Tuesday 26 October 2021 02:16 PM IST : By സ്വന്തം ലേഖകൻ

കണക്കുകൂട്ടലുകൾക്കു പിടിതരാത്ത മുല്ലപ്പെരിയാർ

M2223

ആറണയായിരുന്നു അന്ന് തൊഴിലാളികളുടെ ദിവസക്കൂലി. നിർമാണസമയത്ത് രണ്ടു തവണ ഡാം തകർന്നു. നാനൂറോളം ഇന്ത്യാക്കാരും 19 ഇംഗ്ലിഷുകാരും മരിച്ചു. ... മുല്ലപ്പെരിയാർ ഡാമിന്റെ കേൾക്കാത്ത കഥകൾ.

M3888

കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ചരിത്രമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റേത്. നിർമാണജോലികൾ തുടങ്ങിയ 1886 മുതൽ ഇങ്ങനെതന്നെയായിരുന്നു. ബ്രിട്ടീഷ് ആർമി എൻജിനീയറായിരുന്ന കേണൽ പെന്നിക്വിക്കിന്റെ പ്രയത്നമത്രയും വെറുതെയാക്കിക്കൊണ്ട് നിർമാണ സമയത്ത് രണ്ടു തവണ ഡാം തകർന്നു. പണവും മനുഷ്യജീവനും നഷ്ടപ്പെടുന്നതല്ലാതെ ഡാമിന്റെ കാര്യത്തിൽ പുരോഗതി ഉണ്ടാകുന്നില്ലെന്നു കണ്ട മദ്രാസ് സർക്കാർ നിർമാണം ഉപേക്ഷിച്ചു പിൻമാറി. എന്നിട്ടും നിശ്ചയദാർഢ്യം ഒന്നിന്റെ മാത്രം പിൻബലത്തിൽ പെന്നിക്വിക്ക് ഡാം പൂർത്തിയാക്കി. അദ്ദേഹമതിന് ആയുസ്സും കൽപ്പിച്ചു. 50 വർഷം! അതിന്റെ ഇരട്ടിയും പിന്നൊരു 26 വർഷവും കൂടി പിന്നിട്ട മുല്ലപ്പെരിയാർ അണക്കെട്ടിന് ഇപ്പോൾ പ്രായം 126 വയസ്സ്. ഇതേപോലുള്ള മൂന്നേ ആറ് ഡാമുകൾ മാത്രമേ ഇന്ന് ലോകത്തുള്ളു.

മധുര, ഡിണ്ടിഗൽ മേഖലയിലെ വറുതിയും പട്ടിണിമരണങ്ങളും ഒഴിവാക്കാനായി സഹ്യന്റെ മറുവശത്തെ ജലസമൃദ്ധി അണകെട്ടി തമിഴ്നാട്ടിലേക്കെത്തിക്കുക എന്ന ആശയത്തിൽ നിന്നാണ് ഡാമിന്റെ പിറവി. ജനങ്ങളോടുള്ള സ്നേഹമല്ല, മറിച്ച് ആളുകൾ നാടുവിട്ടു പോയാൽ കരവും കാർഷിക നികുതിയുമൊന്നും ലഭിക്കില്ല എന്ന തിരിച്ചറിവാണ് ഡാം നിർമാണത്തിന് പ്രേരണയായത് എന്നൊരു വാദമുണ്ട്.

1885 ലാണ് കമ്പം താഴ്‌വരയിലൂടെ പെന്നിക്വിക്ക് മുല്ലപ്പെരിയാറിലെത്തുന്നത്. കൊടുംകാടായിരുന്നു അന്നിവിടം. ആകാശംമുട്ടുന്ന വൻമരങ്ങൾ, വന്യജീവികളുടെ വിഹാരരംഗം! മനുഷ്യർക്ക് എത്തിപ്പെടാൻ പ്രയാസമുള്ളിടത്തേക്ക് നിർമാണസാമഗ്രികൾ എത്തിക്കുയെന്നത് വലിയ വെല്ലുവിളിയായിരുന്നു. നിർമാണത്തിനാവശ്യമായ കരിങ്കല്ലും തടിയുമൊക്കെ സമീപത്തു നിന്നു തന്നെ കഴിയുന്നത്ര ശേഖരിച്ചു. ഇരുപതോളം എൻജിനീയർമാരാണ് പെന്നിക്വിക്കിന്റെ കൂട്ടത്തിലുണ്ടായിരുന്നത്. ഫോർട്ട് കൊച്ചിയിൽനിന്നുള്ള വിദഗ്ധരായ ആശാരിമാരും ഗുജറാത്തിലെ കച്ച് മേഖലയിൽനിന്നുള്ള, സുർക്കി ഉപയോഗിച്ചുള്ള നിർമാണത്തിൽ പ്രാവീണ്യമുള്ള മേസ്തിരിമാരും തമിഴ്നാട്ടിലെ രാമനാഥപുരത്തെ കരിങ്കൽപ്പണിക്കാരുമായിരുന്നു തൊഴിലാളി സംഘത്തിലെ പ്രധാനികൾ. ആറണയായിരുന്നു ദിവസക്കൂലി!

