Friday 18 June 2021 04:22 PM IST : By സ്വന്തം ലേഖകൻ

എല്ലാ മുറികളിൽ നിന്നും പച്ചപ്പിലേക്ക് തുറക്കുന്ന ബാൽക്കണി. വീടിനുള്ളിൽ നിറയെ കാറ്റും വെളിച്ചവും, ഈ വീട് അൽപം സ്‌പെഷലാണ്

athira

ചില വീടുകളോട് നമുക്ക് അൽപം ഇഷ്ടക്കൂടുതൽ തോന്നാറില്ലേ? അത് ഭംഗികൊണ്ടു മാത്രമല്ല, വീട്ടിലെ അന്തരീക്ഷം കൊണ്ടു കൂടിയാണ്. സ്നേഹത്തിന്റെ അദ‍ൃശ്യമായ നൂലിഴകൾ പാകിയ വീടുകൾക്ക് ചന്തം കൂടും. കോതമംഗലത്ത് മലയിൻകീഴിലുള്ള ജോസ് കുര്യന്റെ വീട്ടിലും ആ മാന്ത്രികത അനുഭവിച്ചറിയാം. ആർക്കിടെക്ട് ആതിരയും ഭർത്താവ് സിവിൽ എൻജിനീയറായ സുബിയും ഈ പ്രോജക്ടിലേക്കെത്തിയതിനു പിന്നിലും ജോസിന്റെ മകൻ കുര്യനുമായുള്ള സൗഹൃദത്തിലൂന്നിയ സ്നേഹമാണ്.

athira 6

ഹരിതാഭമായ രണ്ടേക്കറിലാണ് ഇലഞ്ഞിക്കൽ വീട് സ്ഥിതി ചെയ്യുന്നത്. പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ ഡിസൈൻ. അതിനാൽ ബേസ്മെന്റ്, ഗ്രൗണ്ട്, ഒന്നാം നില എന്നിങ്ങനെ മൂന്നുനിലകളിലാണ് വീട്. ബേസ്മെന്റിൽ നിലവിൽ മുറികളൊന്നുമില്ല. ബേസ്മെന്റ് ഉൾപ്പെടെ 14,000 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. ഗ്രൗണ്ട് ഫ്ലോറിലേക്കാണ് പ്രവേശിക്കുന്നത്. ഫോയർ, ഫോർമൽ ലിവിങ്, ഇരിപ്പിടങ്ങളോടു കൂടിയ സ്റ്റെയർവെൽ, ഫാമിലി ലിവിങ്, ഡൈനിങ്, അടുക്കള, വർക്ഏരിയ, റിക്രിയേഷൻ റൂം, ഹോംതിയറ്റർ, അഞ്ച് കിടപ്പുമുറികൾ എന്നിവയാണ് രണ്ട് നിലകളിലുമായുള്ളത്.

athira 4

നേർരേഖകളിലാണ് എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്റീരിയറിൽ സ്പേസിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ചുറ്റുമുള്ള പച്ചപ്പുമായി ബന്ധിപ്പിക്കാൻ എല്ലാ മുറികളോടു ചേർന്നും ബാൽക്കണി നൽകിയിട്ടുണ്ട്. ഇന്റീരിയറിൽ അമിതമായ അലങ്കാരങ്ങളൊന്നുമില്ല. തേക്കിൻതടി കൊണ്ടുള്ള ജനലുകളും വാതിലുകളും എക്സ്റ്റീരിയറിനും ഇന്റീരിയറിനും കുലീനതയേകുന്നു. തേക്കുകൊണ്ടുള്ള പ്രധാനവാതിലിന് തടിയുടെ ഗ്രെയിൻസ് തന്നെ അലങ്കാരം. എക്സ്റ്റീരിയറിന്റെ ലാളിത്യത്തിൽ വെള്ള നിറം പ്രധാന പങ്ക് വഹിക്കുന്നു. ഇന്റീരിയറിലും ചിലയിടങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം വെള്ള തന്നെ. വലിയ ചില്ലുജാലകങ്ങൾ സ്വാഭാവിക വെളിച്ചം ആവോളം ഉള്ളിലെത്തിക്കുന്നു. സ്പേസിന്റെ ആഴവും വെളിച്ചം വീടിനുള്ളിൽ വരയുന്ന നിഴൽചിത്രങ്ങളുമാണ് ഇന്റീരിയറിന്റെ അലങ്കാരം.

