Tuesday 19 June 2018 05:04 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ വിരിയട്ടെ കുളിർകാട്! ഇക്കോഫ്രണ്ട്‌ലി വീടൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

echo-f1

വീടിനുള്ളിൽ എവിടെയെങ്കിലും ഒരു മണിപ്ലാന്റ് വളർത്തുക. അല്ലെങ്കിൽ കാറ്റും വെളിച്ചവും വിരുന്നു വരാനായി പർഗോള വയ്ക്കുക. അതോടെ തീർന്നു നമ്മുടെ ഇക്കോ ഫ്രണ്ട്‌ലി വീട് എന്ന സങ്കൽപം. പക്ഷേ, പുതിയതായി വീട് പണിയും മുൻപും താമസിക്കുന്ന വീടിന് മാറ്റം വരുത്തും മുൻപും ഒന്നു ശ്രദ്ധിച്ചാൽ മതി, വീടിനുള്ളിലെ ഓരോ അണുവിലും പ്രകൃതിയെ പ്രതിഫലിപ്പിക്കാനാകും.

∙ കാടുകളുടെ ചെറുപതിപ്പുകളായിരിക്കണം ഇക്കോ ഫ്രണ്ട്‌ലി വീടുകൾ. ചുവരുകളിൽ പതിപ്പിക്കുന്ന മോസ് ടൈലുകൾ അതിനു പറ്റിയവയാണ്. പെയിന്റുകൾ തിരഞ്ഞെടുക്കുമ്പോൾ ഈയത്തിന്റെ അളവ് കുറഞ്ഞവ നോക്കി വാങ്ങാൻ   ശ്രദ്ധിക്കണം. തറയോട്, ബാംബൂ ടൈലുകൾ എന്നിവ തറയിൽ വിരിക്കാം. പഴയ തടി വാങ്ങി പാനലുകളുണ്ടാക്കി വിരിച്ചാലും നല്ലതാണ്.

∙ വീടുണ്ടാക്കാൻ മൺകട്ടകൾ ഉപയോഗിക്കുന്നത് ഭംഗി കൂട്ടുക മാത്രമല്ല വീടിനുള്ളിൽ തണുപ്പും നിറയ്ക്കും. ചെത്തി മിനുക്കിയ ചുമരുകളേക്കാൾ പ്രകൃതിയോടിണങ്ങിയത്  തേക്കാതെയിടുന്ന ഭിത്തികളാണ്.  

∙ നിറയെ വെളിച്ചം വിതറുന്നവയാണ് പരിസ്ഥിതി സൗഹൃദ വീടുകൾ. സൂര്യപ്രകാശം മുറികളിൽ നിറയുന്ന തരത്തിൽ ജനാലകൾ പണിയുകയാണ് ആദ്യം വേണ്ടത്. വെയിലധികം വരുന്ന ദിശയിൽ ചെറിയ ജനാലകളും എതിർ വശങ്ങളിൽ വലിയ ജനാലകളും പിടിപ്പിക്കാൻ ശ്രദ്ധിക്കുക. ക്രോസ് വെന്റിലേഷൻ ചെയ്യുന്നത് വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ സഹായിക്കും.

∙ വീടിനുള്ളിൽ എൽഇഡി ബൾബുകള്‍ ഉപയോഗിക്കുന്ന താണ് ഊർജ സംരക്ഷണത്തിന് നല്ലത്. ഭാഗികമായെങ്കിലും സൗരോർജം ഉപയോഗിക്കുക.

echo-f3

∙ പഴയ ഫർണിച്ചർ ആന്റിക് ഭംഗിയോടെ ഉപയോഗിക്കാനായാൽ ഇക്കോ ഫ്രണ്ട്‌ലി വീടിന് നന്നായി ഇണങ്ങും. ചൂരൽകൊണ്ടുണ്ടാക്കിയ ഫർണിച്ചറും വീടുകൾക്കു ചാരുത പകരും.

∙ ഓർഗാനിക് കോട്ടനോ ലിനൻ തുണിത്തരങ്ങളോ ഉപയോഗിച്ചുള്ള കർട്ടനുകളാകണം അകത്തളങ്ങളെ അലങ്കരിക്കേ  ണ്ടത്. കൃത്രിമ നിറങ്ങളുപയോഗിക്കാതെ പ്രകൃതിദത്തമായ നിറങ്ങൾ നൽകിയ തുണികൾ ഉപയോഗിച്ചാൽ കൂടുതൽ നല്ലത്.  ചുറ്റുപാടുകളിൽ നിന്ന് വ്യത്യസ്തമാകാതെ വീടിനോട് യോജിച്ചു പോകുന്ന നിറമാണ് കർട്ടനുകൾക്കും അലങ്കാരങ്ങൾക്കും ഇണങ്ങുക.

∙ ഏറ്റവും കൂടുതൽ വെള്ളത്തിന്റെ ഉപഭോഗം നടക്കുന്ന സ്ഥലമായതുകൊണ്ട്, ബാത്റൂം ഫിറ്റിങ്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. വാട്ടർ ഫ്ലോ നിയന്ത്രിക്കുന്ന ഉപകരണങ്ങളും എയർ ഷവറുകളും സെൻസർ ഫോസെറ്റുകളും ഉപയോഗിക്കുക.

∙ പാചകം ചെയ്യാൻ മൺപാത്രങ്ങളും ഇരുമ്പു പാത്രങ്ങളും ഉപയോഗിക്കാം. പ്ലാസ്റ്റിക് വീടിനുള്ളിൽ വേണ്ടേ വേണ്ട.

∙ ഇൻഡോർ പ്ലാന്റുകൾ ഒഴിവാക്കരുത്. സൂര്യപ്രകാശം നേരിട്ടു ലഭിക്കാത്ത ഇടങ്ങളിൽ പോലും വളരുന്നവയാണ് കുഞ്ഞൻ പനകൾ. ജനാലകൾക്കടുത്ത് വയ്ക്കാൻ കറ്റാർവാഴ നല്ലതാണ്. തുളസി, ഡ്രസീന എന്നിവ വായു ശുദ്ധീകരിക്കാൻ സഹായിക്കും. സ്നേക് പ്ലാന്റ് ബാത്റൂമിനുള്ളിൽ ഇണങ്ങും. വെർട്ടിക്കൽ ഗാർഡനും വീടിന്റെ മനോഹാരിത കൂട്ടും.

∙ പ്ലോട്ടിന്റെ കാൽഭാഗത്തു മാത്രം വീടു പണിതാൽ ബാക്കി മുക്കാൽ ഭാഗം ലാൻഡ്സ്കേപ്പിനായി മാറ്റിവയ്ക്കാം. ലാൻഡ്സ്കേപ്പിൽ വെള്ളം അധികം വേണ്ടാത്ത ചെടിക ളും പുല്ലുകളും പിടിപ്പിക്കുക. നമ്മുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ചെമ്പരത്തി, ചെത്തി, മുല്ല പോലുള്ള ചെടികളായാല്‍ ഏറെ നന്ന്.

echo-f2