Thursday 17 February 2022 03:42 PM IST

ചെറിയ മാറ്റങ്ങൾ മതി വീടിന്റെ മുഴുവൻ ലുക്ക് മാറാൻ; ഇന്റീരിയറിന് നൽകാം ഉഗ്രൻ മേക്കോവർ

Roopa Thayabji

Sub Editor

inter654ghjjjnb

പുതിയ വർഷത്തെ വരവേൽക്കുമ്പോൾ വീടിനും വേണ്ടേ ന്യൂ ലുക്. കോവിഡ് കാലം കുടുംബ ബജറ്റിനെ ബാധിച്ചതിനിടയിൽ വലിയ ചെലവില്ലാതെ വീടിന്റെ മുഖം മാറ്റിയാലോ...

തുടക്കം സിംപിളാകട്ടെ

∙ അകത്തളത്തിനു പുതുമ തോന്നിപ്പിക്കാൻ ഏറ്റവും നല്ല വഴി സാധനങ്ങൾ കുത്തിനിറച്ചതു പോലുള്ള ഫിൽ ഒഴിവാക്കുകയാണ്. ആവശ്യമുള്ള ഫർണിച്ചറും കുറച്ചു ക്യൂരിയോസും വച്ച ശേഷം ബാക്കി സ്പേസ് ഓപൺ ആയിടാം. മുറിക്ക് വലുപ്പം തോന്നിക്കാനും ഇതാണു നല്ല വഴി.

∙ ചുമരിലെ വലിയ ഒറ്റ പീസ് പെയിന്റിങ്ങും ആർട് പീസും മുറിയുടെ വലുപ്പം കുറച്ചുകാണിക്കും. ഒരേ പാറ്റേണിൽ ത ന്നെ മൂന്നു പീസുകളായി വരുന്ന ഫോട്ടോകളും വാൾ ആർട്ടുകളുമാണ് നല്ലത്.

∙ പല ഡിസൈനിലും പാറ്റേണിലുമുള്ള വാൾ സ്റ്റിക്കറുകളും മോട്ടിഫുകളും ചെറിയ ചെലവിൽ ഇന്റീരിയറിന്റെ ലുക് മാറ്റാനുള്ള വഴിയാണ്. സ്വിച്ച് ബോർഡിനു മുകളിൽ ഒട്ടിക്കാവുന്ന ചെറു ഡിസൈനുകൾ മുതൽ ഭിത്തിയിൽ നിറഞ്ഞു നിൽക്കുന്ന വലിയ ചിത്രങ്ങൾ വരെ വാങ്ങാൻ കിട്ടും.

∙ റെയിൽസ് ഘടിപ്പിച്ച കർട്ടനുകൾ സ്ഥലം കൂടുതലെടുക്കും. ജനലിനുള്ളിൽ തന്നെ നിൽക്കുന്ന കനം കുറഞ്ഞ കർട്ടനാണ് നല്ലത്. ചെറിയ പ്രിന്റുകളോ ബോർഡറിൽ മാത്രം ചെറിയ വർക്കുകളോ വരുന്നവയും, സിംഗിൾ കളറിലുള്ളതോ, സ്ട്രൈപ്സ്, ചെറിയ ചെക്സ് എന്നിവ ഉള്ളതോ വാങ്ങാം. കോൺട്രാസ്റ്റ് ലുക്കിന് സോഫ്റ്റ് ഫർണിഷിങ്ങിൽ മാത്രം ലൗഡ് ഡിസൈനുകളും നിറങ്ങളും പരീക്ഷിക്കാം.  

ഗാർഡൻ ആൻഡ് ഡെക്കോർ

∙ ലിവിങ്ങിലോ പാസേജിന്റെ തുടക്കത്തിലോ അധികം പന്തലിച്ചു വളരാത്ത തരം ഇൻഡോർ പ്ലാന്റ് വയ്ക്കാം. നാലോ അഞ്ചോ തട്ടുള്ള വെർട്ടിക്കൽ സ്റ്റാൻഡ് വാങ്ങിയാൽ ചെറിയ സ്പേസിൽ കൂടുതൽ ചെടികൾ വയ്ക്കാം.

∙ നടുമുറ്റമോ സൺറൂഫുള്ള അകത്തളമോ ഉണ്ടെങ്കിൽ ചെടികൾ വയ്ക്കാൻ സ്ഥലമായി. അധികം ഉയരത്തിൽ വളരാത്ത ചെടികളാണ് ഇൻഡോർ ഗാർഡനിൽ നല്ലത്. സൺറൂഫിനു കീഴിലാണ് വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യാവുന്നത്.

