Saturday 12 October 2019 11:30 AM IST : By സ്വന്തം ലേഖകൻ

വീടിന്റെയും വീട്ടുകാരുടെയും സുരക്ഷയ്ക്കും സൗകര്യത്തിനും ഹോം ഓട്ടമേഷൻ! അറിയേണ്ടതെല്ലാം...

home-sec1

സിസി ടിവിയിൽ കുടുങ്ങിയ കള്ളൻ പതിവു വാർത്തയാണ്. എന്നാൽ അതുക്കും മേലെ, ഈ ക ള്ളൻ വീടിന്റെ ചുറ്റുമതിലിനുള്ളിൽ കാലെടുത്തു വയ്ക്കുമ്പോഴേ പൊലീസ് സ്റ്റേഷനിൽ മെസേജ് എത്തി, കള്ളനെ കയ്യോടെ പിടിക്കാനായാലോ? നമ്മൾ വീട്ടിൽ  ഇല്ലാത്ത നേരത്ത് വരുന്നവരുടെ ഫോട്ടോയും അവർ എത്ര തവണ വീട്ടിലെത്തി എന്നതിന്റെ വിവരങ്ങളും വിരൽത്തുമ്പിൽ എ ത്തിയാലോ? ഇത്തരം സുരക്ഷാ സംവിധാനങ്ങൾ വലിയ ചെലവില്ലാതെ സജ്ജീകരിക്കാവുന്നതേയുള്ളൂ...

സ്വിച്ചിട്ടാൽ തുറക്കുന്ന ഗേറ്റ്, വീടിനു ചുറ്റും സദാസമയവും ഓണായിരിക്കുന്ന ക്യാമറ, ആരെങ്കിലും അതിക്രമിച്ച് ക ടന്നാൽ ഉച്ചത്തിലുള്ള സൈറൺ എന്നിങ്ങനെ സർവ സന്നാഹങ്ങളും ഹോം ഓട്ടമേഷൻ നൽകും.

വിഡിയോ ഡോർ ഫോൺ

ആരെങ്കിലും വീട്ടിലേക്കു വരുന്ന സാഹചര്യത്തിൽ ഗേറ്റും പ്രധാനവാതിലും തുറന്നാൽ മാത്രമെ ആരെന്നു തിരിച്ചറിയാൻ സാധിക്കൂ. വീടിന്റെ ഗേറ്റിലോ പ്രധാനവാതിലിലോ വിഡിയോ ഡോർ ഫോൺ സ്ഥാപിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം. വീട്ടുകാരുടെ സൗകര്യം മാത്രമല്ല, സുരക്ഷയ്ക്കും പ്രാധാന്യം കൊടുക്കുന്ന സംവിധാനമാണ് വിഡിയോ ഡോർ ഫോൺ. വാതിൽക്കൽ ആരാണ് വന്നതെന്ന് വീടിനകത്തു വച്ചിരിക്കുന്ന സ്ക്രീനിൽ കാണാം. പുറത്തു നിൽക്കുന്ന ആളോട് സംസാരിക്കാനും സാധിക്കും. ഒരു ബട്ടൺ അമർത്തിയാൽ വാതിൽ തനിയെ തുറക്കുകയും ചെയ്യും. വ്യത്യസ്ത തരത്തിലുള്ള ഡോർ ഫോണുകൾ ലഭ്യമാണ്.

നമ്മൾ വീട്ടിലില്ലാത്ത സാഹചര്യത്തിൽ ആരെങ്കിലും വ ന്നാൽ മൊബൈൽ ഫോണിൽ വിഡിയോ കോൾ വരുന്ന രീതിയിൽ വിഡിയോ ഡോർ ഫോൺ ക്രമീകരിക്കാം. ഫോണിലൂടെ അവരോടു സംസാരിക്കാനും സാധിക്കും.

ആളില്ലാത്ത സമയങ്ങളിൽ വീട്ടിൽ വരുന്ന ഓരോ വ്യക്തികളുടെയും ഫോട്ടോയും അവർ എത്ര തവണ വീട്ടിലെത്തി എ ന്നതിന്റെ വിവരങ്ങളും ഫോണിൽ ലഭിക്കുന്ന തരത്തിലും വിഡിയോ ഡോർ ഫോൺ സജ്ജീകരിക്കാം. ഏഴായിരം രൂപ മുതൽ ചെലവുള്ള വിഡിയോ ഡോർ ഫോ ൺ വീട്ടിൽ സ്ഥാപിക്കാൻ സാധിക്കും.

