Wednesday 12 May 2021 03:33 PM IST

അകവും പുറവും തുടച്ചിട്ടേ പാത്രം അടുപ്പിൽ വയ്ക്കാവൂ; ഗ്യാസ് ലാഭിക്കാൻ 20 വഴികൾ

Roopa Thayabji

Sub Editor

gas-tipss3455ghh

നാലു പേരുള്ള ഒരു കുടുംബത്തിന് ശരാശരി 35 ദിവസം ഒരു ഗ്യാസ് സിലിണ്ടർ മതി എന്നാണു ഏകദേശ കണക്ക്. അതിനു മുൻപ് ഗ്യാസ് തീരുന്നുവെങ്കിൽ അമിതോപയോഗം ഉണ്ടെന്നു കരുതാം, പാചകവാതകത്തിനു വില കൂടുമ്പോൾ ‘നെഞ്ചെരിഞ്ഞി’ട്ടു കാര്യമുണ്ടോ? ഗ്യാസ് ലാഭിക്കാൻ ഈ വഴികൾ പരീക്ഷിച്ചോളൂ.

വൃത്തി പ്രധാനം

∙ ഗ്യാസ് സ്റ്റൗവ്, പാചകം ചെയ്യുന്ന പാത്രങ്ങൾ എ ന്നിവ വൃത്തിയായി സൂക്ഷിക്കുക. പാത്രങ്ങളുടെ അടിവശത്തുള്ള കരി, ബർണറുകളിലെ അഴുക്ക് എന്നിവ ഗ്യാസ് ചെലവു കൂട്ടും. ഗുണമേന്മയുള്ള സ്റ്റൗ തന്നെ വാങ്ങുക. ബർണർ, ഗ്യാസ് പൈപ്പ്, റെഗുലേറ്റർ എന്നീ ഭാഗങ്ങളിൽ നിന്ന് ചെറുതായെങ്കിലും ഗ്യാസ് ലീക്ക് ഉണ്ടോ എന്നും പരിശോധിക്കണം.

∙ ജ്വാല നീലനിറത്തിലോ നിറമില്ലാതെയോ കത്തുന്നതാണ് ‘ആരോഗ്യ’മുള്ള ഗ്യാസ് സ്റ്റൗവിന്റെ ലക്ഷണം. മഞ്ഞ, ഓറഞ്ച് ഫ്ലെയിം ആണെങ്കിൽ ഗ്യാസ് ‘ഫുൾ പൊട്ടൻഷ്യ’ലിൽ അല്ല എന്നു മനസ്സിലാക്കാം. എണ്ണയോ, വെള്ളമോ, കരടോ ഒക്കെ വീണ് ബർണറിന്റെ പ്രവർത്തനം തടസ്സപ്പെടുന്നതാണ് ഇതിനു കാരണം. ആഴ്ചയിലൊരിക്കൽ ബർണർ വൃത്തിയാക്കാം. സ്റ്റൗവിനു പുറത്തു തിളച്ചു വീഴുന്ന ഭക്ഷണവും മറ്റും അന്നന്നുതന്നെ വൃത്തിയാക്കണം.

∙ ചൂട് എളുപ്പം ആഗിരണം ചെയ്യുന്ന പാത്രങ്ങളാണ് ഗ്യാസ് ലാഭിക്കുന്നത്. കോപ്പർ പ്ലേറ്റിങ് ഉള്ളതോ അടിവശം  പരന്നതോ ആയ പാത്രങ്ങൾ പാചകം വേഗത്തിലാക്കും. പാത്രത്തിന്റെ ഉള്ളിലോ പുറത്തോ പോറലുകളും ചളുക്കുകളും ഉണ്ടെങ്കിലും ഊർജനഷ്ടം വരും. അ തിനാൽ പാത്രം കഴുകുമ്പോഴും പാചകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം.

∙ കോപ്പർ, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളാണ് വേഗം ചൂടാകുന്നതും ചൂട് എല്ലാ വശത്തേക്കും പ്രസരിപ്പിക്കുന്നതും. ഒരിക്കൽ ചൂടുപിടിച്ചാൽ ദീർഘനേരം ചൂടു നിലനിർത്താനുള്ള കഴിവുണ്ട് കാസ്റ്റ് അയൺ, സെറാമിക് പാത്രങ്ങൾക്ക്.

∙ പാചകം ചെയ്യാനുള്ള പാത്രം കഴുകി തുടച്ച ശേഷം അടുപ്പിൽ വച്ചാൽ മതി. പാത്രത്തിലുള്ള വെള്ളം ചൂടേറ്റ് നീരാവിയായി പോകുന്നതിനും ഗ്യാസ് ചെലവാകും.

