Thursday 08 July 2021 05:33 PM IST

പ്ലോട്ടിന് സമീപത്തെ ആൽമരം വീടിന്റെ ഡിസൈനിന് പ്രചോദനമായത് ഇങ്ങനെ, 2500 ചതുരശ്രയടിയില്‍ കുളിര് നിറച്ച് ‘തണൽ’

Sona Thampi

Senior Editorial Coordinator

rakhi 7

ആലുവ ആലങ്ങാട്ട് പെരിയാറിന്റെ കൈവരിയോടു ചേർന്നാണ് പ്ലോട്ട്. 2500 ചതുരശ്രയടി വിസ്തീർണമുണ്ട് വീടിന്. വീടിന്റെ പുറംഭാഗവും അകവും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടങ്ങളാണ് (transition spa‌ces) 'തണൽ' എന്ന ഈ വീടിന്റെ പ്രധാന പ്രത്യേകത.

rakhi 1

മരത്തിനു കീഴെയുള്ള വീട് എന്ന് ഇതിനെ വിശേഷിപ്പിക്കാം. കാരണം, ഈ വീടിന്റെ ഡിസൈനിന് പ്രചോദനമായത് പ്ലോട്ടിനു മുന്നിലുള്ള ഒരു വലിയ ആൽമരമാണ്. അതിന്റെ ഇലകൾക്കിടയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്ന പ്രതീതി തന്നെയാണ് വീടിന്റെ ഡിസൈനിലും. ജെയ്‍സണും രാഖിക്കുമായി വീട് ഡിസൈൻ ചെയ്‌തു നൽകിയത് ആർക്കിടെക്‌ടുമാരായ രാഖിയും ജോൺസണും.

rakhi 5

നീറികോട് കരിങ്ങാന്തുരുത്ത് പാലം ഇറങ്ങിവരുമ്പോഴുള്ള ജംക്‌ഷനിലാണ് ‘തണൽ’. പാലം ഇറങ്ങിവരുമ്പോഴേ ‘തണലി’ന്റെ വ്യൂ കിട്ടും. ഇൗ കാഴ്ചാനുഭവം മുന്നിൽക്കണ്ടാണ് ഡിസൈൻ ചെയ്തതു തന്നെ. ബാൽക്കണിയിൽ കൊടുത്ത വെർട്ടിക്കൽ പർഗോളകൾ കാഴ്ചയുെട ഭംഗിക്കു മാത്രമല്ലതാനും. നേരത്തെ പറഞ്ഞപോലെ, നല്ല ട്രാഫിക് ഉള്ള സ്ഥലമായതിനാൽ വീട്ടുകാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുക എന്ന ഉദ്ദേശ്യവും വെർട്ടിക്കൽ അഴികൾക്കുണ്ട്. കൂടാതെ, അഴികൾക്കിടയിലൂടെ ഉൗർന്നുവരുന്ന സൂര്യപ്രകാശത്തിന്റെ മനോഹരമായ പാറ്റേണുകളുടെ ഭംഗി പ്രദാനം ചെയ്യുക എന്ന മൂന്നാമതൊരു ഉദ്ദേശ്യം കൂടി ഇൗ അഴികൾക്കുണ്ട്.

rakhi 6

ആൽമരത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇലകളുടെ ആകൃതിയിലുള്ള ഒാപനിങ്ങുകൾ കാർപോർച്ചിന്റെ റൂഫിൽ കൊടുത്തിട്ടുണ്ട്. അതിനു മുകളിൽ ഗ്ലാസ്സും. സുഷിരങ്ങളിലൂടെ നിഴലുകൾ പോർച്ചിൽ നൃത്തം വയ്ക്കും. റോഡിനോട് അഭിമുഖമായി നിൽക്കുന്ന മുറികൾ സെമി ഓപൻ ആയ ഇടങ്ങളിലേക്ക് തുറക്കുന്നത് സ്വകാര്യതയ്ക്കും വായുസഞ്ചാരത്തിനും ഗുണം ചെയ്യും.സെമി ഓപൻ രീതിയിൽ ചെയ്ത വരാന്തയ്ക്ക് സ്റ്റീൽ അഴികൾ കൊടുത്താണ് സ്വകാര്യത കൊണ്ടുവന്നത്. ഡൈനിങ് റൂം തുറക്കുന്നത് പുറത്തെ നടുമുറ്റത്തേക്കാണ്. നേരത്തെയുണ്ടായിരുന്ന പേര മരമാണ് ഇൗ നടുമുറ്റത്ത് തണലൊരുക്കുന്നത്.

