Wednesday 02 February 2022 04:22 PM IST

പറഞ്ഞാൽ വിശ്വസിക്കുമോ? ഈ വീടിന് അടിയിലൂടെ പുഴയൊഴുകുന്നു... രഹസ്യം ഒളിഞ്ഞിരിക്കുന്ന വീട്

Sunitha Nair

Sr. Subeditor, Vanitha veedu

Eloor6

പെരിയാറിനാൽ ചുറ്റപ്പെട്ട ഏലൂരിൽ വെള്ളപ്പൊക്കത്തെപ്പറ്റി ചിന്തിക്കാതെ വീടുപണിയാനാവില്ല. 2018 ലെ പ്രളയത്തിൽ വീട് പൂർണമായും മുങ്ങിയ കൊച്ചി ഏലൂരിലെ പുരുഷന് വീട്ടുസാധനങ്ങൾ നഷ്ടപ്പെട്ടതിനേക്കാൾ സങ്കടം കാലങ്ങളായി സൂക്ഷിച്ചിരുന്ന മലിനീകരണ വിരുദ്ധ സമരത്തിന്റെ രേഖകളും ചിത്രങ്ങളും നഷ്ടപ്പെട്ടതിലാണ്. അത്തരമൊരു അവസ്ഥ ഇനിയുമുണ്ടാകാതിരിക്കാനാണ് പരിസ്ഥിതി പ്രവർത്തകനും പെരിയാർ മലിനീകരണ വിരുദ്ധ സമിതി റിസർച് കോ ഓർഡിനേറ്ററുമായ പുരുഷൻ ഏലൂർ ‘റൂം ഫോർ റിവർ’ എന്ന ആശയത്തിലൂന്നി പുതിയ വീട് നിർമിച്ചത്.

Eloor4

നിർമാണമേഖലയിൽ തന്നെയുള്ള ആളായതുകൊണ്ടും പ്രകൃതിയോടിണങ്ങിയ നിർമാണ രീതിയോടു താൽപര്യമുള്ളതുകൊണ്ടും പുരുഷന്റെ വീടിന് പ്രത്യേകതകൾ ഒട്ടേറെയാണ്. ആർക്കിടെക്ട് ഗംഗ ദിലീപിന്റെ പല പ്രോജക്ടുകളുടെയും നിർമാണം പുരുഷനാണ്. പുരുഷന്റെ വീടിന്റെ രൂപകൽപനയും ഗംഗയാണ് നിർവഹിച്ചത്.

Eloor2 new

3000 ചതുരശ്രയടിയുള്ള വീട്ടിൽ വാസയോഗ്യമായിട്ടുള്ളത് 1850 ചതുരശ്രയടിയാണ്. പില്ലറിൽ 10 അടിയോളം ഉയർത്തിയാണ് വീട് നിർമിച്ചത്. ഫൗണ്ടേഷനിട്ട് തറ കെട്ടുന്നതിനേക്കാൾ രണ്ട് ലക്ഷം രൂപയോളം ചെലവു കൂടിയെങ്കിലും ഭാവിയിലേക്ക് ഇത് മുതൽക്കൂട്ടാകും. താഴത്തെ സ്ഥലം കളിക്കാനും കൃഷി ചെയ്യാനും വാഹനങ്ങൾ പാർക് ചെയ്യാനുമെല്ലാം പ്രയോജനപ്പെടുത്താം.

ഇനിയുള്ള വീടുകൾ ഇങ്ങനെ വേണമെന്നാണ് ആർക്കിടെക്ട് ഗംഗയുടെ അഭിപ്രായം. ‘‘സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായിട്ടുള്ള മാഷിന്റെ കൂട്ടായ്മകള്‍ക്കും മറ്റും ഈ ഇടം ഉപകരിക്കും. പുഴയ്ക്കും സമൂഹത്തിനും വേണ്ടിയാണ് ഈ ഇടം നിർവചിച്ചിരിക്കുന്നത്.

Eloor3

ബദൽ നിർമാണം എന്നു കേൾക്കുമ്പോൾ ഭംഗിയിലും മറ്റും വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള നിർമാണരീതി എന്നാണ് പൊതുവേ ആളുകളുടെ ധാരണ. എന്നാൽ അങ്ങനെയല്ല എന്നു കാണിക്കുന്നു ഈ വീട്. സാങ്കേതികമായി എന്നേക്കാൾ കൂടുതൽ ഈ നിർമാണരീതിയിൽ പര്യവേഷണം ചെയ്തിട്ടുളളയാളാണ് മാഷ്. ആർക്കിടെക്ടും ഉടമയും ഒത്തുചേർന്നു പണിത വീടാണിത്,’’ ഗംഗ പറയുന്നു.

