Wednesday 06 June 2018 05:01 PM IST : By സ്വന്തം ലേഖകൻ

ആരും കൊതിക്കും ഈ പുതിയ മുഖം; സീസൺ അനുസരിച്ച് ഇന്റീരിയറിൽ മാറ്റങ്ങൾ വരുത്താം

int-56

ഓഫിസിലെ തിരക്ക് കഴിഞ്ഞ്  മടങ്ങിയെത്തുമ്പോൾ പുഞ്ചിരിയോടെ സ്വീകരിക്കുന്ന വീട്. ഇതു കേട്ടപ്പോഴേ പലരും മനസ്സിൽ പറഞ്ഞിട്ടുണ്ടാകും ‘എന്ത് നല്ല നടക്കാത്ത സ്വപ്നം എന്ന്’. ഇത്തരം നെഗറ്റിവ് ചിന്തകളെ ആദ്യം മനസ്സിൽ നിന്നു കളയൂ. കാഴ്ചയിൽ ഫ്രഷ്നസ് തരുന്ന ഇന്റീരിയറാണ് വീടിനുള്ളതെങ്കിൽ അത് നിങ്ങൾക്ക് തരുന്ന പൊസിറ്റീവ് എനർജി വളരെ വലുതാണ്. എത്ര സുന്ദരമാണെങ്കിലും പതിവ് കാഴ്ചകൾ വിരസത  ഉണ്ടാക്കും. കാലാവസ്ഥയ്ക്ക് ചേരുന്ന തരത്തിലും ആഘോഷങ്ങൾക്കനുസരിച്ചും ചെറിയ മാറ്റങ്ങളിലൂടെ ഇന്റീരിയറിനു പുതിയ മുഖം നൽകാം. അധികം സമയം നഷ്ടപ്പെടുത്താതെ വീടിന്റെ അകത്തളത്തിന് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ പകരാനുള്ള മാർഗങ്ങൾ ഇതാ...

ചൂടിനെ പാട്ടിലാക്കാം

∙ ചൂടു കുറയ്ക്കാനുള്ള വഴികൾ നേരത്തേ തുടങ്ങണം. ജനാലകളിൽ സൺഷെയ്ഡ്സ് നൽകുക. പ്രകാശം കടത്തിവിടുകയും എന്നാൽ ചൂട്  തടഞ്ഞുനിര‍്‍ത്തുകയും ചെയ്യുന്ന തരം ഗ്ലാസ്സുകൾ ഇതിനായി തിരഞ്ഞെടുക്കാം.

∙ ടെറസിൽ വെള്ള പെയിന്റടിച്ചാൽ സൂര്യപ്രകാശം പരമാവധി പ്രതിഫലിച്ചുപോകും. അപ്പോൾ ചൂടു കുറയും.

∙ വീടിനകത്തെ വായു ശുദ്ധീകരിക്കാനും  ചൂടു കുറയ്ക്കാനും ഉള്ളിലെ പച്ചപ്പിനു കഴിയും. വെയിൽ അധികമെത്തുന്ന ജനാലയ്ക്കരികിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കാം.

∙ ഷീർ കർട്ടനുകൾ വേനലിന് ഏറെ ഇണങ്ങും. പ്രധാന കർട്ട ന്റെ പിന്നിൽ മറ്റൊരു കർട്ടൻ ഇടുന്നതാണിത്. നെറ്റ്, ഓർഗൻസ പോലുള്ള നേർത്ത തുണികളിലുളള ഷീർ കർട്ടന്‍, ആവശ്യത്തിന് വായുസഞ്ചാരം തരുന്നതോടൊപ്പം  പൊടിയും  മറ്റും കടത്തിവിടാതിരിക്കുകയും ചെയ്യും. വെളിച്ചം കൂടുതൽ വേണ്ടപ്പോൾ മെയിൻ കർട്ടൻ മാറ്റി ഷീർ കർട്ടൻ മാത്രമായി ഉപയോഗിക്കാം. 

