Friday 09 July 2021 01:02 PM IST

കൊർട്‌യാർഡ് മാത്രം 2100 സ്‌ക്വയർഫീറ്റ്, അതും എല്ലാ മുറികളിലും, മൂന്ന് ലെയറുകളിലായി ഒറ്റ നിലയിൽ ഒരുക്കിയ വീട്

Sunitha Nair

Sr. Subeditor, Vanitha veedu

vaishnavi

ഒറ്റനില വീട് മതിയെന്നതായിരുന്നു ആലുവയിലെ അബ്ദുൽ നാസറിന്റെ ആവശ്യം. അതു മാത്രമല്ല, വീടിനുള്ളിൽ കാറ്റും വെളിച്ചവും വേണമെന്നും സ്വകാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചിരുന്നു. ഈ ആവശ്യങ്ങൾ മുൻനിർത്തി പ്ലോട്ടിനനുസരിച്ച് കന്റെംപ്രറി ശൈലിയില്‍ വീട് രൂപകൽപന ചെയ്തത് ആർക്കിടെക്‌ടുമാരായ വൈഷ്‌ണവിയും പ്രവീണും.

vaishnavi 1

സ്വകാര്യതയ്ക്കായി പല ലെയറുകളായാണ് 6295 ചതുരശ്രയടിയുള്ള വീടിന്റെ ഡിസൈൻ രചിച്ചത്. അതിന്റെ ഭാഗമായാണ് എല്ലാ മുറികൾക്കും കോർട്‌യാർഡ് എന്ന ആശയം രൂപപ്പെട്ടത്. കോർട്‌യാർഡുകൾ എല്ലാം കൂടി 2100 ചതുരശ്രയടി വരും. മരങ്ങൾ കൊണ്ടാണ് ആദ്യ ലെയർ സൃഷ്ടിച്ചത്. അടുത്തത്; ട്രെല്ലിസ്. അതിനടുത്ത ലെയറാണ് കോർട്‌യാർഡുകൾ. സിറ്റ്ഔട്ടിനോടും ഫാമിലി ലിവിങ്ങിൽ നിന്നുള്ള പാഷ്യോയോടും ചേർന്നും ചെറിയ ജലാശയങ്ങൾ നൽകി. ട്രെല്ലിസും കോർട്‌യാർഡുകളും ജലാശയങ്ങളുമെല്ലാം സ്വകാര്യതയ്ക്കൊപ്പം വീടിനകത്തെ ചൂട് ഗണ്യമായി കുറയ്ക്കാനുമുള്ള വഴികളാണ്.

vaishnavi 3

സെമിപബ്ലിക് സോണുകളായ ലിവിങ് റൂം, പ്രെയർ ഏരിയ, ഗെസ്റ്റ് ബെഡ്റൂം, പൗഡർ റൂം എന്നിവ മറ്റിടങ്ങളിൽ നിന്ന് വേറിട്ടു നൽകി. വീട്ടിലേക്കു പ്രവേശിക്കുമ്പോൾ ഈ മുറികളാണ് ആദ്യം. അടുത്ത സോണിൽ ഫാമിലി ലിവിങ്, ഇന്റേണൽ കോർട‌്യാർഡ്, ഡൈനിങ് എന്നിവയാണ് നൽകിയത്. ഈ ഇടങ്ങൾ ഓപൻ ആയി ക്രമീകരിച്ചതിനാൽ വിശാലമായ വലിയൊരിടം ലഭിച്ചു. കാഴ്ചയിലും വിശാലത തോന്നിപ്പിക്കാൻ ഈ ഇടത്തിനു കഴിയുന്നു.

vaishnavi 4

ഫാമിലി ലിവിങ്ങിന്റെ ഒരുവശത്തു നിന്ന് പാഷ്യോയിലേക്ക് ഇറങ്ങാം; മറുവശത്ത് എക്സ്റ്റീരിയർ കോർട്‌യാർഡ് ആണ്. വെളിച്ചവും ക്രോസ് വെന്റിലേഷനും ഉറപ്പാക്കുകയാണ് എക്സ്റ്റീരിയർ കോർട്‌യാർഡിന്റെ ധർമം. ആദ്യസോണിലെ ഗെസ്റ്റ് ബെഡ്റൂമിൽ നിന്നും ഈ കോർട്‌യാർഡിലെ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. ഇന്റേണൽ കോർട്‌യാർഡും ഫാമിലി ലിവിങ്ങിനു പിന്നിലായി വരുന്നതിനാൽ ഇതിന്റെ മൂന്നു വശങ്ങളിലും സുന്ദരമായ കാഴ്ചകളാണ്.