∙ തടി ഫ്രെയിമിൽ സക്കുലന്റ് പ്ലാന്റ്സ് പിടിപ്പിച്ച് ഭിത്തിയിൽ തൂക്കിയിടുന്ന പ്ലാന്റ് ഫ്രെയിമുകളും ഇപ്പോൾ ഹിറ്റാണ്. ഡൈനിങ് ടേബിളിനു മുകളിലോ ലിവിങ്ങിലെ പ്രത്യേക സ്റ്റാൻഡിലോ ടെററിയം സെറ്റ് ചെയ്യുകയുമാകാം.

∙ വലിയ ലിവിങ് സ്പേസുള്ളവർക്ക് വലിയ ഇലകളുള്ള ഇൻഡോർ പ്ലാന്റ് വയ്ക്കാം. ശരിയായി പരിപാലിച്ചാൽ ഇൻഡോറിലെ സ്റ്റേറ്റ്മെന്റ് പീസായി അതു മാറും.

∙ മുറികളുടെ വാതിലുകളിലും ഭിത്തിയിലും തൂക്കിയിടാവുന്ന ഹാങ്ങിങ്ങുകളും മെസേജ് ബോർഡുകളും ഫോട്ടോ ഫ്രെയിമുകളും അതിഥികളെ ചിരിയോടെ വരവേൽക്കും.

പൊളിച്ചു മാറ്റാം, ഓൾഡ് ലുക്

∙ സിറ്റ് ഔട്ടിലെ അടുക്കും ചിട്ടയുമില്ലാത്ത ഷൂറാക്ക് ആദ്യകാഴ്ചയിൽ തന്നെ ബോറടിപ്പിക്കും. സിറ്റ് ഔട്ടിലെ ഇൻ ബിൽറ്റ് സീറ്റിങ്ങിനു താഴെ സ്ലൈഡിങ് ഡോർ പിടിപ്പിച്ചാൽ ഷൂറാക്ക് അതിനുള്ളിൽ സെറ്റ് ചെയ്യാം.

∙ ലിവിങ്ങിന്റെയും ഡൈനിങ്ങിന്റെയും ലുക് മാറിയാൽ തന്നെ വീടിനാകെ മാറ്റം വന്നതു പോലെ തോന്നും. ഓപ്പണിങ് വലുതാക്കുന്നതാണ് ഇതിനുള്ള വഴി. ലിവിങ് റൂമും ഡൈനിങ് ഏരിയയും തമ്മിൽ വേർതിരിക്കുന്ന ഭിത്തി ഒഴിവാക്കാം. സ്പേസ് കൂടുമെന്നു മാത്രമല്ല, യൂട്ടിലിറ്റി ഏരിയയും കൂടുതൽ കിട്ടും. പൊളിച്ചു മാറ്റിയ ഭിത്തിക്കു പകരം ചെറിയ വേർതിരിവെങ്കിലും വേണമെന്നാണ് ആഗ്രഹമെങ്കിൽ പാർട്ടീഷൻ നൽകി ക്യൂരിയോ റാക്കോ ബുക് ഷെൽഫോ നൽകിയാൽ മതി.   

∙ ഡൈനിങ്ങിൽ നിന്നോ ലിവിങ്ങിൽ നിന്നോ പുറത്തേക്കു തുറക്കുന്ന പഴയ മോഡൽ ജനാല മാറ്റി ഫുൾ ഹൈറ്റിലുള്ള വിൻഡോ നൽകുകയോ, മുറ്റത്തേക്ക് ഓപണിങ് കിട്ടുന്ന തരത്തിൽ സ്ലൈഡിങ് ഡോർ പിടിപ്പിക്കുകയോ ചെയ്യാം. ഈ ഓപൺ ഏരിയയിൽ വച്ച് ചെറു പാർട്ടികളും ആഘോഷങ്ങളും നടത്താം.