∙ ചൂടിന്റെ കാഠിന്യം കൂടുമ്പോൾ ഇന്റീരിയറിൽ തണുപ്പും ഒ പ്പം ഭംഗിയും നിറയ്ക്കാൻ ശ്രമിക്കാം. മൺകലങ്ങളിൽ വെള്ളം നിറച്ച് ഐസ് ക്യൂബ്സ് ഇട്ടുവയ്ക്കുന്നത് വീടിനുള്ളിൽ കുളിർമ കിട്ടാൻ നല്ലതാണ്. ഈ മൺകലങ്ങളിൽ ഇഷ്ടമുള്ള ചായം നൽകിയും ചിത്രം വരച്ചും ഇന്റീരിയറിനു ഭംഗി കൂട്ടാം.

∙ ഇന്റീരിയറിൽ സമ്മർ ഫീൽ കൂടി കിട്ടാൻ ഫ്ലോറൽ പ്രിന്റഡ് കോട്ടൻ ലിനൻ തുണികൾ കൊണ്ടുള്ള ചെയർ ബാക്ക്, കുഷൻ കവർ, ബെഡ് സ്പ്രഡ് എന്നിവ തിരഞ്ഞെടുക്കാം. കോൺട്രാസ്റ്റ് നിറങ്ങളിൽ വലിയ ഫ്ലോറൽ പ്രിന്റുകളാണ് ട്രെൻഡി.

∙ ഓറഞ്ച്, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കൾ വേണം ഫ്ലവർ വേസിൽ. ഈ നിറങ്ങളിലുള്ള പാത്രങ്ങൾ, ചുവരലങ്കാരങ്ങൾ എന്നിവയൊക്കെ ഇന്റീരിയറിന്റെ ഭാഗമാക്കാം.

പരീക്ഷയുടെ ചൂട് വരുമ്പോൾ

∙ കുട്ടികളുടെ പരീക്ഷാക്കാലം വന്നെത്തുന്നതോടെ അമ്മമാർക്ക് ടെൻഷൻ ചൂടുമേറും. അപ്പോൾ ഇന്റീരിയറിൽ അധികം ശ്രദ്ധ കൊടുക്കാനാകില്ല. ദിവസവും തുടച്ചു വച്ചില്ലെങ്കിൽ വീടിന്റെ ഭംഗിയെ മോശമായി ബാധിക്കുന്ന ചെറിയ അലങ്കാരങ്ങളൊക്കെ ആദ്യം തന്നെ പൊതിഞ്ഞു വയ്ക്കാം.

∙ കുട്ടികളുടെ മുറിയിലെ പഠനത്തിൽ നിന്നു ശ്രദ്ധ വ്യതിചലിക്കുന്ന രീതിയിലുള്ളതെല്ലാം മാറ്റി വയ്ക്കുക. സ്റ്റഡി ടേബിൾ ജനാലയ്ക്കരികിൽ ഇട്ടാൽ നല്ല വെളിച്ചം കിട്ടും. ലിവിങ് റൂമിലേക്കോ  കട്ടിലിലേക്കോ ശ്രദ്ധയെത്തുന്ന തരത്തിൽ സ്റ്റഡി സ്പേസ് സജ്ജീകരിക്കരുത്.

∙ അവധിക്കാലമായാൽ വീടിനുള്ളിൽ പരമാവധി സ്പേസ് കിട്ടുന്ന തരത്തിൽ ഫർണിച്ചർ ഭിത്തിയോടു ചേർത്തിടാം. താഴെ വീണാൽ പൊട്ടിപ്പോകാൻ സാധ്യതയുള്ളവയൊക്കെ ഒതുക്കി വയ്ക്കണം.

