ഈ ഓണക്കാലത്ത് കേരളത്തിനു കിട്ടിയ ഉപഹാരമാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ക്യാംപസിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കനകധാരാ മ്യൂസിയം. മ്യൂസിയം ഡിസൈൻ ചെയ്യുകയെന്നാൽ കെട്ടിട രൂപകൽപന മാത്രമല്ലെന്ന് പറയുന്നു കനകധാരാ മ്യൂസിയത്തിൻ്റെ ആർക്കിടെക്ട് കൂടിയായ സത്യജിത്ത്.

ഭാഷയുടെയും തനത് കലാരൂപങ്ങളുടെയും സംസ്കാരത്തിൻ്റെയും പാരമ്പര്യപ്പെരുമ വിളിച്ചോതുന്നതാണ് കനകധാരാ മ്യൂസിയം. മലയാള ഭാഷയുടെ ചരിത്രവും പൈതൃകവഴികളും ഭാഷയുടെ വിവിധ കാലഘട്ടങ്ങളും പരിചയപ്പെടുത്തുകയാണ് കനകധാരാ. പൈതൃക സംരക്ഷണത്തിൽ ഗവേഷണം നത്തുന്ന ആർക്കിടെക്ട് സത്യജിത്ത്, ഭാഷയുടെയും കലാരൂപങ്ങളുടെയും വിവിധ കാലഘട്ടങ്ങളെപ്പറ്റി മനസ്സിലാക്കിയാണ് രൂപകൽപനയിലേക്ക് ഇറങ്ങിത്തിരിച്ചത്.

സംസ്കൃത സർവകലാശാലയിലെ വിദഗ്ധരും തനിക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നെന്ന് ഓർമിക്കുന്നു സത്യജിത്ത്. ഭാഷാപോഷിണിയുടെ 1902 ലെ ലക്കം വരെ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

പഴയ ഒരു ഓഡിറ്റോറിയമാണ് ഏകദേശം 3000 ചതുരശ്രയടി വരുന്ന മ്യൂസിയമായി മാറ്റിയത്. നാലു ഗാലറികളായാണ് മ്യൂസിയം ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കണമെങ്കിൽ ചെറിയ വളവുകൾ കടക്കണം. ആദ്യത്തേത് മലയാള ഭാഷയുടേതാണെങ്കിൽ തനത് ആർക്കിടെക്ചർ രൂപങ്ങളും ഹെറിറ്റേജ് വോളും കലാരൂപങ്ങളുമൊക്കെ തുടർന്നുള്ള ഗാലറികളിൽ കാണാം. സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഗവേഷണങ്ങളും പ്രദർശിപ്പിക്കാം.

അക്രിലിക് ഡിസ്പ്ലേ കേസുകളും ഹെറിറ്റേജ് ട്രീ യും ഹെറിറ്റേജ് വോളും കേരളത്തിൻ്റെ മാപ്പുമൊക്കെ ഇവിടെ തയാറാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ മ്യൂസിയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വിവരങ്ങളും വിജ്ഞാനവും സമൂഹത്തിന് പകരുകയും സൂക്ഷിക്കുകയുമാണ് അവയുടെ ലക്ഷ്യം. കേരളത്തിലും ഇത്തരം മ്യൂസിയങ്ങൾ വരും തലമുറകൾക്കു വഴികാട്ടിയാവട്ടെ എന്നു പ്രത്യാശിക്കുന്നു ആർക്കിടെക്ട്. കോവിഡ് സാഹചര്യം മെച്ചപ്പെടുന്ന നാളിൽ മ്യൂസിയം പൊതുജനങ്ങൾക്കും സന്ദർശിക്കാൻ സാധിക്കും.