Thursday 11 January 2018 04:11 PM IST : By ശ്രീദേവി

മണ്ണിന്റെ അതേ നിറം, മണം, ടെക്സ്ചർ; കരകുളത്തെ വീടിന്റെ വിശേഷങ്ങൾ അറിയാം

mud-h1
ചിത്രങ്ങൾ: ഹരികൃഷ്ണൻ

മണ്ണിന്റെ അതേ നിറം, അതേ ടെക്സ്ചർ, അതേ മണം..  മണ്ണിൽ നിന്നു മുളച്ചുവന്നതാണെന്നുതോന്നും ആ വീടുകണ്ടാൽ. തിരുവനന്തപുരത്തെ കരകുളത്തുള്ള വസന്തം എന്ന വീടിനെക്കുറിച്ചാണ് പറയുന്നത്. വീട്ടുകാരൻ തിരുവനന്തപുരത്തുള്ള എൻജിഒ ആയ തണലിന്റെ പ്രോഗ്രാം ഡയറക്ടർ ശ്രീധർ രാധാകൃഷ്ണൻ. പ്രകൃതിയിൽനിന്ന് അനാവശ്യമായി ഒന്നും എടുക്കാത്ത, പ്രകൃതിക്ക് ആവശ്യമില്ലാത്ത ഒന്നും അവശേഷിപ്പിക്കാത്ത ഈ വീടിനെക്കുറിച്ച് ശ്രീധർ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഇങ്ങനെയാണ് കുറിച്ചത്. ‘‘ചെലവുകുറഞ്ഞ, ഇടത്തരം വലുപ്പമുള്ള, പരമ്പരാഗതശൈലിയിലുള്ള ഒരു വീട് നിർമിക്കുകയെന്നത് അല്പം പ്രയാസമുള്ള സംഗതിയായിരുന്നു. ഒടുവിൽ ചതുരശ്രയടിക്ക് 1100–1200 രൂപയ്ക്ക് അതു സംഭവിച്ചു. ഒരിക്കൽ ഉപയോഗിച്ച ഇഷ്ടിക, ഓട്, ഗോവണി, തടി ഇവയെല്ലാം ഉപയോഗിച്ച് ചെലവു ചുരുക്കിയാണ് വീടുണ്ടാക്കിയത്.’’

അവകാശവാദങ്ങളോ അകത്തളത്തിന്റെ കൃത്രിമമായ ആർഭാടമോ ഒന്നുമില്ലാത്ത ഒരു സാധാരണ വീട്. പഴയ അടിത്തറ, പഴയ ജനലുകളും വാതിലുകളും, പഴയ ഓട്, പഴയ ഗോവണി, ട്രീറ്റ് ചെയ്ത അക്കേഷ്യ, ട്രീറ്റ് ചെയ്ത മുള എന്നീ നിർമാണസാമഗ്രികൾകൊണ്ടുണ്ടാക്കിയ വീടാണിതെന്ന് ഒറ്റ വാചകത്തിൽ പറയാം.

mud-h8

റേറ്റിങ് കിട്ടാത്ത ഗ്രീൻ ഹോം

തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്ന അഞ്ച് സെന്റ് വിറ്റാണ് ശ്രീധറും ഭാര്യ ശോഭയും കരകുളത്തെ 21 സെന്റ് സ്വന്തമാക്കിയത്. റബർ മരങ്ങൾക്കിടയിലൂടെയുള്ള മൺറോഡിലൂടെ കുന്നിൻ മുകളിലെ വീട്ടിലെത്താം. പ്രാദേശികമായ രീതിയിൽ നിർമിച്ച, ചളിക്കട്ടകൾകൊണ്ടുണ്ടാക്കിയ ഒരു വീടുണ്ടായിരുന്നു ഇവിടെ. ഈ വീട് പൊളിച്ചത് ശ്രീധറിനെ പുതിയ പല പാഠങ്ങളും പഠിപ്പിച്ചു. മണ്ണ് ഉപയോഗിച്ചു പടുത്തതിനാലാണ് കട്ടകൾ പൊട്ടാതെ കിട്ടിയത്. സിമന്റാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഒറ്റക്കട്ടപോലും ലഭിക്കില്ലായിരുന്നു, ആ കെട്ടിടം ഭൂമി നിരപ്പാക്കാൻ മാത്രമേ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളൂ. പുതിയ വീട് പണിയുമ്പോൾ സിമന്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം എന്ന ശ്രീധറിന്റെ ചിന്തയ്ക്ക് ആക്കം കൂട്ടിയത് ഈ സംഭവമാണ്.