പിഐആർ സെൻസർ

സൗകര്യത്തെക്കാളുപരി സുരക്ഷയ്ക്കു മുൻഗണന കൊടുക്കുന്ന സംവിധാനമാണ് പിഐആർ സെൻസർ (പാസിവ് ഇൻഫ്രാറെഡ് സെൻസർ).  മോഷ്ടാക്കള്‍ വാതിലോ ജനലോ തകർക്കുന്നതും മതിലു ചാടി കടക്കുന്നതും തടയാന്‍ ഇത് സഹായിക്കും. വാതിൽ, ജനൽ, മതിൽ എന്നിവിടങ്ങളിൽ സെൻസർ സ്ഥാപിച്ചാൽ ഇൻഫ്രാറെഡ് രശ്മികള്‍ ഒരു അദൃശ്യകവചം തീർക്കും. ഈ രശ്മികള‍്‍ കടന്ന് ആരെങ്കിലും സഞ്ചരിച്ചാൽ ഉടനെ അപായ സൈറൺ മുഴങ്ങും. നമ്മുടെ മൊബൈലിൽ കോൾ വരികയും ചെയ്യും. ആ വശ്യമെങ്കിൽ പൊലീസ് സ്‌റ്റേഷനിലേക്കും കോൾ പോകുന്ന രീതിയിലും സെൻസർ ക്രമീകരിക്കാം. 15000 രൂപ മുതൽ വിലയിൽ സെൻസറുകൾ വീടുകളിൽ സ്ഥാപിക്കാം.

സ്മാർട്ട് സ്വിച്ച് 

വീടിന്റെ സമ്പൂർണ നിയന്ത്രണം മൊബൈൽ ഫോണിലൂടെ സാധ്യമാക്കുന്ന സംവിധാനമാണ് സ്മാർട്ട് സ്വിച്ച്. ഇതുവഴി ആളില്ലാത്ത സമയത്തു പോലും വീടിന്റെ ഗേറ്റും വാതിലും തുറക്കുകയും അടയ്ക്കുകയും ചെയ്യാം, വീട്ടിലെ ലൈറ്റുകൾ, ഫാനുകൾ, ടിവി, ഹോം തിയറ്റർ, എസി തുടങ്ങിയവയെല്ലാം മൊബൈലിലൂടെ പ്രവർത്തിപ്പിക്കാം. മോട്ടോർ ഓൺ ചെയ്ത് ടാങ്കിൽ വെള്ളം നിറയ്ക്കാം, വെള്ളം പാഴാകാതെ കൃത്യസമയത്ത് മോട്ടോർ ഓഫ് ചെയ്യാം. പൂന്തോട്ടവും കൃഷിയിടവും നനയ്ക്കാം. വീട്ടിലെ ലൈറ്റുകളോ ഫാനുകളോ അല്ലെങ്കിൽ ഒന്നിലധികം ഉപകരണങ്ങൾ ഒരേ സ്വിച്ചിൽ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.നമ്മൾ വീട്ടിലുള്ള സമയങ്ങളിൽ എളുപ്പത്തിൽ വീട്ടിലെ കാര്യങ്ങൾ നിയന്ത്രിക്കാനും സ്മാർട്ട് സ്വിച്ച് സഹായിക്കും.

home-sec3

എല്ലാ ഉപകരണങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കു     ന്ന സ്മാർട്ട് സ്വിച്ച് ഇന്റർനെറ്റുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനാവശ്യമായ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി. ഒരു സ്വിച്ചിലൂടെ ഒന്നിലധികം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം എന്നതാണ് മറ്റൊരു പ്രയോജനം. ഏതൊക്കെ ഉപകരണം പ്രവർത്തിക്കണമെന്ന് വീട്ടുകാർക്ക് നിശ്ചയിക്കാം. ആവശ്യമുള്ള ഉപകരണങ്ങൾ മാത്രം തിരഞ്ഞെടുത്ത് അവയ്ക്കു മാത്രമായും സെമി സ്മാർട്ട് സ്വിച്ച് സ്ഥാപിക്കാം. വീടുകളിൽ സ്മാർട്ട് സ്വിച്ച് സജ്ജീകരിക്കാൻ 15000 രൂപ മുതൽ ചെലവാകും. വീട് മുഴുവനായി സ്മാർട്ട് സ്വിച്ച് ഉപയോഗിച്ച് നിയന്ത്രണത്തിലാക്കാൻ മൂന്നു ലക്ഷം രൂപയിലേറെ ചെലവു വരും.

