Thursday 23 December 2021 03:10 PM IST : By സ്വന്തം ലേഖകൻ

വാസ്തുരഹസ്യം ഒളിഞ്ഞിരിക്കുന്ന കാണിപ്പയ്യൂർ മന! വാസ്തു ശാസ്ത്രത്തിന്റെ കുലപതിയുടെ വീടൊരുങ്ങിയത് ഇങ്ങനെ

kp

രണ്ടുനിലയുള്ള തെക്കിനിയും രണ്ടുനിലയുള്ള പടിഞ്ഞാറ്റിനിയും ഉൾപ്പെടുന്നതാണ് തൃശൂർ ജില്ലയിലെ കുന്ദംകുളത്തിന് അടുത്തുള്ള കാണിപ്പയ്യൂർ മന. വാസ്തു ശാസ്ത്രത്തിലെ മഹാരഥനായ കാണിപ്പയ്യൂർ അച്ഛൻ നമ്പൂതിരിപ്പാടും അതേപാത പിന്തുടർന്ന് പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന മകൻ നമ്പൂതിരിപ്പാടും ഈ കെട്ടിടത്തെ പാരമ്പര്യത്തിനു കോട്ടം തട്ടാതെത്തന്നെ പുതിയ സാഹചര്യത്തിനും ജീവിതരീതിക്കും അനുസരിച്ച് മാറ്റിയെടുത്തിരിക്കുന്നു. മനയുടെ മുൻഭാഗം അഥവാ പടിഞ്ഞാറ്റിനിയാണ് അടുത്തിടെ മാറ്റത്തിനു വിധേയമായത്.

kp-7

ക്ഷേത്ര മാതൃകയിൽ

അമ്പലങ്ങളുടെ അളവുകളും പ്ലാനും കണക്കാക്കുന്നതിൽ അവസാനവാക്കാണ് കാണിപ്പയ്യൂർ നമ്പൂതിരിമാരുടേത്. ഇവിടെ വരുന്ന സന്ദർശകരിൽ അധികവും ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ടവരാണ്. അതുകൊണ്ടാണ് ക്ഷേത്രമാതൃകയിൽ പുതിയഭാഗം ഒരുക്കിയതെന്ന് മകൻ ക‍ൃഷ്ണൻ നമ്പൂതിരിപ്പാട് വിശദമാക്കുന്നു. മലപ്പുറം തിരുനാവായയിൽ നിന്നുള്ള, പണിക്കാരാണ് പുനർനിർമാണത്തിനു ചുക്കാൻ പിടിച്ചത്.

kp-5

പഴയ പടിഞ്ഞാറ്റിനിയാണ് പുതുക്കിപ്പണിതത്. ഓഫിസ് ആവശ്യങ്ങൾക്കാണ് പടിഞ്ഞാറ്റിനി അന്നും ഇന്നും ഉപയോഗിക്കുന്നത്. മൂന്നുവശത്തും ചായ്പോടും പൂമുഖത്തോടും കൂടി ക്ഷേത്രമാതൃകയിൽ വെട്ടുകല്ല് ഉപയോഗിച്ചാണ് നിർമാണം. പടിഞ്ഞാറെ ചായ്പ് സന്ദർശകരുടെ കാത്തിരിപ്പുമുറിയാണ്. വടക്കേ ചായ്പിൽ മുകളിലെ നിലയിലേക്കുള്ള ഗോവണിയാണ്. മുകളിൽ ഒരു മുറിയാണുള്ളത്. ഓഫിസ് അംഗങ്ങൾക്കും വാസ്തു ശാസ്ത്രം പഠിക്കാനെത്തുന്നവർക്കും വേണ്ടിയുള്ളതാണ് അത്.

kp-6

തൃശൂർ വടക്കാഞ്ചേരിക്കടുത്തുനിന്ന് ലഭിക്കുന്ന ദൃഢമായ വെട്ടുകല്ലാണ് നിർമാണത്തിനുപയോഗിച്ചത്. ഉൾഭാഗം മാത്രം തേച്ച് പെയിന്റ് ചെയ്തു . ക്ഷേത്രമാതൃകയിൽ പഞ്ചവർഗത്തറയും പ്രധാന വാതിലിന്റെ ഇരുവശത്തും ദ്വാരപാലകരുമുണ്ട്. ക്ഷേത്രഭിത്തി അലങ്കാരങ്ങളായ പഞ്ജരം, ഭിത്തിക്കാലുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. തേക്കുകൊണ്ടാണ് പ്രധാനവാതിൽ. അടിപ്പടി ശിലകൊണ്ടു നിർമിച്ചു. എട്ടുകള്ളികളോടും സൂത്രപ്പട്ടികയിൽ അലങ്കാരമായ താമരമൊട്ടുകളോടും മുകളിൽ മംഗളപലകയോടും കൂടി ശാസ്ത്രയുക്തമായാണ് വാതിൽ പണിതിരിക്കുന്നത്.

kp2

വേങ്ങത്തടികൊണ്ടുള്ള കഴുക്കോലിലും പട്ടികയിലും ഓടു മേഞ്ഞതാണ് താഴത്തെ നിലയുടെ മേൽക്കൂര. മുകളിലെ ആരൂഢത്തിന് ഇരുമ്പിലാണ് ഓടുപാകിയത്. പഴയ വീടിന്റെ കിടപ്പുമുറികൾ മണ്ണുകൊണ്ടുള്ളവയാണ്.

ഫൈബർ ബോർഡിൽ പുതിയ നില

പഴയ വീടിനു മുകളിൽ ഒരു നില കൂടി ഇപ്പോൾ കൂട്ടിയെടുത്തു. ട്രീറ്റഡ് സെല്ലുലോയ്ഡ് ഫൈബർ സിമന്റ് ബോർഡ് കൊണ്ടാണ് പുതിയ നില പണിതത്. യുപിവിസി കൊണ്ടുള്ള ജനാലകളും വാതിലുകളുമാണ് ഇവിടെ. തടിയുടെ ഫിനിഷിലുള്ള ടൈലാണ് ഫ്ലോറിങ്ങിന്.

kp-3
Tags:
  • Vasthu