Wednesday 12 January 2022 03:28 PM IST : By സ്വന്തം ലേഖകൻ

‘ചെരിപ്പ് ധരിച്ചു വേണം മിക്സി ഉപയോഗിക്കാൻ; ജാറിൽ നിന്നു തെറിക്കുന്ന വെള്ളം ഷോക്കിനു കാരണമാകും’: വൈദ്യുതി മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

_REE2575

കളിക്കുന്നതിനിടെ ഫ്രിജിനു പിന്നിൽ ഒളിക്കാൻ ശ്രമിച്ച കുട്ടിക്ക് ഷോക്കേറ്റു. പ്ലഗിൽ വിരലിട്ടു നോക്കുന്നതിനിടെ അപകടം സംഭവിച്ചു. ഇത്തരം വാർത്തകൾ‍ രണ്ടുദിവസത്തിനു ശേഷം മറന്നുകളയാനുള്ളതല്ല. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ വില്ലനായി മാറാം എന്നോർമിപ്പിക്കുകയാണ് ചെയ്യുന്നത്.

വയറിങ്ങിലെ പോരായ്മ, നിലവാരമില്ലാത്ത സാമഗ്രികളുടെ ഉപയോഗം അങ്ങനെ അപകടങ്ങൾക്ക്  കാരണങ്ങൾ പലതാണ്.  കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വീടുകളിൽ വൈദ്യുതി മൂലമുള്ള അപകടം ഒഴിവാക്കാം.

സുരക്ഷയ്ക്ക് വേണം, മികച്ച വയറിങ്  

അപകട കാരണങ്ങളിൽ പ്രധാനമാണ് വയറിങ്ങിലെ പോരായ്മ. മഴക്കാലത്ത് വീടുകളിലെ ഭിത്തികളിൽ തൊടുമ്പോൾ ഷോക്കോ തരിപ്പോ അനുഭവപ്പെട്ടാൽ വൈദ്യുതി ചോർച്ച ഉണ്ടെന്നു മനസ്സിലാക്കണം.

∙ വയറുകളുടെ ഇൻസുലേഷൻ നഷ്ടപ്പെടുന്നതാണ് പ ലപ്പോഴും വൈദ്യുതി ലീക്കിന്റെ കാരണം. വൈദ്യുത ബിൽ മാത്രമല്ല, അപകടസാധ്യതയും കൂടും.  

∙ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ പോലും 10 വ ർഷത്തിനു ശേഷം വയറിങ് പരിചയസമ്പന്നനായ അംഗീകൃത വയർമാനെക്കൊണ്ട് പരിശോധിപ്പിക്കണം. പോരായ്മകൾ പരിഹരിക്കണം.

∙ താൽക്കാലികവും അനധികൃതവുമായ മാറ്റങ്ങൾ വയ റിങ്ങിൽ വരുത്താതിരിക്കുക.

∙ ഐഎസ്ഐ നിലവാരമുള്ള ഉപകരണങ്ങളും വയറിങ് സാമഗ്രികളും മാത്രം ഉപയോഗിക്കുക.

∙ വൈദ്യുതി സുരക്ഷയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് നല്ല എർത്തിങ്. എർത്ത് ചെയ്യുന്ന കുഴിയിലേക്ക് കൊടുക്കുന്ന എർത്ത് വയർ പിവിസി പൈപ്പിലൂടെ വേണം ഘടിപ്പിക്കാൻ. സമയാസമയങ്ങളിൽ എർത്തിങ് പരിശോധിപ്പിക്കണം.

∙ പുതിയ ഉപകരണങ്ങൾ വാങ്ങുമ്പോൾ BEE (ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി) സ്റ്റാൻഡേർഡ് പ്രകാരം 5 സ്റ്റാർ റേറ്റിങ് ഉള്ള ഉപകരണങ്ങൾ തന്നെ വാങ്ങുന്നതാണ് നല്ലത്. വാങ്ങുമ്പോൾ ചെലവ് കൂടുതലെങ്കിലും ദീർഘകാല ഉപയോഗത്തിൽ കിട്ടുന്ന ലാഭം പരിഗണിക്കുക.

