Saturday 24 November 2018 04:59 PM IST : By സ്വന്തം ലേഖകൻ

പ്ലാനിങ് പിഴച്ചാൽ വീടിന്റെ ഭംഗി തന്നെ ഇല്ലാതാകും; വീട് മോടി പിടിപ്പിക്കും മുമ്പ് ശ്രദ്ധിക്കണം ഈ അഞ്ച് കാര്യങ്ങൾ

veedu_mod

നമ്മളെ വല്ലാതെ ടെൻഷനടിപ്പിക്കുന്ന ഒന്നാണ് വീടു മോടിപിടിപ്പിക്കൽ. എവിടെ തുടങ്ങണം? എങ്ങനെ തുടങ്ങമെന്ന് വ്യക്തമല്ലാത്തൊരു ആധി. ഒരു ചുവടു തെറ്റിയാൽ സ്വപ്നങ്ങൾ തേച്ച് മിനുക്കിയ വീടിന്റെ മുഖസൗന്ദര്യം മുഴുവൻ നഷ്ടമാകും.

വലിയ പരുക്കുകളൊന്നും തട്ടാതെ എങ്ങനെ പുതിയൊരു മുഖം വീടിനു നൽകാൻ സാധിക്കും. അതിന് വലുതെന്ന് തോന്നിക്കുന്ന ചില ചെറിയ കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ മതി.

തുറന്നിടാം അകത്തളം

ഇപ്പോൾ മിക്കവരും ഇഷ്ടപ്പെടുന്ന ഓപ്പൺ ഡിസൈൻ ഇന്റീരിയർ പഴയ വീടുകളില്‍ കുറവാണ്. അതുകൊണ്ട് തന്നെ വീടു പുതുക്കി മോടി കൂട്ടുമ്പോൾ ഓപ്പൺ ഡിസൈനുകൾ പരീക്ഷിച്ചു നോക്കാം.

അതിനായ് ആദ്യം ചെയ്യേണ്ടത് ചുവരുകളില്ലാത്ത വിശാലമായ ഒരു പ്ലാനിലേക്ക് വീടിന്റെ ഉൾവശം രൂപപ്പെടുത്തുക എന്നതാണ്. കൃത്യമായി പറഞ്ഞാൽ കിടപ്പുമുറികൾ ഒഴികെയുള്ള മുറികളുടെ ചുവരുകൾ എടുത്തുമാറ്റി ഓപ്പൺ സ്പേസാക്കി വീടു മാറ്റുക. ഇതിനായി നിലവിലുള്ള ഭിത്തികൾ നീക്കം ചെയ്ത് സ്റ്റീൽ ബീമുകൾ താങ്ങായി നിർത്തി, ഫാൾസ് സീലിങ് ചെയ്തു മറയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി വീട്ടിനുള്ളിൽ ധാരാളം കാറ്റും വെളിച്ചവും എത്തും. ലിവിങ് ഏരിയയും ഡൈനിങ് സ്പേസുമൊക്കെ കൂടുതൽ വിശാലമായി തോന്നിപ്പിക്കാനും ഈ വഴി കഴിയും.

അടുക്കളയിലേയ്ക്ക് കയറുന്ന വാതിൽ എടുത്തുമാറ്റി ഓ പ്പൺ കിച്ചനാക്കി മാറ്റാം. വാതിൽ മാറ്റുന്നതിനൊപ്പം ചുവരിന്റെ കുറച്ച് ഭാഗം കൂടി തട്ടിക്കളഞ്ഞ് വലുപ്പം കൂട്ടുകയും ചെയ്യുക. കുറച്ചുകൂടി വലുതാക്കി അവിടെ ഒതുക്കമുള്ളൊരു ‘ബ്രേക് ഫാസ്റ്റ് കൗണ്ടർ’ കൂടെ ഒരുക്കിയാൽ കിച്ചണിന്റെ ഫീൽ തന്നെ മാറും, സൗകര്യവും കൂടും. വീട്ടിൽ ചെലവഴിക്കുന്ന സമയത്തിന്റെ ഏറിയ പങ്കും അടുക്കളയിലാകുമെന്നതിൽ സംശയമില്ല. അപ്പോൾ കണ്ടുമടുത്ത മുഷിപ്പൻ നിറങ്ങളിൽ നിന്ന് ഇടയ്ക്കിടെ മാറിനടക്കുകയുമാകാം.

vee2

ജനാല നോട്ടം

നിലവിലുള്ള ചെറിയ ജനാലകൾ മാറ്റി പകരം നീളമുള്ള വലിയ ജനാലകൾ നൽകിയാൽ തുറന്ന വായു സഞ്ചാരമുള്ള മുറിയാക്കി മാറ്റിയെടുക്കാൻ സാധിക്കും.