എനർജി സേവിങ് സെൻസർ

ബാത്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ലൈറ്റ് ഓഫ് ചെയ്യാനും ബെഡ്റൂമിൽനിന്ന് പുറത്തേക്കു പോകുമ്പോൾ ഫാൻ ഓഫ് ചെയ്യാനും മറന്നുപോകുന്നത് സാധാരണം. പക്ഷേ, ഈ ചെറിയ അശ്രദ്ധ മൂലം പാഴാകുന്നത് അമൂല്യമായ വൈദ്യുതിയാണ്. മാസാവസാനം ഇലക്ട്രിസിറ്റി ബില്ലു കണ്ട് കണ്ണു തള്ളുമ്പോഴാണ് അശ്രദ്ധയുടെ വില തിരിച്ചറിയുന്നത്. വീട്ടിലൊരു എനർജി സേവിങ് സെൻസർ സ്ഥാപിച്ചാൽ വീട്ടിലെ ഫാനും ലൈറ്റുമെല്ലാം അനാവശ്യമായി പ്രവർത്തിക്കുന്നത് തടയാനാകും. സെൻസർ ഉപയോഗിച്ച് ചലനം, ഊഷ്മാവ് എന്നിവയ്ക്കനുസരിച്ച് ലൈറ്റുകൾ തെളിയുന്ന രീതിയിൽ  ക്രമീകരിക്കാൻ കഴിയും. ലൈറ്റും ഫാനും മാത്രമല്ല, ടിവി, ഹോം തിയറ്റർ, എസി എന്നിവയിലൂടെ പാഴാകുന്ന വൈദ്യുതി ഇത്തരത്തിൽ ലാഭിക്കാൻ സാധിക്കും.

സ്മാർട്ട് ഫോണിലോ ഐപാഡിലോ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനിലൂടെ ഇവയെല്ലാം നിയന്ത്രിക്കാം. ടിവിയിൽ സിനിമ കണ്ട് കിടക്കുന്നതിനിടയിൽ ഉറങ്ങിപ്പോയാൽ ലൈറ്റും ടിവിയും തനിയെ ഓഫായി, എസി സ്ലീപ്പിങ് മോഡിലേക്ക് പോകുന്ന തരത്തിൽ ക്രമീകരിക്കാവുന്ന സംവിധാനം ഇപ്പോൾ സർവസാധാരണമാണ്.   വീട്ടിലെ ഓരോ ഉപകരണവും എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു എന്നതിന്റെ കണക്ക് ലഭിക്കുന്ന തരത്തിലും എനർജി സേവിങ് സെൻസർ സ്ഥാപിക്കാം. ഓരോ ഉപകരണത്തിന്റെയും ഊർജ ഉപയോഗത്തിന് പരിധി നിശ്ചയിക്കാം. മൂവായിരം രൂപ മുതൽ   എനർജി സേവിങ് സെൻസർ ലഭ്യമാണ്.

സിസിടിവി ക്യാമറ

വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സുരക്ഷയ്ക്കായി സിസി ടിവി ക്യാമറകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ, അനലോഗ് ക്യാമറകളുടെ സ്ഥാനത്ത് നൂതന ടെക്നോളജിയായ ഇന്റർനെറ്റ് പ്രോട്ടോകോൾ ക്യാമറകളാണ് (ഐപി ക്യാമറ) ഇപ്പോൾ വിപണിയിലെ താരം. അനലോഗ് ക്യാമറകളിൽ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ സൂക്ഷിക്കാൻ സ്‌റ്റോറേജ് ഡിവൈസുകൾ ആവശ്യമാണ്. എന്നാൽ, ഐപി ക്യാമറ പ്രവർത്തിക്കാനും ദൃശ്യങ്ങൾ സൂക്ഷിക്കാനും ഇന്റർനെറ്റ് കണക്‌ഷൻ മാത്രം മതി. വീടിന്റെ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ പിന്നീട് എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ സാധിക്കുമെന്നതാണ് സിസി ടിവി ക്യാമറ കൊണ്ടുള്ള പ്രയോജനം. മൊബൈലിൽ കണക്ട് ചെയ്ത് എവിടെയിരുന്നും നിരീക്ഷണം നടത്താം. നാലു ക്യാമറയുള്ള സുരക്ഷാസംവിധാനം സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ ചെലവ് 20000 മുതൽ ആരംഭിക്കും.