∙ മുറിയിലെ പഴയ ഇൻബിൽറ്റ് ഷെൽഫുകൾ സ്ഥലപരിമിതി ഉണ്ടാക്കുന്നുവെങ്കിലും ഇവ പൊളിച്ചു മാറ്റിയാൽ സാധനങ്ങൾ എവിടെ വയ്ക്കുമെന്നാകും മിക്കവരുടെയും സംശയം. കട്ടിലിനു താഴെ സ്ലൈഡിങ് ഡ്രോയറുകൾ പിടിപ്പിച്ചാൽ ഡ്രസ്സുകളും മറ്റും ഒതുക്കി വയ്ക്കാമെന്നു മാത്രമല്ല, കട്ടിലിനടിയിൽ പൊടി പിടിക്കുന്നതും ഒഴിവാക്കാം. മരുന്നുകളും മൊബൈൽ ചാർജറുമൊക്കെ സൂക്ഷിക്കാൻ സൈഡ് ടേബിളിന് പുൾ ഔട്ട് സ്റ്റോറേജ് നൽകാം.

Alwin-Sunny

വൃത്തിയാക്കി പുത്തനാക്കാം

∙ തറയോട് പാകിയ നിലം  മൂന്നു വർഷത്തിലൊരിക്കൽ വാക്സ് പോളിഷ് ചെയ്താൽ പുത്തൻ പോലെയാകും. പഴയ മൊസൈക് തറയിൽ പശ ഉപയോഗിച്ച് ടൈൽ ഒട്ടിച്ചാലും ഫ്ലോറിനു പുത്തൻ ലുക്ക് കിട്ടും.

∙ അഴുക്കും പാടും വീണ ടൈലിൽ ഉപ്പും ബേക്കിങ് സോഡയും യോജിപ്പിച്ച് തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റു കഴിഞ്ഞ് കഴുകിയാൽ മതി. കറയുള്ള ഭാഗം മാത്രം സ്റ്റെയ്ൻ റിമൂവർ ഉപയോഗിച്ച് വൃത്തിയാക്കാം. ഓരോ കമ്പനിയും ശുപാർശ ചെയ്യുന്ന ബ്രാൻഡ് തന്നെ വാങ്ങാൻ മറക്കല്ലേ. പൊട്ടിയ ടൈൽ മാറ്റുകയും വേണം.

∙ ജനാലച്ചില്ലുകളും മറ്റും ആഴ്ചയിലൊരിക്കൽ തുടച്ചു വൃത്തിയാക്കണം. ഗ്ലാസ് ക്ലീനറോ സോപ്പുവെള്ളമോ കൊണ്ടു കഴുകിയ ശേഷം നന്നായി തുടച്ചാൽ ഗ്ലാസ് പാർട്ടീഷനും ക്യൂരിയോ ഷെൽഫുമെല്ലാം മിന്നിത്തിളങ്ങും.

∙ ഓടിട്ട റൂഫിൽ പായലും പൂപ്പലും പിടിച്ചിട്ടുണ്ടെങ്കിൽ വെള്ളം സ്പ്രേ ചെയ്ത് കഴുകിയ ശേഷം പെയിന്റടിച്ച് പുത്തനാക്കാം. മുറ്റത്തെ ടൈലുകളും കാർഷെഡുമൊക്കെ മാസത്തിലൊരിക്കൽ എങ്കിലും കഴുകണം.

ഫർണിച്ചറിൽ പുതുമ

∙ സോഫ കൃത്യമായി മെയിന്റനൻസ് ചെയ്തില്ലെങ്കിൽ മുറിയുടെ ഭംഗി കെടുത്തും. അപ്ഹോൾസ്റ്ററി മാറുന്നതു പുത്തൻ ലുക്ക് കിട്ടാൻ നല്ലതാണ്.

ലിനൻ ക്ലോത്തിനു പകരം വെൽവെറ്റ്, സാറ്റിൻ ഫാബ്രിക് പരീക്ഷിക്കാം. ലെതർ മെറ്റീരിയലിലും ഇത്തരത്തിൽ നിറങ്ങൾ മാറാൻ ഓപ്ഷനുണ്ട്.

∙ സോഫ കവറും കുഷ്യനും ചെയർ ബാക്കും ഇന്റീരിയറിന്റെ ഭംഗി കൂട്ടുന്ന എലമെന്റ്സ് ആണ്. മുറിയുടെ പെയിന്റിനു ചേരുന്ന നിറങ്ങളോ ഒരു നിറത്തിന്റെ തന്നെ പല ഷേഡുകളോ ഇവയ്ക്കായി തിരഞ്ഞെടുക്കാം.

∙സോഫ്റ്റ് ഫർണിഷിങ്ങിന്റെ നിറത്തിനു ചേരുന്ന വാൾ ഡെക്കോറുകൾ വച്ചും മാച്ചിങ് ലുക് നേടാം.

