും ആകും ബാൽക്കണി.

∙ ഫ്ലാറ്റുകളിൽ ബാൽക്കണിയാണ് വെയിൽ നേരിട്ടു കിട്ടുന്ന പ്രധാന ഏരിയ. പുറത്തിറങ്ങാനാകാത്ത പ്രായമായവർക്കും ചെറിയ കുട്ടികൾക്കുമെല്ലാം വൈറ്റമിൻ ഡി കിട്ടാൻ ഇവിടം പ്രയോജനപ്പെടുത്താം. ഫ്ലാറ്റിൽ താമസിക്കുന്ന പ്രായമായവർക്ക് കൃഷി ചെയ്യാനുള്ള ഇടവുമാക്കി ബാൽക്കണി മാറ്റാം.   

balcony beuty 5

∙ലിവിങ് ഏരിയയോടു ചേർന്നും കിടപ്പുമുറികളോടു ചേർന്നും ഫ്ലാറ്റുകളിൽ ബാൽക്കണിയുണ്ടാകാം. അങ്ങനെ സ്വകാര്യത ലഭിക്കുന്ന ഒരു അധിക ബാൽക്കണി, യോഗയോ വ്യായാമമോ മെഡിറ്റേഷനോ ചെയ്യാൻ ഉപയോഗിക്കാം.

∙ ചെറിയ ബാൽക്കണിയാണെങ്കിൽ ഭിത്തിയും ഹാൻഡ്റെയിലും പരമാവധി പ്രയോജനപ്പെടുത്തുക. ഭിത്തിയിൽ തട്ടുകൾ ഉണ്ടാക്കി അവിടെ ചട്ടികൾ വയ്ക്കാം. ഹാൻഡ്റെയിലിൽ തൂക്കിയിടാവുന്ന ചട്ടികളും ഉപയോഗിക്കാം.

balcony beuty 6

∙ പ്ലോട്ടിന്റെ പ്രത്യേകതകൾക്ക് അനുസരിച്ചാകണം വീടുകളിൽ ബാൽക്കണിയുടെ സ്ഥാനം. ചുറ്റും വീടുകൾ ഉണ്ടോ, വീടുകൾ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടോ, സ്വന്തം സ്വകാര്യതയും അയൽക്കാരുടെ സ്വകാര്യതയും ബാൽക്കണി നഷ്ടപ്പെടുത്തുമോ തുടങ്ങിയ ചിന്തകൾ ബാൽക്കണിയുടെ സ്ഥാനം തീരുമാനിക്കുന്നതിനുമുൻപ് ഉണ്ടാകേണ്ടതാണ്. മുൻകൂട്ടി ചിന്തിച്ചാൽ ബാൽക്കണി ഉപയോഗിക്കാതെ ഇടേണ്ടിവരുന്നത് ഒഴിവാക്കാം.

∙ അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ പൂർണ്ണമായി തുറന്നതല്ലാത്ത ബാൽക്കണി തിരഞ്ഞെടുക്കാം. ടെറാക്കോട്ട ജാളി ഉപയോഗിച്ചും പെർഫറേറ്റഡ് മെറ്റൽ ഷീറ്റുകൾ കൊണ്ടും മെറ്റൽ പൈപ്പ് കൊണ്ടും കാറ്റും വെളിച്ചവും നഷ്ടപ്പെടുത്താതെ ബാൽക്കണിയിൽ സ്വകാര്യത കൊണ്ടുവരാൻ സാധിക്കും. കിടപ്പുമുറിയുടെ തുടർച്ചയായി വരുന്ന ബാൽക്കണി മിക്കയിടത്തുമുണ്ട്. കിടപ്പുമുറിയിലേക്ക് വെളിച്ചമെത്തിക്കുമ്പോൾതന്നെ സ്വകാര്യത സംരക്ഷിക്കും എന്നതാണ് പ്രത്യേകത.

balcony beuty 1

∙ ബാൽക്കണിയിൽ വെയിൽ കിട്ടുന്ന നേരവും അളവും നോക്കി വേണം ചെടികൾ തീരുമാനിക്കാൻ. നല്ല വെയിൽ കിട്ടാൻ സാധ്യതയുണ്ടെങ്കിൽ പൂക്കൾ ഉണ്ടാകുന്ന ചെടികൾക്കും സ്ഥാനം നൽകാം.‘ മീ സ്പേസ് (me space)’ ആക്കിമാറ്റാം. തയ്യൽമെഷീൻ ഇടാനുള്ള ഇടവും റീഡിങ് സ്പേസും ചിത്രം വരയ്ക്കാനുള്ള ഇടവുമൊക്കെയായി  മാറ്റിയെടുക്കാം.