∙ ഗ്ലോസി ടൈലുള്ളിടത്ത് ഗ്രിപ് ഉള്ള റഗ് വിരിച്ചാല്‍ കുട്ടികള്‍ തെന്നി വീഴുമോ എന്ന പേടി വേണ്ട. ചൂടും പൊടിയും കൂടുന്ന സമയമായതിനാൽ ഫൈബർ, കോട്ടൻ മെറ്റീരിയലിലുള്ള ഓറഞ്ച്, മഞ്ഞ, അക്വാ ബ്ലൂ നിറങ്ങൾ തിരഞ്ഞെടുക്കാം. സമ്മറിനിണങ്ങും നിറങ്ങളായാൽ ഡിസൈൻ എലമെന്റുമായി.

int87

മഴയുടെ തിമിർപ്പും സ്കൂൾ തുറപ്പും

∙ മഴയെത്തിയാലുള്ള പ്രധാന പ്രശ്നം വീടിനുള്ളിലെ വെളി ച്ചക്കുറവാണ്. ജനലിന് അഭിമുഖമായി വരുന്ന ഭിത്തിയിൽ വ ലിയ കണ്ണാടി വയ്ക്കുകയോ ലൈറ്റ് കളറിൽ ഗ്ലോസി വാൾപേപ്പർ ഒട്ടിക്കുകയോ ചെയ്യാം. പ്രതിഫലിക്കുന്ന വെളിച്ചം മുറിയാകെ നിറയും.

∙ നേര‍്‍ത്ത തുണി കൊണ്ടുള്ള അധികം പ്ലീറ്റുകളില്ലാത്ത കർട്ടനുകൾ മൺസൂണിനായി വാങ്ങാം. ഇവ നനഞ്ഞാൽ എളുപ്പം ഉണങ്ങും. വെള്ള, ബെയ്ജ് പോലുള്ള ന്യൂട്രൽ ഷെയ്ഡ്സ് ആണ് നല്ലത്.

∙ മഴക്കാലത്ത് വാതിലിനു പുറത്തിടാൻ കയർ കൊണ്ടുള്ള മാറ്റുകളാണ് നല്ലത്. മുള, ജ്യൂട്ട്, മൊയ്സ്ചർ റസിസ്റ്റന്റ് മാറ്റ് എന്നിവ അകത്തളങ്ങളില്‍ വിരിക്കാം.

∙ പല ആകൃതിയിലും വലുപ്പത്തിലും മെഴുകുതിരി സ്റ്റാൻഡുകൾ വാങ്ങാം. സുഗന്ധം പരത്തുന്ന മെഴുകുതിരി കത്തിച്ചു വച്ചാൽ ഈർപ്പം തങ്ങി നിന്നുള്ള ദുർഗന്ധവും മാറും, മുറിക്ക് എലഗന്റ് ലുക്കും കിട്ടും.

∙ അടുക്കള ജോലി എളുപ്പമാക്കാൻ ചെറിയ മാറ്റങ്ങൾ കൊണ്ടുവരാം. ചെറിയ അടുക്കളയിൽ പോലും ഫോൾഡബിൾ ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്യാം. രാവിലെ തിരക്കിട്ടുള്ള ജോലിക്കിടയിൽ തന്നെ മക്കള്‍ക്ക് ഭക്ഷണവും നൽകാം.

ആഘോഷങ്ങൾക്ക് ഒപ്പം മാറ്റാം അകത്തളം

∙ ഓണക്കാലം പൊടിപൊടിക്കാൻ കേരളത്തനിമയിൽ   വീട് അലങ്കരിക്കാം. പഴയ കേരളസാരികൾ കർട്ടനും കുഷന്‍ ക വറുമാക്കി മാറ്റാം. കർട്ടന്റെ താഴ്‌വശത്ത് ബോർഡർ വരുത്താൻ ശ്രദ്ധിക്കണം.

∙ പഴയ പിച്ചള പാത്രവും ഉരുളിയുമൊക്കെ പുറത്തെടുത്ത് മിനുക്കിയെടുക്കാം. ഓട്ടുപാത്രങ്ങൾ, മൺപാത്രങ്ങൾ ഇവ ഷോ പീസ് ആക്കി ആയി വയ്ക്കാം. 

∙ ക്യൂരിയോസ് എന്തു വേണമെന്നാണോ? കേരള പാരമ്പര്യവും ഓണപ്പൊലിമയും വിളിച്ചോതുന്ന കഥകളി, ചുണ്ടൻവള്ളം, ആന, മാവേലി, ഓണത്തുമ്പി എന്നിവയുടെ രൂപമോ ഫോട്ടോയോ വയ്ക്കാം.