അതുപോലെ തന്നെ ഡൈനിങ് റൂമിലെ ജനാലയ്ക്ക് പുതുമകൾ നൽകി, റൂഫ് മുതൽ നിലം വരെയെത്തുന്ന വലുപ്പമുള്ള ‘ഡോർ കം വിൻഡോ’ വയ്ക്കുക. ഈ മാറ്റം രണ്ടു രീതിയിൽ ഉപയോഗപ്രദമാണ്. വലുപ്പമുള്ള ജനലിന് പഴയ മുറിയിലേക്കു കൂടുതൽ കാറ്റും പ്രകാശവും എത്തിക്കാനാകും. ഒപ്പം തന്നെ ഡോർ ആയി മാറിയ നീളൻ ജനൽ തുറന്ന് പുതിയൊരു കൊച്ചു ലോകത്തേക്ക് കടന്നു ചെല്ലാം. വൈകുന്നേരങ്ങൾ ചെലവഴിക്കാനും കസേരയിലിരുന്നു ബുക്ക് വായിക്കാനുമൊക്കെയായി പുറത്തേയ്ക്കിറങ്ങുന്ന പാറ്റിയോ ആയി ആ ഓപൺ സ്ഥലത്തെ മാറ്റിയെടുക്കാം.

സ്‌റ്റെയർകേസ് മുറി വളരെ ഇരുട്ടു പിടിച്ച സ്ഥലമാണെങ്കിൽ അതിനു മുകളിലെ സ്ലാബ് കട്ട് ചെയ്ത് പർഗോള ഗ്രിൽ സ്ഥാപിച്ച് അതിനു മുകളിൽ ഗ്ലാസിട്ടു കഴിഞ്ഞാൽ ഗോവണികൾക്ക് ഒരു പുതിയ മുഖം കൈവരും. അതുപോലെ ഗോവണികളുടെ പുറം ചുവർ പൂർണ്ണമായി നീക്കി അതിൽ ഗ്ലാസ് പിടിപ്പിച്ചാൽ ഒരു ഓപൺ ഫീൽ ഉണ്ടാകും. ഗോവണികൾക്കടിയിൽ പെബിൾ കോർട് സെറ്റ് ചെയ്താൽ പുതുമകൾ ഏറെയുള്ളൊരു വീടാക്കി മാറ്റാനും കഴിയും.

ബാത്റൂം സ്റ്റൈലാക്കാം

വീട് മോടിപിടിപ്പിക്കുമ്പോൾ പ്രധാന മാറ്റം കൊണ്ടുവരാവുന്ന ഒരിടം ബാത്റൂം ആണ്. ബാത്റൂമിന്റെ നിലവിലുള്ള ഡോർ മാറ്റി ഗ്ലാസ് ഡോർ ആക്കുന്നത് മുറിയുടെ കൂടുതൽ റൊമാന്റിക്കാക്കും. ഗ്ലാസ് ഡോർ ടിന്റ്ഡ് ആയോ അതല്ലെങ്കിൽ
ഭംഗിയുള്ള ഗ്ലാസ് സ്റ്റിക്കറുകൾ സാധാരണ ഗ്ലാസിൽ ഒട്ടിച്ചും ഉപയോഗിക്കാം.

എത്ര ചെറിയ ബാത്റൂമായാലും ഡ്രൈ ഏരിയ – വെറ്റ് ഏ രിയ എന്നിങ്ങനെ വേർതിരിക്കുന്നതാണ് സൗകര്യപ്രദം. ഈ ഏരിയകളുടെ ഇടയിലായി ഗ്ലാസിന്റെ പാർട്ടീഷൻ നൽകുന്നതാണ് ഭംഗി. വാഷ് ബേസനിന്റെ അടിയിലായി സ്‌റ്റോറേജിനായി ചെറിയ കബോർഡ് നിർമിച്ചു സൗകര്യം കൂട്ടാം. ടവ്വല്‍, സോപ്പ്, എണ്ണ തുടങ്ങിയവയൊക്കെ ഇവിടെ സൂക്ഷിക്കാം.

ബാത്റൂം ഇന്റീരിയർ ഇൻഡോർ ചെടികൾ വച്ച് അലങ്കരിക്കുന്ന ട്രെൻഡ് ഇപ്പോഴുമുണ്ട്. കുളിമുറി ഒരു റിഫ്രഷ്മെന്റ് സ്പേസ് ആക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്കും ഇൻഡോർ ചെടികളെ കൂട്ടുപിടിക്കാം. കറ്റാർവാഴ, ബിഗോണിയ, ഫേൺ, ഓർക്കിട്, ലില്ലി എന്നിവയാകും കുളിമുറിയിലെ ഇൻഡോർ ചെടികളായി കൂടുതൽ ചേരുന്നത്.