∙ മെയിന്റനൻസ് പ്രശ്നമുള്ളവർക്ക്  നിലത്ത് കൃത്രിമലോൺ വിരിക്കാം. ഔട്ട്ഡോർ ഫർണിച്ചർ കൂടിയിട്ടാൽ വൃത്തിയും ഭംഗിയുമുള്ള ഇടമായി മാറും. ഫ്ലോറിങ്ങിന്റെ സൗന്ദര്യത്തേക്കാളേറെ ഉപയോഗമായിരിക്കണം മനസ്സിൽ. ചെറിയ ബാൽക്കണിയാണെങ്കിൽ ഫ്ലോറിങ്ങിന് ഒട്ടുംതന്നെ ശ്രദ്ധ കിട്ടില്ല. വെയിൽ അടിച്ചാലും പരുക്കനായി ഉപയോഗിച്ചാലും കേടാകാത്ത ഫ്ലോറിങ് മെറ്റീരിയൽ ഉപയോഗിക്കുന്നതാണ് നല്ലത്. ചൂരൽ ഊഞ്ഞാലും ഹാമക്കുമൊക്കെ ഇട്ട് ആകർഷകവും പ്രയോജനകരവുമാക്കാം. ചെറിയ ബാൽക്കണിയിൽ L ആകൃതിയുള്ള ഇരിപ്പിടങ്ങൾ, ഫോൾഡബിൾ മേശ തുടങ്ങിയവ അനുയോജ്യമാണ്.

balcony beuty 4

∙ ചെടികൾക്കൊപ്പം കുറച്ച് വോൾ ഹാങ്ങിങ്ങുകളും ശില്പങ്ങളും കൂടിച്ചേർന്നാലേ ബാൽക്കണിക്ക് പൂർണത കൈവരൂ. അലങ്കാര കണ്ണാടി, മെക്രോമി നോട്ട്, ഡെക്കറേറ്റീവ് ലാംപ് ഒക്കെ വച്ച് ഭംഗി കൂട്ടാം. ഹാങ്ങിങ് ലൈറ്റുകൾ ബാൽക്കണി മോടിപിടിപ്പിക്കാനുള്ള എളുപ്പവഴിയാണ്.  ഭംഗി കൂട്ടാൻ ഗ്രിൽ ഡിസൈൻ വളരെയധികം സഹായിക്കും. ഗ്ലാസ്, വേലിക്കല്ല്, ജാളി ബ്രിക്സ്, പെർഫറേറ്റഡ് ഷീറ്റ് ഇതൊക്കെ ഗ്രില്ലിനു പകരം ഉപയോഗിക്കാം.

∙ ബാൽക്കണിയുടെ തേക്കാത്ത ഭിത്തികൾ വീടിന്റെ എക്സ്റ്റീരിയർ ലുക്കിനു മാറ്റുകൂട്ടും. റസ്റ്റിക് ഫിനിഷ് വരുത്താൻ ക്ലാഡിങ്ങും വോൾപേപ്പറുമൊക്കെ പ്രയോജനപ്പെടുത്താം. 

balcony beuty 2

∙ ഓട്ടമാറ്റിക് ഷട്ടറുകൾ ബാൽക്കണിയിൽ പ്രയോജനപ്പെടുത്താം. ബാൽക്കണി കൂടി മുറിയുടെ ഭാഗമാവുകയും ആവശ്യമാകുമ്പോൾ മാത്രം വേർതിരിച്ചു നിർത്തുകയും ചെയ്യാം എന്നതാണ് ഓട്ടമാറ്റിക് ഷട്ടറിന്റെ ഗുണം. കുടുംബ കൂട്ടായ്മകൾക്കും ഈ ഭാഗം പ്രയോജനപ്പെടുത്താം. ഉപയോഗമില്ലാതെ കിടക്കുന്ന ബാൽക്കണികൾ ഭാഗികമായി അടച്ച് സ്റ്റഡി ഏരിയയോ ഓഫിസ് ഏരിയയോ ആക്കാവുന്നതാണ്.

∙ ക്യാറ്റ്സ് ക്ലോ, മാൻഡിവില്ല പോലെ വള്ളിച്ചെടികൾ പടർത്തിയും ബാൽക്കണി നിറം പിടിപ്പിക്കാം. ഇത്തരത്തിൽ ചെടി വളർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സീലിങ് വാർക്കാതെ മെറ്റൽ ഫ്രെയിം ഇട്ട് നിർമാണച്ചെലവും കുറയ്ക്കാം.

balcony beuty 3
Tags:
  • Vanitha Veedu