Saturday 17 October 2020 01:04 PM IST

ഫ്ലാറ്റ് സമ്മാനമായി തന്ന റിമിയോടും കഷ്ടപ്പെട്ട് വളർത്തിയ ചെടികൾ തന്ന അമ്മയോടും നന്ദി; മുക്തയുടെ പച്ചപ്പിന്റെ ലോകം

Sunitha Nair

Sr. Subeditor, Vanitha veedu

Muktha1

ഇന്റീരിയർ പ്ലാന്റ്സ് വയ്ക്കണമെന്നത് കുറച്ചു നാളായുള്ള ആഗ്രഹമായിരുന്നു. പക്ഷേ, തമിഴിലും മലയാളത്തിലും സീരിയലുകൾ ചെയ്യുന്നതിനാൽ സമയം കിട്ടിയില്ല. കഴിഞ്ഞ രണ്ടുമാസം കൊണ്ടാണ് ചെടികളെല്ലാം വച്ചത്,’’ തന്റെ ചെടി പ്രേമത്തെക്കുറിച്ച് നടി മുക്ത പറയുന്നു. ലോക്ഡൗൺ കാലത്താണ് കൊച്ചി എരൂരിലെ മുക്തയുടെ ഫ്ലാറ്റ് ചെടികൾ കൊണ്ടു നിറഞ്ഞത്. മുക്തയുടെ അമ്മയും നല്ലൊരു ചെടിപ്രേമിയാണ്. അമ്മയുടെ അടുത്തുനിന്നാണ് മുക്ത ചെടികളെല്ലാം കൊണ്ടുവന്നത്.  

Muktha3


ലിവിങ് റൂമിൽ മുക്തയ്ക്ക് പ്രിയപ്പെട്ടത് ചെടികളെല്ലാം കാണാൻ പറ്റുന്ന ഇരിപ്പിടവും ഇഷ്ടപ്പെട്ടു വാങ്ങിയ സ്റ്റാൻഡും അതിലെ ചെടികളുമെല്ലാമാണ്.
ഫ്ലാറ്റിലേക്കു കയറുമ്പോൾ തന്നെ കണ്ണിൽപ്പെടുക ഊണുമേശയ്ക്കു പിന്നിലുള്ള ഗ്ലാസ് ചുമരിലൂടെയുള്ള പുറത്തെ പച്ചപ്പാണ്. ഇന്റീരിയറിന്റെ ഹൈലൈറ്റായ ഈ ഭിത്തിയിലൂടെ പച്ചപ്പും തൊട്ടടുത്ത പുഴയും ചീനവലകളും  കാണാം. മുക്ത തേടിനടന്ന് കിട്ടിയ ഫിഡിൽലീഫ് ഫിഗ് എന്ന ഉയരമുള്ള ചെടി കോർണറിൽ വച്ചിട്ടുണ്ട്. കിടപ്പുമുറികളിലും ബാത്റൂമിലുമെല്ലാം മുക്ത ചെടി നിറച്ചിട്ടുണ്ട്. ഇലകളുടെ തുമ്പിൽ മുത്തു പതിപ്പിച്ച ചെടി മുക്തയുടെ അമ്മയുടെ കലാവിരുതിനുദാഹരണമാണ്. മാസ്റ്റർ ബെഡ്റൂമിനോടു ചേർന്ന് ബാൽക്കണിയുണ്ട്. ഹാങ്ങിങ് ചെടികളും മുക്തയുടെ മുളകുകൃഷിയും കാറ്റ് മൂളുന്ന ഈ ബാൽക്കണിയെ ഹരിതാഭമാക്കുന്നു.

Muktha4


മൈക്രോ ഗ്രീൻസും മുക്ത പരീക്ഷിക്കുന്നുണ്ട്. മുക്തയുടെ നാത്തൂൻ കൺമണിക്ക് സമ്മാനമായി നൽകിയ ബേബി പിങ്ക് മഗ് പഴയതായപ്പോൾ അതിൽ സ്പ്രിങ് അണിയൻ നട്ടു. പാചകത്തിന് ആവശ്യമായത് അതിൽനിന്നു കിട്ടുന്നുണ്ട്. അപ്പപ്പോൾ പറിച്ചെടുത്ത് പാചകം ചെയ്യുന്നതിന്റെ സുഖമൊന്നു വേറെ തന്നെയെന്ന് മുക്ത.
ചെടികൾ ഹരമായി മാറിയ മുക്തയുടെ ശേഖരത്തിൽ പലതരം പോതോസ്, ഫിറ്റോണിയ, സ്നേക് പ്ലാന്റ്, അസ്പരാഗസ് തുടങ്ങിയവയുണ്ട്. ചേമ്പ് മുതൽ പനിക്കൂർക്ക വരെ ഇവിടെ പരീക്ഷിച്ചിട്ടുണ്ട്. ഹാങ്ങിങ് പോട്ടുകളോടുള്ള മുക്തയുടെ കമ്പം ഇന്റീരിയറിൽ കാണാം.‘‘പോതോസിന് വലിയ പരിചരണം ആവശ്യമില്ല എന്നതാണ് ഗുണം. മൂന്ന് ദിവസം കൂടുമ്പോൾ നനയ്ക്കും; വെയിൽ കൊള്ളിക്കും,’’ മണിപ്ലാന്റ്സിന്റെ ആരാധികയായ മുക്ത പറയുന്നു.

Muktha2


പച്ചപ്പിന്റെ ചെറിയ തുരുത്താണ് ഡൈനിങ്ങിൽ നിന്നിറങ്ങുന്ന ബാൽക്കണി. ടർട്ടിൽ വൈനുകളും ലോണും കോഫീ ടേബിളും ബാൽക്കണിക്ക് അഴകേകുന്നു. പ്രാവുകൾ പറന്നിറങ്ങുന്ന ഈ ബാൽക്കണിയാണ് കൺമണിയുടെ പ്രിയപ്പെട്ട ഇടം. ബുബു, ബബ്ലി എന്നു പേരിട്ട രണ്ടു പ്രാവുകളാണ് കൺമണിയുടെ കൂട്ടുകാർ. ഉണർന്നാലുടൻ പപ്പയോടൊപ്പം ഇവർക്കു ഭക്ഷണം കൊടുക്കുന്നതാണ് കൺമണിയുടെ ഇഷ്ടവിനോദം. പുളിപ്പിച്ച കഞ്ഞിവെള്ളം ഒഴിച്ച് ശ്രദ്ധയോടെ മുക്ത വളർത്തിയെടുത്ത കറിവേപ്പും ഇവിടെ തലയാട്ടി നിൽക്കുന്നു. ഈ ഫ്ലാറ്റ് സമ്മാനമായി തന്ന റിമിയോടും കഷ്ടപ്പെട്ട് വളർത്തിയെടുത്ത ചെടികൾ തന്ന അമ്മയോടുമാണ് മുക്ത നന്ദി അറിയിക്കുന്നത്.

Muktha6