Saturday 10 October 2020 03:04 PM IST : By Jacob Varghese Kunthara

ഓരോ പൂവിലും വിരിയും വസന്തം; വിപണിയിൽ ഏറെ പ്രിയമുള്ള ജെർബറയെ അടുത്തറിയാം, പരിപാലന രീതികൾ

gerbera221

ഒരു പൂവ് കൊണ്ടു പോലും ഫ്ലവർവേസ് അലങ്കരിക്കാവുന്ന ജെർബറയ്ക്ക് വിപണിയിൽ സീസൺ വ്യത്യാസമില്ലാതെ എന്നും പ്രിയമുണ്ട്. ഫ്ലവർ അറേഞ്ച്മെന്റിൽ പൂക്കൾ നാലു–അഞ്ചു ദിവസം നിറം മങ്ങാതെ വാടാതെയിരിക്കും. പൂത്തടം ഒരുക്കാനും ചട്ടിയിൽ വളർത്താനും യോജിച്ചതാണ് ജെർബറ.

പ്രിയം സങ്കരവർഗത്തോട്

മൂന്ന് വർഗങ്ങളിൽപ്പെട്ട ജെർബറ ചെടികളാണ് നട്ടുവളർത്താൻ ലഭിക്കുക. നേർത്ത ഇതളുകളോടുകൂടിയ മഞ്ഞയോ ഇളം ഓറഞ്ചോ നിറത്തിൽ പൂക്കളുള്ളതാണ് പരമ്പരാഗത ഇനം. ഇവ ലളിതമായ പരിചരണത്തി ൽ നന്നായി വളരുകയും പൂവിടുകയും ചെയ്യും.

നീളമുള്ള തണ്ടിൽ വലിയ പൂക്കളുള്ള സങ്കരഇനങ്ങൾക്കാണ് കട്ട്ഫ്ലവർ വിപണിയിൽ ഡിമാന്‍ഡ്. തൂവെള്ള, ഓറഞ്ച്, ചുവപ്പ്, പിങ്ക്, മഞ്ഞ തുടങ്ങി പല നിറത്തിൽ ലഭിക്കുന്ന ഇവ പ്രത്യേക ശ്രദ്ധ നൽകി ചട്ടിയിൽ വേണം വളർത്താൻ. കുറുകിയ സസ്യപ്രകൃതിയും കുഞ്ഞൻ പൂക്കളുമുള്ള പോട്ട് ജെർബറ കേരളത്തിലെ ഉഷ്ണമേഖല കാലാവസ്ഥയിൽ നന്നായി വളരാറില്ല.

മാതൃസസ്യത്തിന്റെ ചുവട്ടിലെ തൈകളും ടിഷ്യു കൾച്ചർ തൈകളുമാണ് ജെർബറ നട്ടുവളർത്താൻ ഉ പയോഗിക്കുക. രണ്ടു മാസം വളർച്ചയെത്തിയതും മൂന്ന് – നാല് ഇലകൾ ഉള്ളതുമായ തൈകളാണ് വേണ്ടത്. ഇത്തരം തൈകൾ വൈകാതെ പൂവിട്ടു തുടങ്ങും. പൂന്തോട്ടത്തിൽ നേരിട്ട് വെയിൽ കിട്ടുന്നതും വെള്ളം തങ്ങി നിൽക്കാത്തതുമായ ഇടങ്ങളാണ് യോജിച്ചത്. മുക്കാൽ അടിയോളം സമചതുരത്തിൽ തയാറാക്കിയ കുഴിയിൽ മിശ്രിതം നിറച്ചു ചെടി നടാം. നല്ല നീർവാർച്ചയുള്ള മിശ്രിതമാണ് വേണ്ടത്. രണ്ടു ഭാഗം ആറ്റുമണൽ, ഒരു ഭാഗം വീതം ചകിരിച്ചോറ്, നല്ല ചുവന്ന  മണ്ണ് ഇവ കലർത്തിയതിൽ വളമായി നന്നായി ഉണ  ങ്ങിയ ആട്ടിൻ കാഷ്ടമോ, മണ്ണിര കമ്പോസ്റ്റോ ചേ ർക്കുക. ഇതേ മിശ്രിതം ചട്ടി നിറയ്ക്കാനും ഉപയോഗിക്കാം. ചെടി നടുമ്പോൾ വേരുഭാഗം മാത്രം മിശ്രിതത്തിൽ ഇറക്കി ഉറപ്പിക്കണം. നട്ട ശേഷം കുമിൾനാശിനി തളിച്ച് ചെടി അണുമുക്തമാക്കണം.