ഒരൊറ്റ കരണ്ടി സിമന്റോ ഒരു തുണ്ട് കമ്പിയോ ഉപയോഗിക്കാതെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചത്. അക്കാലത്ത് സിമന്റ് ലഭ്യമായിരുന്നില്ല. ‘സുർക്കി’ മിശ്രിതം ഉപയോഗിച്ച് കരിങ്കല്ലു കൊരുത്തുകെട്ടുകയായിരുന്നു. ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, ശർക്കര, മുട്ടയുടെ വെള്ളക്കരു, മണൽ എന്നിവ ചേർത്താണ് സുർക്കി നിർമിച്ചത്. 2.2 സാന്ദ്രതയിൽ 80 ശതമാനം കരിങ്കല്ലും 2.8 സാന്ദ്രതയിൽ 20 സുർക്കിയും എന്നതായിരുന്നു നിർമാണഅനുപാതം. പൂർത്തിയായപ്പോൾ ഒരു ക്യുബിക് മീറ്റർ സ്ഥലത്ത് 2240 കിലോ കരിങ്കല്ലും 440 കിലോ സുർക്കിയും ഉണ്ടായിരുന്നു എന്നാണ് കണക്ക്.

Untitled

നിർമാണത്തിനിടെ രണ്ടു തവണ ഡാം തകർന്നിരുന്നു. ഈ അപകടത്തിലും പകർച്ചവ്യാധികൾ പിടിപെട്ടും വന്യമൃഗങ്ങളുടെ ആക്രമണത്തിലുമായി നാനൂറോളം ഇന്ത്യാക്കാരും 19 ഇംഗ്ലീഷുകാരും കൊല്ലപ്പെട്ടു. ഇവരുടെ ശവക്കല്ലറ ഇപ്പോഴും ഡാമിനടുത്തുണ്ട്. നിർമാണം എങ്ങുമെത്തുന്നില്ല എന്നുകണ്ട മദ്രാസ് ഗവൺമെന്റ് പിന്മാറിയതോടെ ഇംഗ്ലണ്ടിലേക്കു മടങ്ങിയ പെന്നിക്വിക്ക് അവിടത്തെ കുടുംബസ്വത്ത് വിറ്റ പണവുമായി തിരികെയത്തിയാണ് ‍ഡാം പൂർത്തിയാക്കിയത്. ചെലവായ തുക പിന്നീട് ഗവൺമെന്റ് മടക്കിക്കൊടുത്തു. അന്ന് ഡാം നിർമാണത്തിനായി ആകെ ചെലവായത് 43 ലക്ഷം രൂപയാണെന്നും അതല്ല, ഒരു കോടി രൂപയാണെന്നും രണ്ടഭിപ്രായമുണ്ട്.

ഒൻപത് വർഷം വേണ്ടിവന്നു ഡാം പൂർത്തിയാകാൻ. 1895 ഒക്ടോബർ 11 നായിരുന്നു ഉദ്ഘാടനം. നിർമാണം പൂർത്തിയായി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഡാമിൽ െചറിയ തോതിൽ ചേർച്ച കണ്ടുതുടങ്ങിയതായി കേന്ദ്ര ജലസേചന ഊർജ വകുപ്പ് പ്രസിദ്ധീകരിച്ച‘ഹിസ്റ്ററി ഓഫ് പെരിയാർ ഡാം’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. (അവലംബം: കണക്കുതെറ്റിയ ഡാം, വനിത വീട്, ജനുവരി 2012)

Tags:
  • Architecture