Friday 25 October 2019 05:00 PM IST : By ശ്രീദേവി

സായിപ്പിന്റെ വീടിനെന്താ ചാലക്കുടിയിൽ കാര്യം?; വയർകട്ട് ഇഷ്ടികയും ഓടും കൊണ്ടൊരുക്കിയ യൂറോപ്യൻ വീട്

rejeev

ഒരു മ്യൂസിക് ബാന്റിനൊപ്പം യൂറോപ് പര്യടനത്തിനു പോയതാണ് ചാലക്കുടി പോട്ടയിലുള്ള രെജീവ്. തന്റെ വീട് സങ്കൽപങ്ങൾക്ക് പുതിയൊരു മാനവുമായാണ് രെജീവ് തിരിച്ച് വിമാനമിറങ്ങിയത്. യൂറോപ്പിലെ കൊളോണിയൽ വീടുകൾ ഇഷ്ടികയുടെ സൗന്ദര്യം രെജീവിനു കാണിച്ചുകൊടുത്തു. സ്വന്തമായൊരു വീടുപണിയാം എന്നു തീരുമാനിച്ചപ്പോൾ അന്ന് മനസ്സിൽ പതിഞ്ഞ രൂപങ്ങളാണ് പൊടിതട്ടി പുറത്തേക്കിട്ടത്.

വീടിന്റെ ഡിസൈനിനെക്കുറിച്ച് രെ‍ജീവിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. വീടിന് അണ്ടർഗ്രൗണ്ട് ഫ്ലോർ ഉണ്ടെങ്കിൽ സ്റ്റുഡിയോയും കുട്ടികളുടെ കളിസ്ഥലവുമെല്ലാം അവിടെയാകാം. രെജീവിന്റെ സുഹൃത്തുക്കൾ വരുമ്പോഴും സംഗീതം പരിശീലിക്കുമ്പോഴുമെല്ലാം മറ്റുള്ളവർക്കു ശല്യമാകാതിരിക്കുകയും ചെയ്യും. ചാലക്കുടിയിലെ ചെരിഞ്ഞ പ്ലോട്ടിൽ രെജീവിന്റെ ഈ ആഗ്രഹമെല്ലാം സാധിച്ചു.

r3

തൃശൂർ ഹാബിറ്റാറ്റിലെ എൻജിനീയർ സജീവനായിരുന്നു രെജീവിന്റെ വീടു സ്വപ്നം സാക്ഷാൽകരിക്കാൻ സഹായിച്ചത്. രെജീവിന്റെയും കുടുംബത്തിന്റെയും ഇഷ്ടങ്ങളെല്ലാം കേട്ട് സജീവ് ഗ്രൗണ്ട് ഫ്ലോറും അണ്ടർ ഗ്രൗണ്ട് ഫ്ലോറുമുള്ള ഒരു വീടിന്റെ പ്ലാൻ വരച്ചുകൊടുത്തു. താഴത്തെ ഭാഗത്തുനിന്ന് മണ്ണെടുത്ത് പ്ലോട്ടിന്റെ മുൻവശം റോഡ് നിരപ്പിനോടൊപ്പമാക്കി. കോളം–ബീം സ്ട്രക്ചറിലാണ് 2200 സ്ക്വയർഫീറ്റ് ഉള്ള വീടു നിർമിച്ചത്. മുകളിലെ നിലയിൽ സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് ഏരിയ, രണ്ട് കിടപ്പുമുറികൾ, അടുക്കള, വർക്ക്ഏരിയ. താഴെ മ്യൂസിക് സ്റ്റുഡിയോയും ഒരു കിടപ്പുമുറിയും.

r4

വീടിന്റെ അകത്ത് ജിപ്സം പ്ലാസ്റ്ററിങ്ങാണ് ചെയ്തത്. ടൈലിലും കബോർഡുകളിലുമെല്ലാം ഫർണിച്ചറിലുമെല്ലാം ഏറ്റവും ലളിതമായ ഡിസൈൻ പിൻതുടരുന്നു. അങ്ങനെ വീട്ടുകാരുടെയും അതിഥികളുടെയും കൂടി സ്വപ്നമായി മാറി രെജീവിന്റെ സ്വപ്നം.

r2

വീട് എത്ര ചെറുതാണെങ്കിലും നന്നായി ലാൻഡ്സ്കേപ്പിങ് ചെയ്യണം എന്നാണ് രെജീവിന്റെ പോളിസി. ഇക്കാര്യത്തിലും മാതൃക വിദേശികൾതന്നെ.ലോണും വില പിടിച്ച ചെടികളുമൊന്നും നിർബന്ധമില്ല. വള്ളിക്കുടിലിനു നടുവിലുള്ള വീട് സ്വപ്നമായിരുന്നു. ഏകദേശം ഒൻപത് ഇനം വള്ളിച്ചെടികൾ മുറ്റത്തുണ്ട്. മുറ്റത്തുണ്ടായിരുന്ന പ്ലാവിനെപ്പോലും വീടിനനുസൃതമായി വെട്ടിനിർത്തിയിരിക്കുകയാണ് രെജീവും കുടുംബവും.

r1