എന്താണ് ഇഎൽസിബി?

വൈദ്യുതി ചോർച്ച മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ELCB (എർത്ത് ലീക്ക് സർക്യൂട്ട് ബ്രേക്കർ) അല്ലെങ്കിൽ RCCB (റെസിഡ്യുവൽ കറന്റ് സർക്യൂട്ട് ബ്രേക്കർ) മെയിൻ സ്വിച്ചിനോടനുബന്ധിച്ച് ഘടിപ്പിക്കുന്നത്.

വൈദ്യുതി കണക്‌ഷൻ എടുക്കുമ്പോൾ ‌ELCB നിർബന്ധമാക്കിയിട്ട് കുറച്ചു വർഷങ്ങളേ ആയുള്ളൂ. അതുകൊണ്ട് തന്നെ പഴയ പല വീടുകളിലും ഇത് ഉണ്ടാകില്ല. ഇത് നിർബന്ധമായും ചെയ്യേണ്ടതാണ്. വീടുകളിൽ സ്ഥാപിക്കുന്ന ELCB കൾ 30 മില്ലി ആംപിയർ കറന്റ് സെൻസിറ്റിവിറ്റി ഉള്ളതാണ് ഉചിതം.

∙ ഇഎൽസിബികളിൽ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യുന്ന നോബ് കൂടാതെ വളരെ പ്രധാനപ്പെട്ട ഒരു ടെസ്റ്റ് ബട്ടൺ കൂടിയുണ്ട്. ഈ ടെസ്റ്റ് ബട്ടൺ മാസത്തിൽ ഒരിക്കലെങ്കിലും അമർത്തി നോക്കി ട്രിപ്പ് ആകുന്നുണ്ടോ എന്നു പരിശോധിച്ച് ഉറപ്പു വരുത്തണം. നനവില്ലാത്ത ചെരിപ്പ് ഉപയോഗിച്ചോ ഫ്ളോർ മാറ്റിൽ നിന്നോ ഇവ പരിശോധിക്കുന്നതാണ് സുരക്ഷിതം.

പ്ലഗുകളും സ്വിച്ചുകളും

∙ മൂന്നു പിൻ ഉള്ള പ്ലഗ് മാത്രം ഉപയോഗിക്കുക. ഉപകരണങ്ങളുടെ ബോഡി എർത്ത് ചെയ്യുന്നതിനാൽ അപകടം ഒഴിവാക്കാൻ സഹായിക്കും.

∙ ഷട്ടർ ഉള്ള പ്ലഗ് സോക്കറ്റുകൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. കൊച്ചുകുട്ടികൾ പ്ലഗ് സോക്കറ്റിൽ ലോഹ വസ്തുക്കൾ കുത്തി അപകടമുണ്ടാക്കുന്നത് തടയാൻ ഇ ത് സഹായിക്കും.

∙ ഒരു പ്ലഗ് സോക്കറ്റിൽ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാവൂ. ഓരോ പ്ലഗ് സോക്കറ്റിനും പ്രത്യേകം സ്വിച് ഉണ്ടായിരിക്കണം.  

∙ സോക്കറ്റിൽ പ്ലഗ് കുത്തുമ്പോഴും എടുക്കുമ്പോഴും സ്വിച്ച് ഓഫായിരിക്കുകയാണെന്ന് ഉറപ്പുവരുത്തണം. ഇൻസുലേഷൻ കളഞ്ഞ വയർ, പ്ലഗ്ഗിൽ കുത്തി ഉപയോഗിക്കുന്നത് തീർത്തും ഒഴിവാക്കണം.  

∙ നനഞ്ഞ കൈ  ഉപയോഗിച്ച് സ്വിച് പ്രവർത്തിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

∙ ഇലക്ട്രിക് ഉപകരണത്തിലോ സമീപത്തോ തീപിടിത്തമുണ്ടായാൽ സ്വിച് കെടുത്തുക.