ലൈറ്റിങ് പരീക്ഷണങ്ങൾ നടത്തി ബാത്റൂമിന്റെ ഭംഗി കൂട്ടാം. ഡിം ലൈറ്റുകൾ നൽകുന്നതും കാൻഡിൽ സ്റ്റാൻഡുകൾ പിടിപ്പിക്കുന്നതും മ്യൂസിക് പ്ലേയറിന് സ്വിച്ച് പോയ്ന്റ് കൊടുക്കുന്നതുമെല്ലാം ഇപ്പോൾ ട്രെൻഡാണ്

എക്സ്റ്റീരിയറും കാര്‍ പോർച്ചും

എക്സ്റ്റീരിയർ എലവേഷൻ മാറ്റുന്നതിന് ഏറ്റവും എളുപ്പമുള്ള രീതി റൂഫിൽ ഫ്രെയിം വർക് ചെയ്യുന്നതാണ്. അതോടൊപ്പം നിലവിലുള്ള ഹാൻഡ് റെയിൽ മാറ്റിനോക്കുകയും വേണം. കാഴ്ചയ്ക്ക് ഭംഗി കൂട്ടാൻ ക്ലാഡിങ് ടൈലുകൾ ചുവരുകളിൽ പതിക്കുന്നതും പരീക്ഷിച്ചു നോക്കാവുന്ന സ്റ്റൈലാണ്.

വീട് പുതിയതാക്കി മാറ്റുമ്പോൾ ഏറെ ശ്രദ്ധ നൽകേണ്ട ഭാഗമാണ് കാർ പോർച്ച്. നിലവിലുള്ള കാർ പോർച്ച് കോൺക്രീറ്റിലാണെങ്കിൽ അതിൽ പുതിയ ചുമരുകൾ നിർമിച്ച് അതൊരു ഫാമിലി ലിവിങ് റൂം അല്ലെങ്കിൽ ഫോർമൽ ലിവിങ് റൂം ആക്കിമാറ്റുക. ആ റൂമിന് ഷീറ്റിൽ മാത്രമായി ചെറിയ എക്സ്റ്റൻഷൻ കൊടുത്താൽ കാർ ഇടാനുള്ള സ്ഥലവും ലഭിക്കും. ഒപ്പം തന്നെ കാർ പോർച്ചിന്റെ വഴിയിലൂടെ വീടിനകത്തേക്ക് ഒരു പുതിയ എൻട്രൻസും നൽകാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോഴും കൂടുതൽ ശ്രദ്ധ നൽകേണ്ടത് ജനാലകൾക്കാണ്. വലിയ ജനാലകൾ വേണം ഈ മുറികളിൽ പിടിപ്പിക്കാൻ. കാറ്റും വെളിച്ചവും ആവോളമെത്തുന്ന അകത്തളങ്ങളാണ് മുറിയുടെ ഭംഗിക്കും കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും നല്ലത്.

ബെഡ്റൂമിനോട് ചേർന്ന് സിറ്റ് ഔട്ട് ഉണ്ടെങ്കിൽ അതും ഗ്രിൽ ഉപയോഗിച്ച് അടച്ച് സ്‌റ്റഡി റൂം അല്ലെങ്കിൽ ചെറിയ സിറ്റിങ് സ്പേസാക്കി മാറ്റിയെടുത്താൽ ബെഡ് റൂം വളരെ വിശാലമായി തോന്നും. സ്ഥിരമായി സിറ്റ് ഔട്ടിൽ പൊടികയറി ക്ലീൻ ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കുകയും ചെയ്യാം.

വീട്ടിൽ അധികം പൊളിച്ചുപണിയും ചെലവും ആഗ്രഹിക്കാത്തവർക്ക് ഏറ്റവും ഉചിതം മോഡ്യൂലാർ ആണ്. വ്യത്യസ്ത വലുപ്പത്തിലുള്ള ഷെൽഫ് മൊഡ്യൂളുകൾ അലമാരയായോ കിച്ചൻ കബോർഡായോ ഒക്കെ അടുക്കി വയ്ക്കുന്ന നിർമാണ ശൈലിയാണിത്. വീടിന് കൂടുതൽ ഫ്രഷ്നെസ്സ് നൽകാൻ ഇവ സഹായിക്കും. ഓരോ മൊഡ്യൂളുകൾക്കും നമുക്ക് ഇഷ്ടമുള്ള നിറവും വലുപ്പവും നൽകി ആകർഷകമാക്കാമെന്നു മാത്രമല്ല ഇങ്ങനെ മുറിയൊരുക്കുന്നതു വഴി ധാരാളം സ്പേസും ലാഭിക്കാം.

ഫർണിച്ചർ പുതിയതാക്കുക, കർട്ടൻ മാറ്റുക എന്നിങ്ങനെയുള്ള കുറുക്കു വഴികളും പരീക്ഷിക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ജോസ്ന റാഫേൽ

പ്രഫസർ ഇൻ ആർക്കിടെക്ചർ

ഗവ. എൻജിനിയറിങ് കോളജ്, തൃശ്ശൂർ