വളർച്ചയുടെ എല്ലാ ദശയിലും ചെടിക്ക് നനയും വളവും നൽകണം. വേനൽക്കാലത്ത് ഒരു ദിവസം ന നയ്ക്കാൻ മറന്നാൽ ചെടി വാടിത്തുടങ്ങും. ചുവട്ടിലെന്ന പോലെ ഇലകളും നനയ്ക്കുക. പൂക്കളിൽ വെള്ളം വീഴരുത്. വൈകുന്നേരം നനച്ചാൽ ഇലകളിൽ വെള്ളം തങ്ങിനിന്നു കുമിൾ രോഗംപിടിപെടാം.

gerbera-yellow

ഖരരൂപത്തിലുള്ള വളങ്ങൾ ചെടിയിൽ പലതരം രോഗ-കീടബാധക്ക് കാരണമാകും. പകരം ദ്രവരൂപത്തിലുള്ള വളങ്ങൾ ഉപയോഗിക്കാം. വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻ.പി.കെ 19:19:19 രാസവളം രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലായനിയാക്കി ചുവട്ടിൽ ഒഴിക്കാം. ജൈവവളമായി ഗോമൂത്രം 10 ഇരട്ടിയായി നേർപ്പിച്ചത് ഉപയോഗിക്കാം. കടലപ്പിണ്ണാക്ക് വെള്ളത്തിൽ പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചത്, വെർമിവാഷ് നേർപ്പിച്ചത് ഇവ യോജിച്ച ജൈവവളങ്ങളാണ്. പൂവിടാറായ ചെടിക്കു സൂക്ഷ്മ ലവണങ്ങൾ അടങ്ങിയ രാസവളം നൽകണം.

ജൈവവളം അമിതമായാൽ പൂക്കൾക്ക് പകരം ഇലകളാകും ചെടി ഉൽപാദിപ്പിക്കുക. ഒരു ചെടിയിൽ ഒരു സമയത്ത് ആരോഗ്യമുള്ള അഞ്ച്–ആറ് ഇലകൾ മാത്രം നിലനിർത്തി സംരക്ഷിച്ചാൽ ചെടി സമൃദ്ധമായി പൂവിടും. തൈ നട്ടു പൂർണ വളർച്ചയെത്തുമ്പോൾ  മാതൃസസ്യത്തിനു ചുറ്റും പുതിയ ചെടികൾ ഉണ്ടായി ഒരു കൂട്ടമായി മാറും. വൈകാതെ ഇവയും പൂവിടും.

ഒഴിവാക്കാം കീടബാധ

ചെറുപ്രാണികൾ മൂലം പൂമൊട്ടുകളും ഇലകളും മു രടിക്കുന്നതാണ് ചെടി വളർത്തുമ്പോൾ നേരിടുന്ന വെല്ലുവിളി. ഈ കീടബാധ സങ്കരയിനങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. കീടബാധയുണ്ടായ ഇലകളും പൂമൊട്ടുകളും വിരിയാതെ ചുരുണ്ട് കൂടി നിൽക്കും. വലുപ്പം കുറവുള്ള ഇത്തരം ഇലയുടെ അടിഭാഗത്ത് തവിട്ടു നിറത്തിലുള്ള പാടുകളും കാണാം. കാലക്രമേണ ചെടി മുരടിച്ചു നശിക്കാനിടയാകും.

അൽപം ശ്രദ്ധയും പരിചരണവും നൽകിയാൽ  ഈ കീടശല്യം ഒഴിവാക്കാം. ചെടി വളരുന്ന ഇടം വൃത്തിയായി സൂക്ഷിക്കണം. കേടു വന്ന ഇലകളും കൊഴിഞ്ഞു വീണ പൂക്കളും അപ്പപ്പോൾ നീക്കം ചെയ്യണം. ചാണകം, എല്ലുപൊടി തുടങ്ങി ഖരരൂപത്തിലുള്ള വളങ്ങൾ ഒഴിവാക്കുക. മാരിഗോൾഡ്, സീനിയ തുടങ്ങിയ പൂച്ചെടികൾ ജെർബറക്കൊപ്പം വളർത്തരുത്. ഇത്തരം ചെടികൾ  ചെറുകീടങ്ങളുടെ താവളമാകാറുണ്ട്.