∙ പാചകവാതക ചോർച്ച ഉണ്ടെന്നു തോന്നിയാൽ സ്വിച് ഇടുകയോ കെടുത്തുകയോ ചെയ്യരുത്.

mobhome

ഫ്രിജ് ഓഫ് ചെയ്യേണ്ടതെപ്പോൾ?

നമ്മുടെ വീടുകളിൽ ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിജ്. പീക്ക് ലോഡ് ഉള്ള സമയത്ത് (വൈകിട്ട് 6 മണി മുതൽ രാത്രി 10 വരെ) രണ്ടു മുതൽ നാലു മണിക്കൂർ വരെ ഫ്രിജ് ഓഫ് ചെയ്തിടാം. വൈദ്യുത ബില്ലിൽ ലാഭം കിട്ടും. ഫ്രിജിന്റെ കാലയളവും വർധിക്കും.

∙ വിശ്രമമില്ലാത്ത പ്രവർത്തനം മൂലം  കംപ്രസറിന്റെ വൈ ൻഡിങ്ങിലെ ലാമിനേഷൻ ഇളകി സ്പാർക് ഉണ്ടാകാം. ഇത് ഷോക്കിനു കാരണമാകും.  

മൂന്ന്–നാലുമണിക്കൂർ ഫ്രിജ് ഓഫ് ചെയ്തിടുമ്പോൾ കോയിലുകൾ തണുക്കും. വയറിങ്ങിലെ ഇൻസുലേഷൻ ദ്രവിക്കുന്നതു മൂലവും ഫ്രിജിൽ നിന്നു ഷോക്ക് ഉണ്ടാകാം.

അടുക്കളയിലും അലക്കിലും ജാഗ്രത

കഴിയുന്നതും ചെരിപ്പ് ധരിച്ചു വേണം മിക്സി ഉപയോഗിക്കാൻ. ഉപയോഗം ശ്രദ്ധയോടെ അല്ലെങ്കിൽ മിക്സർ ജാറിൽ നിന്ന് ലീക് ആകുന്ന വെള്ളമിറങ്ങി മിക്സിയുടെ മോട്ടോർ തകരാറിലാകാം. ഇത് ഷോക്ക് ഉണ്ടാക്കാം. അശ്രദ്ധമൂലം ജാറിൽ നിന്നു തെറിക്കുന്ന വെള്ളം സ്വിച്ചിലെത്തുന്നതും ഷോക്കിനു കാരണമാകും.

∙ മിക്സറിൽ ഓവർ ലോഡ് നൽകി ഉപയോഗിക്കരുത്. താങ്ങാവുന്നതിലും അധികമായാൽ മിക്സിയുടെ ഓവർ ലോഡ് പ്രൊട്ടക്‌ഷൻ സ്വിച് ഓഫ് ആയി മിക്സിയുടെ പ്രവർത്തനം നിലയ്ക്കും.

ലോഡ് കുറച്ചാലും ഓവർ ലോഡ് സ്വിച് കട്ട് ആയി പോകാറുണ്ട്. ജാറിന്റെ മുറുക്കം കൊണ്ടാകാം ഇതുണ്ടാകുന്നത്. ബുഷ് മാറ്റി ഈ പ്രശ്നം പരിഹരിക്കാം.

∙ കത്തുന്ന ഗന്ധമോ അസാധാരണ  ശബ്ദമോ ശ്രദ്ധയിൽപ്പെട്ടാൽ, മിക്സി  ഓഫ് ചെയ്യണം. മിക്സിയുടെ വേഗത കുറയുക, അരഞ്ഞുകിട്ടാൻ പ്രയാസം നേരിടുക, മിക്സി ഇടവിട്ട് നിന്നു പ്രവർത്തിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ സ ർവീസ് ചെയ്ത ശേഷമേ മിക്സി ഉപയോഗിക്കാവൂ.  