mud-h7

പഴയ തറ പുതിയ വീടിന്

പഴയ വീടിന്റെ തറ ഉറപ്പുള്ളതായിരുന്നു. ആ തറയിലേക്ക് കുറച്ചുകൂടി ഭാഗങ്ങൾ കൂട്ടിച്ചേർത്താൽ തങ്ങൾക്ക് ആവശ്യമായ സ്ഥലം ലഭിക്കുമെന്ന് ഉറപ്പായി. വർക്ഏരിയയുടെയും വീടിനു ചുറ്റുമുള്ള വരാന്തയുടെയും ഭാഗം പുതിയതു നിർമിച്ചതോടെ തറയുടെ നിർമാണം പൂർത്തിയായി.

ആവശ്യമില്ലാതെ മരം മുറിക്കേണ്ട എന്ന തീരുമാനം ആദ്യമേ ഉണ്ടായിരുന്നതിനാൽ  വീടിനാവശ്യമായ ജനലുകളും വാതിലുകളും കണ്ടെത്തലായിരുന്നു അടുത്ത ജോലി. മിക്ക ദിവസവും മകൻ അംബരീഷിനെയും പിന്നിൽ കയറ്റി സ്കൂട്ടറിൽ തിരുവനന്തപുരത്തെ സെക്കൻഡ്ഹാൻഡ് തടി മാർക്കറ്റുകളിൽ കറങ്ങൽ അക്കാലത്ത് പതിവായിരുന്നെന്ന് ശ്രീധർ ഓർക്കുന്നു.

mud-h5

ജനലുകൾ, ഓട് എന്നിവയെല്ലാം ഇത്തരം സ്ഥലങ്ങളിൽനിന്നെടുത്തതാണ്. ഇഷ്ടികയും ചില ജനലുകളും ശാസ്തമംഗലത്തെ മണിഭവൻ എന്ന വീട് പൊളിച്ചപ്പോൾ അവിടെനിന്നു വാങ്ങി. വാതിലുകളും പട്ടികയ്ക്കുള്ള കുറച്ചു തടിയുമെല്ലാം പഴയതുതന്നെ സംഘടിപ്പിച്ചു. ഇതിനെല്ലാം പ്രേരകശക്തിയായി നിന്നത് വീട് ഡിസൈൻ ചെയ്ത കോസ്റ്റ്ഫോർഡിലെ ആർക്കിടെക്ട് പി.ബി. സാജൻ ആണെന്ന് ശ്രീധർ ഓർക്കുന്നു.

മുഴുവൻ മണ്ണുതന്നെ

പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ മൺകട്ടകളും പ്ലോട്ടിൽനിന്നെടുത്ത മണ്ണുകൊണ്ടു നിർമിച്ച കട്ടകളുമുപയോഗിച്ചായിരുന്നു ഭിത്തികളുടെ നിർമാണം. കുറച്ചു സ്ഥലത്തുമാത്രം പഴയ ഇഷ്ടിക ഉപയോഗിച്ചു. ഇത് ചെലവിന്റെ 40 ശതമാനത്തിലധികം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് ശ്രീധർ വിശ്വസിക്കുന്നത്. പടവിനും  തേപ്പിനുമെല്ലാം മണ്ണുതന്നെയാണ് ഉപയോഗിച്ചത്. കുമ്മായവും ഉമിയും ചേർത്ത മണ്ണാണ് ഇതിനു വേണ്ടത്. കുമ്മായത്തിന്റെ സാന്നിധ്യം ചിതലിനെ നശിപ്പിക്കാൻ സഹായിക്കും. മണ്ണ്– കുമ്മായം മിശ്രിതത്തിന് വേണ്ടത്ര പിടുത്തം (grip) കിട്ടാനാണ് ഉമി.

