Friday 02 November 2018 05:31 PM IST : By സ്വന്തം ലേഖകൻ

കൂൾ ഫീലിന് മാർബിൾ, വാം ഫീലിന് വുഡൻ ഫ്ലോർ; അകത്തളങ്ങളുടെ ആറ്റിറ്റ്യൂട്ട് നിർണയിച്ച് ഫ്ലോർ ഒരുക്കാം

anoop flat new.indd

അകത്തളത്തിനു ഭംഗിയേകാൻ സ്റ്റേറ്റ്മെന്റ് ഫ്ലോ ർ വേണമെങ്കിൽ ഡിജിറ്റൽ ടൈലുകളെ കൂട്ടു പിടിച്ചാൽ മതി. മുറിക്കു കൂൾ ഫീൽ നൽകണമെങ്കിൽ മാർബിൾ തിരഞ്ഞെടുക്കാം. വാം ഫീൽ വേണമെങ്കിൽ വുഡൻ ഫ്ലോർ ഒരുക്കിക്കോളൂ. അകത്തളങ്ങളുടെ ഭംഗിയും മൂഡും ആറ്റിറ്റ്യൂഡും നിർണയിക്കുന്ന പ്രധാന ഘടകമാണു മുറികളുടെ തറ. ദിവസേന ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഗമായതിനാൽ തറയ്ക്കു വേണ്ടി ഉപയോഗിക്കുന്ന മെറ്റീരിയൽ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഫ്ലോറിങ് ചെയ്യും മുമ്പ് ഈ കാര്യങ്ങളിൽ മനസ്സിരുത്തിക്കോളൂ.

ഫ്ലോറിങ് ചെയ്യും മുൻപ് അറിയേണ്ടത്

തറയുടെ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ അവ വീടിന്റെ ഡിസൈനിനോട് ഇണങ്ങുന്നതാണോയെന്നു പ്രത്യേകം ശ്രദ്ധിക്കണം. മെറ്റീരിയലിന്റെ വില, ഈട്, പരിപാലിക്കുന്നതിനുള്ള ചെലവ് ഇവയെല്ലാം വളരെ പ്രധാനമാണ്. ദീർഘകാലം ഉപയോഗിക്കേണ്ട തറയ്ക്കു കൂടുതൽ ഈട് നിൽക്കുന്ന െമറ്റീരിയൽ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇവയുടെ പോരായ്മകൾ എന്തെല്ലാമെന്ന് തിരിച്ചറിയാനും ശ്രദ്ധിക്കണം.

∙ തറ തിരഞ്ഞെടുക്കുമ്പോൾ ബജറ്റ് കൂടി പരിഗണിക്കണം.ഫ്ലോറിങ് ചെലവ് എന്നാൽ മെറ്റീരിയലിന്റെ വില, വിരിക്കാനുള്ള ചെലവ്, സ്കർട്ടിങ് ചെലവ്, അരിക് ഉരുട്ടാനുള്ള ചെലവ്, പോളിഷിങ് ചെലവ് എന്നിവയെല്ലാം േചർന്നതാണ്. വിരിക്കാനും ഉരുട്ടാനും പ്രകൃതിദത്ത കല്ലുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ചെലവ് കൂടും. എത്രമാത്രം സ്ഥലമാണു ഫ്ലോറിങ് ചെയ്യാനുള്ളതെന്നു കണക്കാക്കുക. സ്കർട്ടിങ്ങിനു വേണ്ടി ടൈലിന്റെ അരിക് ഉരുട്ടേണ്ടി വരുന്ന സാഹചര്യങ്ങൾ കൂടി കണക്കാക്കണം. ഇതിന് റണ്ണിങ് ഫീറ്റ് ചാർജാണ് ഈടാക്കുന്നത്. ഒരു വീട്ടിൽ കുറഞ്ഞത് 1000 റണ്ണിങ് ഫീറ്റെങ്കിലും സ്കർട്ടിങ് വരുമെന്നതിനാൽ ചാർജ് കൂടും. ടൈൽ ഇടാൻ ചതുരശ്രയടി കണക്ക് മാത്രം ചിന്തിച്ചാൽ േപാരെന്നർഥം. സ്കർട്ടിങ്ങും അരിക് ഉരുട്ടലുമെല്ലാം റണ്ണിങ് ഫീറ്റ് ചാർജിൽ കണക്ക് കൂട്ടണം. ക്വട്ടേഷൻ വാങ്ങുമ്പോൾ ഇതിന്റെ എല്ലാം കണക്കുകൾ കൃത്യമായി തരംതിരിച്ചെഴുതി വാങ്ങണം.