gerbera4445tfg

കീടബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ കേടുവന്ന ഇലകളും പൂമൊട്ടുകളും ചുവടെ മുറിച്ചു നീക്കം ചെയ്യണം. 'ഒബറോൺ' കീടനാശിനി ഒരു മില്ലി ലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ലായനിയാക്കി ചെടി മുഴുവനായി നാലു ദിവസത്തെ ഇടവേളയിൽ രണ്ടു മൂന്നു തവണ തളിക്കുക. ചെടി നട്ട ഇടത്ത് ഈർപ്പം അമിതമായാൽ കുമിൾ വഴി ചെടിയുടെ ചുവടു ഭാഗം ചീയും. എല്ലാ കാലത്തും, പ്രത്യേകിച്ച് മഴക്കാലത്തു മിശ്രിതത്തിലെ ഈർപ്പം അമിതമാകാതെ നനയ്ക്കുക. രോഗാവസ്ഥയിൽ 'ആൻഡ്രാക്കോൾ' കുമിൾ നാശിനി മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ േചർത്ത് രണ്ടു – മൂന്നു തവണ തളിക്കുക.

റൂഫിങ്ങിനുള്ളിൽ ഉദ്യാനം

. വീടിന്റെ മുൻഭാഗം റൂഫിങ് ചെയ്ത തുറന്ന ഇടമാണ്. ഇവിടെ ഏതുതരം അലങ്കാര ചെടികളാണ് വളർത്താനാവുക?

കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ ചാഞ്ഞു വെയിൽ കിട്ടുന്നുണ്ടെങ്കിൽ പാതി തണലിൽ വളരുന്ന അലങ്കാര ഇലച്ചെടികളും ചില തരം പൂച്ചെടികളും ഇവിടെ വളർത്താം. സ്പൈഡർ പ്ലാന്റ്, സിങ്കോണിയം, മണി പ്ലാന്റ്, ബിഗോണിയ, ഡ്രസീന, അലങ്കാര പന്നൽ ഇനങ്ങൾ, ആഗ്ളോനിമ, ടർട്ടിൽ വൈൻ തുടങ്ങിയവയെല്ലാം ഇവിടെ പരിപാലിക്കാവുന്ന ഇ ലച്ചെടികളാണ്. ആന്തൂറിയം, ആഫ്രിക്കൻ വയലറ്റ്, പീസ് ലില്ലി, ഗ്ലോക്സീനിയ, പലതരം ഓർക്കിഡുകൾ ഇവ ഈ പരിസ്ഥിതിയിലെ പാതി തണലിൽ പൂവിടുന്ന അലങ്കാര പൂച്ചെടികൾ ആണ്. കൂടുതൽ വെളിച്ചം കിട്ടുന്ന അരികുകളിൽ നിലത്തോ പ്രത്യേകം തയാറാക്കിയ സ്റ്റാൻഡുകളിലോ പൂവിടുന്ന ഇനങ്ങൾ പരിപാലിക്കാം. മുഴുവനായി പച്ചനിറത്തിൽ ഇലകൾ ഉള്ള  ഇലച്ചെടികൾ വെളിച്ചം കുറഞ്ഞ ഇടത്തും പല നിറത്തിൽ ഇലകളുള്ളവ നല്ല വെളിച്ചം കിട്ടുന്ന ഇടത്തുമാണ് വളർത്തേണ്ടത്.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

∙ ഇലയുടെ അഗ്രം കരിഞ്ഞുണങ്ങുന്നുണ്ടെങ്കി ൽ നട്ടിരിക്കുന്ന ഇടത്തു വെയിൽ അധികമായതോ നനയ്ക്കുന്ന വെള്ളത്തിൽ ധാതുലവണങ്ങൾ കൂടുതലായതോ ആകാം കാരണം.

∙ ഉണങ്ങിയ പൂവ് തണ്ടുൾപ്പടെ ചുവട്ടിൽ നി ന്നും മുഴുവനായി നീക്കണം.

∙ പലതരം വളങ്ങൾ ആഴ്ചയിൽ ഒരിക്കൽ എന്ന കണക്കിന് മാറി മാറി നൽകുന്നതാണ് ചെടി ന ന്നായി വളരാനും പൂവിടാനും നല്ലത്.

∙ വളർച്ചയെത്തിയ ചെടിയുടെ ചുവട്ടിൽ ഉണ്ടാകുന്ന തൈ വേര് ഉൾപ്പടെ വേർപെടുത്തിയെടുക്കണം. ചെടി നട്ട ഇടം നനച്ചു കുതിർത്തശേഷം വേണം തൈ പിരിച്ചെടുക്കേണ്ടത്.

gerbera33fcgvcg
Tags:
  • Columns
  • Vanitha Veedu