എൽപിജി ഗ്യാസ് ഡിറ്റക്ടർ

പാചകം ചെയ്യാൻ ഗ്യാസ് ഓൺ ചെയ്യുമ്പോഴായിരിക്കും അപ്പുറത്ത് ഫോൺ ബെല്ലടിക്കുന്നത്. കോളെടുക്കാനുള്ള ഓട്ടത്തിനിടയില്‍ ഗ്യാസ് ഓഫ് ചെയ്യാൻ മറന്നു പോകും. വീട് മുഴുവൻ ഗ്യാസ് പടർന്നതിനു ശേഷമെ കാര്യമറിയൂ. ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ദുരന്തമാകും സംഭവിക്കുന്നത്. ഇതിനുള്ള പരിഹാരമാണ് എൽപിജി ഗ്യാസ് ഡിറ്റക്ടർ. ഇത്തരം ഡിറ്റക്ടറുകൾ വീട്ടിൽ സ്ഥാപിച്ചാൽ ഗ്യാസ് ലീക്ക് തുടക്കത്തിലേ തിരിച്ചറിയാൻ സാധിക്കും. ഗ്യാസ് ലീക്കായാലുടനെ അലാം ശബ്ദം മുഴങ്ങും. ഉടനെ ഗ്യാസ് ഓഫാക്കാൻ സാധിക്കും. ഇതിനു പുറമെ മൊബൈലിൽ അലർട്ട് ലഭിക്കുന്ന തരത്തിലും ഇതു ക്രമീകരിക്കാൻ സാധിക്കും. വലിയൊരു ചെലവ് ആവശ്യമില്ല എന്നതാണ് എൽപിജി ഡിറ്റക്ടറിന്റെ മറ്റൊരു പ്രത്യേത. 1500 രൂപ മുതൽ ഗ്യാസ് ഡിറ്റക്ടറുകള്‍ ലഭ്യമാണ്.

ഓട്ടോമാറ്റിക് ഗേറ്റ്

പെരുമഴയത്ത് വണ്ടിയോടിച്ച് വീട്ടിലെത്തുമ്പോൾ ഗേറ്റ് തുറക്കാൻ ഇറങ്ങേണ്ടി വരുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. വീട്ടിൽ അതിഥികൾ വരുന്ന സമയത്ത് പുറത്തിറങ്ങി ഗേറ്റ് തുറന്നു കൊടുക്കുകയും വേണ്ട. ഇതിനുള്ള പരിഹാരമാണ് ഓട്ടമാറ്റിക് ഗേറ്റ്. റിമോട്ട് ഉപയോഗിച്ചും മൊബൈൽ ആപ്പിലൂടെയും നിയന്ത്രിക്കാവുന്ന രീതിയിലാണ് ഓട്ടമാറ്റിക് ഗേറ്റ് പ്രവ ർത്തിക്കുന്നത്. ആരെങ്കിലും ഗേറ്റ് ചാടിക്കടന്നാൽ അ ലാം മുഴങ്ങുന്ന തരത്തിലും ഗേറ്റ് ക്രമീകരിക്കാം.