തിരഞ്ഞെടുക്കാം േയാജിച്ച മെറ്റീരിയൽ

വിട്രിഫൈഡ് ടൈൽ, സെറാമിക് ടൈൽ, ലാമിനേറ്റഡ് വുഡൻ ഫ്ലോർ, ഗ്രാനൈറ്റ്, മാർബിൾ, റെഡ് ഓക്സൈഡ്, തറയോട്, ഗ്ലാസ് ഫ്ലോറിങ്, കോട്ട സ്റ്റോൺ തുടങ്ങിയവയാണു പ്രധാനമായും ഫ്ലോറിങ്ങിന് ഉപയോഗിക്കുന്നത്.

∙ ടൈലിന് ഇപ്പോഴും നല്ല ഡിമാന്റുണ്ട്. വിലക്കുറവ്, ഡിസൈനുകളിലെ ൈവവിധ്യം, വിരിക്കാനും പരിപാലനത്തിനുമുള്ള എളുപ്പം എന്നിവയെല്ലാമാണു ടൈലിനോടുള്ള പ്രിയത്തിനു കാരണം. ചതുരശ്രയടിക്ക് 50 രൂപ നിരക്കിൽ വിട്രിഫൈഡ് ടൈലും സെറാമിക് ടൈലും ലഭ്യമാണ്.

∙ഡിജിറ്റൽ പ്രിന്റ് ടൈലുകളോടാണ് ഇപ്പോൾ കൂടുതൽ പ്രിയം. ഏതു നിറത്തിലും വലുപ്പത്തിലും ഇവയിൽ ഇമേജുകൾ പ്രിന്റ് ചെയ്തെടുക്കാമെന്നതും തേഞ്ഞു പോകില്ല എന്നതുമാണ് ഇവയുടെ ഗുണങ്ങൾ. ചതുരശ്രയടിക്ക് 70 രൂപ മുതലാണു വില. സെറാമിക് ടൈലുകളിലും ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈലുകളിലുമാണു കൂടുതൽ പേരും ഡിജിറ്റൽ പ്രിന്റ് ചെയ്യുന്നത്. ജോയിന്റ് ഫ്രീ ടൈലുകൾക്കും ഏറെ ഡിമാന്റുണ്ട്. ടൈലിന്റെ എണ്ണം കുറയ്ക്കാമെന്നതും കാഴ്ചയിലെ ഭംഗിയും ഇവ യെ ആകർഷകമാക്കുന്നു.

∙ ഗ്രാനൈറ്റിനോടുള്ള ഇഷ്ടവും തെല്ലും മങ്ങിയിട്ടില്ല. കൂടുതൽ കാലം ഈട് നിൽക്കും, കറ പിടിക്കില്ല എന്നിവയാണ് ഗ്രാനൈറ്റിന്റെ ഗുണങ്ങൾ. ഗ്ലോസി, മാറ്റ്, ബ്രഷ്ഡ്, ലെതർ, ഫ്ലെയിംഡ് എന്നിങ്ങനെ പല ഫിനിഷുകളിൽ ഗ്രാനൈറ്റ് കിട്ടും. ചതുരശ്രയടിക്ക് 40 രൂപ മുതലാണു വില. ചതുരശ്രയടിക്ക് 25 രൂപ മുതൽ പണിക്കൂലിയുണ്ട്.

