Wednesday 05 January 2022 05:47 PM IST

വീടിന്റെ തുടർച്ചയാണ് റസൂൽ പൂക്കുട്ടിയുടെ സ്റ്റുഡിയോ; ഓസ്കർ ജേതാവിന്റെ ശബ്ദങ്ങൾ ജനിക്കുന്ന ‘വീട്’

Sunitha Nair

Sr. Subeditor, Vanitha veedu

rasool-pookutty-studio-makeover-cover റസൂൽ പൂക്കുട്ടി സ്റ്റുഡിയോയിൽ. ചിത്രങ്ങൾ: രാഹുൽരാജ്

വീടിനേക്കാൾ കൂടുതൽ സമയം റസൂൽ ചെലവഴിക്കുന്നത് സ്റ്റുഡിയോയിലാണ്. അതുകൊണ്ടാണ് ‘വീടിന്റെ തുടർച്ചയാകണം സ്റ്റുഡിയോ’ എന്ന് റസൂൽ പൂക്കുട്ടി ആർക്കിടെക്ട് ടീമിനോട് ആവശ്യപ്പെട്ടത്. ശബ്ദലേഖനത്തിലൂടെ ഇന്ത്യയുടെ മണ്ണിലേക്ക് ഓസ്കർ കൊണ്ടുവന്ന പ്രതിഭയുടെ മുംബൈയിലെ സ്റ്റുഡിയോ ‘കാനറീസ് പോസ്റ്റ് സൗണ്ടി’ന്റെ ഡിസൈനിലും രാജ്യാന്തര നിലവാരം കാണാം.

മുഖം മിനുക്കൽ

ചില സൗകര്യക്കുറവുകൾ കാരണമാണ് സ്റ്റുഡിയോയുടെ മുഖം മിനുക്കാൻ റസൂൽ തീരുമാനിച്ചത്. 620 ചതുരശ്രയടി മാത്രമുള്ള ഇടത്തിന് മേക്ക്ഓവർ നൽകി മനോഹരമായ ഓഫിസ് സ്പേസ് ആക്കി മാറ്റി. ആവശ്യങ്ങൾ കൃത്യവും വിശദവുമായി റസൂൽ പറഞ്ഞിരുന്നുവെന്നും ചെറിയ ഇടത്തിൽ അവ ഒരുക്കുക എന്നതായിരുന്നു ശ്രമകരമെന്നും മുംബൈയിലെ അനമോർഫിക് ഡിസൈൻ സ്റ്റുഡിയോയുടെ സാരഥികളായ മലയാളി ആർക്കിടെക്ട് താബിഷ് മുനീറും ആർക്കിടെക്ട് മുനീബ് മോട്‍‌ലേക്കറും പറയുന്നു.

rasool-pookutty-studio-makeover-designers ആർക്കിടെക്ട് താബിഷ് മുനീറും ആർക്കിടെക്ട് മുനീബ് മോട്‍‌ലേക്കറും

സ്ഥലത്തിന്റെ പരിമിതി മറികടക്കാൻ താബിഷും മുനീബും ‘Z’ ആക്സിസില്‍ ഡിസൈൻ ചെയ്യാനും പ്ലാൻ ചെയ്യാനും ആരംഭിച്ചു. അങ്ങനെയാണ് ലോഫ്റ്റിലേക്കെത്തുന്നത്. എല്ലാ പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിക്കാൻ ഓരോ ഇ‍ഞ്ചും ഉപയോഗിക്കാൻ ശ്രദ്ധിച്ചു. ഒപ്പം എർഗണോമിക്സിൽ വിട്ടുവീഴ്ച ചെയ്തതുമില്ല.

ഉള്ളിലേക്ക് കയറാം

പ്രവേശിക്കുമ്പോൾ തന്നെ അഭിവാദ്യം ചെയ്യുന്നത് തടി, പിത്തള, ഗ്ലാസ്, ഫാബ്രിക് എന്നീ ‘വാം മെറ്റീരിയൽസ്’ ഒത്തുചേർന്ന സുഖകരമായ ഫീൽ ആണ്. സന്ദർശകർക്ക് കാത്തിരിക്കാനുള്ള ഇടത്തെ വേർതിരിച്ചിരിക്കുന്നത് സ്ലൈഡിങ് ഫോൾഡിങ് പാർട്ടീഷൻ വഴിയാണ്. തടി ഫ്രെയിമിൽ ഗ്ലാസ് പാനൽ നൽകി നിർമിച്ച പാർട്ടീഷൻ സ്വകാര്യത ഉറപ്പാക്കുന്നു. വിശേഷാവസരങ്ങളിൽ പാർട്ടീഷൻ മടക്കി വച്ചാൽ രണ്ടിടങ്ങളും കൂടിച്ചേർന്ന് വിശാലമായ സ്പേസ് കിട്ടും.

rasool-pookutty-studio-makeover

വെയ‌്റ്റിങ് റൂമിന് പിറകിലാണ് റസൂലിന്റെ സ്വകാര്യ ഓഫിസ് സ്പേസ്. വീട്ടിത്തടി കൊണ്ടുള്ള മേശയും ആന്റിക് ബോസ് കസേരയും ഈയിടത്തിന് ഗാംഭീര്യമേകുന്നു. റസൂലിന്റെ ഫേവറിറ്റാണ് വീട്ടിയും തേക്കും. ‘‘മുംബൈയിലെ എന്റെ വീട് ഡിസൈൻ ചെയ്തത് ഞാൻ തന്നെയാണ്. തടി എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും അതിന്റെ ഗന്ധം. വീട്ടിലും തടി നന്നായി ഉപയോഗിച്ചിട്ടുണ്ട്,’’ റസൂൽ പറയുന്നു.

