Saturday 28 May 2022 03:40 PM IST : By സ്വന്തം ലേഖകൻ

അരക്കിലോമീറ്റർ മാത്രം അകലത്തിൽ രണ്ട് നദികൾ. എന്നിട്ടും ഈ വീടിന് പ്രളയത്തെ പേടിയില്ല

river2

ചെങ്ങന്നൂരിനടുത്ത് പ്രാവിൻകൂടിലെ ആറ് സെന്റിലാണ് ഫാ. മാത്യു കവിറായിലിന്റെ പുതിയ വീട്.വീടിന്റെ ഇടതും വലതും അരക്കിലോമീറ്റർ മാത്രം അകലത്തിൽ രണ്ട് നദികൾ; പമ്പയും വരട്ടാറും. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന ശീലക്കാരാണ് രണ്ടും.. 2018 ലെ മഹാപ്രളയത്തിൽ ഇവിടെ അഞ്ചടിയിലധികം പൊക്കത്തിൽ വെള്ളം കയറിയിരുന്നു. പക്ഷേ, ഫാ. മാത്യു കവിറായിലിനും കുടുംബത്തിനും പ്രളയത്തിന്റെ കാര്യത്തിൽ ടെൻഷനൊന്നുമില്ല!

‘ആറ് കവിഞ്ഞുവരുന്ന വെള്ളം അതിന്റെ വഴിക്കു പൊയ്ക്കൊള്ളും. അതിനു സൗകര്യമൊരുക്കിയാണ് വീടു പണിതിരിക്കുന്നത്.’ ഇതാണ് ധൈര്യത്തിന്റെ രഹസ്യം.

river1 പില്ലറിനു മുകളിലായി വീട്

പ്രളയഭീഷണിയുള്ള സ്ഥലമായതിനാൽ മണ്ണിട്ട് പൊക്കിയ ശേഷം വീടു പണിയാനായിരുന്നു എല്ലാവരുടെയും ഉപദേശം. പക്ഷേ, വീട്ടുകാർക്ക് അതിനോട് അത്ര താൽപര്യം തോന്നിയില്ല. മണ്ണിട്ട് പൊക്കുമ്പോൾ സ്വാഭാവികമായും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. ചുറ്റുമുള്ള വീട്ടുകാരുടെ ദുരിതം കൂടും.

river3 സ്വീകരണമുറി

അപ്പോഴാണ് എൻജീനീയർ മനോജ് കെ. നാരായണൻ ‘റൂം ഫോർ റിവർ’ എന്ന ആശയം നടപ്പിലാക്കിയാലോ എന്നു ചോദിക്കുന്നത്. സ്ഥലത്തെ നീരൊഴുക്ക് തടസ്സപ്പെടുത്താതെ കെട്ടിടം നിർമിക്കുന്ന രീതിയാണ് റൂം ഫോർ റിവർ. പ്രളയത്തിലെ ജലനിരപ്പിനേക്കാൾ ഉയരത്തിൽ, പില്ലറുകൾക്കു മുകളിലായി വീടു നിർമിക്കാം എന്നായിരുന്നു മനോജിന്റെ നിർദേശം.

വീട്ടുകാർക്കും ഇതിഷ്ടപ്പെട്ടു. ചെലവ് കണക്കുകൂട്ടി നോക്കിയപ്പോൾ മണ്ണിട്ട് പൊക്കാൻ ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവ് വരും. പില്ലറിനു മുകളിൽ വീടു പണിയാനാണെങ്കിൽ ആറ് ലക്ഷത്തിനടുത്തും. രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ പില്ലറിനു മുകളിൽ വീടു പണിയാം എന്നു തീരുമാനമായി.

river4 ഡൈനിങ് സ്പേസും സ്റ്റെയറും

തറനിരപ്പിൽ നിന്ന് എട്ട് അടി പൊക്കത്തിലുള്ള 17 കോൺക്രീറ്റ് പില്ലറുകൾക്കു മുകളിലായി വരുംവിധമാണ് വീടിന്റെ ഡിസൈൻ. വഴിയോടു ചേർന്നുള്ള മുൻഭാഗം മാത്രം മണ്ണിട്ട് ഉയർത്തി അവിടെ മുറ്റം നിർമിച്ചു. അതിനാൽ നേരെ മുന്നിൽ നിന്നു നോക്കുമ്പോൾ സാധാരണ വീടുപോലെ തന്നെ തോന്നിക്കും. വഴിക്കും വീടിനും ഇടയിൽ നാല് മീറ്റർ വീതിയിലുള്ള സ്ഥലം മാത്രമാണ് മണ്ണിട്ടു പൊക്കിയത്. ഇതിന് എട്ട് ലോഡ് മണ്ണ് വേണ്ടിവന്നു. പില്ലറിനോടു ചേർന്ന് റീട്ടെയ്നിങ് വോൾ നിർമിച്ച് ഇവിടം സുരക്ഷിതമാക്കുകയും ചെയ്തു.

river 5 അടുക്കള

1400 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. ബഹുവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ഇത്രയും തന്നെ സ്ഥലം വീടിനടിയിൽ ലഭിച്ചെന്നതാണ് ‘പില്ലർ ടെക്നിക്കി’ന്റെ പ്രധാന നേട്ടം. കാർ പാർക്ക് ചെയ്യാനും സാധനങ്ങൾ സൂക്ഷിക്കാനും പാർട്ടി ഏരിയയായുമെല്ലാം ഇവിടം ഉപയോഗിക്കാം.

river6 ഫാ.മാത്യു കവിറായിലും കുടുംബവും

പ്രളയത്തിലെ ജലനിരപ്പ് കണക്കാക്കി പില്ലറിന് അഞ്ച് അടി പൊക്കം നൽകാനായിരുന്നു ആദ്യ തീരുമാനം. അതാകുമ്പോൾ ഇവിടേക്ക് തല കുനിക്കാതെ കയറാനാവില്ല. മാത്രമല്ല വണ്ടി പാർക്ക് ചെയ്യുന്നതിനും പ്രയാസമുണ്ടാകും. ഇതൊഴിവാക്കാനാണ് എട്ട് അടി പൊക്കം നൽകിയത്. ചടങ്ങുകളും മറ്റും നടക്കുമ്പോൾ എത്തുന്നവരുടെ കാർ പാർക്ക് ചെയ്യാൻ ഇപ്പോൾ വേറെ സ്ഥലം അന്വേഷിക്കേണ്ട. 2018 ലേക്കാൾ വലിയ പ്രളയം വന്നാലും വീടിനുള്ളിൽ വെള്ളം കയറുമെന്ന പേടിയും വേണ്ട.

ചിത്രങ്ങൾ: ഹരികൃഷ്ണൻ

Tags:
  • Architecture