∙ ഗ്യാസ് നോബ് തിരിച്ച ശേഷം ലൈറ്ററും തീപ്പെട്ടിയും ത പ്പി നടക്കല്ലേ. പാത്രം അടുപ്പിൽ വച്ച് തീപ്പെട്ടി കൊള്ളി ഉരച്ച ശേഷം നോബ് തിരിക്കുന്നതാണ് ലാഭം. നോബ് തിരിക്കുമ്പോൾ തന്നെ തീ കത്തുന്ന തരം സെൽഫ് ഇഗ്‌നിഷൻ സ്റ്റൗവും ഉപയോഗിക്കാം.

സ്റ്റൗ ഓണാക്കും മുൻപ്

∙ ചേരുവകളെല്ലാം തയാറാക്കി വച്ച ശേഷം മാത്രം പാചകം ആരംഭിക്കുക. പാചകത്തിനിടയ്ക്ക് ഉള്ളി അരിയാനും മറ്റും പോയാൽ അനാവശ്യമായ ഇന്ധനനഷ്ടം ഉണ്ടാകും. അഥവാ അങ്ങനെ വേണ്ടി വന്നാൽ പാചകം അൽപനേരത്തേക്ക് നിർത്തിവച്ച് സ്റ്റൗ ഓഫാക്കുക.

∙ വലിയ ബർണറിനെക്കാൾ 10 ശതമാനം ഗ്യാസ് ലാഭിക്കാൻ ചെറിയ ബർണർ ഉപയോഗം കൊണ്ടാകും. ബർണറിന്റെ വലിപ്പത്തിനനുസരിച്ചുള്ള പാത്രങ്ങൾ ഉപയോഗിക്കുക. ഫ്ലെയിം പാത്രത്തിന്റെ ചുവടുഭാഗത്തു കവർ ചെയ്തുനിൽക്കുന്ന തരത്തിൽ നിറുത്തുക. ചുവടു കുറവുള്ള പാത്രത്തിലേക്കു ഫുൾ ഫ്ലെയിം കൊടുത്താൽ വശങ്ങളിലൂടെ തീ കത്തുന്നത് ഗ്യാസ് നഷ്ടമുണ്ടാക്കും. ചെറിയ അളവിൽ ഭക്ഷണമുണ്ടാക്കാൻ ചെറിയ പാത്രം മതി.

∙ ഭക്ഷണം തിളച്ചു തുടങ്ങുമ്പോൾ ഫ്ലെയിം മീഡിയത്തിലേക്കോ സിമ്മിലേക്കോ മാറ്റി പാത്രം മൂടി വയ്ക്കുക. ബാക്കി വേവ് ഈ ചൂടിൽ മതിയാകും. ഇങ്ങനെ ചെയ്താൽ 25 ശതമാനം വരെ ഗ്യാസ് ലാഭിക്കാം. കറികളിലേക്ക് ആവശ്യത്തിനു വെള്ളം മാത്രം ചേർക്കുക. കൂടുതലായി ചേർക്കുന്ന വെള്ളം വറ്റിവരാൻ സമയമെടുക്കും.

∙ ഗ്യാസ് ലാഭിക്കാൻ നല്ല വഴിയാണ് പ്രഷർ കുക്കർ. ഇത് ഇന്ധനത്തോടൊപ്പം സമയവും ലാഭിക്കും. സാധാരണ പാത്രത്തിൽ പയർ വേവിക്കുന്നതിന്റെ 46 ശതമാനം കുറവ് ഇന്ധനമേ കുതിർത്ത പയർ പ്രഷർ കുക്കറിൽ വേവിക്കുമ്പോൾ വേണ്ടിവരൂ. കുക്കറിനുള്ളിൽ സെപ്പറേറ്റർ ഉപയോഗിച്ച് ഒരേ സമയം ഒന്നിലേറെ വിഭവങ്ങളും പാചകം ചെയ്യാം.

∙ പ്രഷർ കുക്കർ ഉപയോഗത്തിലും പാലിക്കേണ്ട നിയമങ്ങളുണ്ട്. കുക്കർ അടച്ച് അടുപ്പിൽ വച്ച് ആവി വരുമ്പോൾ മാത്രമേ വെയ്റ്റ് ഇടാവൂ. വേണ്ട ഭക്ഷണത്തിന്റെ അളവിലുള്ള കുക്കർ തന്നെ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

∙ ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ കുതിർത്ത ശേഷം വേവിക്കുന്നതാണ് ഗ്യാസ് ലാഭിക്കാൻ നല്ലത്. ഫ്രിജിൽ വച്ചിരുന്ന സാധനങ്ങൾ നന്നായി തണുപ്പു മാറ്റിയ ശേഷമേ പാചകം ചെയ്യാവൂ.

gas-stove-burn

പാചകം ചെയ്യുമ്പോൾ

∙ ഓരോ ആഹാരവും വേവുന്നതിനു വേണ്ട ഏകദേശ സമ   യം കണക്കാക്കി വയ്ക്കുക. അധികനേരം വേവിച്ചാൽ രുചി കുറയുമെന്നു മാത്രമല്ല, ഗ്യാസും നഷ്ടമാകും. പച്ചക്കറികളും മറ്റും അധികം വേവിക്കേണ്ട കാര്യമേയില്ല.