വാഷിങ് മെഷീൻ:  മിക്ക വീടുകളിലും കുളിമുറിയിലോ ചായ്പുകളിലോ ഒക്കെയാണ് വാഷിങ് മെഷീൻ വയ്ക്കാറുള്ളത്. ഈ ഇടങ്ങളിൽ ഈർപ്പവും കൂടുതാലാകും. ഇത് മൂലം മെഷീന്റെ പിസി ബോർഡുകൾ പെട്ടെന്നു കേടാ കാം. നോബുകളിൽ വെള്ളമിറങ്ങുന്നത് ഷോക്ക് സാധ്യത കൂട്ടും.  ബസറിലും മോട്ടോറിലും വെള്ളമിറങ്ങിയും ഷോക്ക് ഉണ്ടാകാം.

∙ വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന ഓട്ടമാറ്റിക് മെഷീൻ, 180 W മുതൽ 2500 W വരെ പവർ ഉള്ളതാണ്. ഫ്രണ്ട്‌ ലോഡിങ് വാഷിങ്‌ മെഷീനുകൾക്ക്‌ കുറച്ചു വെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളൂ. വെളളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകൾക്ക് വൈദ്യുതി ഉപയോഗം കൂടും.

∙ വാഷിങ്‌ മെഷീൻ ലോഡ്‌ ചെയ്തതിനു ശേഷം മാത്രം ഓൺ ചെയ്യുക. മെഷീൻ ഓവർ‌ലോഡ് ചെയ്യുന്നത് ഡ്ര   മ്മും മെക്കാനിക്കൽ അസംബ്ലിയുമെല്ലാം തകരാറിലാക്കും.

∙ ഒരു തവണത്തെ ഉപയോഗം കഴിഞ്ഞാൽ ഒരു മണിക്കൂർ കഴിഞ്ഞേ വീണ്ടും പ്രവർത്തിപ്പിക്കാവൂ. തുടർച്ചയായ ഉപയോഗം മോട്ടോർ ചൂടാകും. എളുപ്പം കേടുവരാം.

∙ ഉപയോഗം കഴിഞ്ഞാൽ വാഷിങ് മെഷീന്റെ സ്വിച്ച് ബോർഡിലെ സ്വിച്ചും ഓഫ് ചെയ്യണം. ഉണങ്ങിയ തുണികൊണ്ട് ഈർപ്പം ഒപ്പിയെടുക്കാനും മറക്കരുത്.

mixie455

വാട്ടർ ഹീറ്ററും ഇസ്തിരിപ്പെട്ടിയും

ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം ഉണ്ടാക്കുന്നതും അപകട സാധ്യതയുള്ളതുമായ ഉപകരണമാണ് ഇലക്ട്രിക് വാട്ടർ ഹീറ്റർ.  വീട്ടുപകരണങ്ങൾ നല്ല എർത്തിങ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, അതിലൂടെ റിട്ടേൺ കറന്റ് ഒഴുകാം. മെറ്റൽ വാട്ടർ പൈപ്പ് ലൈൻ ഭാഗങ്ങളിൽ ഇത് ചെറിയ വൈദ്യുതപ്രവാഹത്തിനും കാരണമാകാം.

∙ ഹീറ്ററിലെ ഇൻസുലേഷൻ തുരുമ്പെടുത്തും വയറിങ്ങിന്റെ ഇൻസുലേറ്റ് ചെയ്യാത്ത ഭാഗം വഴിയും വൈദ്യുതിക്ക് വെള്ളവുമായി സമ്പർക്കം വരാം.  ഇത് ഷോക് ഉണ്ടാക്കാം.

∙ വാട്ടർ ഹീറ്ററിന്റെ കാര്യക്ഷമത താരതമ്യം ചെയ്യുന്നതി നുള്ള ഏറ്റവും നല്ല മാർഗം അതത് ഊർജ ഘടകങ്ങൾ (Energy Factors (ഇഎഫ്) നോക്കുക എന്നതാണ്. എനർജി എഫിഷ്യന്റായ വാട്ടർ ഹീറ്റർ വൈദ്യുത ബിൽ വർധിക്കാതിരിക്കാനും സഹായകരമാണ്.

