Saturday 03 November 2018 10:16 AM IST : By സ്വന്തം ലേഖകൻ

ഇന്റീരിയറിന് ഭംഗി പകർന്ന് പാലുഡേറിയം; കാടിന്റെ വന്യ സൗന്ദര്യം തീർത്ത് ഗ്ലാസ്സ് ഭരണിയിലെ ചതുപ്പ്

water

അക്വേറിയം പാത്രത്തിൽ ശാസ്ത്രീയമായി ചെറിയൊരു കുളവും കരയും പാറക്കൂട്ടവുമെല്ലാം ഒരുക്കി ചെടികൾ ന ട്ട് തവള, ആമ, വെട്ടിൽ തുടങ്ങിയ ജീവികളെ കാലാകാലങ്ങളോളം പരിപാലിക്കുന്ന വിദ്യയാണ് പാലുഡേറിയം. ഗ്ലാസ് ഭരണിയിൽ തയാറാക്കുന്ന ചതുപ്പ് എന്നാണ് പാലുഡേറിയം എന്ന വാക്കിന്റെ അർഥം.പ്രകൃതിയുടെ ചെറിയൊരു പതിപ്പായി ഒരുക്കുന്ന പാലുഡേറിയത്തിൽ പാറക്കൂട്ടം, നീരുറവ, ജലത്തിലും കരയിലും വളരുന്ന ചെറു ജീവികൾ, ചെടികൾ എല്ലാം ഉൾപ്പെടുത്താം.

ജലവും കരയും വേർതിരിച്ചുള്ള പാലുഡേറിയം തയാറാക്കാൻ അക്വേറിയം നീളത്തിൽ കരയും ജലവുമായി രണ്ടായി വിഭജിക്കാം. ഇതിനായി കട്ടിയുള്ളതും സുതാര്യവുമായ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കാം. ഈ ഷീറ്റിൽ പുറകിൽ തയാറാക്കുന്ന കര ഭാഗത്തു നിന്ന് വെള്ളം മുൻപിലെ ജലഭാഗത്തേക്ക് വാർന്നു പോകാൻ ആവശ്യത്തിനു സുഷിരങ്ങൾ നൽകാം.ഷീറ്റ് അക്വേറിയത്തിൽ ഇറക്കി വച്ച് ബലമായി ഉറപ്പിക്കുവാൻ സിലിക്കോൺ ജെൽ ഉപയോഗിക്കാം.

പുറകുഭാഗത്ത് കര നിർമിക്കാൻ നന്നായി കഴുകി വൃത്തിയാക്കിയ ആറ്റുമണൽ നിറയ്ക്കണം. അക്വേറിയത്തിന്റെ മുൻഭാഗത്തെ കള്ളിയിൽ ജലം നിറയ്ക്കാം. മുമ്പിലെ കള്ളിയിലുള്ള വെള്ളം സുഷിരങ്ങൾ ഉള്ള ഷീറ്റ് വഴി പുറകു വശത്തെ കര ഭാഗത്തേയ്ക്ക് വാർന്നു കയറിക്കൊള്ളും. പാലുഡേറിയത്തിലെ ജലമുള്ള മുൻവശത്തെ നിലത്ത് ചെറിയ മാർബിൾ ചിപ്പുകൾ നിരത്താം.

കരഭാഗത്തെ മണലിലാണ് ചെടികൾ നടേണ്ടത്. ജലാർദ്രമായ മണലിൽ വളരാൻ കഴിവുള്ള ജാവഫേൺ, അനൂബിയാസ്, ബനാന പ്ലാന്റ് എല്ലാം യോജിച്ചവയാണ്. മണലിനു മുകളിൽ പലതരം പാറക്കല്ല്, ഡ്രിഫ്റ്റ് വുഡ് എല്ലാം ഉപയോഗിച്ച് കൂടുതലാകർഷകമാക്കാം. ഡ്രിഫ്ര്റ്റ് വുഡിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് എയർപ്ലാന്റ് ഒട്ടിച്ച് നടാൻ സാധിക്കും. ജലഭാഗത്ത് ചെറിയ മീനുകളായ ഗപ്പി, നിയോൺ ടെട്രാ തുടങ്ങിയവ പരിപാലിക്കാം. കൂടാതെ ചെറിയ ആമ, തുടങ്ങി മറ്റു ജീവികളേയും ഉൾപ്പെടുത്താം. കരഭാഗത്ത് കൃത്രിമ ജലധാര തയാറാക്കുക വഴി പാലുഡേറിയത്തിലെ വെള്ളം പാത്രത്തിൽ ചുറ്റിത്തിരിയാനും അതുവഴി ജലത്തിലെ പ്രാണവായുവിന്റെ അളവ് വർധിപ്പിക്കുവാനും സാധിക്കും.