Wednesday 11 August 2021 03:45 PM IST

40 ദിവസത്തെ ലീവിന് നാട്ടിൽ, സ്വപ്നവീടിന്റെ ഇന്റീരിയർ 30 ദിവസം കൊണ്ട് സ്വർഗമായി: അമ്പരപ്പിക്കുന്ന മാറ്റം

Sunitha Nair

Sr. Subeditor, Vanitha veedu

flat-interior

ഖത്തറിൽ ജോലി ചെയ്യുന്ന പോൾ മത്തായിയും കുടുംബവും 40 ദിവസത്തെ ലീവിനാണ് നാട്ടിലെത്തിയത്. പുതിയ ഫ്ലാറ്റ് ഇന്റീരിയർ ചെയ്ത് അവിടെ കുറച്ചു ദിവസം താമസിച്ചിട്ടു വേണം തിരികെ പോകാൻ എന്ന ആഗ്രഹവുമായാണ് അവർ വിമാനമിറങ്ങിയത്. ഡിസൈനർ ജിതിനും സൽജനും 30 ദിവസം കൊണ്ട് ഫ്ലാറ്റിന്റെ ഇന്റീരിയർ പൂർത്തിയാക്കി നൽകി. പത്തു ദിവസം സ്വന്തം വീട്ടിൽ താമസിച്ച സന്തോഷത്തോടെ പോളിനെയും കുടുംബത്തെയും അയയ്ക്കാനായതിന്റെ ചാരിതാർഥ്യ ത്തിലാണ് ഇവർ.

flat-5

തൃപ്പൂണിത്തുറയിലെ 1300 ചതുരശ്രയടിയുള്ള 3 BHK ഫ്ലാറ്റിന്റെ ഇന്റീരിയർ വർക്കുകൾ കൂടുതലും ചെയ്തിരിക്കുന്നത് മൾട്ടിവുഡിലാണ്. ഫോയറിൽ കൺസോളും കണ്ണാടിയും നൽകിയിട്ടുണ്ട്. ഫോക്കൽ ലൈറ്റ് കൊടുത്ത് ഈ കണ്ണാടിയെ ഹൈലൈറ്റ് ചെയ്തു. ലിവിങ് റൂമിൽ മൾട്ടി വുഡ് കൊണ്ട് നിർമിച്ച ടിവി യൂണിറ്റ് തേക്കിന്റെ ഫിനിഷിൽ പെയിന്റ് ചെയ്തു. ലിവിങ് - ഡൈനിങ് പാർട്ടീഷനായി നിർമിച്ച സ്റ്റീൽ സ്ട്രക്ചറിനും തടിയുടെ ഫിനിഷ് നൽകി, അതിൽ നിറയെ ചെടികൾ വച്ചു. വീട്ടുകാർക്ക് പച്ചപ്പിനോടുള്ള താൽപര്യം കണക്കിലെടുത്താണ് ഇത്.

flat-7

ഡൈനിങ്ങിൽ നിന്നുള്ള പാസേജിന്റെ ചുമരിൽ സ്റ്റോൺ ഫിനിഷ് നൽകി മൂന്ന് പ്ലാന്റർ ബോക്സുകൾ വച്ചു. മൾട്ടിവുഡിൽ തേക്ക് പോലെ തോന്നിക്കുന്ന രീതിയിൽ പെയിന്റ് ചെയ്താണ് ബോക്സുകൾ നിർമിച്ചത്. വശങ്ങളിൽ തേക്കിൻ തടിയും ഉപയോഗിച്ചിട്ടുണ്ട്.

flat-2

ടെക്സ്ചറുകൾ ധാരാളമായി ഇന്റീരിയറിൽ നൽകിയിട്ടുണ്ട്. ഊണുമുറി, കിടപ്പുമുറികളിലെ ഹെഡ് വോൾ, ബെഡ് റൂം പാസേജ്, ബാൽക്കണി എന്നിവിടങ്ങളിൽ ടെക്സ്ചറിന്റെ മായാജാലം കാണാം. ടെക്‌സ്ചറിലെ എലമെൻറുകൾ ഫോക്കൽ ലൈറ്റ് കൊടുത്ത് ഹൈലൈറ്റ് ചെയ്യാൻ ശ്രദ്ധിച്ചു.

ബാൽക്കണിയിൽ ടെക്സ്ചറിന്റെയും തേക്കിന്റെയും കൂട്ടായ്മ ഭംഗിയേകുന്നു. തറയിൽ കൃത്രിമപ്പുല്ല് വിരിച്ചു. പ്രധാന ബാൽക്കണിയിൽ വീട്ടുകാരുടെ ആവശ്യപ്രകാരം കോഫി/ബാർ ഏരിയ ഒരുക്കി. വീട്ടുകാരുടെ ഇഷ്ടമായ ചെടികൾ ഇവിടെയും സ്ഥാനം പിടിച്ചിട്ടുണ്ട്.

flat-4

ഊണുമേശ തേക്കിൽ പണിതു. കട്ടിലുകൾ മൾട്ടി വുഡിൽ പണിത് പെയിന്റ് ചെയ്തു. പാസേജുകൾ, ബീം, അടുക്കളയിലേക്കുള്ള പ്രവേശന കവാടം എന്നിവിടങ്ങളിലെല്ലാം പാനലിങ് ചെയ്തിട്ടുണ്ട്.

വാഷ് കൗണ്ടറിൽ 4 X 2 അടി വലുപ്പ മുള്ള ടൈൽ നൽകി. താഴെ രണ്ട് തട്ടുകൾ കൊടുത്ത് അതിലൊന്നിൽ ചെടികളും മറ്റൊന്നിൽ പെബിൾസും നൽകി. ലൈറ്റിങ് ചെയ്ത് ഇവിടം മനോഹരമാക്കി.

flat-1

കിടപ്പുമുറികളിലെല്ലാം വാഡ്രോബുകളും സ്റ്റഡി ടേബിളും ലെഡ്ജ് വോളും നൽകി.

അടുക്കളയുടെ ചുമരിലും 4 X 2 അടി വലുപ്പത്തിലുള്ള ടൈൽ നൽകി. കൗണ്ടർ ടോപ്പിന് ഗ്രാനൈറ്റ് ആണ്; കാബിനറ്റുകൾക്ക് മൾട്ടിവുഡും.

മുറികളിലെല്ലാം ഫോൾസ് സീലിങ് ചെയ്ത് ചുറ്റും മൂലകളിൽ തേക്ക് കൊണ്ടുള്ള വർക്ക് ചെയ്തു. മ്യൂറ ലുകളെല്ലാം അളവു കൊടുത്ത് പ്രത്യേകം ചെയ്യിച്ചതാണ്.

തേക്ക് പോലെ തോന്നിക്കാൻ സ്ക്വയർ ട്യൂബ് കൊണ്ടുള്ള പാർട്ടീഷനാണ് നൽകിയിട്ടുള്ളത്. ഈ ഫ്ലാറ്റ് ഡിസൈനിങ് ടീം എറ്റെടുക്കുമ്പോൾ ഫ്ലോറിങ് മാത്രമേ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാ പണികളും ഒരു മാസം കൊണ്ട് പൂർത്തിയാക്കി.

flat-3

കടപ്പാട്:

ജിതിൻ എൽദോ തങ്കൻ, സൽജൻ രാജു

Ph: 9846064024, 9847 886647

Jithinthankank@gmail.com

Saljanraju06 @gmail.com