∙ ഒാണ്‍ ചെയ്തു കൊണ്ടു തന്നെ ഉപയോഗിക്കുന്നവെന്നതിനാൽ കൂടുതൽ കരുതൽ വേണ്ട ഉപകരണമാണ് ഇലക്ട്രിക് ഇസ്തിരിപ്പെട്ടി. ഇതിന്റെ  കേബിൾ ചതഞ്ഞും ചുരുണ്ടും ഇൻസുലേഷൻ പൊട്ടി ഷോക് ഉണ്ടാകാറുണ്ട്. ഇങ്ങനെ മോശമായ അവസ്ഥയിലായ ഇസ്തിരിപ്പെട്ടി ഉപയോഗിക്കരുത്.

∙ ഇസ്തിരിയിടുന്ന മേശയ്ക്ക് സമീപം റബർ മാറ്റ് വിരിച്ച് അതിൽ നിന്ന്  ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

ചാർജ് ചെയ്തുള്ള സംസാരം വേണ്ട

മൊബൈൽ ഫോൺ ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കരുത്. സുരക്ഷിതമല്ലാത്ത ചാർജറിൽ നിന്ന് വൈദ്യുതാഘാതമേൽക്കാം.

∙ വയര്‍ ഹെഡ്‌ഫോൺ പലപ്പോഴും ആന്റിന പോലെ പ്രവര്‍ത്തിച്ച് കൂടുതല്‍ റേഡിയേഷൻ ആഗിരണം ചെയ്യാനിടയുണ്ട്. ബ്ലൂടൂത്ത് ഹെഡ്‌ഫോൺ താരതമ്യേന ഭേദമാണ്.

∙ മുഴുവൻ ചാർജ് ആയാൽ ഒാട്ടോ കട്ട് ഉള്ള ഫോണുകൾ ഉണ്ടാകാം. പക്ഷേ, ചാർജർ അമിതമായി ചൂടായാൽ തീപിടിത്തത്തിന് സാധ്യതയുണ്ട്.

∙ മൾട്ടി-പ്ലഗ് അഡാപ്റ്റർ ഉപയോഗം പരമാവധി ഒഴിവാക്കുക. ഒന്നിലധികം ഫോണും ഉപകരണങ്ങളും ഒരു സോക്കറ്റിൽ തന്നെ പ്ലഗ് ചെയ്ത് ഉപയോഗിക്കുന്നത് അപകടങ്ങൾക്കു വഴിതെളിക്കും.

∙ ടിവി ഉപയോഗത്തിലും വേണം ശ്രദ്ധ. ടെലിവിഷനിലേക്കും ബൂസ്റ്ററിലേക്കുമുള്ള സപ്ലൈ ഒാഫ് ചെയ്ത ശേഷമേ പിന്നുകളിൽ സ്പർശിക്കാവൂ. കേബിൾ ടിവി അഡാപ്റ്ററിന്റെ ഉൾവശത്ത് തൊട്ടുനോക്കരുത്. വൈദ്യുതി പ്രവഹിക്കാത്ത അടപ്പുണ്ടെന്ന് ഉറപ്പുവരുത്തുക.

അറ്റകുറ്റപ്പണികൾ ചെയ്യുമ്പോൾ

തകരാർ പരിഹരിക്കാനായുള്ള ജോലികൾ, മെയിൻസ്വിച് ഒാഫ് ചെയ്ത് ഫ്യൂസ് ഊരി മാറ്റി വച്ചതിനു ശേഷം മാത്രം ചെയ്യുക. അല്ലെങ്കിൽ ആരെങ്കിലും അറിയാതെ  ഇടയ്ക്ക് മെയിൻ സ്വിച് ഓൺ ആക്കിയാൽ അപകടമുണ്ടാകാം.

∙ ഒരിക്കലും ഫ്യൂസ് ചെമ്പുകമ്പി ഉപയോഗിച്ച് കെട്ടരുത്. ഫ്യൂസ് വയറുകൾ എല്ലാ വീടുകളിലും കരുതണം.

