മഞ്ജു വാരിയർ നായികയായ ഹൗ ഓൾഡ് ആർ യൂ സിനിമ കണ്ട് വീടിന്റെ ടെറസിൽ പച്ചക്കറികൾ നട്ടാണ് ആലുവയിലെ ഡോ. പ്രീജ കൃഷിയിലേക്കിറങ്ങിയത്. ഐടി ജോലി വിട്ട് ഭർത്താവു മിഥുനും ആ ഇഷ്ടത്തിനൊപ്പം നിന്നപ്പോൾ പിറന്നത് ഹഗ് എ പ്ലാന്റ് എന്ന നഴ്സറി ബ്രാൻഡ്.
ഗവൺമെന്റ് സർവീസിലായിരുന്ന രാമൻ നമ്പൂതിരിയുടെയും വീട്ടമ്മയായ സരസ്വതിയുടെയും മകൾ പ്രീജയ്ക്ക് കുട്ടിക്കാലം മുതലേ ഒരു ശീലമുണ്ടായിരുന്നു, എവിടെ ചെന്നാലും ചെടികൾ ചോദിച്ചു വാങ്ങി വീട്ടിൽ കൊണ്ടു നടും. പിന്നെയതു മറക്കും. പക്ഷേ, പ്രീജ സംസാരിച്ചു തുടങ്ങിയതുതന്നെ ചെടികളെ മറന്ന് ഇപ്പോൾ ജീവിതമില്ല എന്നു പറഞ്ഞാണ്. ‘‘ടോക്എച്ചിൽ നിന്ന് എംബിഎ പാസ്സായി ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നു പിഎച്ച്ഡി എടുത്തു ഭാരതീയ വിദ്യാഭവനിലെ എംബിഎ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലിക്കു കയറുമ്പോൾ ജീവിതം ഇങ്ങനെ മാറി മറിയുമെന്നൊന്നും കരുതിയിരുന്നില്ല.
കല്യാണം കഴിഞ്ഞു പുതിയ വീട്ടിലേക്കു മാറിയ സമയത്താണു പച്ചക്കറി കൃഷി ചെയ്തു തുടങ്ങിയത്. ടെറസിലെ ചെടി നനയ്ക്കാനും വിളവെടുക്കാനുമൊക്കെ വലിയ ഉത്സാഹമായതോടെ പലതരം പച്ചക്കറികളുടെ വിത്തുക ൾ പലരിൽ നിന്നായി വാങ്ങി നട്ടു വിളയിച്ചു. ആ സമയത്താണു ഭർത്താവ് നഴ്സറി എന്ന ഐഡിയ പറഞ്ഞത്.
ഇരട്ടക്കുട്ടികളാണു ഞങ്ങൾക്ക്, അവരെ നോക്കുന്നതു പോലെയാണു വീട്ടിലെ ചെടികളെയും നോക്കിയത്. പുസ്തകങ്ങൾ വായിച്ചാണു പരിചരണ രീതികൾ പഠിച്ചത്. പിന്നെ, കാർഷിക സർവകലാശാലയുടെ കൃഷി സംബന്ധമായ ഓൺലൈൻ, പാർട് ടൈം കോഴ്സുകൾ ചെയ്തു. കൂടുതൽ സാധ്യതകളുള്ള ബിസിനസാണ് ഇതെന്നു മനസ്സിലായതോടെ ആറു വർഷത്തെ അധ്യാപന ജീവിതത്തോടു വിട പറഞ്ഞു.
ചെടികളെ നെഞ്ചോടു ചേർത്ത്
ഓൺലൈനായാണ് ആദ്യം നഴ്സറി തുടങ്ങിയത്. ലാപ്ടോപ്പും കുറച്ചേറെ ചെടികളും മാത്രമാണ് അതിനു വേണ്ടിവന്നത്. ആകെ 50,000 രൂപയുടെ നിക്ഷേപം. ആദ്യ ഓർഡറിന്റെ നോട്ടിഫിക്കേഷൻ ഫോണിൽ വന്ന നിമിഷം ഇപ്പോഴും മറക്കില്ല. പിന്നെ, നഴ്സറി വിപുലീകരിക്കാനായി ലോൺ എടുത്തു. ലാഭത്തിൽ നിന്ന് ഈസിയായി തിരിച്ചടവു നടത്തി. വീടിനോടു ചേർന്നു ചെറുതായി തുടങ്ങിയ നഴ്സറി പിന്നീടു വാടകയ്ക്കെടുത്ത സ്ഥലത്തേക്കു വിപുലപ്പെടുത്തി. ഇപ്പോൾ രണ്ടു ഫാമുകളും മൂന്നു ഷോപ്പുകളും ഉണ്ട്. ഏതു ബിസിനസ് ചെയ്യുമ്പോഴും നമ്മുടെ ചെലവുകൾ ക ണക്കാക്കിയ ശേഷം വേണം ഓരോന്നിനും വിലയിടാൻ. എങ്കിലേ ബിസിനസിൽ ലാഭമുണ്ടാകൂ.
നഴ്സറിക്കു പുറമേ ഓൺലൈനിലൂടെയും ചെടികൾ വിൽക്കുന്നു. ഹോട്ടലുകൾക്കും മറ്റുമുള്ള ലാൻഡ്സ്കേപിങ് ജോലികളും ഓഫിസുകൾക്കും മറ്റുമുള്ള പ്ലാന്റ് റെന്റലും ചെയ്യുന്നുണ്ട്. ഓഫിസുകളിൽ വയ്ക്കുന്ന വലിയ ചട്ടികളിലെ ചെടികൾ റൊട്ടേറ്റ് ചെയ്യുന്ന രീതിയാണത്.
ചെടികൾ വിൽക്കുന്നതു കൊണ്ടു നഴ്സറി ഉടമയുടെ ജോലി തീരില്ല. ഓരോ ചെടിക്കും എങ്ങനെ വെള്ളമൊഴിക്കണമെന്നും വളമിടണമെന്നും എത്ര സൂര്യപ്രകാശം കിട്ടുമെന്നുമൊക്കെ പറഞ്ഞു കൊടുക്കണം. ട്രെൻഡാകുന്ന പുതിയ ചെടികൾ എപ്പോഴും അവതരിപ്പിക്കുകയും വേണം.
ജോലി വിട്ട് ബിസിനസ് തുടങ്ങിത് എന്തൊരു മണ്ടത്തരമാണെന്ന് എല്ലാവരും ചോദിച്ചു. ഞാനും ഭർത്താവ് മിഥുനും ആറുവർഷം ജോലി ചെയ്തു മിച്ചം പിടിച്ച സമ്പാദ്യമായിരുന്നു ധൈര്യം.
കോളജ് അധ്യാപിക എന്നു പറയുമ്പോൾ കിട്ടുന്ന ബഹുമാനം നഴ്സറി ഉടമയ്ക്കു കിട്ടുന്നില്ല. അതു മാറുന്ന കാലം വരും. നഴ്സറി സ്വപ്നത്തോടൊപ്പം പിറന്ന മക്കൾ വൈഷ്ണവിയും വൈദേഹും ഒന്നാം ക്ലാസ്സിലായി. അവർ വളരുന്നതിനൊപ്പം ബിസിനസും വളരുന്നു.