mud-h10

മുളയിൽ മുളച്ചത്

ഈ വീടിന്റെ നിർമാണത്തിൽ മുള വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. തൂണുകളെല്ലാം മുളകൊണ്ട്, രണ്ടാംനിലയുടെ നിർമാണവും മുളകൊണ്ട്. ബോറാക്സും ബോറിക് ആസിഡും കൊണ്ട് ട്രീറ്റ് ചെയ്ത മുളങ്കഴകൾക്ക് കാരിരുമ്പിന്റെ കരുത്താണ്. മുളങ്കഴകൾ തലങ്ങും വിലങ്ങും പാകി ഇടയിൽ മെഷ് വച്ച് സിമന്റ് തേച്ചാണ് മുകളിലെ നില നിർമിച്ചതെന്നു കേൾക്കുമ്പോൾ  പലരും അദ്ഭുതപ്പെടും. കമ്പിക്കു പകരം ട്രീറ്റ് ചെയ്ത മുള ഉപയോഗിക്കാമെന്നത് കേരളത്തിൽ പണ്ടുമുതലേ പ്രചാരത്തിലുണ്ടായിരുന്ന രീതിയാണ്. വീടിന്റെ മേൽക്കൂരയുടെ നിർമാണത്തിനും മുളതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കൈവരികളിലും മുഖപ്പിലുമെല്ലാം മുള ഉപയോഗിച്ച് ചെലവ് നിയന്ത്രിച്ചിരിക്കുന്നു.      

mud-h4

കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ഒട്ടുംതന്നെയില്ല എന്ന അവകാശവാദമുന്നയിക്കുന്നില്ല ശ്രീധർ. മുകളിലെ വരാന്തയുടെ ഒരു ഭാഗവും (വാട്ടർടാങ്ക് വയ്ക്കാൻ) ലിന്റലും കോൺക്രീറ്റ് ചെയ്തു.
നിലമൊരുക്കാനും സിമന്റിന്റെ സഹായം തേടിയിട്ടില്ല എന്നതാണ് കൗതുകമുണർത്തുന്ന മറ്റൊരു കാര്യം. താഴത്തും മുകളിലും മണ്ണിട്ട് ഉറപ്പിച്ച്, മുകളിൽ തറയോട് പാവുകയാണ് ചെയ്തത്. അതായത്, കോൺക്രീറ്റ് വീടു പണിയുമ്പോൾ വേണ്ടിവരുന്ന സിമന്റിന്റെ 20 ശതമാനം മാത്രമേ ഈ വീടിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളൂ.

ഗോവണിക്കുമുണ്ടൊരു കഥ

mud-h9

ഗോവണിയുടെ നിർമാണത്തിനു പിന്നിലും ശ്രീധറിന് രസകരമായൊരു കഥ പറയാനുണ്ട്. വീടിനു യോജിച്ചൊരു ഗോവണിക്കുവേണ്ടി പല സെക്കൻഡ്ഹാൻഡ് മാർക്കറ്റുകളും കയറിയിറങ്ങുന്നതിനിടയ്ക്കാണ് തടികൊണ്ടു നിർമിച്ച പഴയൊരു ഗോവണി കാണുന്നത്. വില പക്ഷേ, താങ്ങാവുന്നതിനപ്പുറമായിരുന്നു. മിക്ക ദിവസവും പോയി ആ ഗോവണി അവിടെത്തന്നെയുണ്ടെന്ന് ഉറപ്പിക്കും. ഒടുവിൽ ആറായിരം രൂപയ്ക്ക് ആ ഗോവണി ശ്രീധറിന്റെ സ്വന്തമായി. ‘‘അത്തരമൊന്ന് നിർമിക്കാൻ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് ഗോവണി ഉറപ്പിക്കാൻ വന്ന പണിക്കാരൻ പറഞ്ഞപ്പോഴാണ് മനസ്സിലാക്കിയത്’’ ശ്രീധർ പറയുന്നു. നേരത്തേയുണ്ടായിരുന്ന വീട് പൊളിച്ചപ്പോൾ കിട്ടിയ തടികൊണ്ട് അടുക്കളയിലേക്കും ഊണുമുറിയിലേക്കുമുള്ള കബോർഡുകൾ പണിതു.

mud-h11

അടുക്കളയിലേക്കും ബാത്റൂമിലേക്കുമുള്ള ടൈലുകൾ, അടച്ചുപൂട്ടാൻ ഒരുങ്ങുന്ന ഒരു കടയിൽ നിന്ന്  കുറഞ്ഞ വിലയ്ക്കു വാങ്ങി. പലതരം ടൈലുകൾ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലും ഭംഗിയുണ്ടെന്നാണ് വീട്ടുകാരുടെ കണ്ടെത്തൽ. നിർമാണസാമഗ്രികൾ പലതും ചുരുങ്ങിയ ചെലവിൽ വാങ്ങിയെങ്കിലും ഇലക്ട്രിക്കൽ ഫിറ്റിങ്സും സാനിറ്ററി ഫിറ്റിങ്സുമെല്ലാം ഏറ്റവും മികച്ചതുതന്നെയാണ് ഉപയോഗിച്ചത്.