∙ ഇറ്റാലിയൻ മാർബിളിനോടുള്ള പ്രിയം ഇപ്പോഴും മങ്ങിയിട്ടില്ല. ചതുരശ്രയടിക്ക് 300 രൂപ മുതലാണു വില. ഇറ്റാലിയൻ മാർബിൾ ഡിസൈനിലുള്ള ടൈലുകളും ലഭ്യമാണ്. കറ പിടിക്കുമെന്നതാണ് ഇറ്റാലിയൻ മാർബിളിന്റെ പോരായ്മ. ഇറ്റാലിയൻ മാർബിളിന്റെ ഭംഗി ഇഷ്ടപ്പെടുന്നവർക്ക് ഈ ഡിസൈനിലെ ടൈലുകൾ ഉപയോഗിക്കാം. കറ പിടിക്കുമെന്ന പേടിയും വേണ്ട. ഗ്ലോസി ഫിനിഷിൽ ലഭിക്കുന്ന ഇവയോടൊപ്പം മാറ്റ് ഫിനിഷ് ടൈൽ കോംബിനേഷനുമുണ്ട്. 80 x120 സെ.മീ ചതുരശ്രയടിക്ക് 148 രൂപ മുതൽ വരും.

∙ തടിപ്പലകകൾ സ്ക്രൂ ചെയ്തു പിടിപ്പിച്ച് സോളിഡ് വുഡൻ ഫ്ലോർ തയാറാക്കാം. തേക്ക്, വീട്ടി, തെങ്ങ്, പന തുടങ്ങിയ തടികൾ ഉപയോഗിക്കാം. ചെറി, മേപ്പിൾ തുടങ്ങിയ വിദേശ തടികളും ഉപയോഗിക്കാം.

∙കാഴ്ചയിൽ തടി പോലെ തോന്നിക്കുമെന്നതാണു ലാമിനേറ്റഡ് വുഡ്, എൻജിനീയേർഡ് വുഡ്, വിനൈൽ വുഡ് പ്ലാങ്ക് എന്നിവയുടെ പ്രത്യേകത. തടിയേക്കാൾ ചെലവ് കുറവാണ്. പരിപാലിക്കാനും എളുപ്പമാെണന്ന ഗുണവുമുണ്ട്. പക്ഷേ, ഈർപ്പം തട്ടാതെ ശ്രദ്ധിക്കണം. ചിതലിനെ സൂക്ഷിക്കുകയും വേണം. ഇറക്കുമതി ചെയ്ത വുഡൻ ഫ്ലോറിങ് മെറ്റീരിയലും ലഭ്യമാണ്. ഇവയിലെ യഥാർഥ തടി തിരിച്ചറിയാനാവില്ലെന്നതിനാൽ ശ്രദ്ധിച്ചു തിരഞ്ഞെടുക്കേണ്ടതുണ്ട്.

∙ കോട്ട, സ്ലേറ്റ് സ്റ്റോൺ, ജയ്സാൽമീർ സ്റ്റോൺ തുടങ്ങിയ പ്രകൃതിദത്ത കല്ലുകൾ തറയ്ക്കു പ്രത്യേക ഭംഗിയേകും. ചതുരശ്രയടിക്ക് 60 രൂപ മുതൽ വിലയുണ്ട്. പണിക്കൂലി ചതുരശ്രയടിക്ക് 30 രൂപ മുതൽ വരും.

∙പ്രകൃതിദത്തവും ചെലവ് കുറഞ്ഞതുമാണു തറയോട്. ഇവ വിവിധ ആകൃതിയിൽ ലഭ്യമാണ്. വെള്ളം വലിച്ചെടുക്കുമെന്നും കറ പുരളുമെന്നതുമാണു പോരായ്മകൾ. പോളിഷ് ചെയ്തു മിനുക്കിയെടുക്കാനാകും. ചതുരശ്രയടിക്ക് 20 രൂപ മുതലാണു വില.