∙ ആധുനികശൈലിയിലുള്ള വീടുകളിൽ വ്യത്യസ്തമായി അലങ്കാരങ്ങൾ തീർക്കാം. ബൾബ്, ചെറിയ കുപ്പികൾ എ ന്നിവയിൽ അൽപം  വെള്ളം നിറച്ച് പൂക്കൾ തണ്ടോടു കൂടി ഇട്ടുവയ്ക്കാം. ഈ ബൾബും കുപ്പികളും കയറിൽ കെട്ടി നിര യായി തൂക്കിയിടുകയും വേണം. 

int90

∙ നവരാത്രി, ദീപാവലി ആഘോഷവേളകളിൽ ഹോട്ട് നിറങ്ങളും ആക്സസറികളും ഉപയോഗിക്കാം. ചുവപ്പ്, മഞ്ഞ, ഓറഞ്ച് പോലുള്ള നിറങ്ങളിലെ കർട്ടനുകളും ചെയർബാക്കും എന്നുവേണ്ട ടേബിൾ മാറ്റിലും കിച്ചൺ ടൗവ്വലിലും വരെ ഈ നിറങ്ങൾ പരീക്ഷിക്കാം.

∙ ഓരോ ആഘോഷനാളിനായും ഡെക്കോറുകൾ മാറ്റി വാങ്ങേണ്ട. തീം മാത്രം മാറ്റിയാൽ മതി. ഉദാഹരണത്തിന് മൂന്നോ നാലോ കൊല്ലം  മുമ്പ് വാങ്ങിയ ട്രീ തന്നെയാകും  എല്ലാ ക്രിസ്മസിനും മിനുക്കിയെടുത്തു വയ്ക്കുക. പക്ഷേ, അലങ്കാരങ്ങൾ എല്ലാ വർഷവും മാറ്റണം. സാന്റാ തീം, നേ   റ്റിവിറ്റി തീം, വിന്റർ തീ ഇങ്ങനെ ആക്സസറീസിൽ ഓരോ വർഷവും മാറ്റം വരുത്താം.

∙ ക്രിസ്മസ് തീമുകള്‍ മാറിക്കൊണ്ടേയിരിക്കും. ഗോൾഡന്‍, സിൽവർ പോലുള്ള മെറ്റാലിക് ഷെയ്ഡ്സിനൊപ്പം ക്രിസ്മസ് നിറങ്ങളായ റെഡ്, വൈറ്റ്, ഗ്രീൻ, ബ്ലൂ എന്നിവ സമന്വയിപ്പിച്ച് തീം സെറ്റ് ചെയ്യാം.

നിറയട്ടെ പച്ചപ്പ്, വീട്ടിലും മനസ്സിലും

∙ വീട്ടിലൊരിടം പ്രകൃതിക്കായി മാറ്റി വയ്ക്കാം. ഇൻഡോർ  ചെടികൾ വൃത്തം, ത്രികോണം എന്നിങ്ങനെ പല ആകൃതിയിൽ നട്ടുപിടിപ്പിച്ച് പ്ലാന്റ് അറേഞ്ച്മെന്റ് ചെയ്യാം. 

∙ ടേബിൾ ടോപ് ഗ്രീനറി ഇപ്പോൾ ട്രെൻഡാണ്. ഭംഗിയുള്ള ചെറിയ പോട്ടുകളിൽ സക്യൂലന്റ് ചെടികളോ ബോൺസായിയോ നട്ട് മേശപ്പുറത്ത് വയ്ക്കാം. ടെറേറിയം സെറ്റ് ചെയ്യുന്നതും നല്ലതാണ്.

∙ ഒരേ സീസണിൽ പൂക്കൾ വിരിയുന്ന ചെടികൾ ഓരോ സെറ്റാക്കി വച്ച് സീസണൽ പ്ലാന്റ് കോമ്പോ സജ്ജീകരിക്കാം. അതിഥികളെത്തുന്ന ലിവിങ് ഏരിയയില്‍ സീസൺ അനുസരിച്ച് ഇവ മാറ്റിമാറ്റി വയ്ക്കണം.