∙ ഫ്യൂസുകൾക്കു പകരം മിനിയേച്ചർ സർക്യൂട്ട് ബ്രേക്കറുകൾ (MCB) ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

∙ വീട്ടിലെ വൈദ്യുത പകരണങ്ങൾ വിവിധ ഉപസ ർക്യൂട്ടുകളിലായി ഘടിപ്പിക്കണം. മെയിൻ സ്വിച്ചിലെ ഫ്യൂസിനേക്കാളും ശേഷി കുറഞ്ഞ ഫ്യൂസ് ആണ് ഇത്തരം ഉപസർക്യൂട്ടുകളിൽ ഉപയോഗിക്കേണ്ടത്.

ഇൻവർട്ടറും സോളറും

ഇൻവർട്ടർ ഓഫ് ചെയ്യുമ്പോൾ മെയിൻ സ്വിച്ചും ഓഫ് ചെയ്യണം. അല്ലാത്ത പക്ഷം ഇൻവർട്ടറിൽ നിന്നു വൈദ്യുതി പ്രവഹിച്ച് അപകടമുണ്ടാകാം.

∙ ഇൻവർട്ടർ ബാറ്ററി കുട്ടികൾക്ക് ചെന്നെത്താൻ പറ്റാത്ത വിധം ഒരു കാബിനറ്റിൽ അടച്ചു വയ്ക്കുക. ബാറ്ററി ടെർമിനൽ ഇൻസുലേറ്റ് ചെയ്ത് വയ്ക്കുന്നതാണ് സുരക്ഷിതം.

സോളർ പ്ലാന്റ്: കെഎസ്ഇബിയിൽ നിന്ന് അനുമതി     വാങ്ങി വേണം വീടുകളിൽ സോളർ പ്ലാന്റ് സ്ഥാപിക്കാൻ.

∙ MNRE (മിനിസ്ട്രി ഓഫ് ന്യൂ റിന്യൂവബിൾ എനർജി) യുടെ അംഗീകാരമുള്ള സോളർ പ്ലാന്റ് മാത്രം സ്ഥാപിക്കുക.

∙ സോളർ പാനലുമായി ബന്ധപ്പെട്ട വയറിങ്ങിലെ ഇൻസുലേഷൻ പോയ ഭാഗങ്ങളിൽ ഒരുകാരണവശാലും തൊടരുത്.

∙ അതിരാവിലെയും സൂര്യാസ്തമയത്തിനു ശേഷമുള്ള സമയത്തും മാത്രമേ സോളർ പാനൽ വൃത്തിയാക്കാൻ പാടുള്ളൂ.

∙ സോളർ ഇൻവർട്ടർ കഴിവതും റൂഫ് ടോപ്പിൽ തന്നെ സ്ഥാപിക്കുന്നതാണ് നല്ലത്. ഇ ൻവർട്ടർ താഴെ സ്ഥാപിക്കുന്ന പക്ഷം സോളർ പാനൽ മുതൽ ഇൻവർട്ടർ വരെയുള്ള കേബിൾ കെട്ടിടത്തിനു പുറത്തുകൂടി മാത്രമേ എടുക്കാവൂ.

∙ സോളർ ഗ്രിഡിൽ ഘടിപ്പിച്ചതാണെങ്കിൽ കെഎസ്ഇബിയുടെ വൈദ്യുതി നിലയ്ക്കുന്ന പക്ഷം സോളാർ ഇൻവർട്ടറിൽ നിന്നുള്ള സപ്ലൈ ഓഫ് ആണെന്നു ഉറപ്പു വരുത്തേണ്ടതാണ്.

∙ സോളർ പാനൽ സപ്പോർട്ടിങ് സ്ട്രക്ചർ, ഇൻവർട്ടർ എന്നിവ നല്ല രീതിയിൽ എർത്ത് ചെയ്യണം

- അനീഷ് കെ. അയിലറ, (അസി.എക്സിക്യുട്ടീവ് എൻജിനീയർ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ, പാലോട്)

Tags:
  • Vanitha Veedu