കസേരയ്ക്കു പിന്നിൽ തടി ഫ്രെയിം കൊണ്ട് അതിരിട്ട സൗണ്ട് പ്രൂഫ് ഡബിൾ ഗ്ലേസ്ഡ് ജനലാണ്. പ്രധാന സ്റ്റുഡിയോയിലേക്ക് തുറക്കുന്ന ഈ ജനാലയാണ് വെളിച്ചത്തിന്റെ സ്രോതസ്സ്. ‘‘പൊതുവേ സൗണ്ട് സ്റ്റുഡിയോകളെല്ലാം വെളിച്ചം കയറാത്തവയായിരിക്കും. സൂര്യപ്രകാശം സ്റ്റുഡിയോയിൽ വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. ചിലപ്പോൾ ദിവസങ്ങളോളം സമയം നോക്കാതെ ജോലി ചെയ്യേണ്ടതായി വരും. അപ്പോൾ എന്റെ ബയോളജിക്കൽ ക്ലോക്ക് ആകെ താളം തെറ്റും. എന്നാൽ സൂര്യപ്രകാശം ലഭിക്കുമ്പോൾ ശരീരത്തിന് പകലും രാത്രിയും തിരിച്ചറിയാൻ പറ്റും.’’

പ്രവേശനകവാടത്തിന് എതിരായാണ് പ്രധാന മിക്സിങ് സറ്റുഡിയോ. സൂക്ഷ്മമായ ശബ്ദവിന്യാസത്തിനുതകും വിധം ഇൻസുലേഷൻ മെറ്റീരിയലുകളുടെ പല പാളികൾ കൊണ്ട് ഇവിടം പൊതിഞ്ഞു. ചുമരിൽ പേസ്റ്റൽ നിറത്തിലുള്ള ഫാബ്രിക് നൽകിയതും ശബ്ദ ക്രമീകരണത്തിനു തന്നെ. തേക്കിൻതടി കൊണ്ടുള്ള ഫ്ലോറിങ് ഇതോടു ചേർന്നു പോകുന്നു. പ്രകൃതിദത്തമായ പ്രകാശം ഇവിടെയെത്തിക്കുന്നത് സിംഗിൾ പീസ് സൗണ്ട് പ്രൂഫ് ഗ്ലാസ് ജനാലയാണ്. അതോടൊപ്പം പല അളവുകളിൽ പ്രകാശം പൊഴിക്കുന്ന കൃത്രിമ ലൈറ്റുകളും.

rasool-pookutty-studio-makeover-stair

ഗോവണിക്കു താഴെയുള്ള ഫീച്ചർ വോളിൽ പുരസ്കാരങ്ങളാണ്; ഉള്ളിൽ സ്റ്റോറേജും. തേക്ക് പൊതിഞ്ഞ ഗോവണി എത്തുന്നത് മെസനൈൻ ഫ്ലോറിലേക്കാണ്. അവിടെ പാൻട്രി, പേഴ്സനൽ സ്റ്റുഡിയോ, സ്പാനിഷ് തീമിലുള്ള വാഷ്റൂം, ഓഫിസ് സ്പേസ് എന്നിവ കാണാം. ഇൻബിൽറ്റ് സിങ്കോടു കൂടിയ മഞ്ഞനിറത്തിലെ കൊറിയൻ കൗണ്ടർടോപ് പാൻട്രിക്ക് ‘സീംലെസ് ഫീൽ’ നൽകുന്നു. മെസനൈൻ ഫ്ലോറിൽ റെട്രൊ ലുക്കിൽ റെഡ് ഓക്സൈഡ് ഫ്ലോറിങ്ങായിരുന്നു റസൂലിന്റെ ആഗ്രഹം. പക്ഷേ, മുംബൈയിൽ അതിനുള്ള ആളെ കിട്ടിയില്ല. പകരം മൊസെയ്ക് ഫിനിഷുള്ള ടൈൽ നൽകി. കുലീനമായ ഡിസൈനിന്റെ ഊഷ്മളത ഇവിടെയെത്തുന്നവർക്ക് അനുഭവിച്ചറിയാം. കാഴ്ചയ്ക്കുള്ള ഭംഗിയോടൊപ്പം ജോലി ചെയ്യാൻ പ്രേരണയേകുകയും ചെയ്യുന്നു ഇവിടം.

rasool-pookutty-studio-makeover-veedu-annual

വിശദമായ ഫീച്ചർ വനിത വീട് 14 അനിവേഴ്സറി സ്പെഷൽ ലക്കം, ഇപ്പോൾ വിപണിയിൽ