rakhi 2

ലിവിങ് റൂം ഇരട്ടിപ്പൊക്കത്തിലാണ് ചെയ്തത്. ഇൗ ഭാഗം മുകളിലെ ലിവിങ് റൂമുമായി ഇഴുകിച്ചേർന്നു നിൽക്കുന്നു. മുകളിൽ നിന്ന് താഴേക്ക് കാണാനാവും. ഈ ഇരട്ടിപ്പൊക്കമുള്ള ഭിത്തികളിൽ വെർട്ടിക്കൽ ആയ, വീതി കുറഞ്ഞ ജനലുകൾ ഉണ്ട്. അതിന്റെ അപ്പുറത്ത് മുകളിലെ നിലയിലെ ബാൽക്കണിയാണ്. ഇൗ വീതി കുറഞ്ഞ ജനാലകളും വെളിച്ചത്തെ മുറിയിലേക്ക് കൊണ്ടുവരുന്നു.ഒരു ചെറിയ പെബിൾ കോർട്ടിനെ ചുറ്റിയാണ് സ്റ്റെയർ മുകളിലേക്കു പോകുന്നത്. സ്റ്റീൽ കമ്പികളുടെ റെയ്‌ലിങ്ങും സ്റ്റീൽ ട്രസ്സിൽ തടി പാകിയ പടികളുമാണ് ഗോവണിക്ക്. അടഞ്ഞ രീതിയിൽ അല്ലാത്തതിനാൽ അഴികളിലൂടെയും പടികളിലൂടെയും വെളിച്ചം കയറും. ഇന്റീരിയറിന് കൂടുതൽ വിശാലത തോന്നുകയും ചെയ്യും.

rakhi 3

ഡൈനിങ്ങിനോട് ചേർന്ന് ഒാപൻ പാൻട്രിയാണ്. ഒാപൻ, സെമി ഒാപൻ രീതികളിലൂടെ വീടിനകത്ത് കൂടുതൽ വെളിച്ചവും വായുസഞ്ചാരവും കൊണ്ടുവരാനായിരുന്നു ശ്രമം. വീട്ടുകാർ ഗൾഫിൽ ആയതിനാൽ ഫർണിച്ചറും അലങ്കാരങ്ങളുമെല്ലാം പരമാവധി കുറച്ചാണ് ചെയ്തിരിക്കുന്നത്.പേരു പോലെ തന്നെ, വെർട്ടിക്കൽ സ്പ്ലിറ്റ് ജനലുകളിലൂടെയും വെർട്ടിക്കൽ സ്റ്റീൽ പൈപ്പുകൾക്കിടയിലൂടെയും ഡൈനിങ്ങിനോടു ചേർന്ന വിശാലമായ സിറ്റ്ഒൗട്ടിലൂടെയും വിവിധ കോണുകളിൽ സൂര്യപ്രകാശം വീടിനുള്ളിൽ നിഴലുകൾ തീർക്കുന്നതാണ് ‘തണലി’ന്റെ സുന്ദരമായ കാഴ്ച.

rakhi 4

ഡിസൈൻ: അൻജിത് അഗസ്റ്റിൻ ,രാഖി മറിയം ജോൺസൺ

സിറ്റി ഫ്യൂച്ചേഴ്‌സ് ഡിസൈൻ കൊളോബറേറ്റീവ്, ആലുവ

cytyfurnitures@gmail.com

Tags:
  • Vanitha Veedu