∙ വീട്ടിലെ അംഗങ്ങളുടെ എണ്ണം കണക്കാക്കി ഓരോരുത്തർക്കും വേണ്ട അളവിൽ മാത്രം ഭക്ഷണം പാകം ചെയ്യുക. സാധനങ്ങൾ കൃത്യമായി അളന്നെടുക്കാനും മറക്കേണ്ട. ഇത്ര അരിക്ക് ഇത്ര കപ്പ് വെള്ളം എന്ന മട്ടിൽ അളന്ന് ഉപയോഗിക്കുന്നതും ഗ്യാസ് ഉപയോഗം ലാഭത്തിലാക്കും.

∙ കുടിക്കാനുള്ള വെള്ളം അഞ്ചു മിനിറ്റെങ്കിലും തിളപ്പിക്കണമെന്നു പറയാറില്ലേ. വെള്ളം തിളച്ചു തുടങ്ങിയാൽ ഫ്ലെയിം സിമ്മിലാക്കാം. ഇങ്ങനെ ഓരോ ഭക്ഷണത്തിന്റെയും പാചകരീതി തിരിച്ചറിഞ്ഞ് ലോ, മീഡിയം, ഹൈ ഫ്ലെയിം ഉപയോഗം പ്രായോഗികമാക്കാം.

∙  ഉച്ചയ്ക്കും രാത്രിയിലേക്കുമുള്ള ഭക്ഷണം ഒരുമിച്ച് പാചകം ചെയ്ത് ചൂടാറാതെ തെർമൽ കുക്കറിൽ സൂക്ഷിക്കാം. എല്ലാവരും ഒരേ സമയത്തു തന്നെ ഭക്ഷണം കഴിക്കുന്നത് ഭക്ഷണം വീണ്ടും ചൂടാക്കുന്നതിന്റെ നഷ്ടം കുറയ്ക്കും. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഓരോ വിഭവം തയാറാക്കുന്നതും ഒഴിവാക്കാം.

∙ ഒന്നിലധികം വിഭവങ്ങൾ ഒന്നിച്ചു വേവിക്കുന്ന രീതിയും പ രീക്ഷിക്കാം. പാസ്ത വേവിക്കുന്ന പാത്രത്തിനു മുകളിൽ വച്ച് പച്ചക്കറികൾ ആവി കയറ്റിെയടുക്കാം. ഇത്തരം ആവശ്യങ്ങൾക്കു വേണ്ടിയുള്ള മൾട്ടി സ്റ്റീമറുകളും വിപണിയിലുണ്ട്.

ടിപ്സ് ഇൻ കിച്ചൻ

∙ പാകം ചെയ്യുന്ന വിഭവത്തിലേക്ക് വെള്ളം ചേ ർക്കേണ്ടി വരില്ലേ. ടാപ്പിൽ നിന്നു പിടിക്കുന്ന തണുത്ത വെള്ളം ചേർത്താൽ അതു തിളയ്ക്കുന്നതിനും ഗ്യാസ് ചെലവാകും. കുടിക്കാനായി തിളപ്പിക്കുന്നതിൽ നിന്നു കുറച്ചു വെള്ളം ഫ്ലാസ്കിൽ എടുത്തുവച്ചാൽ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

∙ പാചകം അവസാനിക്കുമ്പോൾ പാത്രം അടുപ്പിൽ നിന്നു മാറ്റിയ ശേഷം ഫ്ലെയിം ഓ ഫ് ചെയ്യുന്നതാണോ ശീലം. എങ്കിൽ ഈ സമയത്തിന് രണ്ടു– മൂന്നു മിനിറ്റു മുൻപ് പാത്രം മൂടി, പാചകം അവസാനിപ്പിച്ച് തീ ഓഫ് ചെയ്യാം. ആ ചൂടിൽ തന്നെ ഗ്യാസിനു മുകളിൽ ഇരുന്ന് ഭക്ഷണം ‘പാത്രപാകം’ ആയിക്കോളും.

∙ മൺചട്ടി ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഗ്യാസ് കൂടുതൽ വേണ്ടി വരും. വഴറ്റൽ മുതൽ കറി തിളച്ചു തുട ങ്ങുന്നതു വരെയുള്ള പാചകം നോൺസ്റ്റിക്കിലോ സ്റ്റീലിലോ ചെയ്ത ശേഷം മീൻകറി മൺചട്ടിയിലേക്കു മാറ്റി മൂടിവച്ച് വേവിക്കാം. മീൻകറിക്ക് മൺചട്ടിയിൽ വച്ച രുചിയും കിട്ടും, ഇന്ധനവും ലാഭിക്കാം.

Tags:
  • Vanitha Veedu