ഒന്നാം നില മുതലാണ് കാഴ്ചയുടെ പുതുവസന്തം തുടങ്ങുന്നത്. ലിവിങ് റൂം മറ്റു ഭാഗങ്ങളേക്കാൾ അൽപം താഴ്ത്തിയാണ് നൽകിയത്. ഒന്നാം നിലയിൽ ലിവിങ്, ഡൈനിങ്, അടുക്കള, ഒരു കിടപ്പുമുറി എന്നിവയും രണ്ടാം നിലയിൽ രണ്ട് കിടപ്പുമുറികളും ഒരു ഹാളുമാണുള്ളത്.

Eloor 1

ഒന്നാം നിലയുടെ മിക്ക ചുമരുകളും ‘ജങ്ക് വോൾ’ ആണ്. അതായത് പഴയ വീട് പൊളിച്ചപ്പോഴുള്ള അവശിഷ്ടങ്ങൾ കുഴച്ചു തേച്ചാണ് ഭിത്തി നിർമിച്ചിരിക്കുന്നത്. പത്ത് ശതമാനം സിമന്റ്, ഉറപ്പിനായി ഉമി, വൈക്കോൽ, ചകിരി എന്നിവയും ചേർത്താണ് വേസ്റ്റ് ചവിട്ടിക്കുഴയ്ക്കുന്നത്. ഭാര്യയും മക്കളുമെല്ലാം ഇതിൽ ഭാഗഭാക്കായി. രണ്ടു വശങ്ങളിലും 20 സെമീ വീതിയിൽ പ്ലൈവുഡ് ഷട്ടറുണ്ടാക്കി അതിൽ കോൺക്രീറ്റ് പരുവത്തിൽ അവശിഷ്ടങ്ങൾ കുഴച്ച് ഒഴിച്ചു. അടുത്ത ദിവസം ഷട്ടർ പൊളിച്ചപ്പോൾ ഭിത്തി റെഡി. പഴയ വീട്ടിലെ ഇഷ്ടിക, കോൺക്രീറ്റ് എന്നു വേണ്ട ക്ലോസറ്റ് വരെ ഈ ചുമരിന്റെ ഭാഗമായിട്ടുണ്ട്. ‘‘എന്റെ മാതാപിതാക്കൾ ചവിട്ടി നടന്ന തറയാണ് ഈ ചുമര്. ഈ ചുമരിലൂടെ കയ്യോടിക്കുമ്പോൾ അവരെയൊക്കെ തൊടുന്നതു പോലെ...,’’ ജങ്ക് വോളിന്റെ വൈകാരിക തലം പങ്കുവയ്ക്കുന്നു പുരുഷൻ.

ചുമരിൽ ഇടയ്ക്ക് തടിക്കഷണങ്ങൾ നൽകിയിട്ടുണ്ട്. 18 സെമീ കനമുള്ള മരം ഷട്ടറിലേക്ക് വെറുതെ ഇട്ടു കൊടുത്തതാണ്. എന്തും ഇങ്ങനെ ഇടാം എന്നു കാണിക്കാനാണ് ചെയ്തത്. പക്ഷേ അതൊരു ഭംഗിയായി മാറി.

ജങ്ക് വോളിനുമീതെ മണ്ണ് തേച്ചു. തേക്കാതെയും നൽകാം. ഇവിടെ അങ്ങനെയും ചെയ്തിട്ടുണ്ട്. മണ്ണ് കൊണ്ടു തേക്കുമ്പോൾ പല ഫിനിഷിങ് നൽകാൻ സാധിക്കും. ഇവിടത്തെ പല ചുമരുകളും റഫ്, സെമി റഫ്, ഗ്ലോസി എന്നിങ്ങനെ പല ഫിനിഷിലാണ്.

ലിവിങ്ങിലെ ഇരിപ്പിടങ്ങളെല്ലാം പണിതിരിക്കുന്നത് വഴിയരികിൽ ഒടിഞ്ഞു വീഴുന്ന തണൽ മരങ്ങളുടെ തടി കൊണ്ടാണ്. ക്യൂബിക് അടിക്ക് 450 രൂപയ്ക്ക് ഇവ മില്ലിൽ നിന്ന് അറത്തു കിട്ടും. ബോറാക്സും ബോറിക് ആസിഡും ചേർത്ത് ട്രീറ്റ് ചെയ്തു. ട്രീറ്റ് ചെയ്താൽ 30 കൊല്ലത്തോളം ഒരു കേടും കൂടാതെയിരിക്കുമെന്ന് പുരുഷൻ അവകാശപ്പെടുന്നു.

ലിവിങ്ങിന്റെ സീലിങ്ങിന് കമ്പി ഉപയോഗിച്ചിട്ടില്ല. മുളയ്ക്കു മുകളിൽ മെഷ് വച്ച് വാർത്തു. മറ്റുഭാഗങ്ങൾ സാധാരണപോലെ ആർസിസിയാണ്. പക്ഷേ, സീലിങ്ങൊന്നും തേച്ചിട്ടില്ല. ഷട്ടറിങ് ചെയ്ത അതേപോലെ പെയിന്റ് ചെയ്തു.