ഊർജഉപയോഗത്തിന്റെ കാര്യത്തിലും മാതൃകയാണ് ഈ കുടുംബം. പ്രകൃതി തരുന്ന കാറ്റും വെളിച്ചവും പരമാവധി ഉപയോഗിക്കുന്നതിനൊപ്പംതന്നെ മനുഷ്യനിർമിത ഊർജം ധൂർത്തടിക്കാതെ നോക്കുന്നു. കുറഞ്ഞ ഊർജംകൊണ്ടു പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റുകളും ബിഎൽഡിസി ഫാനുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.    

mud-h2

ലളിതമായ പ്ലാൻ

വളരെ ലളിതമാണ് വീടിന്റെ പ്ലാൻ. സിറ്റ് ഔട്ടിൽനിന്ന് ഒരു ഹാളിലേക്കു പ്രവേശിക്കുന്നു. അടുക്കള, ഊണുമുറി, സ്വീകരണമുറി എന്നീ മൂന്ന് ഉപയോഗങ്ങളും ഈ ഹാളിന്റെ ഭാഗങ്ങൾതന്നെയാണ്. ഹാളിലേക്ക് തുറക്കുന്ന രണ്ട് കിടപ്പുമുറികൾ, അടുക്കളയിൽനിന്ന് വർക്ഏരിയ താഴെ ഇത്രയും മാത്രം. വർക്ഏരിയയുടെ ഒരറ്റത്താണ് കോമൺബാത്റൂം. എല്ലാ മുറിയിലും കാറ്റും വെളിച്ചവും ധാരാളം ലഭിക്കാവുന്ന രീതിയിലാണ് ജനലുകൾ ക്രമീകരിച്ചത്. കളർ ഗ്ലാസിന്റെ ഉപയോഗമാണ് മുറികൾക്ക് നിറം പകരുന്നു.    

mud-h3

മുകളിലെ നിലയിൽ നീളത്തിലുള്ള രണ്ട് മൾട്ടി പർപ്പസ് ഹാളുകൾ.. കൂടുതൽ ആളുകളുണ്ടെങ്കിൽ ഇവിടെ കിടക്കാം, നിലാവുകണ്ട് സംസാരിച്ചിരിക്കാം, കുട്ടികൾക്ക് ഓടിക്കളിക്കാം. മുഴുവൻ തുറക്കാവുന്ന ഗ്ലാസ് ജനാലകളാണ് ഹാളുകളെ തമ്മിൽ വേർതിരിക്കുന്നത്. മുകളിലും ഒരു കോമൺ ബാത്റൂം ഉണ്ട്. വീടിനു ചുറ്റും വരാന്ത നിർമിച്ചതിനു പിന്നിൽ സൗന്ദര്യവത്കരണം മാത്രമല്ല ലക്ഷ്യം. മൺ ഭിത്തികളിലേക്കു മഴവെള്ളം തെറിക്കാതെ സംരക്ഷിക്കൽ കൂടിയാണിത്.

mud-h6

ടൈലോ കരിങ്കൽ ചിപ്സോ വിരിക്കാത്ത, ശുദ്ധമായ മണ്ണിൽ ചവിട്ടി നടക്കാം. മുറ്റത്ത് നാടൻ ചെടികളും വൃക്ഷങ്ങളും. വീട് പാലുകാച്ചലിനു വന്നവരോട് സമ്മാനമായി മരങ്ങൾ മതിയെന്ന് വീട്ടുകാർ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. വീടിന് ഉറപ്പുണ്ടോ? ഈ മുളയൊക്കെ എത്രകാലം നിൽക്കും? ചിതലും പാറ്റയും പല്ലിയുമൊക്കെ വരില്ലേ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ വീടു കാണാനെത്തുന്നവരിൽനിന്ന് കേൾക്കാറുണ്ട് ശ്രീധർ. അവരോടെല്ലാം ഒരേ ഉത്തരമേയുള്ളൂ. ഈ വീട് എത്രകാലം നിൽക്കുമെന്ന് അറിയില്ല, ഇത് അടുത്ത തലമുറയ്ക്കുവേണ്ടി കരുതിയിട്ടുമില്ല. പക്ഷേ, ഇവിടെയുള്ള കാലത്തോളം മലിനമല്ലാത്ത പ്രകൃതിയിൽ സ്വതന്ത്രമായി ജീവിക്കാൻ സാധിക്കും. അത്ര മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.

mud-h12
ശ്രീധറും കുടുംബവും.