∙ ഓക്സൈഡ് ഫ്ലോറിങ്ങും തിരിച്ചു വന്നു കഴിഞ്ഞു. ചതുരശ്രയടിക്ക് 35 രൂപ മുതൽ വരും. റെഡ് ഓക്സൈഡ് ഫ്ലോറിങ് വളരെ ചെലവ് കുറഞ്ഞതും പരമ്പരാഗതവുമായ രീതിയാണ്. പരിചയസമ്പന്നരായ പണിക്കാർ ചെയ്തില്ലെങ്കിൽ തറയിൽ വിള്ളലുകൾ ഉണ്ടാകാനിടയുണ്ട്. ഒറ്റയടിക്കു പണി തീർക്കുന്നതും പ്രധാനമാണ്. ഇടയ്ക്ക് കാലതാമസം വന്നാൽ ഫർണിഷിങ്ങിനെത്തന്നെ ബാധിക്കാനിടയുണ്ട്. ചുവപ്പ്, കറുപ്പ് നിറങ്ങളിലെ ഓക്സൈഡാണ് സാധാരണയായുള്ളത്. പച്ച, നീല, മഞ്ഞ നിറങ്ങളിലെ ഓക്സൈഡും വിപണിയിൽ ലഭ്യമാണ്.

∙ ഉപയോഗിക്കുന്നതിനു മുൻപ് ഓക്സൈഡിന്റെ സാംപിൾ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കണം. സൂര്യപ്രകാശം അധികമേൽക്കാത്ത അകത്തെ മുറികളിലാണു റെഡ് ഓക്സൈഡ് അനുയോജ്യം.

മറക്കരുത് ഈ കാര്യങ്ങൾ

ഓരോ മുറിയുടെയും നീളവും വീതിയും ടൈൽ വലുപ്പമനുസരിച്ച് ഇരട്ട സംഖ്യയായി പ്ലാൻ ചെയ്താൽ ടൈൽ മുറിച്ച കഷണങ്ങൾ ബാക്കി വരുന്നത് ഒഴിവാക്കാം.

∙ സ്കർട്ടിങ് ആണു ഫ്ലോറിങ്ങിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അടി വരെ പ്ലാസ്റ്റർ ചെയ്ത് അവസാനം സ്കർട്ടിങ് വേണ്ട ഭാഗത്തു കുത്തിപ്പൊട്ടിച്ച് ടൈൽ ഉള്ളിലാക്കുന്നതു വലിയ നഷ്ടമാണ്. ഇതൊഴിവാക്കാൻ ആദ്യം തന്നെ സ്കർട്ടിങ്ങിനുള്ള സ്ഥലം ഒഴിച്ചിടാം.

∙ ചില വിട്രിഫൈഡ് ടൈലുകൾ, ഗ്രാനൈറ്റ്, മാർബിൾ പോലെയുള്ള വലിയ സ്ലാബുകളായി വരുന്ന മെറ്റീരിയൽ ചെറിയ ഇടങ്ങളിലേക്ക് ഉപയോഗിച്ചാൽ കൂടുതൽ മുറിക്കേണ്ടി വരും. മെറ്റീരിയൽ പാഴാകുന്നതിന് ഇത് ഇടയാക്കും. മുറികളുടെ വലുപ്പം അനുസരിച്ചു വേണം ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കേണ്ടത്.

∙ബാത്റൂം പോലെയുള്ള പൊതു ഇടങ്ങളിൽ വൃത്തിയാക്കാൻ എളുപ്പമുള്ളതും റഫ് ഉപയോഗത്തിനു യോജിച്ചതുമായ ഫ്ലോറിങ് തിരഞ്ഞെടുക്കുക. അടുക്കളയിൽ കടുംനിറമുള്ള മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതാണു നല്ലത്. ഇളംനിറമുള്ള മെറ്റീരിയലിൽ കറ വീഴാൻ സാധ്യതയുണ്ടെന്നോർമിക്കുക.