athira 2

കോമൺ ഏരിയയിൽ ഇറ്റാലിയൻ മാർബിൾ ആണ് ഫ്ലോറിങ്ങിന്. കിടപ്പുമുറികളിൽ തടിയുടെ ഫിനിഷുള്ള ടൈലും മാസ്റ്റർ ബെ‍ഡ്റൂമിലെ ടോയ‌്ലറ്റിന് സിമന്റ് ഫിനിഷ് ടൈലുമാണ്. കിച്ചൻ കാബിനറ്റ്, വാഡ്രോബുകൾ എന്നിവ ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ടാണ്. സീലിങ്ങിൽ നൽകിയ കറുപ്പ്, ആന്റിക് ഗോൾ‍‍‍ഡ് ലാംപുകൾ എന്നിവ വീടിന്റെ അന്തരീക്ഷത്തോട് നന്നായി ഇണങ്ങുന്നു. ഇന്റീരിയറിലെ പ്രധാന ആകർഷണം സ്റ്റെയർവെൽ (stair- well) ആണ്. തേക്കിൻതടിയിൽ പൊതിഞ്ഞ സ സ്പെൻഡഡ് സ്റ്റെയർ ആണ് ഇവിടത്തെ ശ്രദ്ധാകേന്ദ്രം. മറ്റിടങ്ങളേക്കാൾ അൽപം ഉയർന്നുള്ള സ്റ്റെയർവെൽ ഏരിയയിൽ തടിയാണ് വിരിച്ചിരിക്കുന്നത്. ഇവിടമാണ് ഡൈനിങ്, ഫാമിലി ഏരിയകളിൽനിന്ന് സ്റ്റെയറിനെ വേർതിരിക്കുന്നത്. വിശ്രമവേളകൾ ആനന്ദ കരമാക്കാൻ കസേരകളും കോഫി ടേബിളും നൽകിയിട്ടുണ്ട്.

athira 1

മാത്രമല്ല, ഗാർഡനിങ് ഇഷ്ടപ്പെടുന്ന വീട്ടുകാരി ലിജിയുടെ ചെടികളും ഈ ഇടത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. ഗോവണിയും ഡൈനിങ്ങും തമ്മിലുള്ള സെമി പാർട്ടീഷനിലും ചെടികൾ ഇടംപിടിച്ചിട്ടുണ്ട്. സ്റ്റെയർകെയ്സിനു മുകളിലെ പർഗോളയിലൂടെ വീടിനുള്ളിലെത്തുന്ന വെളിച്ചം തീർക്കുന്ന വിസ്മയം കാണാം. ഡൈനിങ്, സ്റ്റെയർ, ഫാമിലി ലിവിങ് എന്നിവ നേർരേഖയിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയ്ക്കു രണ്ടുവശങ്ങളിലേക്കും വലിയ ബാൽക്കണികളും അവിടേക്കു തുറക്കുന്ന മുഴുനീള ജനാലകളുമുണ്ട്. വാതിലിന്റെ ധർമം നിർവഹിക്കുന്ന ഈ ജനാലകളിലൂടെ സുഗമമായ വായുസഞ്ചാരം ഉറപ്പിച്ചിട്ടുണ്ട്. ഡൈനിങ് മുതൽ ഫാമിലി ഏരിയ വരെ നീണ്ടു കിടക്കുന്ന ചുമരിന് കൊടുത്ത ഗ്രേ ടെക്സ്ചർ, വെള്ളയുടെ ഏകതാനത ഇല്ലാതാക്കുന്നു.

athira 3

കിടപ്പുമുറികളോടു ചേർന്ന് ഡ്രസ്സിങ് ഏരിയയും ബാൽക്കണിയുമുണ്ട്. വുഡൻ ഫിനിഷ് ടൈലും തടികൊണ്ടുള്ള ഹെഡ്ബോർഡുമാണ് കിടപ്പുമുറികൾ ആകർഷകമാക്കുന്നത്. മുറികൾക്കു ഭംഗിയേകാൻ മറ്റ് സൂത്രപ്പണികളൊന്നുമില്ല. മാസ്റ്റർ ബെഡ്റൂമിലെ കട്ടിൽ രണ്ട് ലെവലിലാണ് പണിതത്. ഉയരം കുറഞ്ഞ ഇടം ഇരിക്കാനും കൂടിയ ഇടം കിടക്കാനും ഉപയോഗിക്കുന്നു. ഇലഞ്ഞിക്കൽ വീട്ടിൽ നിന്നിറങ്ങുമ്പോൾ മനസ്സിന് ഒരു തണുപ്പുണ്ടായിരുന്നു. സ്നേഹം തൊട്ട തണുപ്പ്. 

athira 5

1.

athira 7

കടപ്പാട്: ആതിര പ്രകാശ്, സുബി സുരേന്ദ്രൻ

ആവിഷ്‌ക്കാർ ആർക്കിടെക്‌ട്‌സ്, കൊച്ചി

aavishkar.arch@gmail.com

Tags:
  • Vanitha Veedu