home-sec5

പുതിയതായി പണിയുന്ന ഗേറ്റിൽ മാത്രമല്ല, നേരത്തെ നിർമാണം പൂർത്തിയാക്കിയവയിലും ഓട്ടമാറ്റിക് സംവിധാനം സജ്ജീകരിക്കാൻ സാധിക്കും. വീട്ടുടമസ്ഥന്റെ മുഖം തിരിച്ചറിയുന്ന ഫെയ്സ് റെക്കഗ്‌നിഷൻ സെ ൻസർ പോലെ കാര്‍ തിരിച്ചറിയാൻ സാധിക്കുന്ന സംവിധാനവും നിലവിലുണ്ട്. കാറിലുള്ള ജിപിഎസ് സംവിധാനംവഴി കാർ അടുത്തെത്തുമ്പോൾ തനിയെ തുറക്കുന്ന തരത്തിലും ഗേറ്റ് മോഡേൺ ആക്കാം. ഗേറ്റിനു മുന്നിലെത്തുന്ന ആളുകളെ വീട്ടിനുള്ളിലിരുന്ന് കാണാനും അവരോടു സംസാരിക്കാനും സാധിക്കുന്ന തരത്തിലും ഓട്ട  മാറ്റിക് ഗേറ്റ് സ്ഥാപിക്കാം. 5000 മുതൽ ഒന്നരലക്ഷം രൂപ വരെ ചെലവിൽ ഓട്ട  മാറ്റിക് ഗേറ്റ് സ്ഥാപിക്കാൻ സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹോം ഓട്ടമേഷനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെ എടുത്തുചാടി നഷ്ടം വരുത്തി വയ്ക്കുന്നവർ ഒട്ടേറെ. എന്നാൽ, അൽപം ശ്രദ്ധ കൊടുത്താൽ ഇത് തികച്ചും പ്രയോജനപ്രദമാക്കാൻ സാധിക്കും.

വിദേശരാജ്യങ്ങളിൽ ഹോം ഓട്ടമേഷൻ വളരെ പ്രചാരത്തിലുണ്ട്. അവയെ അനുകരിക്കാനുള്ള ശ്രമമാണ് പലപ്പോഴും പാരയാകുന്നത്. ഓട്ടമേഷൻ ചെയ്യുമ്പോൾ നമ്മു ടെ ആവശ്യവും ബജറ്റും കാലാവസ്ഥയുമെല്ലാം പരിഗണിക്കണം. വിദേശരാജ്യങ്ങളിൽ അധികം മഴ ലഭിക്കാത്ത സ്ഥലങ്ങളിലെ വീടുകളിൽ ഓട്ടമാറ്റിക് ഗേറ്റ് നിർമിക്കുന്ന അ   തേ രീതി നമ്മുടെ നാട്ടിൽ സാധ്യമല്ല. സ്ഥിരമായി മഴ പെയ്യുന്ന സാഹചര്യത്തിൽ നിലത്ത് മഴവെള്ളവും ചെളിയും കെട്ടിനിൽക്കും. ഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറിൽ ചെളിവെള്ളം കയറി, മോട്ടോർ പ്രവർത്തനരഹിതമാകുകയും ചെയ്യും. അതിനാൽ ഈ പ്രശ്നം മുൻകൂട്ടി കണ്ടാകണം നിർമാണം.

വീട്ടുവളപ്പിൽ കള്ളൻമാർ കയറുന്നത് തടയാൻ മതിലിനു ചുറ്റും ഇൻഫ്രാറെഡ് സെൻസർ വയ്ക്കുന്നതു നല്ലതാണ്. പക്ഷേ, മതിലിനോടു ചേർന്ന് ചെടികളോ മറ്റോ ഉണ്ടെങ്കിൽ സെൻസർ നിങ്ങൾക്കു തലവേദനയാകാം. ഇടിമിന്ന ൽ കൂടുതലുള്ള പ്രദേശമാണെങ്കിൽ അതിനെ പ്രതിരോധിക്കാനും ആവശ്യമായ മുൻകരുതലുകള്‍ എടുക്കണം.

ഇന്റർനെറ്റ്, വൈഫൈ എന്നിവയുടെ സഹായത്തോടെയാണ് ഹൗസ് ഓട്ടമേഷൻ സംവിധാനം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ തടസ്സമില്ലാത്ത ഇന്റർനെറ്റ്, വൈഫൈ കണക്‌ഷൻ തീർച്ചയായും ഉണ്ടായിരിക്കണം.

വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞതിനു ശേഷമേ    ഹോം ഓട്ടമേഷൻ ചെയ്യാവൂ. നിങ്ങളുടെ വീടിന് ആവശ്യമെന്നു തോന്നുന്നവ മാത്രം ചെയ്യുക. മറ്റുള്ളവർ ചെയ്യുന്നത് അതേപടി പകർത്തരുത്.

home-sec4

വിവരങ്ങൾക്കു കടപ്പാട്: ജോജോ പി. ജോസഫ്, സിഗ്‌നറ്റ് ഐഡി ഓട്ടമേഷൻ, സിസ്റ്റംസ്, കലൂർ, കൊച്ചി, രൂപേഷ് അലോറ,തിരുവനന്തപുരം

Tags:
  • Vanitha Veedu