∙ ഡൈനിങ് ചെയറുകൾക്കും ഫാബ്രിക് കവർ വാങ്ങാൻ കിട്ടും. ഇത്തരത്തിൽ ഒന്നോ രണ്ടോ സെറ്റ് വാങ്ങിവച്ചാൽ ഇടയ്ക്കിടെ ഡൈനിങ്ങിന്റെ ലുക് മാറ്റാം.

∙ ലിവിങ് ഏരിയയിലെ സോഫയും സെറ്റിയും ന ടുഭാഗത്തായി ചതുരാകൃതിയിലാണോ ഉള്ളത്? എ ങ്കിൽ ഇക്കുറി അതു മാറ്റി ചുമരിനോട് ചേര്‍ത്ത് L ഷേപ്പിലാക്കാം. അല്ലെങ്കിൽ U ഷേപ്പിലോ C ആകൃതിയിലോ ആക്കാം.

∙ പഴയ ഷോകെയ്സ് വൃത്തിയാക്കി, സ്ലൈഡിങ് ഗ്ലാസ് മാറ്റി, റാക്കുകൾ ബലപ്പെടുത്തിയാൽ ഉഗ്രൻ ബുക് ഷെൽഫായി. അതല്ലെങ്കിൽ  ക്യൂരിയോ സ്റ്റാൻഡ്  ആയി ഇതിനെ മാറ്റാം.

ഹാർമണി ആൻഡ് വൈബ്രൻസ്

∙ സിംഗിൾ കളർ സാരിക്കൊപ്പം ഡിസൈനുള്ള ബ്ലൗസ് ട്രെൻഡായതു പോലെയാണ് ഇന്റീരിയറിലെ പുതിയ ട്രെൻഡ്. വാൾ പെയിന്റും കർട്ടനും പേസ്റ്റൽ നിറങ്ങളിൽ തിളങ്ങുമ്പോൾ മാച്ചിങ് ബ്രൊക്കേഡ് കുഷ്യൻ  കവറോ, വൈബ്രന്റ് നിറത്തിലുള്ള ലാംപ് ഷേഡോ, ഹെവി ലുക്കുള്ള വാൾ ഡെക്കോർ പീസോ കൂടി ചേർത്തുവച്ചാൽ റിച്ച് ഇന്റീരിയർ സ്വന്തമാക്കാം.

∙ ഇന്റീരിയറിലെ ഫോക്കൽ പോയിന്റിൽ ഇഷ്ടമുള്ള ഒരു യുണീക് പീസ് വയ്ക്കാനാണ് പലർക്കും ഇഷ്ടം. യാത്ര ചെയ്യുമ്പോഴും മറ്റും ഇഷ്ടത്തോടെ വാങ്ങി കൊണ്ടുവരുന്ന ഇത്തരം പീസുകൾ ഉൾപ്പെടുത്താൻ മോഹമുള്ളവർ അക്കാര്യം ഇന്റീരിയർ ഡിസൈനറോട് നേരത്തേ പറയണം. നിറത്തിലും പാറ്റേണിലും ശ്രദ്ധിച്ച് ഇന്റീരിയർ ഒരുക്കാൻ അവർക്കാകും.

∙ ചെടികളും ന്യൂട്രൽ ടോണുകളും വച്ച് സിംപിൾ ലുക്കിൽ ഇന്റീരിയർ ചെയ്യുമ്പോഴും ചില ഇടങ്ങളെ വൈബ്രന്റ് ആക്കി നിർത്താം. റീഡിങ് ഏരിയ, ലൈബ്രറി, കോഫി ഏരിയ തുടങ്ങിയവ വ്യത്യസ്തമായ നിറങ്ങളിൽ പരീക്ഷിക്കാം.

ഇവിടേക്ക് തിരഞ്ഞെടുക്കുന്ന കാർപറ്റ്, ഭിത്തിയിൽ തൂക്കുന്ന പെയിന്റിങ്ങോ ഡെക്കോറോ തുടങ്ങിയവയൊക്കെ ലൗഡ് ഡിസൈനിലും നിറങ്ങളിലുമാകട്ടെ.

വിവരങ്ങൾക്ക് കടപ്പാട്: ജാനിസ് നഹ സജീദ്, ആർട് ലെജൻഡ്സ്, കാലിക്കറ്റ്

Tags:
  • Vanitha Veedu