∙ വെള്ളവും മണ്ണും വേണ്ടാത്ത എയർ പ്ലാന്റുകൾ ഏതു കാ ലാവസ്ഥയ്ക്കും യോജിക്കും. എത്ര ചെറിയ വീട്ടിലും പച്ചപ്പിന്റെ എലമന്റ് കൊണ്ടുവരാൻ ഇതിലൂടെ സാധിക്കും.

നൽകാം, വീടിന് പുതിയ മുഖം

∙ മുൻവർഷം ഇല്ലാതിരുന്ന ഒരു പുതുമ വീട്ടിലേക്കു കൊണ്ടുവരാനാണ് ആദ്യം നോക്കേണ്ടത്. പെബിൾ കോർട്, വാട്ടർ ബോഡി, വാൾ ക്ലാഡിങ് എന്നിവ ഉദാഹരണം.

∙ മിനിമലിസ്റ്റിക് ശൈലിയിൽ ഇന്റീരിയർ ഒരുക്കിയാൽ മാറ്റങ്ങൾ വരുത്താൻ എളുപ്പമാണ്. ഫിക്സഡ് എലമെന്റ്സ് പരമാവധി കുറച്ച് ഇടയ്ക്കിടെ മാറ്റിവയ്ക്കാവുന്നവ തിരഞ്ഞെടുക്കാം. ഇവയിൽ ചെറിയ മാറ്റം വരുത്തുമ്പോൾ പോലും മുറിക്ക് ഫ്രഷ് ഫീൽ കിട്ടും.

∙ബ്ലാക്, ഗ്രേ, വൈറ്റ്, ബെയ്ജ് എന്നിങ്ങനെയുള്ള നിറങ്ങൾ മറ്റു നിറങ്ങളുമായും ശൈലികളുമായും വേഗം യോജിക്കും. ഡെക്കോറിലും സോഫ്റ്റ് ഫർണിഷിങ്ങിലും പുതിയവ ഉൾപ്പെടുത്തുമ്പോൾ ഇത്തരം നിറങ്ങളോ ന്യൂട്രൽ ഷെയ്ഡ്സോ തിരഞ്ഞെടുക്കുക.

∙ സോഫാസെറ്റ്, കട്ടിൽ എന്നിങ്ങനെ പ്രധാന ഫർണിച്ചറിന്റെ അറേഞ്ച്മെന്റ്സിൽ ചെറിയ മാറ്റങ്ങൾ വരുത്താം. പ്ലഗ് പോയിന്റും ടിവിയുടെ സ്ഥാനവുമൊക്കെ ഇവയുടെ സ്ഥാനം അനുസരിച്ച് ക്രമീകരിച്ചതിനാൽ ഇവയിൽ വലിയ മാറ്റങ്ങൾക്ക് സ്കോപ്പില്ല.

int76

∙ പ്ലഗ്, ടിവി യൂണിറ്റ് എന്നിവയ്ക്ക് തടസ്സം വരാത്ത രീതിയിൽ ഫർണിച്ചറുകളുടെ മൂന്ന് അറേഞ്ച്മെന്റ് മനസ്സിലാക്കി വയ്ക്കുക. നാലുമാസം കൂടുമ്പോൾ ഈ ക്രമത്തിൽ മാറ്റിയിടാം.

∙ അതിഥികൾ വന്നിരിക്കുന്ന ലിവിങ് ഏരിയയിലെ ഫോക്കൽ പോയിന്റിൽ ചെറിയ റൗണ്ട് ടേബിൾ വയ്ക്കാം. വിശേഷ ദിവസങ്ങൾ, സീസൺ എന്നിങ്ങനെ ഓരോ സമയത്തും ഈ ടേബിളിലെ ക്യൂരിയോസ് മാറ്റി കൊണ്ടിരിക്കാം.