ജനൽ ഫ്രെയിമുകളെല്ലാം മാവിൻതടി കൊണ്ടാണ്. ലിവിങ്, ഡൈനിങ് ഏരിയകളിൽ വുഡൻ ഫ്ലോറിങ്ങാണ്. ജനലിന് ഉപയോഗിച്ച് ബാക്കി വന്ന തടിയും മറ്റു രണ്ട് സൈറ്റുകളിലെ തടി അവശിഷ്ടങ്ങളും കൂടി ഇതിന് ഉപയോഗിച്ചു. പല വണ്ണത്തിലുള്ള കഷണങ്ങൾ മുറിച്ചെടുത്ത് ഒട്ടിക്കുകയാണ് ചെയ്തത്. അടുക്കളയിലും ബാത്റൂമുകളിലും മാത്രമേ ടൈൽ ഉപയോഗിച്ചിട്ടുള്ളൂ. മറ്റു മുറികളിൽ പരമ്പരാഗത രീതിയിൽ മുട്ടയുടെ വെള്ളയും മറ്റും ഉപയോഗിച്ച് റെഡ് ഓക്സൈഡ് ചെയ്തു; പോളിഷ് ചെയ്തിട്ടില്ല.

ഗോവണിക്ക് മുള കൊണ്ടുള്ള റെയ‌്ലിങ്ങുകൾ നൽകി. ഗോവണിയുടെ റെ‌യ‌്ലിങ്ങിന് രാജസ്ഥാനിൽ നിന്ന് കിലോ 650 രൂപയ്ക്ക് വാങ്ങിയ ആന്റിക് സാമഗ്രികൾ പ്രത്യേക ഭംഗിയേകുന്നു. ലൈറ്റുകളെല്ലാം വീട്ടുകാർ തന്നെ കൈകൊണ്ട് നിർമിച്ചവയാണ്.

സ്റ്റെയറിന്റെ ചുമരുകൾ ചിക്കൻ െമഷിൽ ചെയ്തിരിക്കുന്ന സാധാരണ മൺഭിത്തിയാണ്. മുള റീഇൻഫോഴ്സ് ചെയ്തിട്ടുള്ള മൺചുമരുകളാണ് രണ്ടാംനിലയ്ക്ക്. മണ്ണിനൊപ്പം ഉമിയും വൈക്കോലും ചകിരിയും നൽകിയിട്ടുണ്ട്.

Eloor5

രണ്ടാം നിലയിൽ ബിയർകുപ്പികൾ കൊണ്ട് ഒരു ഭിത്തി ചെയ്തിട്ടുണ്ട്. കൂടാതെ, ഈ നിലയിൽ തന്നെ മണ്ണ്് ഇടിച്ചുറപ്പിച്ച് നിർമിച്ച ചുമരിൽ ഇടയ്ക്ക് കുപ്പികൾ നൽകി മോടി കൂട്ടിയിട്ടുമുണ്ട്. പഴയ വീട് പൊളിച്ചപ്പോഴുള്ള കമ്പി കൊണ്ട് വർളി ആർട് ചെയ്ത് മൂന്നാം നിലയിലേക്കുള്ള സ്റ്റെയർ ഒരുക്കി. സോളർ സംവിധാനം ഒരുക്കാനുള്ള ഓപൻ ടെറസാണ് മുകളിൽ.

അഞ്ച് സെന്റിലെ ഈ വീട്ടിൽ ചെറിയ കുളത്തിന്റെ പണി കൂടി പൂർത്തിയാകാനുണ്ട്. ഒന്നാം നിലയിൽ രണ്ട് എയർകോളങ്ങൾ നൽകിയിട്ടുണ്ട്. അതിലൊന്നിന്റെ ഭാഗമായാണ് കുളം വരുന്നത്. വീടിനുള്ളിൽ ചൂടു കുറയ്ക്കാൻ ഈ എയർകോളങ്ങൾ സഹായിക്കുന്നു.

36 ലക്ഷം രൂപയാണ് ഒൻപത് മാസം കൊണ്ടു പൂർത്തിയായ വീടിനു ചെലവായത്. എന്നാലും ഇത് അന്തിമമായി കണക്കാക്കാൻ കഴിയില്ല എന്ന് പുരുഷൻ. കാരണം, പഴയ സാമഗ്രികൾ, പുരുഷന്റെയും വീട്ടുകാരുടെയും അധ്വാനം തുടങ്ങിയവയൊന്നും ചെലവിൽ പെടുത്തിയിട്ടില്ല.

ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ വീട് കാണാൻ വണ്ടിവിളിച്ചെത്തുന്നു. അവധി ദിവസങ്ങളിൽ ഇവിടെ സന്ദർശകരുടെ തിരക്കാണ്. ‘‘അതൊക്കെയല്ലേ നമ്മുടെ ഒരു സന്തോഷം,’’ പുരുഷനും കുടുംബവും ചിരിക്കുന്നു. ചിത്രങ്ങൾ: ഹരികൃഷ്ണൻ

Tags:
  • Architecture