vaishnavi 5

ഇന്റേണൽ കോർട്‌യാർഡ് എന്നത് സീറ്റിങ് ഏരിയ കൂടിയാണ്.അടുത്ത സോണിൽ കിടപ്പുമുറികളാണ്. എല്ലാ കിടപ്പുമുറികളോടും ചേർന്നും ലാൻഡ്സ്കേപ് കോർട് നൽകിയിട്ടുണ്ട്. കിടപ്പുമുറികളുടെ ഓപനിങ്ങിന് ഗ്രിൽ നൽകാതിരുന്നത് കാഴ്ചയെ തടസ്സപ്പെടുത്താതിരിക്കാനാണ്. സ്ലൈഡിങ് ഗ്ലാസ്സ് വാതിലുകൾക്കൊപ്പം മെഷ് മാത്രമേ നൽകിയിട്ടുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ എല്ലാ മുറികളിൽ നിന്നും ദൃശ്യമാകുന്നത് പച്ചപ്പാണ്.

vaishnavi 4

ഓരോ ഇടത്തിന്റെയും ക്രമം കാഴ്ചയിലൂടെ നിർവചിക്കാനായി ഡബിൾ ഹൈറ്റ്, വോൾട്ട് റൂഫ്, ഓപൻ കോർട്‌യാർഡ് എന്നീ സങ്കേതങ്ങളെ കൂട്ടുപിടിച്ചു. കിടപ്പുമുറികൾക്ക് ഉയരം കുറവും മറ്റു മുറികൾക്ക് ഉയരം കൂടുതലുമാണ്. ചുറ്റുമതിൽ തൊട്ട് ഇന്റീരിയറിലെ സൂക്ഷ്മമായ വിശദാംശങ്ങൾ വരെ ഒരേ രചനാഭാഷയിൽ ഒരുക്കാൻ ശ്രദ്ധിച്ചു. കോർട്‌യാർഡുകൾ ഉള്ളതിനാൽ പകൽ സമയം വീടിനുള്ളിൽ ലൈറ്റ് ഇടേണ്ട ആവശ്യമില്ലെന്ന് വീട്ടുകാർ പറയുന്നു. ഞങ്ങളുടെ ഉദ്ദേശ്യം നടന്നു! കോർട്‌യാർഡിനു മുകളിൽ ഗ്രിൽ നൽകി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വീടിന്റെ രണ്ടാമത്തെ ലെയർ ആയി വർത്തിക്കുന്ന ട്രെല്ലിസുകൾ (ചെടികൾ പടർത്താൻ നൽകുന്ന ഫ്രെയിംവർക്) പ്രീ കാസ്റ്റ് കോൺക്രീറ്റ് സ്ലാബുകൾ കൊണ്ടു നിർമിച്ചവയാണ്. ഇവയ്ക്കുള്ളിലായാണ് കോർട്‌യാർഡുകൾ വരുന്നത്.

vaishnavi 7

കോട്ടാ സ്റ്റോൺ, തടി, ലെതർ ഫിനിഷ് ഗ്രാനൈറ്റ് എന്നിവ കൊണ്ടാണ് ഫ്ലോറിങ്. ജനലുകളെല്ലാം അലുമിനിയം കൊണ്ടാണ് നിർമിച്ചത്. ഇന്റീരിയർ വർക്കുകളെല്ലാം ടീക്‌വുഡ് ഫിനിഷിലുള്ള വെനീറിലാണ് നൽകിയത്. അടുക്കളയിലെ കാബിനറ്റുകൾക്ക് ലാക്വേഡ് ഗ്ലാസ് ഷട്ടറുകളാണ്. കൗണ്ടർടോപ്പിന് കൊറിയൻ സ്റ്റോൺ നൽകി.

vaishnavi 8

ടെറസിലും ചെടികൾ വച്ചിട്ടുണ്ട്. കുടുംബകൂട്ടായ്മകൾക്കും മറ്റുമായി ഉപയോഗിക്കാൻ പാകത്തിലാണ് ടെറസ് സജ്ജീകരിച്ചത്. അവിടേക്കുള്ള ഗോവണിയെ ഒരു ശിൽപം പോലെ ഡിസൈൻ ചെയ്തെടുത്തു. സ്റ്റെയർ റൂമിനെ എലിവേഷന് ഭംഗിയേകുന്ന ഘടകമാക്കി. വീടിനു ചുറ്റുമുള്ള മരങ്ങളും മുളകളും കൂടാതെ, കോർട്‌യാർഡിലും മറ്റും ഉപയോഗിച്ചിട്ടുള്ള ചെടികൾ വീടിനെ പച്ചപ്പിനോടും വെളിച്ചത്തോടും വായുവിനോടും കൂടുതൽ അടുപ്പിക്കുന്നു. അത് വീട്ടുകാരന് ആശ്വാസത്തിന്റെ തുരുത്തായി മാറുമ്പോൾ അതിലേക്ക് നയിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷം മാത്രം.

vaishnavi 6

ഡിസൈൻ : സി. വൈഷ്‌ണവി, പ്രവീൺ പി. മോഹൻദാസ്

ട്രാൻസ്‌ഫോം ആർക്കിടെക്‌ട്‌സ്, തൃശൂർ

mailtransform@gmail.com

Tags:
  • Vanitha Veedu