ട്രെൻഡ് ഓൺ വീൽ

∙ മെറ്റാലിക് ഷെയ്ഡ്സ് ആണ് ഇപ്പോൾ താരം. ഗോൾഡ്, കോപ്പർ, ബ്രോൺസ് ഷെയ്ഡുകളാണ് മുന്നിൽ. ഹൈലൈറ്റ് വാൾ, ക്യൂരിയോസ്, സെന്റർ പീസ് എന്നിങ്ങനെ അകത്തളങ്ങളിൽ മെറ്റൽ തിളക്കം നിറയ്ക്കാം.

∙ പച്ചനിറത്തോടു കൂട്ടുകൂടാം. ഒലിവ് ഗ്രീൻ, ആപ്രിക്കോട്ട് ഗ്രീൻ ഇങ്ങനെ പച്ചയുടെ നിറഭേദങ്ങൾ ഈ വർഷം ട്രെൻഡാകും. പതിവ് ഷെയ്ഡുകളേക്കാൾ മാറ്റ് ഫിനിഷ് നിറങ്ങളാണ് ട്രെൻഡി.

∙ ചുവരിൽ നിറഞ്ഞു നിൽക്കുന്ന ഒറ്റ ചിത്രം, മുറിയിലെ തലയെടുപ്പോടെ നിൽക്കുന്ന ഒറ്റ പ്രതിമ... തുടങ്ങിയ സ്റ്റേറ്റ്മെന്റ് ആർട് പീസുകൾക്ക് ആരാധകരേറെയുണ്ട്.  ട്രൈബൽ പ്രിന്റുകൾക്കും പ്രിയം ഏറിയിട്ടുണ്ട്.

∙ മണ്ണിന്റെ നിറവും ടെറാക്കോട്ട നിർമിതികളും വീടിനുള്ളിൽ സ്ഥാനം പിടിക്കും. ടെറാക്കോട്ട ജാളിയും ചുവരലങ്കാരങ്ങളും വീടിനു ഭംഗി കൂട്ടും. വുഡൻ ഫിനിഷിൽ ചോക്‌ലെറ്റ് ബ്രൗൺ ഷെയ്‌ഡാണ് സ്റ്റാർ.

∙ സോഫയുടെയും  മറ്റും  അപ്ഹോൾസറിയിൽ വെൽവറ്റ്  ഫാബ്രിക് ട്രെൻഡാണ്. പേസ്റ്റൽ നിറങ്ങളിലെ വെല‍്‍‌വറ്റ് തുണിയിൽ തീർത്ത സോഫയും കസേരയുമൊക്കെ ലിവിങ് റൂമി ന് അഴകു തീർക്കും.

∙ കലംകാരി പോലുള്ള ഇന്ത്യൻ പ്രിന്റുകൾക്കും ഇൻഡിഗോ തുണികൾക്കും ദേശി ട്രെൻഡുകൾക്കും ഇന്റീരിയറിലും പ്രിയമേറി. സോഫ്റ്റ് ഫർണിഷിങ്ങിൽ ഇവയെ കൂടെകൂട്ടാം. 

∙ ആനയും  പുലിയും കാടിറങ്ങി വീട്ടിലെത്തും. അനിമൽ മോ ട്ടിഫ് ഉള്ള സോഫ്റ്റ് ഫര‍്‍ണിഷിങ്, അനിമൽ ക്യൂരിയോസ് എ ന്നു വേണ്ട വാൾ ടൈലിൽ വരെ അനിമൽ, ബേർഡ് ഫിഗറുകളാണിപ്പോൾ. 

∙ ഓപ്പൺ സ്പേസിന് ഇനി കൂടുതൽ പ്രാധാന്യം. സാധാര    ണ ജനൽ ഇരുന്നിടത്ത് ഫ്രഞ്ച് വിൻഡോ ആണ് മിക്കവരും തിരഞ്ഞെടുക്കുക. അതല്ലെങ്കിൽ ഒരു വശം മുഴുവൻ ഓപ്പൺ ആക്കി ഗ്ലാസ് ഡോർ വയ്ക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഷിന്റോ വർഗീസ്, ഓണർ ആൻഡ് ചീഫ് ഡിസൈനർ, കോൺസപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോ, എറണാകുളം